Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ എന്റെ കൂട്ടുകാരന്‍

q9.jpg

‘അല്ലാഹുവിനു സ്തുതി. അവന്‍ തന്റെ ദാസന്ന് ഈ വേദം അവതരിപ്പിച്ചുകൊടുത്തു. അതില്‍ യാതൊരു വക്രതയും ഉണ്ടാക്കിയിട്ടില്ല. തികച്ചും ശരിയായ വാര്‍ത്തകള്‍ പറയുന്ന വേദം. അത് ദൈവത്തിന്റെ മഹാശിക്ഷയെക്കുറിച്ച് ജനത്തെ താക്കീത് ചെയ്യുന്നതിനും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മചാരികളാകുന്നവരെ, അവര്‍ക്ക് ശാശ്വതമായി വസിക്കാവുന്ന ശ്രേഷ്ഠമായ പ്രതിഫലമുണ്ടെന്ന സുവിശേഷമറിയിക്കുന്നതിനും ഉള്ളതാകുന്നു; അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു വാദിക്കുന്നവരെ ഭയപ്പെടുത്തുന്നതിനും. അവര്‍ക്ക് അക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായ്കളില്‍നിന്നുതിരുന്നത് ഗുരുതരമായ വാക്കു തന്നെ, കേവലം കള്ളമാണവര്‍ പറയുന്നത്.’ (18 : 1-5)

എല്ലാറ്റിനും ഖുര്‍ആനിനെ അവലംബമായി സ്വീകരിച്ച, തന്റെ വെളിച്ചവും സ്വഭാവവും ഖുര്‍ആനാക്കി മാറ്റിയ, ദൈവദൂതന്‍മാരുടെ നേതാവും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബിക്ക് മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും രക്ഷയുമുണ്ടാവട്ടെ. സച്ചരിതരായ അദ്ദേഹത്തിന്റെ കുടുംബത്തിനു മേലും അല്ലാഹുവിന്റെ പ്രീതി കരഗതമാക്കിയ അവിടത്തെ അനുയായികള്‍ക്കും, അന്ത്യനാള്‍ വരെ പൂര്‍ണതയോടെ ആ പാത പിന്തുടരുന്നവര്‍ക്ക് മേലും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ.

വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആനുമായി ചങ്ങാത്തം പുലര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ചതിലൂടെ അല്ലാഹു എന്നെ അനുഗ്രഹിച്ചു. പത്ത് വയസ്സാകുന്നതിന് മുമ്പേ ഞാന്‍ ഖുര്‍ആനും അതിന്റെ പാരായണ ശാസ്ത്രവും മനപാഠമാക്കി. അന്നു മുതല്‍ വിശുദ്ധ ഖുര്‍ആന്‍ എന്റെ വേര്‍പിരിയാത്ത കൂട്ടുകാരനാണ്. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിശുദ്ധ വേദഗ്രന്ഥവുമായുള്ള ചങ്ങാത്തം ഞാന്‍ തുടര്‍ന്നു. എന്റെ കുറിപ്പുക, നിര്‍ദേശങ്ങള്‍, ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, അധ്യാപനം, ഗ്രന്ഥങ്ങള്‍, പഠനങ്ങള്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലെ പരിപാടികള്‍ തുടങ്ങിയവയിലെല്ലാം പ്രഥമാവലംബം ഈ വിശുദ്ധ വേദഗ്രന്ഥമായിരുന്നു.

അല്ലാഹുവിന്റെ മാര്‍ഗത്തിലെ എന്റെ പ്രബോധന യാത്ര അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൈമറി വിഭാഗത്തില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആരംഭിക്കുന്നത്. അന്ന് മുതല്‍ എന്നെ സ്വാധീനിച്ച ദൈവിക വചനമിതാണ്. ‘അല്ലാഹുവിങ്കലേക്കു പ്രബോധനം ചെയ്യുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും, ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാകുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തവന്റെ വചനത്തേക്കാള്‍ ഉല്‍കൃഷ്ടമായ വചനം ആരുടേത്?’ (41 : 33)

ഉസ്മാന്‍(റ) റിപോര്‍ട്ട് ചെയ്ത ഒരു പ്രവാചക വചനം ഞങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ‘നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.’ എന്ന ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണത്. മനപാഠമാക്കിയിരുന്ന മറ്റൊരു പ്രവാചക വചനമാണ് അനസ്(റ) ഉദ്ധരിച്ച ‘ജനങ്ങളില്‍ അല്ലാഹുവിന്റെ ആളുകളുണ്ട്.’ അപ്പോള്‍ സഹാബികള്‍ ചോദിച്ചു: ‘അവര്‍ ആരാണ് അല്ലാഹുവിന്റെ ദൂതരേ?’ നബി(സ) പറഞ്ഞു : ‘ഖുര്‍ആന്റെ ആളുകള്‍, അല്ലാഹു സവിശേഷരാക്കിയവരും അവന്റെ ആളുകളുമാണവര്‍.’ (ഇബ്‌നുമാജ)

ഖുര്‍ആന്റെ വിശേഷപ്പെട്ട സഹയാത്രികനാകുന്നതിനേക്കാളും അന്ത്യനാളില്‍ അതിന്റെ ശിപാര്‍ശ ലഭിക്കുന്നവനാകുന്നതിനേക്കാളും പ്രിയങ്കരമായി മറ്റൊന്നും എനിക്കില്ല. അബൂ ഉമാമത്തുല്‍ ബാഹിലി(റ) ഉദ്ധരിച്ച ഒരു പ്രവാചക വചനങ്ങള്‍ പറയുന്നു : നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കൂ. തീര്‍ച്ചയായും അന്ത്യനാളില്‍ ആ വിശുദ്ധ ഗ്രന്ഥം അതിന്റെ ആളുകള്‍ക്ക് ശിപാര്‍ശകനായി വരും.’ (മുസ്‌ലിം)

സെക്കന്ററി തലത്തിലും യൂണിവേഴ്‌സിറ്റിയിലെ ഉസൂലുദ്ദീന്‍ കോളേജിലും വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാന പഠനത്തിന് ഞാന്‍ സവിശേഷ ശ്രദ്ധ കൊടുത്തു. മിക്കപ്പോഴും എനിക്കതില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടാനും കഴിഞ്ഞു. വേനലവധിക്ക് വിദ്യാര്‍ഥികള്‍ക്കായി കോളേജ് സംഘടിപ്പിച്ചിരുന്ന വൈജ്ഞാനിക പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. പ്രമുഖ പണ്ഡിതന്‍ റശീദ് രറിദയുടെ ‘തഫ്‌സീറുല്‍ മനാര്‍’ എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ഏതെങ്കിലുമൊരു ഭാഗമാണ് മിക്കവാറും മത്സരത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്നത്. ഏതോ ഒരു വര്‍ഷം തര്‍ക്ക ശാസ്ത്രത്തിലെ സമഗ്രവിജ്ഞാനീയങ്ങളെ ഉള്‍ക്കൊള്ളിച്ചായിരുന്നു മത്സരം. ഈ മത്സരങ്ങളിലെല്ലാം അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താല്‍ എനിക്ക് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചു. (തുടരും)

വിവ : ഷംസീര്‍ എ.പി.

ഖറദാവിയുടെ പുതിയ തഫ്‌സീര്‍ വിശേഷങ്ങള്‍
ഖുര്‍ആന്റെ മാനസപുത്രനായിട്ടാണ് ഞാന്‍ വളര്‍ന്നത്

Related Articles