Current Date

Search
Close this search box.
Search
Close this search box.

ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലയോ

plain1.jpg

‘ഭൂമിയെ നാം ഒരു വിരിപ്പാക്കിയിട്ടില്ലയോ? പര്‍വതങ്ങളെ ആണികളെന്നോണം ഉറപ്പിച്ചിട്ടുമില്ലയോ? നിങ്ങളെ (സ്ത്രീപുരുഷ) ജോടികളായി സൃഷ്ടിച്ചില്ലയോ? നിദ്രയെ നിങ്ങള്‍ക്ക് ശാന്തിദായകവും രാവിനെ മൂടുപടവും പകലിനെ ജീവനവേളയുമാക്കിയില്ലയോ? നിങ്ങള്‍ക്കു മീതെ സുഭദ്രമായ സപ്തവാനങ്ങള്‍ സ്ഥാപിച്ചില്ലയോ? കത്തിജ്വലിക്കുന്ന ദീപവും സ്ഥാപിച്ചില്ലയോ? കാര്‍മേഘങ്ങളില്‍നിന്ന് കോരിച്ചൊരിയുന്ന മഴയിറക്കുകയും ചെയ്തില്ലയോ, അതുവഴി ധാന്യങ്ങളും സസ്യങ്ങളും ഇടതിങ്ങിയ തോട്ടങ്ങളും മുളപ്പിക്കാന്‍.’ (അന്നബഅ്: 6:16)

പതിനൊന്ന് സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ അധ്യായത്തിലെ രണ്ടാം ഖണ്ഡത്തില്‍ അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങളും പ്രപഞ്ചത്തിലെ മുന്‍മാതൃകകളില്ലാത്ത സൃഷ്ടിപ്പിനെയും എണ്ണിപ്പറയുകയാണ്. അല്ലാഹു ആകട്ടെ അവന്റെ മുഴുവന്‍ സൃഷ്ടികളെയും പൂര്‍ണ്ണതയോടെ രൂപപ്പെടുത്തുകയും മനുഷ്യനന്മക്കായി ആകാശഭൂമികളിലെ സകലതിനെയും വിധേയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
    
‘മഹാവൃത്താന്തം’ എന്നത് (മരണശേഷമുള്ള) പുനര്‍ജീവിതമാണെന്ന് വ്യാഖ്യാനിച്ച ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തില്‍ പറഞ്ഞ കാര്യങ്ങളെ നിരീക്ഷിക്കുന്നതിപ്രകാരമാണ്. (ഈ ദൃഷ്ടാന്തങ്ങള്‍) അല്ലാഹുവിന് മരണപ്പെട്ടവരെ ജീവിപ്പിക്കാനും ദ്രവിച്ച എല്ലുകള്‍ക്ക് ജീവന്‍ നല്‍കാനുമുള്ള മഹത്തായ കഴിവിനുള്ള വ്യക്തമായ തെളിവുകളാണ്. ഭൂമിയെ ഒരു വിരിപ്പും പര്‍വ്വതങ്ങളെ ആണികളുമാക്കിയ അല്ലാഹുവിന് മരിച്ചവരെ അവര്‍ ആദ്യം സൃഷ്ടിക്കപ്പെട്ട രൂപം ഏതാണോ ആ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ യാതൊരു പ്രയാസവും ഇല്ല.
    
‘മഹാവൃത്താന്തം’ എന്നത് അവതരിപ്പിക്കപ്പെട്ട ദിവ്യബോധനമാണെന്ന്  അഥവാ ഖുര്‍ആനും പ്രവാചകത്വവും ആണെന്ന് വ്യാഖ്യാനിക്കുന്നവരുടെ നിരീക്ഷണത്തില്‍ ഈ ദൃഷ്ടാന്തങ്ങളെല്ലാം അവന്റെ അനുഗ്രഹത്തിനുള്ള തെളിവുകളും അവന്റെ കാരുണ്യത്തിന്റെ ദൃഷ്ടാന്തങ്ങളുമാണ്. ഈ മഹാഗോളങ്ങളെല്ലാം സൃഷ്ടിക്കുകയും അതിന് യുക്തിയുടെ തേട്ടമനുസരിച്ച് അതിന്റേതായ ഇടങ്ങള്‍ നിശ്ചയിച്ചു നല്‍കുകയും ചെയ്തവനാണ് അല്ലാഹു. മനുഷ്യന്റെ ആവശ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുക എന്ന ദൗത്യമാണ് അവയെല്ലാം നിര്‍വഹിക്കുന്നത്. ഇത്രയെല്ലാം സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തി മനുഷ്യരെ അവഗണിച്ച് അവരുടെ പാട്ടിന് വെറുതെ വിടാതിരിക്കുക എന്നതും അവന്റെ യുക്തിയുടെ ഭാഗമാണ്. കാരണം അല്ലാഹുവിന്റെ യുക്തി അത്യുന്നതമാണ്. അവന്റെ അനുഗ്രഹം പരിപൂര്‍ണ്ണമാണ്. അവന്റെ കാരുണ്യം വിശാലമാണ്. ഇതെല്ലാം ജനങ്ങളിലേക്ക് ഒരു ദൂതന്‍ അവരില്‍ നിന്നു തന്നെ അയക്കപ്പെടുന്നതിനെ ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അദ്ദേഹം അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതത്തെ സംസ്‌കരിക്കുന്നു. വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു.’ (അല്‍ജുമുഅ: 2) അഥവാ അവര്‍ക്കറിയാത്തത് അദ്ദേഹം അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയെന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ തേട്ടമാണ്. ഈയൊരു വിശദീകരണത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്.
    
ഇനി അവയിലെ ഓരോ സൂക്തങ്ങളുടെ ആശയം നമുക്ക് പരിശോധിക്കാം.

നാം ഭൂമിയെ ഒരു വിരിപ്പാക്കിയില്ലേ?
അതായത് നിങ്ങളുടെ വിശ്രമത്തിന് വേണ്ടി ഒരുക്കപ്പെടുന്ന വിരിപ്പ് എന്നാണാശയം. കുട്ടികള്‍ നിദ്ര പുല്‍കുന്നതിനും വിശ്രമിക്കുന്നതിനും തൊട്ടില്‍ ഒരുക്കപ്പെടുന്നതു പോലെയാണത്. അല്ലാഹു പറയുന്നു; ‘ഭൂമിയെ നിങ്ങള്‍ക്കു തൊട്ടിലാക്കിത്തന്നവനും, അതില്‍ സഞ്ചാരമാര്‍ഗങ്ങളുണ്ടാക്കിയവനും.’ (ത്വാഹാ :53) ഇതേ ആശയം തന്നെ വേറെയും സന്ദര്‍ഭങ്ങളില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്.
‘അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ മെത്തയാക്കി വിരിച്ചുതന്നു. ആകാശത്തെ മേലാപ്പാക്കി.’ (അല്‍-ബഖറ: 22) വേറൊരിടത്ത് നൂഹ് നബി(അ) വാക്കുകളായി പരാമര്‍ശിക്കുന്നു: ‘അല്ലാഹു ഭൂമിയെ നിങ്ങള്‍ക്കു വിരിച്ചുതന്നിരിക്കുന്നുനിങ്ങളതില്‍ തുറന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടതിന്.’ (നൂഹ് :19, 20) തൊട്ടില്‍, വിരിപ്പ്, പരവതാനി എന്നൊക്കെയാണ് ഭൂമിയെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. ഇതെല്ലാം തന്നെ ഭൂമി ഗോളാകൃതിയിലാണെന്നതിന് വിരുദ്ധമാകുന്നില്ല. കാരണം അതിന്റെ വലിപ്പവും വിശാലതയും നിമിത്തം അതില്‍ ഈ ഗോളാകൃതി പ്രത്യക്ഷപ്പെടുന്നില്ല. ഇത് യുക്തിയുടെ കൂടി തേട്ടമാണ്. ഈ ഭൂമി ചതുര്‍ഭുജരൂപത്തിലോ ദീര്‍ഘചതുരാകൃതിയിലോ ആയിരുന്നുവെങ്കില്‍ അതില്‍ വസിക്കുന്നവര്‍ അതിന്റെ അറ്റങ്ങളില്‍ ഭയാനകമായ വീഴ്ച്ചയുടെ അപകടങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുമായിരുന്നു.
ഇവിടെ لَمْ (നിഷേധരൂപം) ചേര്‍ത്തുകൊണ്ടുള്ള ചോദ്യരൂപത്തിലൂടെ ഒരു കാര്യത്തെ നിഷേധത്തിലൂടെ അംഗീകരിപ്പിക്കുകയാണ്. ‘നിങ്ങള്‍ക്ക് ഭൂമി നാം വിരിപ്പാക്കിയില്ലേ’ എന്ന് പറയുന്നതിലൂടെ നിങ്ങള്‍ക്ക് നാം ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു എന്നാണര്‍ത്ഥം.

പര്‍വതങ്ങളെ ആണികളാക്കിയില്ലേ
അഥവാ പര്‍വ്വതങ്ങളെ ഭൂമിക്കുള്ള ആണികളായി നാം നിശ്ചയിച്ചു. അതിലൂടെ ഭൂമിയെ ഇളകുകയോ ഉലയുകയോ ചെയ്യാതെ ഉറപ്പിച്ചു നിര്‍ത്തുന്നത് അല്ലാഹുവാണ്. അല്ലാഹു പറയുന്നു: ‘ഭൂമിയില്‍ പര്‍വതങ്ങളുറപ്പിച്ചു; അത് നിങ്ങളെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍.’ (ലുഖ്മാന്‍ :10) അഥവാ ഭൂമി ആടിയുലയാതിരിക്കാന്‍ അവന്‍ അതിനെ ഉറപ്പിച്ചു നിര്‍ത്തുന്നു. അറബികള്‍ മരുഭൂമിയിലും സമതലങ്ങളിലും നിര്‍മിക്കുന്ന ടെന്റുകളെ വലിയ ആണികള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതു പോലെയാണിത്. (തുടരും)

വിവ: ഷംസീര്‍ എ.പി.

അവരത് അറിയുക തന്നെ ചെയ്യും
നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിച്ചു

Related Articles