Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ : ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അടിസ്ഥാന സ്രോതസ്സ്

quran.jpg

വിശ്വാസിയായ ഒരാള്‍ തന്റെ സംസ്‌കാരത്തിന്റെ സ്രോതസ്സ് ഇന്ന വ്യക്തിയാണ് അല്ലെങ്കില്‍ ഇന്ന ത്വത്വശാസ്ത്രമാണ്, വീക്ഷണമാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ജീവിതത്തിന്റെ സര്‍വ്വമേഖലകളിലും മുസ്‌ലിംകളുടെ ബോധത്തെയും ചിന്തയെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്ന മുഖ്യസ്രോതസ്സിനെകുറിച്ച് അവര്‍ അശ്രദ്ധരാണ്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സ്രോതസ്സും പ്രചോദനവും വിശുദ്ധ ഖുര്‍ആനാണ്. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും ചരിത്രവും അനന്തരഫലവും അതിന്റെ സൂക്തങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആദര്‍ശം, ആരാധനകള്‍, സ്വഭാവമര്യാദകള്‍, ഇടപാടുകള്‍ തുടങ്ങിയവയൊക്കെ അതിന്റെ വിഷയങ്ങളാണ്. അല്ലാഹു തന്നെയത് വ്യക്തമാക്കുന്നു: ‘ഈ ഗ്രന്ഥത്തില്‍ നാമൊന്നും വിട്ടുകളഞ്ഞിട്ടില്ല.’ (അല്‍ അന്‍ആം: 38) മറ്റൊരിടത്ത് പറയുന്നു: ‘ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു.’ (അല്‍ഇസ്രാഅ്: 9) വായന എന്നതിന്റെ പര്യായമായി ‘ഖുര്‍ആന്‍’ എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. ‘അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്. അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക.’ (അല്‍ഖിയാമഃ: 17,18) പിന്നീട് ആ ഗ്രന്ഥത്തിന്റെ പേരായി പ്രസ്തുത പദം തന്നെ സ്വീകരിച്ചു.

നാവുകളാല്‍ അത് പാരായണം ചെയ്യപ്പെടുന്നതിനാലാണ് ഖുര്‍ആന്‍ എന്ന നാമം അതിന് നല്‍കിയിട്ടുള്ളത്. പേന കൊണ്ട് രേഖപ്പെടുത്തിയതിനാല്‍ ‘കിതാബ്’ എന്നും അതറിയപ്പെട്ടു. കേവലം ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ സംരക്ഷിക്കപ്പെട്ട ഒന്നല്ല ഖുര്‍ആന്‍ എന്നതിലേക്കുള്ള സൂചന കൂടിയാണത്. ഹൃദയങ്ങളിലെന്ന പോലെ വരികളിലും അതിനെ സംരക്ഷിക്കപ്പെടുന്നു. ഒരാള്‍ മറക്കുമ്പോള്‍ മറ്റൊരാള്‍ അത് ഓര്‍മിപ്പിക്കുന്നു. തലമുറകളിലൂടെ നമ്മിലേക്ക് കൈമാറ്റം ചെയ്തു കിട്ടിയ അതിന്റെ വരികളോട് യോജിക്കുന്നത് വരെ ഖുര്‍ആന്‍ മനപാഠമാക്കിയ ഒരാളുടെ മനപാഠത്തെ നാം അംഗീകരിക്കുകയില്ല. മനപാഠമാക്കിയവരിലൂടെ നമ്മിലേക്ക് എത്തിയതിനോട് യോജിക്കാത്ത ഖുര്‍ആന്‍ പ്രതികളും നാം അംഗീകരിക്കില്ല.

ഖുര്‍ആന്‍ സംരക്ഷിക്കപ്പെടുന്നതിനായി പ്രവാചകനെ പിന്‍പറ്റുന്നതിന് വിശ്വാസി സമൂഹത്തിന്റെ മനസില്‍ അല്ലാഹു തന്നെ പ്രേരണയുണ്ടാക്കിയിരിക്കുകയാണ്. അല്ലാഹു അതിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ പ്രായോഗിക രൂപമാണത്. ‘തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.’ (അല്‍ഹിജ്ര്‍: 9)

അല്ലാഹു സംരക്ഷണം ഏറ്റെടുക്കാത്ത പൂര്‍വ്വഗ്രന്ഥങ്ങളെപോലെ അതില്‍ മാറ്റത്തിരുത്തലുകളോ പരമ്പര മുറിഞ്ഞു പോകലോ സംഭവിക്കുകയില്ല. അല്ലാഹു പറയുന്നു: ‘പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു വേദപുസ്തകത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു.’ (അല്‍മാഇദ: 44) അവയുടെയെല്ലാം സംരക്ഷണം അവരെ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. ഖുര്‍ആനല്ലാത്ത മറ്റു ദൈവിക ഗ്രന്ഥങ്ങളെല്ലാം നിശ്ചിത കാലത്തേക്ക് മാത്രമുള്ളതായിരുന്നു എന്നാണ് അതിന് പിന്നിലെ യുക്തി. പൂര്‍വവേദങ്ങളെ ശക്തിപ്പെടുത്തിയും അവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായിട്ടാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായിട്ടുള്ള ഒന്നാണത്. അതിലെ ഒന്നിനും മറ്റൊന്ന് പകരം വെക്കാനാവില്ല. അല്ലാഹു അന്ത്യദിനം വരെയും അതിനെ സംരക്ഷിക്കുകയും ചെയ്യും. ഖുര്‍ആനിന് നല്‍കിയിട്ടുള്ള ‘ഖുര്‍ആന്‍’ എന്നപേര് അത് ഹൃദയങ്ങില്‍ സംരക്ഷിക്കപ്പെടുന്നതിനെ കുറിച്ചും ‘കിതാബ്’ എന്നത് അത് താളുകളില്‍ അക്ഷരങ്ങളായി സംരക്ഷിക്കപ്പെടുന്നതിനെ കുറിച്ചുമാണ് സൂചിപ്പിക്കുന്നത്. അപ്രകാരം അതിന് വേറെയും നാമങ്ങളുണ്ട്. ‘അല്‍-ഫുര്‍ഖാന്‍’, ‘അദ്ദിക്ര്‍’, ‘അത്തന്‍സീല്‍’ എന്നു തുടങ്ങി അന്‍പത്തിയഞ്ചോളം പേരുകള്‍ അതിന് നല്‍കിയിട്ടുണ്ട്. എഴുപതിലധികം പേരുകള്‍ നല്‍കിയ വേറെയും ആളുകളുണ്ട്.

