Current Date

Search
Close this search box.
Search
Close this search box.

നീ ഞങ്ങളെ നേര്‍വഴിക്കു നയിക്കേണമേ

pray4.jpg

അല്ലാഹു അര്‍ഹിക്കുന്ന സ്തുതികീര്‍ത്തനങ്ങള്‍ അവനര്‍പ്പിക്കുകയും തുടര്‍ന്ന് ആരാധനയിലും സഹായാര്‍ത്ഥനയിലും അവന്റെ ഏകത്വവിളംബര നടത്തി അവനോട് സംവദിക്കുകയും ചെയ്ത ശേഷം പ്രാര്‍ത്ഥനയിലൂടെ അവനിലേക്ക് തിരിയുകയാണിവിടെ. പ്രാര്‍ഥനയിലൂടെ അല്ലാഹുവില്‍ നിന്നുള്ള സന്‍മാര്‍ഗമാണ് ഇവിടെ തേടുന്നത്.
    
ക്രൈസ്തവരുടെ ദൈവത്തോടുള്ള പ്രാര്‍ഥന ആരംഭിക്കുന്നത് ഭൗതികാവശ്യങ്ങള്‍ നിറവേറ്റാനപേക്ഷിച്ചു കൊണ്ടുള്ളതാണ്. ‘ഞങ്ങള്‍ക്ക് വേണ്ടത്ര അപ്പം അരുളേണമേ’ എന്ന വാക്യത്തിലാണത്. എന്നാല്‍ ഒരു മുസ്‌ലിമിന്റെ പ്രാര്‍ഥനയിലെ പ്രഥമ ആവശ്യം സന്‍മാര്‍ഗമാണ്. കറതീര്‍ന്ന വിശ്വാസത്തിലൂടെ കൈവരുന്ന സന്മാര്‍ഗമാണ് ഏറ്റവും മഹത്തായ അനുഗ്രഹം. ‘ഈ ജനം ഇസ്‌ലാം സ്വീകരിച്ചത് അവര്‍ നിന്നോട് ചെയ്ത ഔദാര്യമായി എടുത്തോതുന്നുണ്ടല്ലോ. അവരോട് പറയുക: നിങ്ങളുടെ ഇസ്‌ലാം ആശ്ലേഷണം എന്നോടുള്ള വലിയ ഔദാര്യമായി നിങ്ങള്‍ കരുതേണ്ട.’
    
എന്നാല്‍ സത്യവിശ്വാസത്തിന്റെ സന്‍മാര്‍ഗ ദര്‍ശനമരുളി അല്ലാഹുവാണ് നിങ്ങളോട് ഔദാര്യം കാണിച്ചത്. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ (അല്‍ ഹുജറാത്ത്: 17). മുഴുവന്‍ നന്മകളും ഔദാര്യങ്ങളും അനുഗ്രഹങ്ങളും ഈ സന്‍മാര്‍ഗലബ്ധിയുടെ സാക്ഷാല്‍ക്കാരത്തിന്റെ അഭാവത്തില്‍ മൂല്യരഹിതമാണ്. ആ സാക്ഷാല്‍ക്കാരത്തെ തുടര്‍ന്നുള്ള ഇഹപര സൗഭാഗ്യങ്ങളെല്ലാം തന്നെ ഈ സന്‍മാര്‍ഗ ലബ്ധിയുടെ ഫലമാണ്.

സന്‍മാര്‍ഗത്തിന്റെ ഇനങ്ങള്‍
സന്‍മാര്‍ഗം രണ്ട് തരത്തിലുണ്ട്. ഒന്ന്, ജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിര്‍വചനീയമായ സന്‍മാര്‍ഗവും രണ്ടാമത്തേത്, കര്‍മപരവും ദൈവികാനുഗ്രഹമായി ലഭിക്കുന്നതുമായ മാര്‍ഗര്‍ദര്‍ശനവുമാണവ. വിവേകം സിദ്ധിച്ച ഒരാള്‍ക്ക് സത്യത്തിലേക്കുള്ള സന്‍മാര്‍ഗ ദര്‍ശനമരുളി അയാളത് വിശ്വസിക്കുകയും തുടര്‍ന്ന് ആ വിശ്വാസത്തിനനുസൃതമായ കര്‍മ്മം അയാളില്‍ നിന്നുണ്ടാവുകയും ചെയ്യുക എന്നതാണതിന്റെ പൊരുള്‍.

ജ്ഞാനപരമായ സന്‍മാര്‍ഗം
യാഥാര്‍ത്ഥ്യങ്ങളെ വിശദീകരിച്ചും അതിനുള്ള തെളിവുകള്‍ നിരത്തി കൊണ്ടുള്ളതുമാണ് നിര്‍വചനീയമായ മാര്‍ഗദര്‍ശനം. ഇതിന് നാല് ഘട്ടങ്ങളുണ്ട്.
1. മുഴുവന്‍ സൃഷ്ടികള്‍ക്കുമുള്ള പൊതുവായ മാര്‍ഗദര്‍ശനം: ഈ മാര്‍ഗദര്‍ശനം പ്രപഞ്ചത്തില്‍ വ്യാപിച്ച് കിടക്കുന്ന സകല വസ്തുക്കള്‍ക്കും മാര്‍ഗദര്‍ശനം നല്‍കപ്പെട്ടിട്ടുണ്ട്. ഭൂമി, പര്‍വതങ്ങള്‍, വെള്ളം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, അന്തരീക്ഷത്തില്‍ പരന്നു കിടക്കുന്ന ഗോളങ്ങള്‍ തുടങ്ങിയവക്കെല്ലാം അവ എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് അതിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ഉതകുന്ന സന്‍മാര്‍ഗ ദര്‍ശനം നല്‍കിയിട്ടുണ്ട്. ഈ ‘സന്‍മാര്‍ഗ’ദര്‍ശനത്തെ സൂചിപ്പിക്കുന്ന മൂസാ നബി(അ)യുടെ വാക്കുകളിലൂടെ ഖുര്‍ആന്‍ ഇങ്ങിനെ ഉദ്ധരിക്കുന്നു: ‘എല്ലാറ്റിന്റെയും സൃഷ്ടികര്‍മ്മം നടത്തുകയും എന്നിട്ട് ആ സൃഷ്ടികള്‍ക്ക് മാര്‍ഗ ദര്‍ശനമരുളുകയും ചെയ്തവനാണ് നമ്മുടെ റബ്ബ്.’ (ത്വാഹാ: 50)
2. പഞ്ചേന്ദ്രിയങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനം: കാഴ്ച, കേള്‍വി, രുചി, മണം, സ്പര്‍ശനം തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളുടെ ലോകത്തിലൂടെ മനുഷ്യന് ലഭ്യമാകുന്ന മാര്‍ഗദര്‍ശനം. ഈ മാര്‍ഗദര്‍ശനം മനുഷ്യന്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവക്കെല്ലാം ലഭ്യമാകുന്ന ഒന്നാണ്.
3. ബുദ്ധിപരമായ മാര്‍ഗദര്‍ശനം: ഇത് ഇന്ദ്രിയങ്ങള്‍ക്കും മേലെയാണ്. ഇന്ദ്രിയാനുഭവങ്ങളുടെ പരിമിതികളെ ബുദ്ധിപരമായ കഴിവ് കൊണ്ട് മറികടക്കാനാവും. ഉദാഹരണത്തിന് കണ്ണ് കൊണ്ട് നാം നിഴലിനെ നോക്കുമ്പോള്‍ അത് പ്രത്യക്ഷത്തില്‍ നിശ്ചലമാണ്. എന്നാല്‍ ബുദ്ധിപരമായ നിരീക്ഷണത്തില്‍ നിഴലിന് ചെറു ചലനാത്മകതയുണ്ടെന്ന് കണ്ടെത്താനാകും. നക്ഷത്രത്തെ ഭൂമിയില്‍ നിന്ന് കാണുമ്പോള്‍ വളരെ ചെറുതാണ്. എന്നാല്‍ ഭമിയെക്കാള്‍ പതിന്മടങ്ങ്  വലിപ്പമുണ്ടതിന്. ഇതെല്ലാം പഞ്ചേന്ദ്രിയങ്ങള്‍ക്കുപരി ബുദ്ധികൊണ്ടും ധിഷണ കൊണ്ടുമാണ് നമുക്ക് കണ്ടെത്താനാകുന്നത്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നു. നിങ്ങള്‍ക്ക് യാതൊന്നും അിറഞ്ഞു കൂടാത്ത അവസ്ഥയില്‍. അവന്‍ നിങ്ങള്‍ക്ക് കാതുകള്‍ തന്നു. കണ്ണുകള്‍ തന്നു. ചിന്താശക്തിയുള്ള മനസ്സുകളും തന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.’ (അന്നഹ്‌ല് : 78) ഇവിടെ കണ്ണും കാതും ഇന്ദ്രിയ മാര്‍ഗദര്‍ശനത്തിനും ഹൃദയം കര്‍മ്മപരമായ മാര്‍ഗദര്‍ശനത്തിനുമാണ് ഉദ്ധേശിക്കപ്പെട്ടിട്ടുള്ളത്.
4. ദിവ്യബോധനത്തിലൂടെയോ പ്രവാചകത്വത്തിലൂടെയോ ഉള്ള മാര്‍ഗദര്‍ശനം: ഈ മാര്‍ഗദര്‍ശനമാണ് മുന്‍ ചൊന്നതിനേക്കാളും അത്യുന്നതിയില്‍ നില്‍ക്കുന്നത്. ബുദ്ധിക്ക് സംഭവിക്കുന്ന ഭ്രംശങ്ങളെ കണ്ടെത്തുന്നത് ഇതിലൂടെയാണ്. പഞ്ചേന്ദ്രിയങ്ങളുടെ ഭ്രംശങ്ങളെ ബുദ്ധി കണ്ടെത്തുന്നതു പോലെ. ബുദ്ധിക്ക് സ്വമേധയാ ലഭ്യമാവാത്ത ജ്ഞാനം അതിന് പകര്‍ന്നു നല്‍കുന്നത് ഈ മാര്‍ഗദര്‍ശനത്തിലൂടെയാണ്. അഗോചര കാര്യങ്ങളിലുള്ള വിശ്വാസം, അല്ലാഹുവിലും അവന്റെ വിശേഷണങ്ങളിലുമുള്ള വിശ്വാസം, അദൃശ്യ ലോകങ്ങളിലുള്ള വിശ്വാസം, പരലോകത്തിലും രക്ഷാശിക്ഷകളിലുമുള്ള വിശ്വാസം, തുടങ്ങിയവയെല്ലാം അതില്‍ പെട്ടതാണ്. ദിവ്യ ബോധനത്തിലൂടെയല്ലാതെ (വഹ്‌യ്) ഇക്കാര്യങ്ങള്‍ അറിയാന്‍ മറ്റ് വഴികളില്ല. എന്നാല്‍ ബുദ്ധി ഉപയോഗിച്ച് അത് കണ്ടെത്തുക അസാധ്യമായ കാര്യമല്ല. ബുദ്ധിയുടെ അത്തരം നിരീക്ഷണം അനുവദനീയമാണെന്ന് മാത്രമല്ല യുക്തിയോട് അതാണ് ഏറ്റവും യോജിച്ചതും. അല്ലാഹു പറയുന്നു: ‘ഈ വാനലോകത്തെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും നാം മിഥ്യയായി സൃഷ്ടിച്ചിട്ടുള്ളതല്ല. അത് അവിശ്വാസികളുടെ ഊഹമാകുന്നു. നരകാഗ്നിയാലുള്ള നാശം അത്തരം അവിശ്വാസികള്‍ക്കുള്ളതത്രെ. സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മമങ്ങളാചരിക്കുകയും ചെയ്യുന്നവരേയും ഭൂമിയില്‍ അധര്‍മ്മം അനുവര്‍ത്തിക്കുന്നവരെയും നാം തുല്യരാക്കുകയോ? അല്ലെങ്കില്‍ ഭക്ത ജനങ്ങളെ നാം പാപ പങ്കിലരെ പോലെ ആക്കുകയോ?’ (സ്വാദ്: 27, 28)
    
മാര്‍ഗദര്‍ശനത്തിന്റെ ഏറ്റവും മഹോന്നതമായ ഈ ഘട്ടം ജ്ഞാനപരമായ യഥാര്‍ത്ഥ സന്‍മാര്‍ഗമാണ്. സത്യവിശ്വാസികളുടെ ഉള്‍ക്കാഴ്ച്ച (ബസ്വീറത്) ക്ക് ഈ മാര്‍ഗ ദര്‍ശനത്തിലൂടെയാണ് മഹാസത്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത്. വിശ്വാസികള്‍ തങ്ങളുടെ നാഥനോട് തേടുന്നതും ആ സന്‍മാര്‍ഗദര്‍ശനത്തിനാണ്.

ദൈവികാനുഗ്രഹമായി ലഭിക്കുന്ന സന്‍മാര്‍ഗം
സത്യത്തെയും യാഥാര്‍ത്ഥ്യത്തെയും സ്‌നേഹിക്കുന്ന എല്ലാവരും നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ദൈവികാനുഗ്രഹമായി ലഭിക്കുന്ന സന്‍മാര്‍ഗം. സന്‍മാര്‍ഗത്തിന്റെ വെളിച്ചം ലഭിക്കുന്നതിനും അതിന്റെ പാത പിന്തുടരുന്നതിനുമുള്ള മഹാഭാഗ്യമാണത്. അതിനെ കുറിച്ച് അല്ലാഹു തന്റെ ദൂതനോട് പറയുന്നത് കാണുക: ‘പ്രവാചകരെ, നിനക്ക് ഇഷ്ടപ്പെട്ടവരെ സന്‍മാര്‍ഗത്തിലാക്കുക സാധ്യമല്ല. അല്ലാഹുവാണ് അവനാഗ്രഹിക്കുന്നവര്‍ക്ക് സന്‍മാര്‍ഗമരുളുന്നത്. ‘ (ഖസ്വസ്: 56) സൂറത്തുല്‍ ഫാതിഹയില്‍ ഹിദായത്തിനാണ് വിശ്വാസികള്‍ തങ്ങളുടെ രക്ഷിതാവിനോട് തേടുന്നത്. സത്യം യഥാവിധി മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നതാണതിന്റെ ആശയം. ഈ സന്‍മാര്‍ഗമാണ് ഖുര്‍ആനില്‍ ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്. ‘നിങ്ങളില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്ക് രക്ഷാസരണി കാണിച്ചു കൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു.’ (അല്‍ മാഇദ: 15, 16) (തുടരും)

വിവ: ഷംസീര്‍ എ.പി.

ദുഷിച്ച ഹൃദയത്തിനുള്ള ചികിത്സ
സന്മാര്‍ഗം സിദ്ധിച്ചവന്‍ സന്മാര്‍ഗം തേടുന്നതെന്തിന്?

Related Articles