Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംസാരശൈലി

talk.jpg

നമ്മുടെ വ്യക്തിത്വം പ്രകാശിപ്പിക്കുന്നതില്‍ സംസാരത്തിന് വലിയ പങ്കുണ്ട്. മനുഷ്യന്‍ എന്നത് അവന്റെ നാക്കും ഹൃദയവുമാണെന്നാണല്ലോ കവിവാക്യം. ആര് ആരോട് എങ്ങനെ എന്ത് സംസാരിക്കണം എന്നത് സംസാരശൈലിയെ സംബന്ധിച്ച അടിസ്ഥാന തത്വമാണ്. ടി എ (Transactional analysis) എന്നറിയപ്പെടുന്ന ആശയവിനിമയ ശൈലി ആധുനിക മനശാസ്ത്ര തത്വങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. വിശ്വാസികളുടെ സംസാരശൈലി എപ്രകാരമാകണമെന്ന് വിശുദ്ധ ഖുര്‍ആന്‍ സരളമായി വിവരിക്കുന്നുണ്ട്.

സംസാരത്തെ കുറിക്കുന്ന ‘ഖൗല്’ എന്ന പദം ഏതെല്ലാം ശൈലികളില്‍ ഉപയോഗിച്ചു എന്ന ഒരു അന്വേഷണം ഇത്തരത്തില്‍ വളരെ പ്രസക്തമാണ്.

1. ഖൗലുന്‍ സദീദ് :  (നേരെ ചൊവ്വെ സംസാരിക്കല്‍)
സന്ദര്‍ഭോചിതം സംസാരിക്കേണ്ട രീതിയില്‍ സംസാരിക്കുന്നതിനാണ് നേരെ ചൊവ്വെ സംസാരിക്കുക (ഖൗലുന്‍ സദീദ്) എന്നു പറയുന്നത്.നമ്മടെ കര്‍മങ്ങള്‍ നന്നായിത്തീരാനും പാപങ്ങള്‍ പൊറുക്കപ്പെടാനും വിജയം കൈവരിക്കാനുമുള്ള ഉപാധിയായി ദൈവഭക്തരാകുന്നതിനോടൊപ്പം തന്നെ നേരെ ചൊവ്വെ സംസാരിക്കാനും അല്ലാഹു കല്‍പിക്കുന്നുണ്ട്.
‘വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു’ (അല്‍ അഹ്‌സാബ് 70). ഈ സൂക്തത്തിന്റെ പ്രാധാന്യം കാരണമാണ് ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ കാലം മുതല്‍ക്കേ ഖുതുബയില്‍ ഇത് ഓതിക്കേള്‍പ്പിക്കുന്നത്.

മക്കളെ ദുര്‍ബലരായ അവസ്ഥയില്‍ വിട്ടേച്ചുപോകുന്നവര്‍ അതില്‍ ആശങ്കയുള്ളവരാകണം എന്ന് ഉദ്‌ബോധിപ്പിച്ചതിന് ശേഷം അല്ലാഹുവെ സൂക്ഷിക്കാനും നല്ലവാക്ക് (നേരെ ചൊവ്വെ) പറയാനും അല്ലാഹു കല്‍പിക്കുന്നു. (അന്നിസാഅ് 9)

