Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിലെ മിഴിവുകളും ആഴങ്ങളും

q.jpg

ഖുര്‍ആനിലെ സൂക്തങ്ങളെ മുഹ്കം മുതശാബിഹ് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുന്നുണ്ട്. സൂറത് ആലു ഇംറാനിലെ ഏഴാമത്തെ സൂക്തത്തില്‍ അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇതില്‍ രണ്ടുതരം സൂക്തങ്ങളുണ്ട്: ഒന്ന്, മുഹ്കമാത്ത്. അതാണ് വേദത്തിന്റെ മൂലഘടകം. രണ്ട്, മുതശാബിഹാത്ത്. (ആലു ഇംറാന്‍ : 7)
എന്നാല്‍ അതുപോലെതന്നെ  മറ്റൊരു സൂക്തത്തില്‍ ഖുര്‍ആന്‍ മുഴുവനായും മുഹ്കം ആണെന്നും പറയുന്നുണ്ട്. ‘യുക്തിമാനും അഭിജ്ഞനുമായവനില്‍ നിന്ന് മുഹ്കമായ സൂക്തങ്ങളാല്‍ അരുളപ്പെട്ട വിളംബരം.’ (ഹൂദ് : 1)

മുഹ്കം എന്നാല്‍ വാക്ക്, ആശയം, വാക്യം, വാചകങ്ങള്‍, പ്രസ്താവനകള്‍, വിധികള്‍ എന്നിവയിലൊന്നും സംശയത്തിന്റെ സാധ്യതയില്ലാത്തവിധം സമ്പൂര്‍ണവും സൂക്ഷ്മവുമായത് എന്നാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. ‘നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു’ (അന്‍ആം : 115) അതായത്  ഖുര്‍ആനിലെ പ്രസ്താവനകളും വാര്‍ത്തകളും സത്യമാണ് വിധികള്‍ നീതിപൂര്‍വ്വവുമാണ്.

ഖുര്‍ആന്‍ മുഴുവനും മുതശാബിഹ് ആണെന്ന രീതിയല്‍ ഖുര്‍ആനിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ‘സമുല്‍കൃഷ്ടമായ വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. മുതശാബിഹായതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ ഒരു വേദം.’ (അസ്സുമര്‍ : 23)

മുതശാബിഹ് എന്നാല്‍-ഖുര്‍ആനിന്റെ അമാനുഷികത, വാക്ചാതുര്യം, മനോഹരമായ സ്വാധീന ശൈലി, വാക്കുകളിലെ സത്യസന്ധത, വിധികളിലെ നീതി എന്നിവയില്‍ പരസ്പരം സാമ്യമുള്ളത്. അതിന്റെ ക്രമത്തിലും താളത്തിലും ഒന്ന് മറ്റൊന്നിനെ സത്യപ്പെടുത്തുന്നത്. അതില്‍ പരസ്പരം വൈരുദ്ധ്യങ്ങള്‍ കാണാത്തത്.  വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ. ‘അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു’ (നിസാഅ് : 82)

ഖുര്‍ആനിലെ ചില ആയതുകള്‍ മുഹ്കമാണെന്നും മറ്റു ചിലത് മുതശാബിഹ് ആണെന്നുമാണ് ആലു ഇംറാനിലെ സൂക്തം പറയുന്നത്. അപ്പോള്‍ ഇഹ്കാം തശാബുഹ് എന്നീ വാക്കുകളുടെ അര്‍ത്ഥമെന്താണ് ? അതുപോലെ ഖുര്‍ആനിലെ മുഹ്കം, മുതശാബിഹ് എന്നീ വാക്കുകളുടെ ആശയമെന്താണ് ?

ശൈഖ് മര്‍ഇ തന്റെ അഖാവീലുസ്സിഖാത് എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട പണ്ഡിതാഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്.

1. മുഹ്കം എന്നാല്‍ ആശയം വ്യകതമായത് മുതശാബിഹ്-മുഹ്കമിന്റെ വിപരീതം(അതായത് ആശയം വ്യക്തമല്ലാത്തത്.)
2. മുഹ്കം-ഒരൊറ്റ രീതിയില്‍ മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്നത് (ഒരു വ്യാഖ്യാനം മാത്രമുള്ളത്) മുതശാബിഹ്- ഒന്നിലധികംവ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ളത്.
3. മുഹ്കം-വ്യാഖ്യാനം ആവശ്യമില്ലാതെ മനസിലാകുന്നത്. മുതശാബിഹ്-വ്യാഖ്യാനമില്ലാതെ മനസിലാക്കാന്‍ സാധിക്കാത്തത്
4. മുഹ്കം-വാക്കുകള്‍ ആവര്‍ത്തിക്കാത്തത്. മുതശാബിഹ്-കഥകളും ഉപമകളും
5. മുഹ്കം-ജ്ഞാനത്തില്‍ പക്വത നേടിയവര്‍ക്ക് അറിയാന്‍ കഴിയന്നത് മുതശാബിഹ്-അല്ലാഹുവിന് മാത്രം അറിയന്നത്
6. മുതശാബിഹ്-സൂറതുകളുടെ തുടക്കത്തില്‍ കാണുന്ന കേവലാക്ഷരങ്ങള്‍(ഹുറൂഫുല്‍ മുഖതഅ), ബാക്കിയുള്ളതെല്ലാം മുഹ്കമായ സൂക്തങ്ങളാകുന്നു.

