Current Date

Search
Close this search box.
Search
Close this search box.

വിശ്വാസദാര്‍ഢ്യത്തിന് പ്രപഞ്ചത്തെ വായിക്കുക

world.jpg

‘ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് ( അവര്‍ നോക്കുന്നില്ലേ? ) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വ്വതങ്ങളിലേക്ക് ( അവര്‍ നോക്കുന്നില്ലേ? ) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്. ഭൂമിയിലേക്ക് ( അവര്‍ നോക്കുന്നില്ലേ? ) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന് അതിനാല്‍ ( നബിയേ, ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്. തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.'(അല്‍ ഗാശിയ: 17-25)

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിന് വലിയ പ്രതിഫലനങ്ങളുണ്ട് എന്ന് തെളിയിക്കുന്ന സൂക്തമാണിത്. ആത്മ സംസ്‌കരണത്തിനപ്പുറം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ഇത് വളരെ സഹായകമാകും.
എന്തുകൊണ്ടാണ് ഇസ്‌ലാമിക പ്രബോധനം നമ്മുടെ പ്രദേശങ്ങളില്‍ വ്യാപിക്കാതിരിക്കാന്‍ കാരണം? അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ചു മനസ്സിലാക്കി അവന് ഇബാദത്ത് ചെയ്യുന്നതില്‍ നാം വിമുഖത കാണിക്കുന്നതാണ് പ്രധാന കാരണം. നമുക്കും ഈ പ്രപഞ്ചത്തിനുമിടയില്‍ വലിയം അകലം നിലനില്‍ക്കുന്നു. പ്രപഞ്ചത്തെ കുറിച്ച് മനസ്സിലാക്കാനുള്ള വാതായനങ്ങളെല്ലാം അടച്ചതിനു ശേഷം നാം ഇരുട്ടുള്ള മുറിയില്‍ കഴിയുകയാണ്. ചൂടുകാലത്ത് നമ്മുടെ വീട്ടില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ നാം എയര്‍കണ്ടീഷനിംഗ് ഏര്‍പ്പെടുത്തുന്നു. വാഹനത്തില്‍ യാത്രചെയ്യുന്നതും തഥൈവ. പ്രപഞ്ചത്തെ വായിക്കാനുള്ള അവസരം നാം നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അതിനാല്‍ തന്നെ പ്രപഞ്ച നാഥനായ റബ്ബിനെ കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്നു.

അറബികളായ നാം മരുഭൂമിയിലെ യഥാര്‍ഥ ജീവിതത്തിലേക്ക് മടങ്ങണം. സൂര്യന്റെയും ചന്ദ്രന്റെയും യഥാര്‍ഥ പ്രകാശം നമ്മുടെ വീട്ടകങ്ങളിലേക്ക് എത്തണം, നമ്മുടെ പ്രദേശത്തെ അത്തരത്തിലുള്ള എല്ലാ പുരാതന വീടുകളും ഇന്ന് പശ്ചാത്യന്‍ രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു. സൂര്യകിരണങ്ങളെ കുറിച്ചും മാനത്തെ നക്ഷത്രങ്ങളെ കുറിച്ചും അറിയാനും മനസ്സിലാക്കാനുമുള്ള ഇടങ്ങള്‍ നാം പ്രത്യേകം കണ്ടെത്തണം. എന്നാല്‍ അടച്ചിട്ട മുറിയില്‍ കഴിയുന്ന നാം ഇന്ന് അല്ലാഹു സൃഷ്ടിച്ച പ്രപഞ്ചത്തെ യഥാര്‍ഥ രീതിയില്‍ കാണാന്‍ ശ്രമിക്കുന്നില്ല. അല്ലാഹു നമ്മോട് ഉദ്‌ബോധിപ്പിക്കുന്ന ഈ ആഹ്വാനം വളരെ ശ്രദ്ദേയമാണ് : നിങ്ങള്‍ ഈ പ്രപഞ്ചത്തിലേക്ക് നോക്കൂ! നിങ്ങളുടെ സ്രഷ്ടാവിന്റെ കഴിവിനെ നിങ്ങള്‍ക്കതിലൂടെ തിരിച്ചറിയാം. നിങ്ങളുടെ യഥാര്‍ഥ നാഥനെ നിങ്ങള്‍ക്കതിലൂടെ കണ്ടെത്താം. ഇത്തരത്തില്‍ പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും മനസ്സിലാക്കാനും ശ്രമിക്കാത്ത മനുഷ്യന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ദീനിനെ സഹായിക്കാന്‍ കഴിയാത്ത രീതിയില്‍ അശക്തനായിരിക്കും.

പശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ ശക്തിക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ നമുക്കിന്ന് സാധിക്കുന്നില്ല. നാം നമസ്‌കരിക്കുന്നുണ്ട് . എല്ലാ ശക്തിക്കുടയവനും എല്ലാവര്‍ക്കും വിഭവങ്ങള്‍ നല്‍കുന്നവനും അല്ലാഹുവാണ് എന്ന സൂക്തങ്ങള്‍ നമസ്‌കാരത്തില്‍ നാം പാരായണം ചെയ്യുന്നു. എന്നാല്‍ ഇത് നമുക്ക് ഖുര്‍ആനിക സൂക്തങ്ങളായി പാരായണം ചെയ്യാന്‍ മാത്രമുള്ളതായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ നമ്മുടെ മനസ്സിലും ചിന്തയിലും അനുഭൂതിയിലും അല്ലാഹു ശക്തിയുടയവനും വിഭവങ്ങള്‍ നല്‍കുന്നവനുമായി മാറുന്നില്ല എന്നതാണ് യഥാര്‍ഥ പ്രശ്‌നം. വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍  നാം നമ്മുടെ ജീവിതത്തിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ തയ്യാറാകുന്നില്ല. ഇതായിരുന്നു നാമും അല്ലാഹുവിന്റെ റസൂലിന്റെ പാഠശാലയില്‍ നിന്ന് ശിക്ഷണം നേടിയ സഹാബികളും തമ്മിലുള്ള പ്രധാന വ്യത്യാസം. അബൂ ദുജാന(റ)വിന്റെ ജീവിതം നമുക്ക് ഉത്തമ മാതൃകയാണ്.

അബൂദുജാനയുടെ വിശ്വാസ ദാര്‍ഢ്യം
സഹാബിയായ അബൂ ദുജാന അല്ലാഹുവിന്റെ ഈ സൂക്തം വായിച്ചപ്പോള്‍  പ്രപഞ്ചത്തിന്റെ സഞ്ചാരഗതികളെ കുറിച്ച് വീക്ഷിക്കുകയാണ്. അപ്രകാരം അല്ലാഹുവിന്റെ കഴിവിനെയും ശക്തിയെയും തിരിച്ചറിയുകയാണ്. ഉഹ്ദ് യുദ്ധ ദിനത്തില്‍ അദ്ദേഹത്തിന്റെ വാള്‍ പൊട്ടുകയുണ്ടായി. പ്രവാചകന്‍(സ)യുടെ അടുത്ത് ചെന്ന് വാള്‍ പൊട്ടിയ വിവരം അറിയിച്ചു. പ്രവാചകന്‍(സ) വിറകില്‍ നിന്നുള്ള ഒരു കമ്പ് എടുത്തുകൊടുത്തു. നമ്മുടെ ഇടയിലുള്ള ആരെങ്കിലുമാണെങ്കില്‍ ഇപ്രകാരമായിരുന്നു പ്രതികരിക്കുക! ‘ഞാനെന്താ കുട്ടികളുടെ കൂടെ കളിക്കാന്‍ പോകുകയാണോ’ ?, അതല്ല, വല്ല മാടുകളെയും തെളിക്കാന്‍ പോകുകയാണോ? എന്നാല്‍ അബൂ ദുജാന തനിക്ക ലഭിച്ച ഈ മരക്കഷ്ണം വിശ്വാസദാര്‍ഢ്യത്താല്‍ അതിനെ നല്ലൊരു വാളാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു, അതുമായി ശത്രുക്കളോട് പോരാടി നിരവധി ശത്രുക്കളെ വകവരുത്തുകയുണ്ടായി. മാത്രമല്ല, ആ വാളുപയോഗിച്ചായിരുന്നു മരണം വരെ അദ്ദേഹം പോരാടിയിരുന്നത്. അതിനുള്ള ഊര്‍ജ്ജം എല്ലാറ്റിനും കഴിവും ശക്തിയുമുള്ള അല്ലാഹുവിലായിരുന്നു അബൂ ദുജാന വിശ്വസിച്ചിരുന്നത്.

