Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനില്‍ വളര്‍ന്ന വേറിട്ട തലമുറ

quran-reciting.jpg

പ്രവാചകാനുചരന്മാര്‍ ഇസ്‌ലാമിക ചരിത്രത്തിലും മനുഷ്യ ചരിത്രത്തിലും വേറിട്ട ഒരു തലമുറയായിരുന്നു. ചരിത്രത്തില്‍ ഇതിന്റ ആവര്‍ത്തനം ഉണ്ടായിട്ടില്ല. ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ ഉന്നത പങ്ക് വഹിച്ചവരാണവര്‍. ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാരംഭ ദശയില്‍ വളര്‍ന്നുവന്നവരെ പോലുള്ള ഒരു ടീം ചരിത്രത്തില്‍ ഒരിടത്തും പിന്നീട് രൂപപ്പെട്ടിട്ടില്ല. ഇത് ഒരു ചരിത്ര സത്യമാണ്. അതിന്റെ യാഥാര്‍ഥ്യങ്ങളുടെ ഉള്ളറകള്‍ നമുക്ക് പരിശോധിക്കാം.

ഈ പ്രബോധനത്തിന്റെ പ്രഭവ കേന്ദ്രമായ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രഥമ തലമുറയുടെ മുമ്പിലുള്ളത് പോലെ നവതലമുറയുടെ മുമ്പിലുമുണ്ട്. പക്ഷെ, ആ ചരിത്രം മാത്രം ആവര്‍ത്തിക്കുന്നില്ല. അതില്‍ നിന്നും തിരുമേനി(സ)യുടെ വിയോഗം മാത്രമാണ് നമുക്ക് അന്യമായത്. അപ്പോള്‍ എന്താണ് അവരുടെ വിജയ രഹസ്യം!

പ്രവാചകന്‍(സ)യുടെ വ്യക്തിപ്രഭാവം ഈ പ്രബോധനത്തിന്റെ വിജയത്തിന് പൂര്‍ണമായ കാരണമാണെങ്കില്‍ ഈ പ്രബോധനം മുഴുവന്‍ മനുഷ്യരുടെ മേലിലും ബാധ്യതയാകുമായിരുന്നില്ല. അവസാനത്തെ സന്ദേശമായി ഇതിനെ പരിഗണിക്കുമായിരുന്നില്ല. അന്ത്യനാള്‍ വരെ ലോകര്‍ക്കുള്ള ബാധ്യതയായി ഇത് നിശ്ചയിക്കപ്പെടുമായിരുന്നില്ല.

അല്ലാഹു ഈ ഖുര്‍ആന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. പ്രവാചകന് ശേഷവും ഇത് നിലനില്‍ക്കണമെന്നതാണ് അതിന്റെ താല്‍പര്യം. അതിന്റെ പ്രതിഫലനം സമൂഹത്തില്‍ ഉയര്‍ന്നു കാണുകയും ചെയ്യേണ്ടതുണ്ട്. പ്രവാചകനെ ഇരുപത്തിമൂന്ന് വര്‍ഷത്തിന് ശേഷം അല്ലാഹു തിരിച്ചുവിളിച്ചു. എന്നാല്‍ അന്ത്യനാള്‍ വരെ ഈ ദീന്‍ നിലനിര്‍ത്തുകയുമുണ്ടായി. അതിനാല്‍ തന്നെ പ്രവാചകന്‍(സ) യുടെ അഭാവം ഈ പ്രതിഭാസത്തെ വിശദീകരിക്കാനോ ന്യായീകരിക്കാനോ ഉള്ള തെളിവല്ല. അതിനാല്‍ തന്നെ അവരുടെ വിജയ രഹസ്യത്തിന്റെ മറ്റു കാരണങ്ങളിലേക്ക് നമ്മുടെ അന്വേഷണം വ്യാപിപ്പിക്കാം. ആ തലമുറ ഏത് ഉറവിടത്തില്‍ നിന്നാണ് പാനം ചെയ്തത്. ഏത് പാഠശാലയില്‍ നിന്നാണ് അവര്‍ പുറപ്പെട്ടത് !

അവരുടെ പ്രഥമ സ്രോതസ്സ് ഖുര്‍ആനാണ്. ഖുര്‍ആന്‍ ഒന്ന് മാത്രമാണ്. ആ സ്രോതസ്സിന്റെ പ്രതിഫലനം മാത്രമാണ് പ്രവാചക ചര്യ. പ്രവാചക പത്‌നി ആഇശ(റ)യുടെ അരികില്‍ പ്രവാചകന്റെ സ്വഭാവചര്യകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഖുര്‍ആന്‍ എന്നായിരുന്നു പ്രത്യുത്തരം നല്‍കിയത്. അപ്പോള്‍ ഖുര്‍ആനില്‍ നിന്ന് മാത്രമാണ് സഹാബികളുടെ ഉത്തമ തലമുറ പാനം ചെയ്തത്. അതനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിച്ചത്. അത് തന്നെയായിരുന്നു അവരുടെ പ്രചോദനവും. അതില്ലായിരുന്നുവെങ്കില്‍ ഈ സംസ്‌കാരവും നാഗരികതയും വിജ്ഞാനീയങ്ങളും മനുഷ്യനാഗരികതക്ക് ലഭ്യമാകുമായിരുന്നില്ല. മറിച്ച് യൂറോപ്പ് ഇന്നും പിന്തുടരുന്ന റോമന്‍-ഗ്രീക്ക്- പേര്‍ഷ്യന്‍ നാഗരികതയാണ് ലോകത്തുണ്ടായിരിക്കുക.

പേര്‍ഷ്യന്‍ റോമന്‍ നാഗരികതകള്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്ക് വടക്ക് ഭാഗങ്ങളില്‍ വലയം ചെയ്തിരുന്നു. ജൂത-ക്രൈസ്തവര്‍ അറേബ്യയുടെ ഹൃദയഭാഗത്ത് കഴിഞ്ഞുകൂടിയിരുന്നു. ലോകത്ത് അന്ന് നാഗരികതകളുടെ ദാരിദ്ര്യമുണ്ടായിരുന്നില്ല. ആ തലമുറ ഖുര്‍ആന്‍ മാത്രം കേന്ദ്രമാക്കി. കൃത്യമായ പദ്ധതികളും ആസൂത്രണങ്ങളുമായി ഗമനം നടത്തി. ഈ ലക്ഷ്യബോധമായിരുന്നു ഉമറിന്റെ കയ്യില്‍ തൗറാത്തിന്റെ ഏടുകള്‍ കണ്ടപ്പോള്‍ പ്രവാചകന്‍(സ) ഇപ്രകാരം പ്രതികരിക്കാനിടയാക്കിയത്.’ മൂസാനബി ജീവിച്ചിരിന്നെങ്കില്‍ അദ്ദേഹവും എന്നെ പിന്തുടരുമായിരുന്നു ‘. കാരണം വിശുദ്ധഖുര്‍ആന്റെ ശീതളഛായയില്‍ നിന്നുമാത്രമേ വിജ്ഞാനം കരഗതമാക്കാന്‍ പാടുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അവരുടെ ചിന്തയും സരണിയും അത് മാത്രമായിത്തീരണം. അതിനാലാണ് പ്രവാചകന്‍(സ) കോപിച്ചത്. ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ദൈവിക സരണിയല്ലാത്ത ഒന്നും അവരുടെ ചിന്തയെയോ, ജീവിതത്തെയോ, നടപടിക്രമങ്ങളെയോ ബാധിക്കരുത് എന്നായിരുന്നു പ്രവാചകന്റെ നിഷ്‌കര്‍ഷക്ക് കാരണം.

ആ തലമുറ ഖുര്‍ആന്റെ ഉറവിടത്തില്‍ നിന്നുമാത്രമാണ് പാനം ചെയ്തത്. അതിനാലാണ് അവര്‍ ചരിത്രത്തിലെ അപൂര്‍വ തലമുറയായിത്തീര്‍ന്നത്. എങ്കില്‍ പിന്നെ എന്താണ് സംഭവിച്ചത്? ആ സ്രോതസ്സില്‍ കലര്‍പ്പ് സംഭവിച്ചു. ഗ്രീക്ക് തത്വശാസ്ത്രത്തിന്റെയും തര്‍ക്കശാസ്ത്രത്തിന്റെയും ചേരുവകള്‍ പിന്നീട് ആ തെളിനീരില്‍ കലരുകയുണ്ടായി. പേര്‍ഷ്യന്‍ കല്‍പിത കഥകളും വീക്ഷണങ്ങളും അതില്‍ വന്നടിയുകയുണ്ടായി. ഇസ്രായേലീ കെട്ടുകഥകളും ക്രൈസ്തവ ദൈവശാസ്ത്ര ചിന്തകളും അതില്‍ കടന്നുകൂടുകയുണ്ടായി. അപ്രകാരം തന്നെ മറ്റു നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും ചേരുവകള്‍ അതില്‍ വന്നടിഞ്ഞു. ഖുര്‍ആന്‍ വ്യാഖ്യാനത്തിലും വചനശാസ്ത്രത്തിലും നിദാന-കര്‍മശാസ്ത്രങ്ങളിലെല്ലാം ഈ കലര്‍പ്പുകള്‍ കൂടിച്ചേരുകയുണ്ടായി. പിന്നീടുള്ള തലമുറയെല്ലാം വളര്‍ന്നത് ഈ കലര്‍പ്പുറ്റ സ്രോതസ്സുകളില്‍ നിന്നാണ്. അതിനാലാണ് പ്രഥമ തലമുറയുടെ ആവര്‍ത്തനം നിലച്ചത്.

ഉത്തമ നൂറ്റാണ്ടിലെ വ്യതിരിക്ത തലമുറയും പിന്നീടുണ്ടായ തലമുറകളും തമ്മിലുള്ള അന്തരം ഈ തനിമയാര്‍ന്ന സ്രോതസ്സും കലര്‍പ്പുറ്റ സ്രോതസ്സും തമ്മിലുള്ളതാണ്. ‘അപൂര്‍വ തലമുറ’ യില്‍ വിശുദ്ധ ഖുര്‍ആന്‍ സംസ്‌കാര പഠനത്തിനു വേണ്ടിയോ പുണ്യത്തിനു വേണ്ടിയോ പാരായണം ചെയ്യുന്നവരായിരുന്നില്ല. സംസ്‌കാരിക വൈവിധ്യങ്ങളെ കുറിച്ച് അറിയാനോ വൈജ്ഞാനിക വിശകലനങ്ങള്‍ക്കോ അല്ല ഖുര്‍ആനിനെ സമീപിച്ചിരുന്നത്. അല്ലാഹുവിന്റെ ഉദ്ദേശത്തിനനുസൃതമായി തന്നെയും സംഘത്തെയും പരിവര്‍ത്തിപ്പിച്ചെടുക്കാനായിരുന്നു അവര്‍ ഖുര്‍ആന്‍ പഠിച്ചിരുന്നത്. മേധാവിയുടെ കല്‍പന കാതോര്‍ത്ത് മൈതാനത്തില്‍ ഒരുമിച്ചുകൂടിയ സൈനികരെ പോലെ കേള്‍ക്കുന്ന മാത്രയില്‍ ദൈവിക കല്‍പന പ്രയോഗവല്‍കരിക്കാന്‍ അവര്‍ പരിശ്രമിച്ചു. ഇതുകേട്ട്് അവരവിടെ തന്നെ ഇരുന്നില്ല. ഖുര്‍ആനികാഹ്വാനം പ്രയോഗവല്‍ക്കരിക്കാന്‍ അവര്‍ അഹോരാത്രം പരിശ്രമിച്ചു. പത്ത് സൂക്തങ്ങള്‍  അവതീര്‍ണമായാല്‍ അവ ഗൃഹപാഠം ചെയ്യുന്നതോടൊപ്പം  പ്രയോഗവല്‍ക്കരിക്കാന്‍ അവര്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.

പ്രയോഗവല്‍ക്കരിക്കാന്‍ വേണ്ടി ഖുര്‍ആന്‍ കേള്‍ക്കല്‍ അനുഭവ ജ്ഞാനത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ വാതായനങ്ങള്‍ അവര്‍ക്കു മുമ്പില്‍ തുറക്കാന്‍ കാരണമായി. മറിച്ച് അതിന്റെ ആശയതലങ്ങളിലേക്ക് പഠന മനന ഗവേഷണങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അത് വളരെ എളുപ്പമായിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ല. പ്രയോഗവല്‍കരിക്കാന്‍ വേണ്ടിയുള്ള പഠനത്തിലൂടെയാണ് ഖുര്‍ആന്റെ യഥാര്‍ഥ ചൈതന്യം കണ്ടെത്തുക. ഖുര്‍ആന്‍ ബൗദ്ധികമായ ആസ്വാദനത്തിനു വേണ്ടിയുള്ളതോ കലാ സാഹിത്യ ഗ്രന്ഥമോ അല്ല. ചരിത്ര ഗ്രന്ഥമോ കഥാ വിവരണമോ അല്ല. എന്നാല്‍ ഇതെല്ലാം അതിന്റെ ഉള്ളടക്കത്തിലടങ്ങിയിട്ടുമുണ്ട്. യഥാര്‍ഥ ജീവിത സരണിക്കുള്ള ദൈവികമായ മാര്‍ഗമാണത്. ജനങ്ങള്‍ക്ക് പ്രയോഗവല്‍ക്കരണത്തിനുള്ള എളുപ്പത്തിനായി ഖുര്‍ആനിനെ വ്യത്യസ്ത ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ‘ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കൊടുക്കാന്‍ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു ‘(ഇസ്‌റാഅ് : 106).

ഖുര്‍ആന്‍ ഒറ്റയടിക്ക് പൂര്‍ണമായി അവതരിച്ച ഗ്രന്ഥമല്ല. സമൂഹത്തിന്റെ നവീനമായ ആവശ്യങ്ങള്‍ക്കും തേട്ടങ്ങള്‍ക്കനുസൃതമായിക്കൊണ്ടാണ് അത് അവതീര്‍ണമായിട്ടുള്ളത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തില്‍ പരിഹാരമായിട്ടാണ് ഖുര്‍ആന്‍ അവതീര്‍ണമാകുന്നതെങ്കില്‍ ഉന്നതനായ നാഥനോടൊപ്പം തങ്ങള്‍ ജീവിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടും. പ്രയോഗവല്‍ക്കരിക്കാന്‍ വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം എന്ന സരണിയാണ് പ്രഥമ തലമുറയെ വാര്‍ത്തെടുത്തത്. പഠനത്തിനും ആസ്വാദനത്തിനും വേണ്ടിയാണ് പിന്നീടുള്ള തലമുറ ഖുര്‍ആനെ സമീപിച്ചത്. അതുതന്നെയാണ് പ്രഥമ തലമുറയും പിന്നീടുള്ള തലമുറയും തമ്മിലുള്ള മൗലികമായ മാറ്റം.

ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതോടെ ജാഹിലിയ്യതിന്റെ എല്ലാ അംശങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു എന്നതാണ് അവരെ വ്യതിരിക്തമാക്കിയിരുന്നത്. ഇസ്‌ലാമില്‍ അവര്‍ പുതിയ ഒരു ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു. പഴയകാല ജീവിതത്തില്‍ നിന്നുള്ള പൂര്‍ണവിരാമം. അതിന്റെ മാലിന്യങ്ങള്‍ തങ്ങളുടെ പുതിയ ജീവിതത്തില്‍ കലരരുതെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. ഈ ഒരു ചിന്താഗതി പ്രഥമ തലമുറയില്‍ സന്നിവേശിച്ചിരുന്നതായി കാണാം. മുസ്‌ലിമിന്റെ ജാഹിലിയ്യ ജീവിതത്തിലും ഇസ്‌ലാമിക ജീവിതത്തിലും പൂര്‍ണമായ അന്തരം ദര്‍ശിക്കാം. ജാഹിലിയ്യത്തില്‍ അവന്‍ ഏര്‍പ്പെട്ടിരുന്ന ആരാധനാ രീതികളില്‍ നിന്ന് തികച്ചും ഭിന്നമായ ആരാധനകളാണ് ഇസ്‌ലാമില്‍ അവന്‍ അനുഭവിക്കുന്നത്. ജാഹിലിയ്യ പരിതസ്ഥിതികളില്‍ നിന്ന് പൂര്‍ണമായും വിരമിച്ചുകൊണ്ടാണ് ഇസ്‌ലാമിക പരിതസ്ഥിതിയിലേക്ക് അവന്‍ ചേക്കേറുന്നത്.

ഇസ്‌ലാമിന്റെ ആഗമന കാലത്തുള്ളതുപോലെയുള്ള ജാഹിലിയ്യത്തിലാണ് ഇന്ന് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസം, സമ്പ്രദായം, ജീവിതരീതി, സംസ്‌കാരത്തിന്റെ സ്രോതസ്സ്, കലാ സാഹിതീയ രംഗം, നിയമവ്യവസ്ഥകള്‍..തുടങ്ങി നമുക്ക് ചുറ്റുമുള്ളതെല്ലാം ജാഹിലിയ്യത്തിലധിഷ്ഠിതമാണ്. എന്നാല്‍ ഇതിനെ ഇസ്‌ലാമിക സംസ്‌കാരവും തത്വശാസ്ത്രവും ചിന്താസരണിയായിട്ടുമാണ് നമ്മില്‍ ഭൂരിഭാഗവും മനസ്സിലാക്കിയിട്ടുള്ളത്. ഇസ്‌ലാമിന്റെ യഥാര്‍ഥ മൂല്യം നമ്മെ നയിച്ചിട്ടില്ല. ഇസ്‌ലാമിന്റെ യഥാര്‍ഥ കാഴ്ചപ്പാട് നമ്മുടെ ബുദ്ധിക്ക് വ്യക്തമായിട്ടില്ല. അതിനാല്‍ തന്നെ പ്രഥമ തലമുറ പോലെയുള്ള ഒരുതലമുറ നമ്മില്‍ നിന്നും രൂപപ്പെടുന്നുമില്ല.
നാം ജീവിക്കുന്ന  ജാഹിലിയ്യത്തിന്റെ എല്ലാ സ്വാധീനങ്ങളില്‍ നിന്നും ഇസ്‌ലാമിക ചിന്താസരണിയെ മുക്തമാക്കിയെടുക്കേണ്ടതുണ്ട്. പ്രഥമ തലമുറ പാനം ചെയ്ത തനിമയാര്‍ന്ന ഉറവിടത്തില്‍ നിന്ന് തന്നെ നാം പാനം ചെയ്യേണ്ടതുണ്ട്. നമ്മുടെ വിശ്വാസവും സംസ്‌കാരവും ജീവിത സരണിയും ഭരണ, രാഷ്ട്രിയ, സാമ്പത്തിക മൂല്യവ്യവസ്ഥകളും അതില്‍നിന്നാണ് രൂപപ്പെടേണ്ടത്.

വിശുദ്ധ ഖുര്‍ആന്റെ പ്രായോഗിക പഠനം എന്ന വീക്ഷണത്തിലേക്ക് നാം തിരിച്ചുപോകണം. ആസ്വാദനത്തിനും പഠനത്തിനും വേണ്ടിയാവരുത് നമ്മുടെ പഠനം. നാം ആരായിത്തീരാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്! നമ്മില്‍ നിന്ന് എന്താണ് ഖുര്‍ആന്‍ പ്രതീക്ഷിക്കുന്നത് ! അതിനിടയില്‍ ഖുര്‍ആന്റെ ആസ്വാദകരമായ കഥാകഥനവും കലാസൗകുമാര്യതയും നമുക്ക് ദര്‍ശിക്കാവുന്നതാണ്. ഖിയാമത്തിന്റെ രംഗങ്ങളും ആശയതലങ്ങളും നമുക്ക് വീക്ഷിക്കാം. പക്ഷെ, ഇതെല്ലാം ഖുര്‍ആന്റെ പ്രായോഗിക ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടിയായിരിക്കണം. ഖുര്‍ആന്റെ മുഖ്യലക്ഷ്യം എന്താണെന്ന് നാം തിരിച്ചറിയണം. ഖുര്‍ആന്‍ നമ്മില്‍ നിന്ന് എന്ത് ആവശ്യപ്പെടുന്നു, നമ്മെ ഏതര്‍ഥത്തില്‍ രൂപപ്പെടുത്താനാണ് ഖുര്‍ആന്‍ ആഗ്രഹിക്കുന്നത്, നാമും അല്ലാഹുവുമായുള്ള ബന്ധം എപ്രകാരമായിരിക്കണമെന്നാണ് ഖുര്‍ആന്‍ ആഗ്രഹിക്കുന്നത്, ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ നമ്മുടെ ജീവിത വ്യവസ്ഥയും ധാര്‍മിക ഭരണ വ്യവസ്ഥകളും എന്തായിരിക്കണമെന്ന് നാം കൃത്യമായി ഗ്രഹിക്കേണ്ടതുണ്ട്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles