Current Date

Search
Close this search box.
Search
Close this search box.

മനുഷ്യഹൃദയം ഖുര്‍ആനില്‍

heart.jpg

ഖുര്‍ആന്‍ ഹൃദയത്തിന്റെ സ്ഥാനമായി പരിചയപ്പെടുത്തുന്നത് നെഞ്ചിനെയാണ്. ”പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്” (അല്‍-ഹജ്ജ്: 46). ഹൃദയത്തിന്റെ സത്തയേയും ഉണ്‍മയേയും അതിന്റെ പ്രത്യേകതകളും ധര്‍മ്മങ്ങളും വെച്ച് ഖുര്‍ആന്‍ വിവരിക്കുന്നു:

1. അതിനെ ബുദ്ധിയുടെയും ചിന്തയുടെയും കേന്ദ്രമാക്കിയിരിക്കുന്നു. ”നാം നരകത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണ്ട്. അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു” (അല്‍-അഅ്‌റാഫ്: 179). ഹൃദയം കൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും.

2. ഹൃദയം ഉത്തരവാദിത്വങ്ങളുടെ കേന്ദ്രം കൂടിയാണ്. ഖുര്‍ആന്‍ പറയുന്നു: ”സാക്ഷ്യം ഒരിക്കലും മൂടിവെക്കാവതല്ല. ആരെങ്കിലും മറച്ചുവെച്ചാല്‍ അവന്റെ ഹൃദയം പാപം പുരണ്ടതാകുന്നു. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അജ്ഞനല്ല” (അല്‍-ബഖറ: 283). ഹൃദയത്തിന് ഒരേസമയം ധിക്കരിക്കുന്നതും അനുസരിക്കുന്നതുമായ പ്രകൃതമാണുള്ളത്.

3. ഹൃദയം സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും കേന്ദ്രമാണ്. ഖുര്‍ആന്‍ പറയുന്നു: ”ഒരുവന്‍ അല്ലാഹുവില്‍ വിശ്വാസമുള്ളവനാണെങ്കില്‍ അവന്റെ ഹൃദയത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നതാകുന്നു” (അത്തഗാബുന്‍: 11). ഖുര്‍ആന്‍ വീണ്ടും പറയുന്നു, ”ഒരാള്‍ വിശ്വാസം കൈക്കൊണ്ടശേഷം നിഷേധിച്ചാല്‍, (അയാളുടെ) ഹൃദയത്തില്‍ വിശ്വാസം ദൃഢമായിരിക്കെ (അതിന്) നിര്‍ബന്ധിക്കപ്പെട്ടതാണെങ്കില്‍ (സാരമില്ല). എന്നാല്‍, മനസ്സമ്മതത്തോടെ സത്യനിഷേധം അംഗീകരിക്കുന്നവര്‍, അല്ലാഹുവിന്റെ ക്രോധത്തിനിരയാകുന്നു. അങ്ങനെയുള്ളവര്‍ക്കൊക്കെയും ബീഭത്സമായ ശിക്ഷയുണ്ട്” (അന്നഹ്‌ല്:106). അപ്പോള്‍ ഖുര്‍ആന്‍ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും കേന്ദ്രമാണെന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. ‘അല്ലാഹു ഒരു മനുഷ്യന്റെയും ഉള്ളില്‍ രണ്ടുമനസ്സ് സൃഷ്ടിച്ചുവെച്ചിട്ടില്ല’ (അല്‍-അഹ്‌സാബ്: 4)

4. ഹൃദയം വികാരങ്ങളുടെ കേന്ദ്രമാണെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ”വിശ്വാസികളുടെ ഹൃദയങ്ങളെ കൂട്ടിയിണക്കിയതും അവനാണല്ലോ. ഭുവനത്തിലുള്ള വിഭവങ്ങളൊക്കെയും ചെലവഴിച്ചാലും ഈ ജനത്തിന്റെ ഹൃദയങ്ങളെ കൂട്ടിയിണക്കാന്‍ നിനക്കു കഴിയുമായിരുന്നില്ല. അല്ലാഹുവാണ് അവരെ തമ്മിലിണക്കിയത്” (അന്‍ഫാല്‍: 63). വിശ്വാസികള്‍ക്കിടയിലുള്ള ബന്ധം വൈകാരിക ബന്ധമാണ്. മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ‘നീ കഠിന ഹൃദയനായ പരുഷസ്വഭാവിയായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോയതുതന്നെ’ (ആലുഇംറാന്‍: 159)

5. ഹൃദയം തിരിച്ചറിവിന്റെ കേന്ദ്രം കൂടിയാണ്, ഖുര്‍ആന്‍ പറയുന്നു: ‘ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു. അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി. നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍’ (അശ്ശുഅറാഅ് 192-195)

6. ഹൃദയം അനുഭവങ്ങളുടെ കേന്ദ്രമാണ്, ഖുര്‍ആന്‍ പറയുന്നു: ‘ഏകനായ അല്ലാഹുവിനെക്കുറിച്ച് പറയപ്പെടുമ്പോള്‍ പരലോക വിശ്വാസമില്ലാത്തവര്‍ക്ക് മനംപിരട്ടുന്നു. അവനല്ലാത്തവരെക്കുറിച്ച് പറയപ്പെട്ടാലോ, അവരതാ സന്തോഷത്താല്‍ പ്രസന്നരായിത്തീരുന്നു” (അസ്സുമര്‍: 45). ഖുര്‍ആന്‍ പറഞ്ഞതു പ്രകാരം ഹൃദയം ആനന്ദങ്ങളും ദുഖങ്ങളും ഉണ്ടാകുന്ന കേന്ദ്രമാണ്.

ഹൃദയത്തെ കാഴ്ചയോടും കേള്‍വിയോടും ബന്ധപ്പെടുത്തി ധാരാളം സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പറയുന്നുണ്ട്. മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന സവിശേഷമായ ഘടകങ്ങളാണ് ഹൃദയത്തോടൊപ്പം തന്നെ അവന്റെ കാഴ്ചയും കേള്‍വിയും. മറ്റിതര ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യനില്‍ കാഴ്ചയും കേള്‍വിയും ചിന്തയുടെയും ഗ്രാഹ്യതയുടെയും കവാടമാണ്.
”സ്വേച്ഛകളെ തന്റെ ദൈവമായി വരിച്ചവന്റെ ഗതിയെക്കുറിച്ച് നീ ചിന്തിച്ചുനോക്കിയിട്ടുണ്ടോ. അല്ലാഹു അറിവോടെ അവനെ ദുര്‍മാര്‍ഗത്തില്‍ തള്ളിയിരിക്കുന്നു. അവന്റെ കാതുകള്‍ക്കും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു” (അല്‍-ജാസിയ: 23)

ദേഹേച്ഛകളെ പിന്‍പറ്റി അവയെ തന്നെ തന്റെ ദൈവമായി കാണുന്നവരും കണ്ണും കാതും മൂടിവെക്കുന്നവരും ഒരിക്കലും ദൈവികസന്മാര്‍ഗം പ്രാപിക്കുകയില്ല. അതിലേക്ക് നയിക്കുന്ന മാനുഷികമായ ജാലകങ്ങള്‍ കൊട്ടിയടച്ചവനു മുന്നില്‍ ദൈവം മറ്റൊരു വഴി തുറന്നുകൊടുക്കില്ല. ഖുര്‍ആനിന്റെ കാഴ്ചപ്പാടില്‍ ഹൃദയമാണ് എല്ലാത്തിന്റെയും കേന്ദ്രം. ആധുനിക വൈദ്യശാസ്ത്ര പ്രകാരം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന ഒരു അവയവം മാത്രമാണ് ഹൃദയമെങ്കില്‍, ഇസ്‌ലാമിന്റെ കാഴ്ചപാടില്‍ മനുഷ്യന് മാര്‍ഗദര്‍നം നല്‍കി നേരായ വഴിയില്‍ നയിക്കാനും അവനെ വഴിപിഴപ്പിക്കാനും സാധിക്കുന്ന ഒന്നാണ് ഹൃദയം. 

വിവ: അനസ് പടന്ന

Related Articles