Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ ജീവിതമാകുമ്പോള്‍

q7.jpg

പ്രവാചക പത്‌നി ആഇശ(റ)യോട് പ്രവാചകന്‍(സ)യുടെ സ്വഭാവത്തെ പറ്റി ആരാഞ്ഞപ്പോള്‍ ആയിശ പ്രതികരിച്ചു: അദ്ദേഹത്തിന്റെ സ്വഭാവം വിശുദ്ധ ഖുര്‍ആനായിരുന്നു.(മുസ്‌ലിം) പ്രവാചകന്‍ ജനങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ട സ്വഭാവമുള്ള വ്യക്തിയായിരുന്നു എന്ന് അനസ് (റ)വിവരിക്കുന്നുണ്ട്(ബുഖാരി, മുസ്‌ലിം) ജനങ്ങളില്‍ ഏറ്റവും ആദരണീയനും സൂക്ഷ്മത പുലര്‍ത്തുന്നവനും ദൈവഭയമുള്ളവനും പ്രവാചകന്‍(സ)യായിരുന്നു.’ പ്രവാചകരേ, താങ്കള്‍ ഉല്‍കൃഷ്ട സ്വഭാവത്തിനുടമയാകുന്നു’ എന്ന് ഖുര്‍ആന്‍ പ്രവാചകനെ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.

പ്രവാചകന്റെ ജീവിതം ഖുര്‍ആനായിരുന്നു എന്നതിന്റെ അര്‍ഥം ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ഉന്നതമായ മൂല്യങ്ങളും ധാര്‍മിക പെരുമാറ്റങ്ങളും അതേപടി അനുധാവനം ചെയ്യുന്ന ജീവിതമായിരുന്നു പ്രവാചകന്റേത് എന്നാണ്. ഇമാം ഇബ്‌നു കസീര്‍ വിശദീകരിക്കുന്നു: ഖുര്‍ആനിലെ കല്‍പനകളും നിരോധങ്ങളും ഉല്‍കൃഷ്ട മൂല്യങ്ങളും പ്രവാചകന്‍(സ) അനുധാവനം ചെയ്തിരുന്നു എന്നതിന്റെ ആശയം ഖുര്‍ആന്‍ കല്‍പിച്ചതെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുകയും വിരോധിച്ചതെല്ലാം വെടിയുകയും ചെയ്തിരുന്നു. മാത്രമല്ല ലജ്ജ, മാന്യത, ധീരത, വിട്ടുവീഴ്ച, വിവേകം തുടങ്ങിയ ഉല്‍കൃഷ്ട ഗുണങ്ങള്‍ അദ്ദേഹം ആര്‍ജിച്ചിരുന്നു.

അംറ്ബ്‌നുല്‍ ആസ്വി(റ) മകന്‍ അബ്ദുല്ല(റ) നിവേദനം: അത്വാഅ്(റ) അദ്ദേഹത്തോട് തൗറാത്തില്‍ നബി(സ)യെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെങ്കില്‍ അത് എന്നോട് പറയുക. അദ്ദേഹം പറഞ്ഞു. അതെ! അല്ലാഹു സത്യം. നബി(സ)യെ ഖുര്‍ആനില്‍ വിശേഷിപ്പിച്ചു ഗുണങ്ങളില്‍ ചിലതു തൗറാത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അല്ലയോ പ്രവാചകരേ! സത്യദീനിന്ന് സാക്ഷിയായും സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനായും അക്ഷരജ്ഞാനമില്ലാത്ത അറബികള്‍ക്ക് ഒരു രക്ഷാ സാങ്കേതമായുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. താങ്കള്‍ എന്റെ അടിമയും ദൂതനുമാണ്. മുതവക്കില്‍ എന്നാണ് നിനക്ക് നാം നല്‍കിയ പേര്. താങ്കള്‍ ഒരു ദു: സ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിലിരുന്ന് ബഹളമുണ്ടാക്കുന്നവനുമല്ല. തിന്മയെ താങ്കള്‍ തിന്മകൊണ്ട് തടുക്കുകയില്ല. എന്നാല്‍ വീട്ടുവീഴ്ചയും മാപ്പും ചെയ്യും. വക്രമായ മതത്തെ ചൊവ്വായ നിലയിലാക്കിത്തീര്‍ക്കും വരേക്കും അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് അവര്‍ പറയുന്നതുകൊണ്ട് അതുവഴി അന്ധത ബാധിച്ച കണ്ണുകളും ബധിരത ബാധിച്ച കാതുകളും മൂടിവെച്ച മനസ്സുകളും തുറക്കും. (ബുഖാരി. 3. 34. 335)
നന്മ എന്നാല്‍ ഉത്തമ സ്വഭാവ പെരുമാറ്റങ്ങളാണെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. ശൈഖ് ഇബ്‌നു ഉസൈമീന്‍ വിവരിക്കുന്നു: ‘ ഉത്തമ സ്വഭാവം എന്നത് കൊണ്ട് അല്ലാഹുവിനോടും അടിമകളോടുമുള്ള ഉത്തമ സ്വഭാവമാണ്. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ മനസ്സില്‍ യാതൊരു അസ്വസ്ഥതയും പ്രയാസവും കൂടാതെ പരിപൂര്‍ണ തൃപ്തിയോടെ സ്വീകരികലാണ്  അല്ലാഹുവിനോടുള്ള ഉത്തമ പെരുമാറ്റം . നമസ്‌കാരം നോമ്പ്, സകാത്ത് തുടങ്ങിയ കര്‍മങ്ങളെല്ലാം ഹൃദയവിശാലതയോടു കൂടി നിര്‍വഹിക്കലാകുന്നു. ജനങ്ങളോടുള്ള ഉല്‍കൃഷ്ട പെരുമാറ്റം എന്നതുകൊണ്ട് ഉപദ്രവം ഇല്ലാതാക്കലും മറ്റുള്ളവരുടെ ഉപദ്രവങ്ങളുടെ മേല്‍ സഹിക്കലും മുഖപ്രസന്നതയോടെ മറ്റുള്ളവരെ അഭിമുഖീകരിക്കലുമാകുന്നു.  പ്രവാചകന്‍(സ) തന്റെ സ്വഭാവം ഉല്‍കൃഷ്ടമാകാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ദുസ്വഭാവങ്ങളില്‍ നിന്ന് അഭയം തേടുകയും ചെയ്തിരുന്നു. അല്ലാഹുവേ, എന്റെ സൃഷ്ടിപ്പിനെ നീ നന്നാക്കിയതു പോലെ എന്റെ സ്വഭാവത്തെയും നീ ഉല്‍കൃഷ്ടമാക്കേണമേ’ എന്ന് പ്രവാചകന്‍(സ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു.(അഹ്മദ്). കാപട്യത്തില്‍ നിന്നും ഭിന്നിപ്പില്‍ നിന്നും ദുസ്വഭാവങ്ങളില്‍ നിന്നും അല്ലാഹുവേ നിന്നോട് ഞാന്‍ ശരണം തേടുന്നുവെന്നും പ്രവാചകന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.(അബൂദാവൂദ്).

പ്രവാചകന്‍(സ)ജനങ്ങളില്‍ ഉത്തമനും കുടുംബത്തോടും സമൂഹത്തോടും നന്മ പുലര്‍ത്തുന്ന വ്യക്തിത്വവുമായിരുന്നു. പ്രവാചകന്‍ പഠിപ്പിച്ചു: ‘നിങ്ങളില്‍ ഉത്തമന്‍ വീട്ടുകാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാകുന്നു. ഞാന്‍ എന്റെ വീട്ടുകാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാകുന്നു’ (തിര്‍മുദി) തന്റെ പത്‌നിമാരോടൊപ്പം ഒരേ പാത്രത്തില്‍ നിന്ന് തിന്നുകയും കുടിക്കുകയും കുളിക്കുകയും ചെയ്യാറുണ്ടായിരുന്നു. വീട്ടുജോലികളില്‍ അവരെ സഹായിക്കുകയും സ്വന്തം വസ്ത്രം തുന്നുകയും ചെരുപ്പ് തുന്നുകയുമൊക്കെ ചെയ്തിരുന്നു. വീട്ടുകാര്‍ക്ക് വേണ്ടി ചിലവഴിക്കുന്നത് കൂടുതല്‍ പ്രതിഫലാര്‍ഹമായ ഉത്തമ കാര്യങ്ങളില്‍ പെട്ടതായി പ്രവാചകന്‍ പരിചയപ്പെടുത്തുന്നു.
വിശുദ്ധ ഖുര്‍ആന്റെ ഈ സ്വഭാവ വിശേഷണമായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യിലും അനുചരന്മാരിലും ആ സരണി പിന്തുടര്‍ന്നവരിലെല്ലാം നിഴലിച്ചിരുന്നത്. ഖുര്‍ആന്‍ അനുധാവനം ചെയ്തവര്‍ നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതിന്റെ മേന്മ പ്രകടമാകും. അവരുടെ അഭിപ്രായങ്ങളില്‍ സുബദ്ധതയും സരണിയില്‍ സല്‍പാന്ഥാവും ദര്‍ശിക്കാവുന്നതാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ വിശുദ്ദ ഖുര്‍ആനിന്റെ ജീവിത മാതൃകകളുടെ വ്യത്യസ്ത പതിപ്പുകള്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. ഭരണാധികാരികളും ഭരണീയരും പണ്ഡിതന്മാരും ജഡ്ജിമാരും എല്ലാ ഇതിന്റെ മകുടോദാഹരണങ്ങളാണ്. ഖുര്‍ആനെ കുറിച്ച് ചിന്തിക്കുന്നവന്‍ ഖുര്‍ആന്റെ ശിക്ഷങ്ങളും അധ്യാപനങ്ങളും നേടിയെടുക്കാന്‍ പരിശ്രമിക്കും. മനുഷ്യനെ അവന്റെ ഇഛകളില്‍ നിന്നും വികാരങ്ങളില്‍ നിന്നുമെല്ലാം മോചിതനാക്കും. ഉന്നതമായ സ്വഭാവ വിശേഷണങ്ങള്‍ കൊണ്ട് സ്വന്തത്തെ അവന്‍ ശക്തിപ്പെടുത്തും. ഈ ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും നന്മ കാംക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലവര്‍ ഏര്‍പ്പെടുകയും ചെയ്യും. ഇതുതന്നെയാണ് ഖുര്‍ആനിന്റെ ലക്ഷ്യവും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles