Current Date

Search
Close this search box.
Search
Close this search box.

മധ്യമ നിലപാടിലേക്കുള്ള സൂചന ഫാതിഹയില്‍

fathiha.png

‘നേരായ പാതയിലേക്ക്’ വഴിനടത്തേണമേ എന്ന് ദിനേന അല്ലാഹുവിനോട് ചോദിക്കാന്‍ വിശ്വാസികളെ ഫാതിഹ അധ്യായം പഠിപ്പിക്കുമ്പോള്‍ അത് മധ്യമ നിലപാടിലേക്കുള്ള സൂചന കൂടി അതുള്‍ക്കൊള്ളുന്നുണ്ട്. ഇടത്തോട്ടോ വലത്തോട്ടോ ചായ്‌വുകളോ ചെരിവുകളോ ഇല്ലാത്ത വിധം ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന ഏറ്റവും ഹ്രസ്വമായ വഴിയാണ് ‘സ്വിറാത്തുല്‍ മുസ്തഖീം’. സന്‍മാര്‍ഗ ദര്‍ശനത്താലും വിശ്വാസ പൂരണത്താലും അല്ലാഹു അനുഗ്രഹിച്ചവരുടെ പാതയാണത്. പ്രവാചകന്‍മാരുടെയും അവരെ സത്യപ്പെടുത്തിയവരുടെയും രക്തസാക്ഷികളുടെയും പുണ്യാത്മാക്കളുടെയും പാത. അറിവില്ലായ്മ കാരണം സത്യത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചവരുടെ പാതയല്ല അത്. അല്ലെങ്കില്‍ സത്യമറിഞ്ഞിട്ടും ദേഹേച്ഛകളോ ഐഹിക താല്‍പര്യങ്ങളോ പൂര്‍വപിതാക്കളെ അന്ധമായി അനുകരിച്ചതോ തങ്ങളുടെ നേതാക്കളെയും അധികാരികളെയും പിന്‍പറ്റിയതോ കാരണം സന്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവര്‍ സന്‍മാര്‍ഗത്തിന് പകരം ദുര്‍മാര്‍ഗത്തെ തെരെഞ്ഞെടുത്തവരാണവര്‍. അത്തരത്തില്‍ അല്ലാഹുവിന്റെ കോപത്തിനിരയായവരുടെയും വഴിയല്ല.

നരകാവകാശികളുടേതില്‍ നിന്ന് വിരുദ്ധമായ പാത
സൂറത്തുല്‍ ഫാതിഹയിലൂടെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്ന പ്രാര്‍ത്ഥനയാണ് ‘നീ ഞങ്ങളെ നേരായ മാര്‍ഗത്തിലൂടെ വഴിനടത്തേണമേ, നീ അനുഗ്രഹിച്ചവരുടെ മാര്‍ഗം. നിന്റെ കോപമേറ്റവരുടെയോ വഴിപിഴച്ചവരുടെയോ മാര്‍ഗമല്ല’ എന്നുള്ളത്. ദിനേനെയുള്ള അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍ അത് പാരായണം ചെയ്യാന്‍ അവരോട് കല്‍പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ പ്രീതിക്കും സ്വര്‍ഗപ്രവേശത്തിലൂടെ ലഭിക്കുന്ന നിത്യസൗഭാഗ്യത്തോടുമൊപ്പം വിശ്വാസികളുടെയും പ്രവാചകന്‍മാരുടെയും സദ്‌വൃത്തരുടെയും പാതയാണത്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ കോപത്തിനിരയായവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗമല്ലെന്ന് അത് വ്യക്തമാക്കുന്നു. ഒന്നാമത് പറഞ്ഞ വിഭാഗം അല്ലാഹുവിന്റെ അനുഗ്രഹാശ്ശിസുകള്‍ സിദ്ധിച്ചവരാണെങ്കില്‍ മറുവശത്തുള്ളത് അല്ലാഹുവിന്റെ കോപത്തിനിരയായവരാണ്. അവര്‍ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാല്‍ ധിക്കാരത്താലും അസൂയയാലും അഹങ്കാരത്താലും അവരത് തിരസ്‌കരിച്ചു. അതുമല്ലെങ്കില്‍ അവര്‍ അന്ധത, അനുകരണം, ഉള്‍ക്കാഴ്ച്ചയില്ലായ്മ തുടങ്ങിയവയാല്‍ വഴിചിതറിപ്പോയി മാര്‍ഗഭ്രംശം സംഭവിച്ചു.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ വിശേഷിപ്പിക്കുന്നത് കാണുക: ‘ചൊവ്വായ മാര്‍ഗത്തിന്റെ (സിറാത്തുല്‍ മുസ്തഖീം) തേട്ടമാണ് നരകത്തിന്റെ ആളുകളോട് വിയോജിക്കല്‍. അദ്ദേഹത്തിന്റെ പ്രശസ്തവും വ്യതിരിക്തവുമായ ഒരു പുസ്തകത്തിന്റെ പേരാണിത്. സൂറത്തുല്‍ ഫാതിഹയില്‍ നിന്നാണ് പ്രസ്തുത പേര് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും സൂക്ഷമതയോടെയും അവധാനതയോടെയും ഈ തലക്കെട്ടിനെ വിലയിരുത്തുന്ന ഒരാള്‍ക്കത് ബോധ്യപ്പെടാന്‍ പ്രയാസമില്ല.

ഇബ്‌നുല്‍ ഖയ്യിം ഫാതിഹയെ കുറിച്ച്
ഫാതിഹ് അധ്യായത്തിലടങ്ങിയ ജ്ഞാന രഹസ്യങ്ങളെ കുറിച്ച് ഇമാം ഇബ്‌നുല്‍ ഖയ്യിം സുദീര്‍ഘമായി സവിസ്തരം വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘മദാരിജുസ്സാലികീന്‍’ എന്ന ഗ്രന്ഥത്തില്‍ ഫാതിഹ നല്‍കുന്ന പാഠങ്ങളെയും സന്ദേശങ്ങളെയും കുറിച്ച് പറയുന്നു. അതില്‍ അദ്ദേഹം വിവരിക്കുന്നു: ‘രണ്ടു തരം ശമനൗഷധമാണ് ഫാതിഹയില്‍ അടങ്ങിയിട്ടുള്ളത്. ഹൃദയത്തിനുള്ള ശമനവും മനസ്സിനുള്ള ശമനവുമാണവ. ഹൃദയ രോഗങ്ങളുടെ ശമനം എന്നത് പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ അതുള്‍ക്കൊള്ളുന്നു. രണ്ടു അടിസ്ഥാനങ്ങളെ ചുറ്റിപറ്റിയാണ് ഹൃദയ രോഗങ്ങള്‍ നിലനില്‍ക്കുന്നത്. ജ്ഞാന ഭ്രംശവും ഉദ്ദേശ്യത്തിലുള്ള ഭ്രംശവുമാണവ.

അതിനെ തുടര്‍ന്നുണ്ടാകുന്ന മാരകമായ രണ്ട് രോഗങ്ങളാണ് വഴികേടും ദൈവകോപവും. ജ്ഞാന ഭ്രംശത്തിന്റെ ഫലമായിട്ടാണ് വഴികേടെങ്കില്‍ ഉദ്ദേശ്യഭ്രംശത്തിന്റെ ഫലമാണ് ദൈവകോപം. മുഴുവന്‍ ഹൃദയ രോഗങ്ങളുടെയും ആകെത്തുകയാണ് ഇവ രണ്ടും.

വഴികേടില്‍ നിന്നുള്ള ശമനം
സിറാത്തുല്‍ മുസ്തഖീമിന്റെ നേര്‍മാര്‍ഗം വഴികേടെന്ന രോഗത്തിനുള്ള ചികിത്സ കൂടി ഉള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ടാണ് അതിന് വേണ്ടി പ്രാര്‍ഥിക്കല്‍ എല്ലാ അടിമകളുടെ മേലും അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നത്. രാപ്പകലുകളിലെ നമസ്‌കാരങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി അതിനെ മാറ്റി. ഹിദായത്തിന്റെ അനിവാര്യതയെയും ഈ ചോദ്യത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നുമാണത് വ്യക്തമാക്കുന്നത്.

വിവ: ഷംസീര്‍ എ.പി.

ഫാതിഹയില്‍ നിന്ന് മനസ്സിലാക്കേണ്ടത്

Related Articles