അല്ലാഹു ശക്തിക്കുടയാനാണ് എന്നു വിശ്വസിക്കുന്നവന്‍ അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും നമുക്ക് നിന്ദ്യത വരുത്താന്‍ സാധിക്കുകയില്ല എന്നു തിരിച്ചറിയുന്നവനാണ്. ഒട്ടകങ്ങളുടെ സഞ്ചാരഗതി നിര്‍ണയിക്കുന്ന, ഈ ആകാശ ഭൂമികളെയും പര്‍വതങ്ങളെയും സൃഷ്ടിച്ച അല്ലാഹു തന്നെയാണ് നമുക്ക് അന്നം നല്‍കാന്‍ കഴിവുള്ള ഏക ശക്തി എന്ന് നാം തിരിച്ചറിയണം. ഈ ബോധവും ആത്മവിശ്വാസവും നമ്മുടെ ഹൃദയങ്ങളില്‍ രൂഢമൂലമായാല്‍ നാം പിന്നീട് ഒരു രാജാവിന്റെയും സൈന്യത്തിന്റെയും ശക്തിയിലേക്ക് നോക്കുകയില്ല. അവരുടെ മുമ്പില്‍ മുട്ട് മടക്കുകയുമില്ല

വിശ്വാസദാര്‍ഢ്യത്തിനുള്ള വാതായനങ്ങള്‍
വിശ്വാസ ദാര്‍ഡ്യം ലഭ്യമാകാന്‍ മരുഭൂമിയിലെ കപ്പലെന്നറിയപ്പെടുന്ന ഈ ഒട്ടകത്തിലേക്ക് നോക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്. എല്ലാ പ്രയാസമുള്ള കാര്യങ്ങളും അത് വഹിച്ചു പോകുന്നു. വെള്ളം കിട്ടാതിരിക്കുമ്പോള്‍ ദീര്‍ഘനേരം സഹനമവലംബിക്കാന്‍ അതിനു കഴിയുന്നു. ദുര്‍ഘടമായ പാതകളെ അത് മുറിച്ചു കടക്കുന്നു. മറ്റൊരു ജീവിക്കും സഹിക്കാനാവാത്ത മരുഭൂമിയിലെ ചൂട് സഹിക്കാനുള്ള സംവിധാനം അല്ലാഹു അതില്‍ ഏര്‍പ്പെടുത്തി. അതിന്റെയരികിലുള്ള ഭക്ഷണം തീര്‍ന്നു പോയാല്‍ തന്റെ ഖജാനയായ കൂഞ്ഞയില്‍ നിന്നും സംഭരിച്ചു വെച്ച ഭക്ഷണം കണ്ടെത്തുന്നു.

നാം ഇന്ന് കഠിനമായ ദുഖത്തിലാണ് : ഒട്ടകത്തിന്റെ കാലം കഴിഞ്ഞു, ഇത് വൈവിധ്യങ്ങളായ കാറിന്റെയും വാഹനങ്ങളുടെയും യുഗമാണ് എന്നാണ് നാം പറയാറുളളത്. എന്നാല്‍ ലോകത്തിലെ ഒരു സൈനിക യൂണിറ്റിനും മരുഭൂമിയില്‍ ഒട്ടകത്തെ പോലെ പ്രയോജനമെടുക്കുന്ന മറ്റൊരു വാഹനവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

അല്ലാഹു സൃഷ്ടിച്ച പ്രകൃതിയിലെ സൃഷടികളിലേക്ക് മടങ്ങാനാണ് നാം ഉദ്ദേശിക്കുന്നത്. ഈ സൃഷ്ടികളെ ഏറ്റവും കുറ്റമറ്റതായ നിലയില്‍ സൃഷ്ടിച്ച പടച്ചവനെ കുറിച്ച് ചിന്തിക്കാന്‍ സമയം കണ്ടെത്തുക. അല്ലാഹു ഒട്ടകത്തെ പ്രത്യേകം സ്മരിക്കാന്‍ കാരണം അറബികളുടെ ജീവിതവുമായി അതിന് അഭേധ്യമായി ബന്ധപ്പെട്ടുകിടക്കുന്നതിനാലാണ്. ഭൂമിയില്‍ കാണുന്ന പര്‍വതങ്ങളെ ആണികളാക്കി നിര്‍ത്തിയിരിക്കുകയാണ് എന്നു അല്ലാഹു ഖുര്‍ആനിലൂടെ വിവരിക്കുന്നുണ്ട്. ആണി ടെന്റ് അടിക്കാനായി അറബികള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. കുറ്റി ഉറച്ചതാകണമെങ്കില്‍ അതിന്റെ മൂന്നില്‍ രണ്ട് ഭാഗം ഭൂമിയുടെ അടിയില്‍ താഴേണ്ടതുണ്ട്. മൂന്നിലൊരു ഭാഗം ഭൂമിയുടെ മുകളിലുമായിരിക്കും. അപ്രകാരം തന്നെ പര്‍വതങ്ങളെ കുറിച്ച് പഠിച്ച ഭൂമിശാസ്ത്രകാരന്മാരെല്ലാം തന്നെ പര്‍വതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഭൂമിക്കടിയിലും മൂന്നിലൊന്നു ഭാഗം ഭൂമിക്ക് മുകളിലുമാണ് സ്ഥിതിചെയ്യുന്നതെന്ന് സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഈ പര്‍വതങ്ങളെ ഭൂമിയുടെ സന്തുലനത്തിന് വേണ്ടിയാണ് അല്ലാഹു നിലനിര്‍ത്തിയിട്ടുള്ളത്. പര്‍വതങ്ങളില്ലായിരുന്നെങ്കില്‍ ഭൂമി ഉറച്ചുനില്‍ക്കാതെ ആടിയുലയുമായിരുന്നു.

പ്രപഞ്ചത്തെ മനുഷ്യന് കീഴ്‌പെടുത്തി
ഈ ഭൂമുഖത്തെ സര്‍വചരാചരങ്ങളും സത്യവിശ്വാസിയായ അടിമകള്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു സത്യവിശ്വാസി വളരെ രഹസ്യമായി ദാനധര്‍മം നിര്‍വഹിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ അത് പ്രപഞ്ചത്തേക്കാളും ശക്തിയുള്ളതാകും. ഈ സുന്ദരമായ പ്രപഞ്ച ദൃഷ്ടാന്തങ്ങള്‍ മനുഷ്യമനസ്സില്‍ വിശ്വാസത്തിന്റെ ചലനാത്മകതക്ക് വഴിയൊരുക്കണം, അല്ലാഹു വ്യക്തമാക്കുന്നു: ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറിമറയലിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. അല്ലാഹുവിനെ നിന്നും ഇരുന്നും കിടന്നും സ്മരിക്കുകയും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവരാണവര്‍’. അതിന്റെ ഫലമായി എത്തിച്ചേരേണ്ടത് അല്ലാഹുവേ ഇതൊന്നും വ്യഥാ സൃഷ്ടിച്ചതല്ലെന്ന അല്ലാഹുവിന്റെ റുബൂബിയ്യത്ത് മനസ്സിലാക്കുന്നതിലേക്കാണ്. സ്വന്തത്തിനു വേണ്ടിയുള്ള ചിന്തയുടെ ഫലമാണിത്. ഇതിന്റെ ഫലം മറ്റുള്ളവര്‍ക്കു കൂടി അനുഭവഭേദ്യമാക്കുന്നത് ഉദ്‌ബോധന പ്രവര്‍ത്തനങ്ങളാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

മണിക്കൂര്‍ നേരത്തെ ചിന്ത വര്‍ഷത്തെ ഐഛിക കര്‍മങ്ങളേക്കാള്‍ ഉത്തമം
പ്രപഞ്ചത്തെ കുറിച്ചു വായിച്ചും മനസ്സിലാക്കിയും അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നത് വര്‍ഷം മുഴുവനും ഒന്നും മനസ്സിലാക്കാതെ ഐഛിക കര്‍മ്മങ്ങളനുഷ്ടിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. അതിനാല്‍ തന്നെ അല്ലാഹുവിന്റെ മഹത്വം തിരിച്ചറിയാനുതകുന്ന തരത്തിലുള്ള ഇബാദത്തുകളില്‍ നാം ഏര്‍പ്പെടേണ്ടതുണ്ട്. വീട്ടില്‍ മുഷിഞ്ഞും ചടഞ്ഞുമിരിക്കുന്നതിന് പകരം പ്രപഞ്ചത്തെ മനസ്സിലാക്കാനും ആസ്വദിക്കാനുമായി നാ പുറത്തിറങ്ങേണ്ടതുണ്ട്. ഉല്ലാസത്തോടൊപ്പം തന്നെ അല്ലാഹുവിനെ നിരീക്ഷിച്ചുകൊണ്ട് ഇബാദത്ത് ചെയ്യാന്‍ അത് വലിയ പ്രേരണ നല്‍കുന്നതും എല്ലാ പ്രതിസന്ധികളിലും നമുക്ക് ശക്തിയേകുന്നതുമാണ്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles