Current Date

Search
Close this search box.
Search
Close this search box.

വ്യക്തിവൈജാത്യങ്ങള്‍ ഖുര്‍ആനില്‍

differents.jpg

ഓരോ മനുഷ്യരുടെയും ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകളും അഭിരുചികളും വ്യത്യസ്തമാണ്. ജീവിക്കുന്ന ചുറ്റുപാടും പാരമ്പര്യ ഘടകങ്ങളുമാണ് അതിന്റെ പ്രേരകങ്ങളായി വര്‍ത്തിക്കുന്നതെന്ന് അതിനെ കുറിച്ച് പഠനങ്ങള്‍ നടത്തിയവര്‍ പറയുന്നു. ഈ സവിശേഷതകളാണ് മറ്റു വ്യക്തികളില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത് എന്നാണ് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. അത് അവരുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും സാമൂഹിക ഇടപെടലുകളിലും പ്രകടമാവുന്ന ശാരീരികമോ ബുദ്ധിപരമോ ആയ പ്രകൃതമോ ആവാം.

വ്യക്തികളില്‍ കാണുന്ന വൈജാത്യത്തെ കുറിച്ച് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നത് കാണാം. പാരമ്പര്യത്തിന്റെയും ചുറ്റുപാടിന്റെയും ഫലമായി വ്യക്തികളില്‍ കാണുന്ന വ്യതിരിക്തതകളിലേക്കത് വിരല്‍ ചൂണ്ടുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെ. നിങ്ങള്‍ക്ക് അവന്‍ നല്‍കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത്.’ (അല്‍-അന്‍ആം: 165)  ജന്മനാ ഉള്ളതും പിന്നീട് ആര്‍ജ്ജിച്ചതുമായ എല്ലാതരം വൈജാത്യങ്ങളിലേക്കുമുള്ള സൂചനയിത് നല്‍കുന്നു. ഖുര്‍ആന്‍ വിവരിക്കുന്നു: ‘ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചുകൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റുചിലരെക്കാള്‍ നാം പല പദവികളും നല്‍കി. ഇവരില്‍ ചിലര്‍ മറ്റു ചിലരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണിത്.’ (അസ്സുഖുറുഫ്: 32) സമ്പത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലിലും ആളുകള്‍ക്കിടയിലുള്ള വ്യത്യാസത്തെയാണിത് സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ അതിന്റെ വിതരണം നടത്തിയിരിക്കുന്നു. പരസ്പര സഹവര്‍ത്തിത്വത്തിനും സഹകരണത്തിനുമുള്ള വഴികള്‍ ഒരുക്കുക കൂടി അതില്‍ ചെയ്തിരിക്കുന്നു.

 ‘ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.’ (അര്‍റൂം: 22)  പാരമ്പര്യവുമായി ബന്ധപ്പെട്ട ഘടകമാണ് ഓരോരുത്തരുടെയും നിറങ്ങളിലുള്ള വ്യത്യാസം. അപ്രകാരം ജീവിക്കുന്ന ചുറ്റുപാടും സംസ്‌കാരവും സാമൂഹികാവസ്ഥയുമായ ബന്ധപ്പെട്ടതാണ് ഭാഷയിലും ശൈലികളിലുമുള്ള വ്യത്യാസം. മനുഷ്യര്‍ക്കിടയിലെ വേറെയും വ്യത്യാസങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട് അവക്ക് ചില ഉദാഹരണങ്ങള്‍ നമുക്ക് പരിശോധിക്കാം.
1. അറിവിലും വിജ്ഞാനത്തിലുമുള്ള വ്യത്യാസം: ബുദ്ധിപരവും ദാര്‍ശനികവുമായ കഴിവില്‍ ആളുകള്‍ക്കിടയില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ നാം ഇച്ഛിക്കുന്നവരെ നാം പല പദവികളിലും ഉയര്‍ത്തുന്നു. അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വജ്ഞനായി അല്ലാഹുവുണ്ട്.’ (യൂസുഫ്: 76) പ്രസ്തുത സൂക്തത്തെ വിശദീകരിച്ചുകൊണ്ട തഫ്‌സീര്‍ ഇബ്‌നു കഥീറില്‍ പറയുന്നത് ശ്രദ്ധേയമാണ്. ‘ഹസന്‍ ബസ്വരി പറയുന്നു: ഓരോ പണ്ഡിതന്‍മാരുടെയും മുകളില്‍ പണ്ഡിതന്‍മാരുണ്ട്, അതവസാനിക്കുന്നത് മഹാനായ അല്ലാഹുവിലാണ്. സഈദ് ബിന്‍ ജുബൈര്‍ പറയുന്നു: ഞങ്ങള്‍ ഇബ്‌നു അബ്ബാസിന്റെ അടുക്കല്‍ ഇരിക്കുമ്പോള്‍ അദ്ദേഹം വളരെ അത്ഭുതകരമായ ഒരു കാര്യം പറഞ്ഞു. അപ്പോള്‍ ഒരാള്‍ അത്ഭുതത്തോടെ പറഞ്ഞു: ‘അറിവുള്ളവര്‍ക്കെല്ലാം മുകളില്‍ കൂടുതല്‍ നന്നായി അറിയുന്നവനുണ്ട്.’ അപ്പോള്‍ ഇബ്‌നു അബ്ബാസ് പറഞ്ഞു: നീ പറഞ്ഞതെത്ര മോശം! അറിവുള്ളവരേക്കാളെല്ലാം ഏറ്റവും അറിവുള്ളവന്‍ അല്ലാഹുവാണ്. ഇയാള്‍ ഇവനേക്കാള്‍ അറിവുള്ളവനാകും, ഇയാള്‍ മറ്റെവനെക്കാളും അറിവുള്ളവനാകാം. എന്നാല്‍ അല്ലാഹു എല്ലാ അറിവുള്ളവരെക്കേളാളും മുകളിലാണ്.’
2. സ്വഭാവത്തിലും പ്രവര്‍ത്തനത്തിലുമുള്ള വ്യത്യാസം: ജനങ്ങള്‍ അവരുടെ അഭിരുചികളിലും കഴിവുകളിലും ചുറ്റുപാടിലും അനുഭവങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നതുപോലെ തന്നെ അവരുടെ സ്വഭാവത്തിലും വ്യത്യസ്തരാണ്. അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ‘ ഓരോരുത്തരും തങ്ങളുടെ മനോനിലക്കനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.’ (അല്‍-ഇസ്‌റാഅ്: 84) ഓരോരുത്തരും തങ്ങളുടെ പ്രകൃതവും ശൈലിയും അനുസരിച്ചു പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതിനെ തഫ്‌സീര്‍ ഇബ്‌നു കഥീറും ജലാലൈനിയും വിശദീകരിക്കുന്നത്.

അഭിരുചികളിലും ശാരീരികവും ബുദ്ധിരവുമായ ശക്തികളിലും വ്യത്യസ്തരായിരിക്കുന്നവര്‍ സ്വാഭാവികമായും ജോലി ചെയ്യുന്നതിലും അറിവ് നേടുന്നതിലും സമ്പാദിക്കുന്നതിലും ഏറ്റവിത്യാസമുള്ളവരായിരിക്കും. അതനുസരിച്ച് അവരുടെ ബാധ്യതകളും ഉത്തരവാദിത്വങ്ങളും വ്യത്യസ്തമാകുന്നു. വ്യക്തികളിലുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല.’ (അല്‍-ബഖറ: 286)
‘ആരെയും അവരുടെ കഴിവിനതീതമായതിന് നാം നിര്‍ബന്ധിക്കുന്നില്ല.’ (അല്‍-മുഅ്മിനൂന്‍: 62)
‘അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല.’ (അത്വലാഖ്: 7)
വ്യക്തികളില്‍ കാണുന്ന വ്യത്യാസങ്ങളിലേക്കുള്ള വ്യക്തമായ സൂചനയാണ് ഈ സൂക്തങ്ങളില്‍ കാണുന്നത്. ഓരോരുത്തര്‍ക്കും തങ്ങളുടെ കഴിവും ശക്തിയും അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. ഓരോരുത്തരുടെയും കഴിവുകളിലെ വ്യത്യാസത്തിനനുസരിച്ച് അവര്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസവും വ്യത്യസ്തമായിരിക്കണമെന്ന് മനശാസ്ത്ര വിദഗ്ദരും പറയുന്നു. ആധുനിക വിദ്യാഭ്യാസ രീതികളില്‍ പരിഗണിക്കുന്ന സുപ്രധാനമായ ഒരു തത്വമാണിത്. അപ്രകാരം തന്നെ ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രകൃതത്തിനും കഴിവുകള്‍ക്കും അനുസൃതമായ ജോലികളുണ്ട്.
3. സാമൂഹികമായ വ്യതിരിക്തതകള്‍: അല്ലാഹു പറയുന്നു: ‘ഇവരാണോ നിന്റെ നാഥന്റെ അനുഗ്രഹം വീതംവെച്ചുകൊടുക്കുന്നത്? ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചുകൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റുചിലരെക്കാള്‍ നാം പല പദവികളും നല്‍കി. ഇവരില്‍ ചിലര്‍ മറ്റു ചിലരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണിത്. ഇവര്‍ ശേഖരിച്ചുവെക്കുന്നതിനെക്കാളെല്ലാം ഉത്തമം നിന്റെ നാഥന്റെ അനുഗ്രഹംതന്നെ.’ (അസ്സുഖുറുഫ്: 32)
4. സ്വഭാവത്തിലുള്ള വൈജാത്യങ്ങള്‍: ‘വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍പോലും നിനക്ക് അവരത് മടക്കിത്തരില്ല നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ.’ (ആലുഇംറാന്‍: 75)
5. ലക്ഷ്യങ്ങളിലും ഉദ്ദേശ്യങ്ങളിലുമുള്ള വ്യത്യാസം: ‘തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്.’ (അല്ലൈല്‍: 4)
6. ബുദ്ധിയിലെ വ്യത്യാസം: അല്ലാഹു പറയുന്നു, ‘അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്ന്, കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ബുദ്ധിമാന്മാര്‍ മാത്രമേ ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്നുള്ളൂ.’ (അല്‍ബഖറ: 269)
പരസ്പര ആശയവിനിമയത്തിലും മനസിലാക്കുന്നതിലും വ്യക്തി വൈജാത്യങ്ങള്‍ പരിഗണിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. ഓരോരുത്തരിലുമുള്ള കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞാല്‍ മാത്രമേ ശരിയായ രീതിയില്‍ അവരോട് ആശയവിനിമയം നടത്തല്‍ സാധ്യമാവുകയുള്ളൂ. വ്യക്തികളിലുള്ള വ്യതിരിക്തതകള്‍ ഒരിക്കലും നിഷേധിക്കാന്‍ സാധിക്കാത്ത ജൈവികമായ യാഥാര്‍ത്ഥ്യമാണെന്ന് ജനിതകശാസ്ത്രജ്ഞരും അംഗീകരിക്കുന്നുണ്ട്. അത്തരം വ്യത്യസ്തമായ കഴിവുകളെ തിരിച്ചറിഞ്ഞ് പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.
മനുഷ്യരില്‍ മാത്രമല്ല, എല്ലാ ജീവികളിലും പ്രകടമായ പ്രതിഭാസമാണ് ഈ വൈവിധ്യം. എല്ലാ തരത്തിലും പൂര്‍ണ്ണമായ തരത്തില്‍ യോജിക്കുന്ന രണ്ട് ജീവികളെ നമുക്ക് കണ്ടെത്താന്‍ സാധിക്കുകയില്ല. ഒരേ ഇനത്തില്‍പ്പെട്ട ഒരു ജീവി മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമാണെന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ കഴിവുകളും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവും വ്യത്യസ്തമായിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അപ്രകാരം തന്നെ ഭയം, സ്‌നേഹം, സ്വഭാവങ്ങള്‍ ജിജ്ഞാസ തുടങ്ങിയ കാര്യങ്ങളും വ്യത്യസ്തപ്പെട്ടിരിക്കും.
മനുഷ്യരില്‍ കാണുന്ന വൈജാത്യങ്ങള്‍ ജീവിതത്തെ സുന്ദരമാക്കുന്നതിനും സുഗമമായി മുന്നോട്ട് നയിക്കുന്നതിനും സഹായിക്കുന്നു. ജനങ്ങള്‍ എല്ലാം ഒരേ നിലവാരത്തിലായിരുന്നെങ്കില്‍ ജീവിതം അസാധ്യമാകുമായിരുന്നു. എന്നാല്‍ ഓരോരുത്തരെയും അവരുടെ ബുദ്ധിയിലും സ്വഭാവത്തിലും താല്‍പര്യങ്ങളിലും വ്യത്യസ്തരായിട്ടാണുള്ളത്. മുസ്‌ലിം ചിന്തകര്‍ തങ്ങളുടെ പഠിതാക്കളോട് സംവദിക്കുന്നതില്‍ ഈ വ്യത്യസ്തകളെ പരിഗണിക്കുന്നവരായിരുന്നു. ഒരു പണ്ഡിതന്‍ പഠിക്കുന്ന ആളുകളുടെ വ്യത്യാസങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ പഠിക്കുന്നവര്‍ക്കത് വലിയ പ്രയാസമുണ്ടാക്കും. അതുകൊണ്ട് തന്നെ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ബുദ്ധിയും അവസ്ഥയും മനസിലാക്കുന്നതിന് മുമ്പ് അറിവ് പകര്‍ന്ന് നല്‍കാന്‍ ആരംഭിക്കരുതെന്നവര്‍ നിര്‍ദേശം വെച്ചു. അവരുടെ ചിന്തക്കും ബുദ്ധിക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളായിരിക്കണം അവര്‍ക്ക് പകര്‍ന്ന് നല്‍കേണ്ടത്.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles