Current Date

Search
Close this search box.
Search
Close this search box.

യൂസുഫ്: യുവാക്കള്‍ക്ക് ചില കഥാപാഠങ്ങള്‍

quran.jpg

1. ഖുര്‍ആന്‍ കഥകളില്‍ നിന്നുള്ള ഗുണപാഠങ്ങള്‍

‘നിശ്ചയം, നിങ്ങള്‍ ഉറ്റാലോചിക്കാനായി ഈ ഖുര്‍ആന്‍ വ്യക്തമായ അറബിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്’.
‘നാം താങ്കള്‍ക്ക് ഏറ്റവും സുന്ദരമായ ഒരു കഥ വിവരിച്ചു തരുന്നു’.
‘ബുദ്ധിയുള്ളവര്‍ക്ക് ഇവരുടെ കഥയില്‍ ഗുണപാഠമുണ്ട്.’
യൂസുഫ് നബിയുടെ കഥവിവരിക്കുന്നതിന്ന് മുമ്പും ശേഷവുമായി അല്ലാഹു ഉപയോഗിച്ച വാക്കുകളാണിവ.

ഖുര്‍ആനിലെ കഥകള്‍കൊണ്ട് ഉദ്ദേശിക്കുന്നത് വായിക്കുന്നവര്‍ക്ക് ഗുണപാഠവും അധ്യാപനങ്ങളും നല്‍കുക എന്നതാണ്. നിസ്സരമായോ തമാശയായോ തള്ളാതെ വളരെ ഗൗരവത്തില്‍ പഠിക്കേണ്ട വിഷയമാണിത്. ഏകനായ ദൈവത്തെ വഴിപ്പെട്ട് ജീവിക്കുക എന്നതാണ് ഖുര്‍ആനിക കഥാഖ്യാനത്തിന്റെ അടിസ്ഥാനം. മികച്ച മാതൃകാ വ്യക്തിത്വമായി അവതരിപ്പിക്കുന്ന യൂസുഫ് നബിയുടെ കഥ യുവജനങ്ങള്‍ക്കൊരു പാഠമാണ്. ഈ കഥയുടെ വ്യത്യസ്ത തലങ്ങളെ പൂര്‍ണരൂപത്തില്‍ പ്രയോജനപ്പെടുത്താന്‍ അതിന്റെ വ്യാഖ്യാനങ്ങള്‍ കൂടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

2. ചില കര്യങ്ങള്‍ മറച്ച്‌വെച്ച് അനുവദനീയമായ കാര്യങ്ങള്‍ നേടിയെടുക്കാം:

പ്രവാചകന്‍ യഅ്ഖൂബ് (അ) യൂസുഫിനോട് പറഞ്ഞു: ‘എന്റെ മകനേ! നിന്റെ സ്വപ്നകഥ നീ സഹോദരന്മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്. അതവര്‍ തന്ത്രങ്ങള്‍ മെനയാന്‍ ഉപയോഗപ്പെടുത്താം.’
തന്റെ പ്രതിയോഗികള്‍ അറിയാതെ കാര്യങ്ങള്‍ സൂക്ഷിക്കുകയെന്നത് വിജയശ്രീലാളിതനായ ഒരു പ്രബോധകന്റെ അടയാളമാണ്. അറിയന്നതെല്ലാം പറയേണ്ടതില്ല, പറയുന്നതെല്ലാം അതിന്റെ ആളുകളെ കുറിച്ചാവണമെന്നില്ല. ഏത് വിവരമാണ് തങ്ങള്‍ക്ക് സഹായകമാവുക എന്നതിലും നല്ലവരെ എങ്ങനെ പുറത്താക്കാമെന്നതിലും സദാ ജാഗരൂഗരായിരിക്കും ശത്രുക്കള്‍. നന്മ കല്‍പ്പിക്കലും തിന്മ തടയലും ജനങ്ങളെ പുണ്യത്തിലേക്ക് ക്ഷണിക്കലും എല്ലാം രഹസ്യമായി ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ മറ്റു ചില കാര്യങ്ങളില്‍ അല്‍പം രഹസ്യസ്വഭാവവും സൂഷ്മതയും പാലിച്ച് ജാഗ്രത കൈകൊള്ളേണ്ടി വരും. അല്ലാഹു പറയുന്നു: ‘അല്ലയോ സത്യവിശ്വാസികളേ, പ്രതിരോധത്തില്‍ സദാജാഗ്രതയുള്ളവരായിരിക്കുവിന്‍” (4:71)

3. പാതിവ്രത്യം:

‘അവനാണ് എന്റെ നാഥന്‍. എനിക്ക് നല്ല പാര്‍പ്പിടം നല്കിയവന്‍’ (12:23)
മറ്റൊരു സ്ത്രീക്കുമില്ലാത്ത സൗന്ദര്യവും തറവാടിത്തവും ഉള്ള രാജാവിന്റെ പത്‌നിയായ സ്ത്രീ തെറ്റുകളില്‍ ഗൗരവമേറിയ ഒരു കാര്യത്തിനായി മുമ്പില്‍ നില്‍ക്കുമ്പോഴും അതിലൊന്നും ആപതിക്കാതിരിക്കാന്‍ തക്ക വണ്ണം പവിത്രത യൂസുഫ് കൈകൊണ്ടു. യുവത്വവും ഊര്‍ജ്ജസ്വലതയും അതോടൊപ്പം സൗന്ദര്യവും അതിന്റെ ഉച്ഛിയില്‍ ആസ്വദിക്കാന്‍ നല്‍കപ്പെട്ട പ്രവാചാകനായിരുന്നു യൂസുഫ്.
പാതിവ്രത്യവും പരിശുദ്ധിയും കാത്തു സൂക്ഷിക്കുകയും അതില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തതിന്റെ പേരില്‍ തടവറയിലെത്തിച്ചേരുന്ന സാഹചര്യം വരെയുണ്ടായി.
പ്രലോഭനവും പ്രകോപനത്തിനും വശംവദരാവാതെ അത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനനുസരിച്ച് സംയമന സമീപനങ്ങളും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഫിത്‌നയുടെ അവസരങ്ങളില്‍ അല്ലാഹുവിനോട് അഭയം തേടണം. ആ ഫിത്‌ന മറികടക്കുന്നതിന് എറ്റവും സഹായകമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയും മനസ്സിന്റെ പൈശാചികമായ സംവേദനത്തെ തടയുകയും ചെയ്യണം. ആ സമയത്ത് അതിന് വശംവദനാവാതെ തിന്മയെ മറികടക്കാന്‍ പ്രതിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണ്.
അതിന് ശേഷം അല്ലാഹുവിന്റെ അഭയം പ്രാപിച്ച ഘട്ടത്തില്‍ രാജാവ് എത്തുകയും യൂസുഫ് നബി(അ) നിഷ്‌കളങ്കമായി സാക്ഷ്യം വഹിച്ച സംഭവത്തില്‍ സ്വന്തം അഭിപ്രായം പറയുകയും ചെയ്തു. പാതിവ്രത്യമെന്നത്, തിന്മയുടെയും പ്രലോഭനത്തിന്റെയും ഇടങ്ങളില്‍ നിന്ന് അല്ലാഹുവിന് വിധേയനാകുന്ന ഒരു അടിമയയോട് അല്ലാഹുവിനുള്ള സ്‌നേഹത്തിന്റെ അടയാളമാണ്.

അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത ഘട്ടത്തില്‍ ഏഴ് വിഭാഗങ്ങള്‍ക്ക് അല്ലാഹുവിന്റെ തണല്‍ ലഭിക്കും എന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുന്നു. അതിലൊന്ന് പ്രൗഢിയും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ക്ഷണിക്കുമ്പോള്‍ ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു എന്നു പറയുന്ന പുരുഷനാണ്.

പാതിവ്രത്യത്തിന്റെ അടായളങ്ങള്‍

1. വിശ്വാസദാര്‍ഢ്യം (ആരാധന, ദൈനംദിന പ്രാര്‍ഥനകള്‍, ഭരമേല്‍പ്പിക്കല്‍, ദൈവഭയം, അല്ലാഹുവിന് മുന്‍തൂക്കം നല്‍കുല്‍, അല്ലാഹുവിന്റെ അനുഗ്രഹത്തെ കുറിച്ച് ബോധ്യമുണ്ടാവല്‍)
2. ദൃഷ്ടികള്‍ താഴ്ത്തുക: നോട്ടം പിശാചിന്റെ വിഷാസ്ത്രങ്ങളില്‍ പെട്ടതാണ്
3. നിഷിദ്ധത്തില്‍ ചെന്നു ചാടാതിരിക്കാന്‍ ചില ഹലാലിനെയും സൂക്ഷിക്കുക.
4. മറ്റുള്ളവരുടെ പക്കലുള്ളതില്‍ കണ്ണ് നടാതിരിക്കുക (ധനം, സൗന്ദര്യം, പ്രൗഢി, ആരോഗ്യം മുതലായവ)
5. അന്യ സ്ത്രീ-പുരുഷന്മാര്‍ തനിച്ചാവാതിരിക്കുക.
6. നല്ല വ്യക്തിത്വങ്ങളുമായുള്ള സഹവാസവും ചീത്ത സ്വഭാവമുള്ളവരുമായുള്ള അകല്‍ച്ചയും ആവശ്യമാണ്.

4. സത്യത്തിലേക്കുള്ള ക്ഷണം:

ഏതു സമയത്തും ജീവിത സാഹചര്യത്തിലും ദൈവികമാര്‍ഗത്തിലേക്ക് ക്ഷണിക്കാവുന്നതാണ്. യൂസുഫ്(അ)യുടെ മാതൃക കാണുക: ‘അല്ലയോ ജയില്‍ സഖാക്കളേ, സ്വയം ചിന്തിച്ചു നോക്കുക, വിഭിന്നരായ പല ദൈവങ്ങളാണോ, അതല്ല സര്‍വരെയും അടക്കിവാഴുന്ന ഏകനായ അല്ലാഹുവാണോ ഉത്തമം?’ (12:39)
ജയില്‍ ഒന്നാമതായി സമ്മാനമാണ്. പരീക്ഷണമല്ല. തീര്‍ച്ചായും അത് കുഴപ്പങ്ങള്‍ നിറഞ്ഞ അക്കാലത്ത് ഏഷണിക്കാരില്‍ നിന്നും കള്ളപ്രാചാരണങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കാന്‍ പറ്റിയ അവസരമായിരുന്നു. യൂസുഫ് നബി തന്റെ ജയില്‍ സഹവാസികള്‍ക്കിടിയില്‍ ഉയര്‍ന്നു നിന്ന് അവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുകയും സ്വപ്നങ്ങള്‍ക്ക് വ്യാഖ്യാനം കൊടുക്കുകയും ചെയ്തു. അദ്ദേഹം തന്റെ സഹകാരികള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഏകദൈവത്തിലേക്കും ദൈവവിശ്വാസത്തിലേക്കും ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ സ്വാഭാവ സവിശേഷങ്ങളാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാനിടയാക്കിയതും അദ്ദേഹത്തിന്റെ നിഷ്‌കളങ്കത അനാവൃതമാക്കുകയും ചെയ്തത്.

ഒരു പ്രബോധകന് അയാളുടെ സമയവും ആരോഗ്യവും ഫലപ്രദമാക്കാന്‍ സാധിക്കേണ്ടതുണ്ട്. കാരണം മരണമോ അതിന്റെ കാരണങ്ങളോ എപ്പോഴാണ് വന്നത്തുകയെന്നത് ആര്‍ക്കുമറിയില്ല. ചിന്തിക്കുകയും പ്രബോധനരംഗത്ത് വ്യാപരിക്കുകയും ചെയ്യുന്ന ഒരു സത്യപ്രബോധകന്‍ അവന്റെ ഭൗതികമായ മറ്റെല്ലാ കാര്യങ്ങളേക്കാളെല്ലാം മുന്‍ഗണന നല്‍കുന്നത് പ്രബോധനത്തിനായിരിക്കും.

5. വിജയവും ആധിപത്യവും കൈവരിക്കല്‍:

ദൈവിക മാര്‍ഗത്തിലുള്ള വിജയവും ആധിപത്യവും എപ്പോഴും സല്‍ഗുണ സമ്പന്നര്‍ക്കുള്ളതാണ് എന്നതാണ് പ്രവാചകന്‍ യൂസുഫ് നബിയുടെ ചരിത്രം വരച്ചു തരുന്ന മറ്റൊരു പാഠം. ‘അപ്രകാരം യൂസുഫിന് നാം ഭൂമിയില്‍ ആധിപത്യം നല്‍കിയിരിക്കുന്നു.’ ശാരീരികവും ധാര്‍മ്മികവുമായ അപമാനത്തിനും ജയില്‍ വാസത്തിനും ശേഷം സകലരാലും ആദരിക്കപ്പെടുന്ന സമൂഹത്തിലെ ഉന്നതമായ പദവില്‍ അദ്ദേഹം എത്തിപ്പെടുകയാണ്.
നിശ്ചയം പ്രയാസങ്ങളെ തുടര്‍ന്നാണ് ആയാസമുള്ളത്. ഞെരുക്കത്തെ തുടര്‍ന്നാണ് വിശാലതയുള്ളത്. എളുപ്പങ്ങളുടെ മേല്‍ ഒരിക്കലും പ്രയാസം അതിജയിക്കുകയില്ല. പൊട്ടക്കിണറ്റില്‍ നിന്നും സിംഹാസനത്തിലേക്കുള്ള യൂസുഫ് നബിയുടെ യാത്ര ഈ രീതിയിലായിരുന്നു. തുടര്‍ന്ന് യൂസുഫ് നബിയുടെ സല്‍ഖ്യാതി വ്യാപിക്കുകയും കീഴ്‌വഴക്കവും വിധേയത്വവും കൂടാതെ കീര്‍ത്തിയോടും അന്തസ്സോടും കൂടി ജീവിക്കുകയും ഒരു ആരോപകന്റെ ആരോപണത്തെയും ഭയപ്പെടാതിരിക്കുയും ചെയ്യുന്ന സാഹചര്യത്തിലേക്കെത്തി.

സല്‍സ്വഭാവവും ശ്രേഷ്ഠതയും തന്റെ സഹോദരങ്ങളോട് വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുവാനും ഭൂമിയില്‍ ദൈവികാധിപത്യത്തിന് അവസരം സൃഷ്ടിക്കുവാനും സാഹചര്യമൊരുക്കി. ജനങ്ങള്‍ ഈ രീതിയല്ലാതെ തോന്നിയതു പോലെ ജീവിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാവുന്നതെങ്കില്‍ അവന്‍ മൃഗത്തെക്കാളും അധ:പതിക്കാന്‍ ഇടയാവുന്നു.

സകലമാന തിന്മകളെയും അരുതായ്മകളെയും മ്ലേച്ഛതയെയും തടഞ്ഞു നിര്‍ത്താന്‍ ആത്മവിശ്വാസത്തോടെ നിലകൊള്ളേണ്ടത് അനിവാര്യമാണെന്നതാണ് യൂസുഫ് നബിയുടെ ചരിത്രകഥനത്തിലൂടെ നമുക്ക് ലഭിക്കുന്ന പ്രധാന പാഠം.

വിവ. സുഹൈറലി തിരുവിഴാംകുന്ന്

 

 

 

 

Related Articles