2. ഖൗലുന്‍ മഅ്‌റൂഫ് (മാന്യമായി സംസാരിക്കല്‍)
പ്രവാച പത്‌നികളെ അഭിസംബോധന ചെയ്തുകൊണ്ട അല്ലാഹു പറയുന്നു :’പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റുസ്ത്രീകളെ പോലെയല്ല, അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി സംസാരിക്കുക'(അല്‍ അഹ്‌സാബ് 32). പ്രവാചക പത്‌നിമാരെയാണ് സൂക്തം അഭിസംബോധന പുലര്‍ത്തുന്നതെങ്കിലും ഇത് എല്ലാവര്‍ക്കും ബാധകമാണ്. അതേ സമയം നേതൃതലങ്ങളിലുള്ളവര്‍ സംസാരത്തില്‍ കൂടുതല്‍ സൂക്ഷമതയും മാന്യതയും പുലര്‍ത്തണമെന്നും ഇത് ഉണര്‍ത്തുന്നുണ്ട്.
-അനന്തര സ്വത്ത് ഓഹരി വെക്കുന്നിടത്ത് ബന്ധുക്കളും അനാഥരും ദരിദ്രരും വന്നാല്‍ അവര്‍ക്ക് വല്ലതും കൊടുക്കുകയും അവരോട് മാന്യമായി സംസാരിക്കുകയും വേണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു (അന്നിസാഅ് 8)
-കാര്യവിചാരമില്ലാത്തവരെ വിവേകമെത്തുന്നത് വരെ സമ്പത്ത് ഏല്‍പിക്കരുതെന്നും നിങ്ങള്‍ അവരുടെ ആവശ്യത്തിനായി സൂക്ഷമതയോടെ ഉപയോഗിക്കുന്നതോടൊപ്പം അവരോട് മാന്യമായി സംസാരിക്കുകയും വേണമെന്നും നിര്‍ദ്ദേശിക്കുന്നു(അന്നിസാഅ് 5)
-ഭര്‍ത്താവിന്റെ മരണത്തില്‍ ദുഖത്തില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ സ്ത്രീകളോട് പരോക്ഷമായി മാത്രമേ വിവാഹമന്വേഷിക്കാമെന്നും അവരോട് മാന്യമായി സംസാരിക്കണമെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു(അല്‍ബഖറ 235)

3. ഖൗലുന്‍ കരീം (ആദരവോടെ സംസാരിക്കല്‍)
മാതാപിതാക്കളോട് തികഞ്ഞ ആദരവോടെയാണ് സംസാരിക്കേണ്ടതെന്നും വാര്‍ദ്ധക്യം എത്തുമ്പോള്‍ കൂടുതല്‍ ആദരവ് പുലര്‍ത്തണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നു.
‘മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നു പോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക’. (അല്‍ഇസ്രാഅ് 23)

4. ഖൗലുന്‍ ലയ്യിന്‍ (സൗമ്യമായി സംസാരിക്കല്‍)
ഏറ്റവും വലിയ ധിക്കാരിയും അതിക്രമിയുമായ ഫറോവയുടെ അടുത്ത് പ്രബോധനാവശ്യാര്‍ഥം മൂസ നബിയെയും ഹാറൂനിനെയും അയക്കുമ്പോള്‍ എപ്രകാരം സംസാരിക്കണമെന്ന് അല്ലാഹു നിര്‍ദ്ദേശിക്കുന്നു. ‘നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയാലോ’ ( ത്വാഹ 44)

5. ഖൗലുന്‍ മൈസൂര്‍ (ആശ്വാസ വാക്ക് പറയല്‍)
 അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് മാതാപിതാക്കളുടെ ആവശ്യം ചിലപ്പോള്‍ അവഗണിക്കേണ്ടിവരും. എന്നാല്‍ അപ്പോള്‍ പോലും അവരോട് ആശ്വാസവാക്ക് പറയണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് മാതാപിതാക്കളുടെ ആവശ്യം അവഗണിക്കേണ്ടിവന്നാല്‍ പോലും നീ അവരോട് സൗമ്യമായി ആശ്വാസവാക്ക് പറയണം’ (അല്‍ ഇസ്‌റാഅ് 28)

6. അഹ്‌സനുല്‍ ഖൗല്‍ (ഉത്തമവചനം)
അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് സദുപദേശത്തോടെ ജനങ്ങളെ ക്ഷണിക്കുന്നതിനെ ഉത്തമവചനം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ‘അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ‘ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണെന്ന്’ പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്’ (ഫുസ്സ്വിലത്ത് 33).

7. ഖൗലുന്‍ ബലീഗ് (ഉള്ളില്‍ തട്ടുന്ന സംസാരം)
സത്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന കപടന്മാരോട് സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു:  ‘മുനാഫിഖുകളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്ക് സദുപദേശം നല്‍കുക. അവരോട് ഉള്ളില്‍ തട്ടുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്യുക’ (അന്നിസാഅ് 63)

Related Articles