ഖുര്‍ആനിന് മാത്രമായിട്ടുള്ള ചില സവിശേഷതകളുണ്ട്. അതിലില്ലാത്ത അല്ലാഹുവിന്റെ വചനങ്ങളോ മനുഷ്യരുടെ വാക്കുകളോ അതില്‍ വരികയില്ല. അല്ലാഹുവിന്റെ വചനങ്ങള്‍ മനുഷ്യര്‍ അറിയിച്ച് കൊടുത്തയുണ്ട്. മനുഷ്യര്‍ക്കിറക്കാതെ മലക്കുകളെ മാത്രം അറിയിച്ചവയുമുണ്ട്. അല്ലാഹുവിന്റെ മുഴുവന്‍ വചനങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടില്ല. അതില്‍ നിന്ന് വളരെ കുറച്ച് മാത്രമാണ് അവതീര്‍ണ്ണമായിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘പറയുക: സമുദ്രം എന്റെ നാഥന്റെ വചനങ്ങള്‍ കുറിക്കാനുള്ള മഷിയാവുകയാണെങ്കില്‍ എന്റെ നാഥന്റെ വചനങ്ങള്‍ തീരും മുമ്പെ തീര്‍ച്ചയായും അത് തീര്‍ന്നുപോകുമായിരുന്നു. അത്രയും കൂടി സമുദ്രജലം നാം സഹായത്തിനായി വേറെ കൊണ്ടുവന്നാലും ശരി.’ (അല്‍കഹ്ഫ്: 109) മറ്റൊരിടത്ത് പറയുന്നു: ‘ഭൂമിയിലുള്ള മരങ്ങളൊക്കെയും പേനയാവുക; സമുദ്രങ്ങളെല്ലാം മഷിയാവുക; വേറെയും ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുക; എന്നാലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീര്‍ക്കാനാവില്ല.’ (്‌ലുഖ്മാന്‍:27) ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത് അറബി ഭാഷയിലാണെന്നും പരമ്പരകളായി കണ്ണിമുറിയാതെ കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും ഹദീസുകളില്‍ നിന്ന് മനസിലാക്കാം. ഖുര്‍ആനിന്റെ പാരായണവും വായനയും അത് അറബിഭാഷയിലാണെന്നുമെല്ലാം പറയുന്നത് കുറിക്കുന്ന കാര്യം അതിന്റെ ആശയങ്ങള്‍ മാത്രമല്ല അതിന്റെ വാക്കുകളും അല്ലാഹുവില്‍ നിന്ന് തന്നെയുള്ളതാണെന്നതാണ്. അതില്‍ മുഹമ്മദ് നബിയുടെ(സ) വാക്കുളോ മറ്റു സൃഷ്ടികളുടെ വാക്കുകളോ കടന്ന് കൂടിയിട്ടില്ല. അതിന്റെ ആശയവും വാക്കുകളുമെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്.

പ്രവാചകന്‍(സ)യുടെ ജീവിതം പരിശോധിക്കുന്ന ഒരാള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ അക്രമമോ വഞ്ചനയോ സംശയിച്ചിരുന്നില്ല എന്നു കാണാം. അദ്ദേഹത്തിന്റെ രഹസ്യവും പരസ്യവുമെല്ലാം അതിസൂക്ഷ്മമായ സത്യസന്ധതയെയാണ് കുറിക്കുന്നത്. ഗൗരവപ്പെട്ട കാര്യങ്ങളിലും നിസ്സാരമായ കാര്യങ്ങളിലും അതങ്ങനെ തന്നെയായിരുന്നു. നബി(സ)യുടെ ഏറ്റവും പ്രകടമായ സ്വഭാവവും സത്യസന്ധതയായിരുന്നു. നുബുവത്തിന് മുമ്പ് ശേഷം എന്നതിനെ വേര്‍തിരിക്കേണ്ടതില്ല. സ്‌നേഹിക്കുന്നവര്‍ അംഗീകരിക്കുന്ന പോലെ തന്നെ ഇത് ഇന്ന് വരെയുള്ള ശത്രുക്കളും അംഗീകരിക്കുന്നു. ഇത്തരത്തില്‍ വളരെ സൂക്ഷമത പുലര്‍ത്തിയിട്ടുള്ള ഗ്രന്ഥമാണത്. അതിന്റെ ഭാഷയിലും പ്രയോഗങ്ങളും അത് നല്‍കുന്ന വിവരങ്ങളിലും അമാനുഷികമായ ഒന്നാണത്. മുസ്‌ലിം സമൂഹത്തിന്റെ സംസ്‌കാരത്തെ സ്വാധീനിക്കുന്നതിലും വളരെ സുപ്രധാനമായ ഘടകമാണത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles