Current Date

Search
Close this search box.
Search
Close this search box.

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഖുര്‍ആനിക ശൈലി

science.jpg

ജനങ്ങളുടെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. എല്ലാ കാലത്തെയും എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയാണത്. ആളുകളുടെ ചിന്താശേഷിയും ഗ്രഹിക്കാനുള്ള കഴിവും വ്യത്യസ്തമാണ്. അത് അവര്‍ ജീവിക്കുന്ന കാലത്തിനും ചുറ്റുപാടിനും അനുസരിച്ചായിരിക്കും. ഖുര്‍ആനില്‍ വ്യത്യസ്ത ശൈലികള്‍ കാണുന്നതിന് പിന്നിലെ യുക്തിയും അതായിരിക്കാം. ആളുകള്‍ക്കിടയിലെ വൈവിധ്യം ഖുര്‍ആന്‍ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാകുന്നതിന് ഒരു തടസ്സമാകരുതല്ലോ.

ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നു : ‘ജനം ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനില്‍ കാര്യങ്ങള്‍ വിവിധ രൂപത്തില്‍ വിശദീകരിച്ചിരിക്കുന്നു.’ (അല്‍-ഇസ്‌റാഅ്: 41) ഒരു വസ്തുവിനെ ഒരവസ്ഥയില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുക എന്നാശയമുള്ള ‘സ്വര്‍ഫ്’ എന്ന പദമാണ് ആയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കാറ്റിനെ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറ്റുന്നതിന് ഖുര്‍ആന്‍ ‘തസ്വ്‌രീഫ്’ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അലങ്കരിക്കുക, അധികരിപ്പിക്കുക, ആവര്‍ത്തിക്കുക, വിശദീരിക്കുക്, വ്യത്യസ്തമാക്കുക എന്നൊക്കെ ആശയങ്ങളുള്ള പദമാണ് ഇത്.

ഖുര്‍ആനിലെ ‘തസ്വ്‌രീഫ്’ കൊണ്ടുദ്ദേശിക്കുന്നത് വൈവിധ്യമാണ്. വിഷയങ്ങള്‍ സമര്‍പ്പിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ത ശൈലികളും രീതികളുമാണ് അതിന്റെ ഉദ്ദേശ്യം. അതില്‍ ശരീഅത്തിലെ നിമയങ്ങളും വിശ്വാസ കാര്യങ്ങളും സ്വഭാവമര്യാദകളും ഉണ്ട്. ചിലത് ശക്തമായ താക്കീതിന്റെയും മുന്നറിയിപ്പിന്റെയും സ്വരത്തില്‍ പറയുമ്പോള്‍ മറ്റു ചിലത് പ്രേരണയുടെ ശബ്ദങ്ങളാണ്. നരക ശിക്ഷയുടെ കാഠിന്യത്തെ കുറിച്ച് പറയുന്ന പോലെ സ്വര്‍ഗീയ അനുഗ്രഹങ്ങളെ കുറിച്ചും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ചില കാര്യങ്ങള്‍ വളരെ വിശദമായി തന്നെ വിവരിക്കുന്ന ഖുര്‍ആന്‍ ചില കാര്യങ്ങള്‍ വളരെ ചുരുക്കിയും പ്രതിപാദിക്കുന്നുണ്ട്. തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ആരും അല്ലാഹുവിന്റെ അടുക്കല്‍ ന്യായം ഉന്നയിക്കാതിരിക്കുന്നതിന് വേണ്ടിയാണത്.

സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അടയാളമാണ് വൈവിധ്യമാര്‍ന്ന ഈ ശൈലി. ഖുര്‍ആന്റെ അമാനുഷികത വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം കൂടിയാണത്, മുന്‍ വേദഗ്രന്ഥങ്ങളില്‍ നിന്നതിനെ വ്യതിരിക്തമാക്കുന്ന ഒരു ഘടകവും.

പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ വൈവിധ്യമാര്‍ന്ന ശൈലികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നര്‍ ഖുര്‍ആന്റെ മാതൃകയാണ് പിന്തുടരേണ്ടത്. എല്ലാവരോടും ഒരേ ശൈലി സ്വീകരിക്കുന്നതിന് പകരം പ്രബോധിതന്റെ അവസ്ഥക്കും സാഹചര്യത്തിനും അനുസരിച്ച ശൈലിയായിരിക്കണം പ്രബോധകന്‍ എപ്പോഴും സ്വീകരിക്കേണ്ടത്. ഒരാളോട് സ്വീകരിക്കുന്ന ശൈലി ചിലപ്പോള്‍ മറ്റൊരാളെ സംബന്ധിച്ച് തീര്‍ത്തും അരോചകമായിരിക്കും. യുക്തിയോടെയായിരിക്കണം പ്രബോധനം നടത്തേണ്ടതെന്ന ഖുര്‍ആന്‍ നിര്‍ദേശത്തിന്റെ പ്രസക്തി അവിടെയാണ്. ‘സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും. (അല്‍-അഹ്‌സാബ് : 21) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. പ്രവാചകന്‍(സ)യുടെ കാലത്ത് ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി അതിന് മാതൃക കാണിച്ച അദ്ദേഹം തന്നെയാണ് ഇതിലും നമുക്ക് ഏറ്റവും മികച്ച മാതൃക.

വിവ : നസീഫ്‌

Related Articles