Current Date

Search
Close this search box.
Search
Close this search box.

നൂഹ് നബിയും മകനും

noah.jpg

തന്റെ സൃഷ്ടാവും രക്ഷാധികാരിയുമായ പടച്ചവനെ മറന്ന് സ്വയംപര്യാപ്തനെന്നഹങ്കരിച്ച, ദൈവമാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച മനുഷ്യന്റെ കഥ. ദൈവം ഇഛിക്കുന്നവര്‍ക്കു മാത്രമേ നേര്‍മാര്‍ഗത്തില്‍ ചരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നൂഹ് നബിയുടെ ചരിത്രം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം ദൈവം നീതിമാനാണെന്ന സന്ദേശവും. രാപ്പകല്‍ ദൈവത്തെ സ്മരിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരും ദൈവത്തെ തമസ്‌ക്കരിച്ച നിര്‍ഭാഗ്യവാന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌നേഹനിധിയായ പിതാവിന്റെ ചരിത്രം. ദൈവികസന്ദേശം മാനവര്‍ക്കെത്തിക്കാന്‍  ജീവിതാന്ത്യം വരെ അദ്ധ്വാനിച്ച പ്രബോധകന്‍. പക്ഷെ  ഈ പ്രവാചകന്റെ സ്വന്തം മകന്റെ അവസ്ഥ നമ്മെ തെര്യപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. സ്വയം ചെയ്ത കര്‍മങ്ങള്‍ക്കു മാത്രമേ നമ്മള്‍ ഉത്തരവാദിയാവുകയുള്ളൂ. തറവാടിത്തമോ, നിറമോ, ഭാഷയോ, ദേശമോ ഒന്നും ആ ഉത്തരവാദിത്തത്തില്‍ നിന്ന് നമ്മെ ഒഴിവാക്കുകയില്ല എന്ന സത്യം.

ആദം നബിക്കും നൂഹ് നബിക്കുമുടയില്‍ പത്ത് നൂറ്റാണ്ടുകളുടെ അന്തരമുണ്ട്. ഉലുല്‍ അസ്മില്‍പ്പെട്ട ആദ്യത്തെ പ്രവാചകനായ നൂഹ് നബിക്കാണ് ഏറ്റവും കൂടുതല്‍ ഉപദ്രവമേല്‍ക്കേണ്ടി വന്നത്. ബഹുദൈവവിശ്വാസം കൊടുകുത്തി വാണിരുന്ന സമൂഹത്തിനിടയിലേക്കാണ് ഏകദൈവ സന്ദേശവുമായി അദ്ദേഹം ചെല്ലുന്നത്. എങ്ങിനെയാണ്  ആ സമൂഹത്തിലേക്ക് ബിംബാരാധന കടന്നു വന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ‘സച്ചരിതരായ ആളുകള്‍ മരണപ്പെട്ട വേളയില്‍ അവരെ അനുകരിക്കാനും ഓര്‍ക്കാനും വേണ്ടി അവരുടെ ചിത്രങ്ങള്‍ വരച്ച് സൂക്ഷിക്കുകയും, അവരുടെ ഖബറിടങ്ങള്‍ക്കു മുകളില്‍ പള്ളികള്‍ നിര്‍മ്മിക്കുയും ചെയ്തു. കാലക്രമത്തില്‍ അത് ആരാധനയിലേക്ക് തിരിയുകയാണുണ്ടായത്. വദ്ദ്, സുവാഅ്, യഊസ്, യഊഖ്, നസ്‌റ് തുടങ്ങിയ സച്ചരിതരുടെ പ്രതിമകളാണ് ഇങ്ങനെ ആരാധക്കപ്പെട്ടവയില്‍ പ്രമുഖമായത്. ഈ ആരാധന വഴിവിട്ട സന്ദര്‍ഭത്തിലാണ് അവരെ നേര്‍വഴിയിലാക്കാന്‍ നൂഹ് നബിയെ അല്ലാഹു അയച്ചത്.  950 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയില്‍ തന്നാല്‍ കഴിയും വിധം ജനങ്ങളെ ദൈവസരണിയിലേക്ക് ക്ഷണിക്കാന്‍ വ്യതിരിക്ത മാര്‍ഗങ്ങള്‍ അദ്ദേഹം അവലംബിച്ചു. രാപ്പകല്‍ ഭേദമന്യേ രഹസ്യമായും പരസ്യമായും പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ആ നാട്ടുകാര്‍ തയാറായില്ല. കല്ലുപോലെ ഉറച്ചുപോയ ഹൃദയങ്ങള്‍ അലിഞ്ഞില്ല. ഒരു കണ്ണും അശ്രുകണങ്ങള്‍ പൊഴിച്ചില്ല. അവര്‍അന്ധരും ബധിരരും മൂകിരുമായിത്തീര്‍ന്ന പോലെയായി.

ആ അവിശ്വാസികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രിയ പുത്രനുമുണ്ടായിരുന്നു !  പ്രബോധനപ്രവര്‍ത്തനങ്ങള്‍ സ്വന്തക്കാരില്‍ നിന്നും ആരംഭിക്കണമെന്ന ആദ്യ പടി താണ്ടിക്കടക്കാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടി. സ്വന്തം പിതാവിന്റെ വഴിയെ മക്കളും കുടുംബക്കാരും വരണമെന്ന ബോധത്തോടെ എഴുനൂറു വര്‍ഷവും അവര്‍ക്കു പിന്നാലെ ദൈവിക സന്ദേശവുമായി നടന്നെങ്കിലും ആശിച്ച ഫലം ലഭിച്ചില്ല. വിശ്വാസം സ്വീകരിച്ച് കപ്പലില്‍ കയറി രക്ഷപ്പെടാന്‍ തന്റെ നാലാമത്തെ മകനായ യാമിനോട് അദ്ദേഹം സ്‌നേഹമസൃണമായി ആവശ്യപ്പെട്ടത് ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു. ‘പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്( കപ്പല്‍ ) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ പൊന്നുമോനേ, നീ ഞങ്ങളോടൊപ്പം കയറക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്. ‘ (ഹൂദ് : 42)  സത്യനിഷേധികളുടെ കൂട്ടത്തില്‍ പെട്ടു പോകരുതെന്നും ദൈവമാര്‍ഗത്തില്‍ വിശ്വസിച്ച് കപ്പലില്‍ കയറണമെന്നും കേണപേക്ഷിച്ചെങ്കിലും, ധിക്കാരിയായ മകന്‍ അഹങ്കാരത്തോടെ ആ ക്ഷണം നിരസിച്ചു. മലമുകളില്‍ കയറിയാല്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാമെന്ന വിഢിത്തം നിറഞ്ഞ വ്യാമോഹമാണ് അതിനവനെ പ്രേരിപ്പിച്ചത്. മകന്‍ മുങ്ങി മരിക്കുന്നത് വരെ തന്റെ ഉപദേശം അദ്ദേഹം തുടര്‍ന്നു.

സ്‌നേഹത്തിന് വിലകല്‍പ്പിക്കാത്ത മകനു നേരെയുള്ള സഹതാപത്തേക്കാളുപരി, സ്വയം ചെയ്ത കര്‍മങ്ങളുടെ പരിണിതി എന്തായാലും സ്വയം അനുഭവിക്കണം എന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവം നമുക്കു പറഞ്ഞുതരുന്നത്.  വെള്ളപ്പൊക്കം അവസാനിച്ചു. നാട് സാധാരണ നിലയിലായി. പക്ഷെ നൂഹ് നബി സഹജമായ പിതൃവികാരത്തോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ‘ എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണു താനും. നീ വിധകര്‍ത്താക്കളില്‍ വച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ് ‘(ഹൂദ് 45 ). കുടുംബാംഗങ്ങളെ മുഴുവന്‍ രക്ഷിക്കാമെന്ന വാഗ്ദാനംചെയ്ത നീതിമാനായ ദൈവം എന്തുകൊണ്ട് വാക്കു പാലിച്ചില്ലെന്ന് ദൈവത്തോടു തന്നെ നൂഹ് നബി പരിഭവം പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു. ‘അവന്‍ (അല്ലാഹു) പറഞ്ഞു. നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ് ‘ (ഹൂദ് 46) കുടുംബ ബന്ധത്തേക്കാള്‍ ആദര്‍ശ ബന്ധത്തിനാണ്  പ്രാധാന്യമെന്ന് ഈ വാചകം തെളിയിക്കുന്നു. എത്ര ഉപദേശിച്ചിട്ടും നന്നാവാതെ വഴികേടില്‍ ജീവിക്കുന്ന മക്കളുള്ള നല്ലവരായ രക്ഷിതാക്കള്‍ക്ക് ഈ സൂക്തം ആശ്വാസമേകുന്നു. അത്തരം രക്ഷിതാക്കള്‍ നൂഹ് നബിയുടെ പാത പിന്‍പറ്റി നിരന്തരമായ ബോധവല്‍ക്കരണം നടത്തി മക്കളെ നേര്‍വഴിയിലാക്കാന്‍ പരമാവധി പരിശ്രമിക്കണമെന്നും ഈ ചരിത്രം നമ്മെ തെര്യപ്പെടുത്തുന്നു. കുടുംബ ബന്ധം, നാളെ പരലോകത്ത് സ്വര്‍ഗ പ്രവേശത്തിനാവശ്യമായ യാതൊരു സഹായവും ചെയ്യില്ലെന്നും മറ്റുള്ളവര്‍ നന്നായാല്‍ തനിക്കത്  അവിടെ യാതൊരു ഫലവും ഉളവാക്കില്ലെന്നുമുള്ള തിരിച്ചറിവിലൂടെ സ്വന്തം കര്‍മങ്ങളെ ആത്മപരിശോധനക്ക് വിധേയമാക്കണമെന്ന ചിന്തയും ഈ ചരിത്രം നമ്മെ ഉല്‍ബോധപ്പിക്കുന്നു.

വിവ : ഇസ്മാഈല്‍ അഫാഫ്

Related Articles