കര്‍മശാസ്ത്ര വിശാരദന്മാരില്‍ നിന്ന് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍  ആയതിന്റെ ഉദ്ദേശ്യം മനസിലാകുന്ന ആയതുകള്‍ മുഹ്കമും.(വ്യാഖ്യാനം കൊണ്ട് ഉദ്ദേശ്യം വ്യക്തമാക്കുന്നതിനെയും മുഹ്കം എന്ന് പറയാം എന്നും അഭിപ്രായമുണ്ട്.)
മുതശാബിഹ് എന്നാല്‍ കേവലാക്ഷരങ്ങളെപോലെ (ഹുറൂഫുല്‍ മുഖതഅ) അതിന്റെ ആശയം അല്ലാഹുവിന് മാത്രം അറിയാവുന്നത്. സംശയത്തിനിടയില്ലാത്തവിധം ആശയം വ്യക്തമാക്കുന്നത മുഹ്കമും. എന്നാല്‍ വ്യാഖ്യാനങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളത് മുതശാബിഹ് എന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ദ്വയാര്‍ത്ഥങ്ങളുള്ള പദങ്ങള്‍ ഇതിനുദാഹരണമാണ്. ഉദാഹരണമായി ഖുര്‍അ് എന്ന പദം (സ്ത്രീകളിലെ  ശുദ്ധികാലത്തിനാണോ ആര്‍ത്തവ കാലത്തിനാണോ ഖുര്‍അ് ഉപയോഗിക്കുക എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. തഫ്‌സീറുല്‍ ഖുര്‍ത്വുബി-3/112,സാദുല്‍ മസീര്‍ 1/256.) അതുപോലെ ലമസ എന്ന പദം അത് ലൈഗിക ബന്ധം എന്ന അര്‍ത്ഥത്തിലും കേവലസ്പര്‍ശനം എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അത് നേരിട്ട് മനസിലാക്കുക സാധ്യമല്ല അതിന് വിശദീകരണം ആവശ്യമാണ്. അവസാനം പറഞ്ഞ അഭിപ്രായത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്.

മുതശാബിഹാതിന് പിന്നിലെ യുക്തി
മുഹകം മുതശാബിഹ് എന്നിവയുമായി  ബന്ധപ്പെട്ട് വിശുദ്ധഖുര്‍ ആനിന്റെ പരാമര്‍ശം ഇങ്ങനെയാണ്. ‘അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതില്‍ രണ്ടുതരം സൂക്തങ്ങളുണ്ട്: ഒന്ന്, മുഹ്കമാത്ത്. അതാണ് വേദത്തിന്റെ മൂലഘടകം. രണ്ട്, മുതശാബിഹാത്ത്. മനസ്സുകളില്‍ വക്രതയുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചുകൊണ്ട് മുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. മുതശാബിഹാത്തുകളുടെ സാക്ഷാല്‍ ആശയമാകട്ടെ അല്ലാഹു അല്ലാതെ ആരും അറിയുന്നില്ല. നേരെമറിച്ച് ജ്ഞാനത്തില്‍ പക്വത പ്രാപിച്ചവരോ, പറയുന്നു: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു; ഇതെല്ലാം ഞങ്ങളുടെ റബ്ബിങ്കല്‍നിന്നുതന്നെയുള്ളതാകുന്നു. ഏതു കാര്യത്തില്‍നിന്നും ശരിയായ പാഠം പഠിക്കുന്നത് ബുദ്ധിമാന്മാര്‍ മാത്രമായിരിക്കും.’ (ആലുഇംറാന്‍ :7)

വക്രമനസുള്ളവര്‍ വേദ ഗ്രന്ഥത്തില്‍ നിന്ന് വലിയ ഭാഗം ഒഴിവാക്കുന്നതിനും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാചകങ്ങളെ വളച്ചൊടിക്കാനും സാധിക്കുന്ന രീതിയില്‍ മുതശാബിഹായ സൂക്തങ്ങള്‍ അവതരിപ്പിച്ചത് എന്തിനാണ് ‘കൈഫ നതആമലു മഅല്‍ ഖുര്‍ആന്‍’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്ത് കൊണ്ട് അല്ലാഹു ഖുര്‍ആന്‍ മുഴുവനായും മുഹ്കമാക്കിയില്ല എന്നും ഒരാള്‍ക്ക് ചോദിക്കാം ?

യതാര്‍ത്ഥത്തില്‍ ഭാഷകള്‍ക്ക്, പ്രത്യേകിച്ച് അറബി ഭാഷക്ക് ചില പ്രത്യേകതകളുണ്ട്. അതിന്റെ വാക്യങ്ങളുടെയും വാചകങ്ങളും വ്യത്യസ്ത ആശയങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച്  സംബോധന ശൈലികള്‍ വ്യത്യസ്തമായിരിക്കും. ചിലയിടങ്ങളില്‍ ചിലത് പരാമര്‍ശിക്കും, ചിലത് നേരിട്ട് പരാമര്‍ശിക്കാതെ വിട്ട് കളയും, ചില കാര്യങ്ങള്‍ ആദ്യം പറയുകയും അനുബന്ധമായി വരുന്ന കാര്യങ്ങള്‍ മറ്റൊരവസരത്തേലേക്ക മാറ്റിവെക്കും. ചിലത് വിശദമായി പറയുമ്പോള്‍ ചിലത് ചുരുക്കിയേ പറയൂ.  ചില കാര്യങ്ങള്‍ നേരിട്ട് പറയുമ്പോള്‍ മറ്റു ചിലതിലേക്കുള്ള ആലങ്കാരിക സൂചനകള്‍ മാത്രമായിരിക്കും ഉണ്ടാവുക. വിഷയങ്ങള്‍ വ്യക്തമായും വ്യംഗ്യമായും അവതരിപ്പിക്കുന്നതുമെല്ലാം ഭാഷയുടെ ശൈലികളാണ്.

ബുദ്ധിയും വിവേചന ശക്തിയും നല്‍കി അല്ലാഹു സൃഷ്ടിച്ച് മനുഷ്യന്റെ പ്രകൃതി ആവശ്യപ്പെടുന്നതും അതാണ്. അല്ലാഹുവിന് കീഴ്‌പ്പെട്ട് കഴിയുന്ന കന്നുകാലികളെയോ മറ്റ് വസ്തുക്കളെയോ പോലെയല്ല അവന്‍. അല്ലാഹുവിനുള്ള അനുസരണത്തില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയാത്ത മലക്കുകളെപ്പോലെയുമല്ല. ബുദ്ധിപരമായ കഴിവും ശേഷിയും ഉപയോഗപ്പെടുത്തുകയാണ് മനുഷ്യന്‍ വേണ്ടത്.
 
ഇസ്‌ലാമിന്റെ പ്രകൃതിയനുസരിച്ച് ഇസ്‌ലാം ബുദ്ധിയുള്ള മനുഷ്യനെയാണ് അഭിസംബോധന ചെയ്യുന്നത്. മനുഷ്യബുദ്ധിയെ ചലനാത്മകമാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. അങ്ങനെ അന്വഷണവും ഗവേഷണവും പഠനവും നിര്‍ദ്ധാരണവും നടക്കാണമെന്നാണ് അല്ലാഹുവിന്റെ താല്‍പര്യം. മനുഷ്യബുദ്ധിയെ ബൗദ്ധികമായ ആലസ്യത്തിലേക്ക് തള്ളിവിടാന്‍ അല്ലാഹു ഉദ്ധേശിക്കുന്നില്ല.

മനുഷ്യരാശിയിലുള്ള മുഴുവന്‍ ആളുകളുടെയും പ്രകൃതിയനുസരിച്ച് അവരില്‍ വ്യത്യസ്ത വിഭാഗങ്ങളുണ്ട്. നിയമങ്ങളെ അക്ഷരാര്‍ത്ഥങ്ങളില്‍ വായിക്കുന്ന അക്ഷരപൂജകരുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം വാചകങ്ങളുടെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്നവരാണ്. അവര്‍ വരികളുടെ വായനയില്‍ മാത്രം ഒതുങ്ങുന്നവരല്ല. അതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ബുദ്ധിപരമായി വായിക്കുന്നവരും വൈകാരികമായി വായിക്കുന്നവരും അക്കൂട്ടത്തിലുണ്ടാവും. ഇവരെയെല്ലാവരെയും വിശുദ്ധഖുര്‍ആന്‍ അഭിസംബോധനചെയ്യുന്നു. ഇങ്ങനെ വിശാലാര്‍ത്ഥത്തില്‍ ജനങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍  തന്റെ അഭിസംബോധനയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുക എന്നത് അല്ലാഹുവിന്റെ യുക്തിയുടെ ഭാഗമാണ്. നേരിലെത്തിച്ചേരാന്‍ അല്ലാഹു തെളിവുകളും വിശദീകരണങ്ങളും നല്‍കുന്നു. അങ്ങനെ അന്വേഷണത്തിനും ഗവേഷണത്തിനും ശേഷം നേരിലെത്തിച്ചേരുന്നു. അങ്ങനെ ഇഹലോകത്ത് ഉന്നതരാകുന്നതോടൊപ്പം പരലോകത്ത് പ്രതിഫലത്തിന് അര്‍ഹരും ആയി മാറുന്നു.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles