Current Date

Search
Close this search box.
Search
Close this search box.

ദുഖങ്ങള്‍ക്കുള്ള ഖുര്‍ആനിക ചികിത്സ

q3.jpg

ഖുര്‍ആനിനെ കുറിച്ച് പലരും എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ശ്രേഷ്ഠതയുടെ വിവിധ വശങ്ങളെ കുറിച്ചവര്‍ പറഞ്ഞു. മറ്റൊന്നിനുമില്ലാത്ത അതിന്റെ സ്വാധീനത്തെയും കുറിച്ച് ധാരാളം അവര്‍ വിവരിച്ചു. ഇവിടെ ഖുര്‍ആന്റെ ഫലങ്ങളില്‍ ഒന്നില്‍ മാത്രം കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മനസ്സിന് ശാന്തതയും ഹൃദയത്തിന് ശാന്തിയും നല്‍കാനുള്ള അതിന്റെ കഴിവാണത്.

ഖുര്‍ആന്‍ സര്‍വരോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. ‘വിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടാണ് നാം ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.’ ഈ കാലഘട്ടത്തില്‍ ഏറ്റവും അധികമായിട്ടുള്ളത് മാനസിക രോഗങ്ങളാണ്. ദുഖങ്ങളും പ്രയാസങ്ങളും അധികരിച്ചുണ്ടാവുന്ന മാനസിക സമ്മര്‍ദമാണ് അതില്‍ കൂടുതലും. മനസിനത് വലിയ ഭാരം സൃഷ്ടിക്കുകയും ഹൃദയത്തെ ക്ഷയിപ്പിക്കുകയും അവയവങ്ങളെയത് ബാധിക്കുകയും ചെയ്യുന്നു. രോഗം അവനെ ദുര്‍ബലനും അശക്തനും ദുഖിതനുമാക്കി മാറ്റുന്നു. സ്വന്തത്തിനോ കുടുംബത്തിനോ സമൂഹത്തിനോ വേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ അവന് സാധിക്കുകയില്ല.

ഇത്തരം രോഗങ്ങളില്‍ നിന്ന് നബി(സ) അല്ലാഹുവില്‍ അഭയം തേടി പ്രാര്‍ഥിച്ചിരുന്നതായി നമുക്ക് കാണാം. ‘അല്ലാഹുവേ! പ്രയാസങ്ങളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും അലസതയില്‍ നിന്നും ലുബ്ദില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും കടം കയറുന്നതില്‍ നിന്നും ആളുകളാല്‍ അതിജയിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’ എന്ന് പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്നതായി അനസ്(റ)ല്‍ നിന്നും ബുഖാരി ഉദ്ധരിച്ചതായി കാണാം.

ജീവിതത്തില്‍ ദുഖങ്ങളും പ്രയാസങ്ങളും ഉണ്ടാകുമെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിശ്വാസികളുടെ മനസിലെ ഈമാനികാടിത്തറയില്‍ നിന്നാണ് ഖുര്‍ആന്‍ അവയെ ചികിത്സിക്കുന്നത്. അല്ലാഹുവിലുള്ള വിശ്വാസം അടിയുറപ്പിക്കാനും അവന്റെ വാഗ്ദാനങ്ങളിലും വിധിയിലും വിശ്വാസം അര്‍പ്പിക്കാനുമാണ് അത് ആവശ്യപ്പെടുന്നത്.

‘അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.’ അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ മനസ്സുകളെ ശാന്തമാക്കുമെന്നാണിത് വ്യക്തമാക്കുന്നത്. അല്ലാഹു അവന് നല്‍കിയ വാഗ്ദാനങ്ങള്‍ അവന് ശാന്തി പകരും. ഭയത്തില്‍ നിന്നും പരിഭ്രാന്തിയില്‍ നിന്നും അവന്‍ അതിലൂടെ മോചിതനാവും. അല്ലാഹുവെയല്ലാതെ മറ്റാരെയും ഭയക്കാന്‍ അവനപ്പോള്‍ കഴിയില്ല. അവന്റെ ശിക്ഷയെ കുറിച്ചല്ലാതെ അവന്‍ ഭയപ്പെടില്ല. അല്ലാഹുവിനല്ലാതെ യാതൊരു കഴിവും ശക്തിയുമില്ലെന്ന് അടിയുറച്ച് വിശ്വസിക്കുമ്പോള്‍ അവന്റെ മനശാന്തി സ്ഥായിയായി നിലകൊള്ളും.

പ്രയാസങ്ങള്‍ക്ക് നടുവിലും അവന് ശാന്തത നഷ്ടപ്പെടുകയില്ല. വല്ല വിപത്തും അവന് ബാധിച്ചാല്‍ അല്ലാഹുവിന്റെ വിധിയാണെന്ന് അവന്‍ ആശ്വസിക്കും. മാത്രമല്ല ആ വിപത്തിന്റെ പേരില്‍ പ്രതിഫലം ലഭിക്കാനും ശേഷം നന്മ വരുത്താനും അവന്‍ പ്രാര്‍ഥിക്കുകയും ചെയ്യും. അത്തരത്തില്‍ പ്രാര്‍ഥിക്കുന്ന ഒരാള്‍ക്ക് അല്ലാഹു അതിനുള്ള പ്രതിഫലവും ശേഷം നന്മയും നല്‍കുമെന്ന് പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും നമ്മോട് ഉണര്‍ത്തുന്നത് അത് തന്നെയാണ്. ‘തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.’ (അല്‍-ബഖറ : 156) അവര്‍ക്കാണ് രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

അല്ലാഹുവിലുള്ള വിശ്വാസമാണ് മറ്റൊരു ഘടകം. ഹൃദയത്തെയത് ശക്തിപ്പെടുത്തുകയും മനസിന് സ്ഥൈര്യം പകരുകയും ചെയ്യുന്നു. അപ്പോള്‍ മനസിന് അതിന്റെ ശക്തി ഇരട്ടിക്കുന്നത് നമുക്ക് കാണാം. പ്രയാസങ്ങളുടെ ആഴിയില്‍ തന്നെ മുങ്ങാനുള്ള കരുത്ത് മനസ്സിനത് പകരുന്നു. ഇമാ ഇബ്‌നു തൈമിയ പറയുന്നു : ‘അല്ലാഹുവിനല്ലാതെ യാതൊരു കഴിവും ശക്തിയുമില്ലെന്നുള്ളതി മനസിനെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതില്‍ അത്ഭുതകരമായ സ്വാധീനമാണുള്ളത്. അല്ലാഹു പറയുന്നു  : ‘ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി.’ അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ ഉറച്ച വിശ്വാസം അര്‍പ്പിക്കാനാണ് നബി(സ)യോടും അല്ലാഹു ആവശ്യപ്പെടുന്നത്. ‘നബിയേ, നിനക്കും നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്കും അല്ലാഹു മതി.’

അവലംബം : islamweb

Related Articles