Current Date

Search
Close this search box.
Search
Close this search box.

ദുഷിച്ച ഹൃദയത്തിനുള്ള ചികിത്സ

darkened.jpg

ഇബ്‌നു ഖയ്യിം വിവരിക്കുന്നു: ‘നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം സഹായം തേടുന്നു’ എന്നതിന്റെ വൈജ്ഞാനികവും പ്രായോഗികവുമായ സ്ഥിരീകരണത്തില്‍ അടങ്ങുന്നതാണ് ഹൃദയവും ഉദ്ദേശ്യവും ദുഷിക്കുകയെന്ന രോഗത്തിനുള്ള ചികിത്സ. ലക്ഷ്യങ്ങളും മാര്‍ഗങ്ങളുമായി ബന്ധപ്പെട്ടതാണ് ഉദ്ദേശ്യം ദുഷിക്കല്‍. മുറിഞ്ഞതും ദുര്‍ബലവും നശ്വരവുമായ ലക്ഷ്യത്തോട് തേടുകയും അതിനെ മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യുന്നവന്റെ ലക്ഷ്യം ദുഷിച്ചതാണ്. ആരാധനകളര്‍പ്പിക്കുന്നതിനും സഹായം തേടുന്നതിനും അല്ലാഹുവല്ലാത്തവരെ ലക്ഷ്യമായി സ്വീകരിച്ച എല്ലാവരുടെയും കാര്യമാണിത്. ബഹുദൈവാരാധകരും ഇച്ഛകളെ പിന്‍പറ്റുന്നവരും ധര്‍മവും അധര്‍മവും പരിഗണിക്കാതെ ഏത് വിധേനയും തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അധികാരികളും ഇതില്‍ പെടും. അവരുടെ അധികാരത്തിന്റെ പാതയില്‍ തടസ്സമായി ധര്‍മം നിലകൊള്ളുമ്പോള്‍ തങ്ങളുടെ കാലുകൊണ്ടതിനെ ചവിട്ടിത്തേക്കും. അധിന് സാധിക്കാതെ വരുമ്പോള്‍ ഒരു വന്യമൃഗത്തെ പോലെ അവരതിനെ പ്രതിരോധിക്കും. അതിനും സാധിക്കാതെ വരുമ്പോള്‍ അതിനെ വഴിയില്‍ തടയുകയും മറ്റു വഴികളിലേക്ക് തിരിച്ചു വിടുകയും ചെയ്യും. തങ്ങളെ കൊണ്ട് സാധ്യമാകുന്ന വിധത്തിലെല്ലാം അതിനെ നേരിടാന്‍ അവര്‍ തയ്യാറായിരിക്കും. അതിന് കഴിയാതെ വരുമ്പോള്‍ അതിന് വഴിവിട്ടുകൊടുക്കുകയും ചെയ്യും. സത്യം അവര്‍ക്ക് സഹായകമായിട്ടാണെങ്കില്‍ അവര്‍ അതിനൊപ്പം കൂടും. അതിന് അവര്‍ വഴങ്ങുന്നവരായും അവര്‍ മാറും. അത് സത്യമായതു കൊണ്ടല്ല, മറിച്ച് തങ്ങളുടെ താല്‍പര്യങ്ങളോട് യോജിക്കുന്നതും തങ്ങള്‍ക്ക് ഗുണകരവും ആയതിനാലാണ്. ‘അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിളിച്ചാല്‍ അവരിലൊരു കൂട്ടരതാ ഒഴിഞ്ഞുമാറിപ്പോകുന്നു. എന്നാല്‍, ന്യായം അവര്‍ക്കനുകൂലമാണെങ്കിലോ, അപ്പോഴവര്‍ താഴ്മയോടെ ദൂതന്റെ അടുക്കല്‍ വന്നെത്തുന്നു. അവരുടെ ഹൃദയങ്ങളെ (കാപട്യത്തിന്റെ) ദീനം ബാധിച്ചിട്ടുണ്ടോ? അല്ലെങ്കില്‍, അവര്‍ സംശയത്തിലകപ്പെട്ടതോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും തങ്ങളോട് അന്യായം ചെയ്യുമെന്ന് ഭയപ്പെടുകയാണോ? അതൊന്നുമല്ല, വാസ്തവത്തില്‍ ഈ ജനം അധര്‍മികളാകുന്നു.’ (24: 48-50)

ലോകമാന്യത്തിനും അഹങ്കാരത്തിനുമുള്ള ഔഷധം
ഇബനുല്‍ ഖയ്യിം പറയുന്നു: ഗുരുതരമായ രണ്ട് രോഗങ്ങള്‍ ഹൃദയത്തിന് ബാധിക്കാറുണ്ട്. അടിമ വേണ്ടവിധം സൂക്ഷിച്ചില്ലെങ്കില്‍ അവ അവനെ നാശത്തിലേക്ക് വലിച്ചെറിയും. ലോകമാന്യവും അഹങ്കാരവുമാണവ.

‘നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു’ എന്നത് ലോക മാന്യത്തിനുള്ള മരുന്നാണ്. ‘നിന്നോട് മാത്രം സഹായം തേടുന്നു’ എന്നത് അഹങ്കാരത്തിനുള്ളതും. ‘നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു’ എന്നത് ലോകമാന്യത്തെയും ‘നിന്നോട് മാത്രം സഹായം തേടുന്നു’ എന്നത് അഹങ്കാരത്തെയും പ്രതിരോധിക്കുന്നുവെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറഞ്ഞതായി പലതവണ ഞാന്‍ കേട്ടിട്ടുണ്ട്.

‘നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു’ എന്നത് കൊണ്ട് ലോകമാന്യമാകുന്ന രോഗത്തില്‍ നിന്നും ‘നിന്നോട് മാത്രം സഹായം തേടുന്നു’ എന്നതുകൊണ്ട് അഹങ്കാരമാകുന്ന രോഗത്തില്‍ നിന്നും ‘നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ’ എന്നതിലൂടെ അജ്ഞതയുടെയും വഴികേടിന്റെയും രോഗങ്ങളില്‍ നിന്നും മുക്തനാകുന്നതോടെ അവന്റെ രോഗങ്ങളില്‍ നിന്നും വിഷമതകളില്‍ നിന്നും സുഖപ്രാപ്തി നേടുന്നു. സൗഖ്യത്തിന്റെ വസ്ത്രം ധരിച്ചവനായി മാറുന്ന അവന് അനുഗ്രഹമാണ് ലഭിച്ചിരിക്കുന്നത്. അവര്‍ അനുഗ്രഹീതരാണ്, ‘കോപത്തിനിരയായവര്‍’ അല്ല. ദുഷിച്ച ലക്ഷ്യത്തിന്റെ ആളുകളാണവര്‍. സത്യം മനസ്സിലാക്കുകയും എന്നിട്ട് അതില്‍ നിന്ന് മാറിനടക്കുകയും ചെയ്തവര്‍.

ശാരീരിക സുഖപ്രാപ്തി: ശാരീരികമായ സുഖപ്രാപ്തിയും അതുള്‍ക്കൊള്ളുന്നു. അബൂ സഈദില്‍ ഖുദ്‌രി തന്റെ സഹീഹില്‍ ഉദ്ധരിക്കുന്ന സംഭവം അതിനായി വിവരിക്കാം. പ്രവാചക ശിഷ്യന്‍മാരായിരുന്ന കുറച്ചാളുകള്‍ ഒരു അറബ് ഗോത്രത്തിനടുത്തു കൂടെ നടന്നു പോവുകയായിരുന്നു. ഗോത്രക്കാര്‍ അവര്‍ക്ക് ആഹാരം നല്‍കുകയോ അതിഥികളായി സ്വീകരിക്കുകയോ ചെയ്തില്ല. ആ സമയത്ത് ഗോത്രത്തലവന് പാമ്പുകടിയേറ്റു. അവര്‍ പ്രവാചക ശിഷ്യന്‍മാരുടെ അടുത്തെത്തി ചോദിച്ചു: നിങ്ങളുടെ അടുത്ത് വല്ല മന്ത്രമോ മന്ത്രിക്കുന്നവരോ ഉണ്ടോ? അവര്‍ പറഞ്ഞു: ഉണ്ട്, എന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ആഹാരം നല്‍കിയിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതിഫലം നല്‍കാതെ ഞങ്ങളത് ചെയ്യില്ല. ഒരു കൂട്ടം ആടുകളെ നല്‍കാമെന്ന് അവര്‍ സമ്മതിച്ചപ്പോള്‍ സഹാബിമാരുടെ കൂട്ടത്തിലൊരാള്‍ ഫാതിഹ ഓതാന്‍ തുടങ്ങി. അയാളുടെ രോഗം ഭേദമായി. തുടര്‍ന്ന് അവര്‍ പ്രവാചക സന്നിധിയിലെത്തി കാര്യം പറഞ്ഞപ്പോള്‍ നബി തിരുമേനി(സ) ചോദിച്ചു: ഇതൊരു മന്ത്രമാണെന്ന് നീ എങ്ങനെയാണറിഞ്ഞത്? നിങ്ങളതില്‍ നിന്ന് ഭക്ഷിച്ചു കൊള്ളൂ എനിക്കും ഒരു ഓഹരി നല്‍കൂ. (തുടരും)

വിവ: നസീഫ്‌

ആരാധനക്കര്‍ഹന്‍ നീ മാത്രം
നീ ഞങ്ങളെ നേര്‍വഴിക്കു നയിക്കേണമേ

Related Articles