Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിന്റെ മാനസപുത്രനായിട്ടാണ് ഞാന്‍ വളര്‍ന്നത്

q8.jpg

ശൈഖ് ഹാമിദ് അബൂ സുവൈലിന്റെ പ്രാഥമിക വിദ്യാലയത്തില്‍ വെച്ച് ഞാന്‍ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി. ‘സ്വഫ്തു തുറാബ്’ എന്ന ഞങ്ങളുടെ വലിയ ഗ്രാമത്തിലെ നാല് വിദ്യാലയങ്ങളില്‍ ഒന്നാണത്. ശൈഖ് ഹാമിദ് നന്നായി ഖുര്‍ആന്‍ പരായണം ചെയ്യുമായിരുന്നു. കളങ്കമറ്റ മനസ്സിനുടമയായ അദ്ദേഹം മറ്റ് ‘ഖാരിഉകള്‍’ മഖ്ബറകള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ പോകാറുണ്ടായിരുന്നില്ല (കാരണം മഖ്ബറ സന്ദര്‍ശനം ഒരനാചാരത്തിന്റെ ഭാഗമായിരുന്നു). കുട്ടികളെ നല്ലരീതിയില്‍ ഖുര്‍ആന്‍ മനനം ചെയ്യിക്കുന്നതില്‍ ബദ്ധശ്രദ്ധനായ അധ്യാപകനായിരുന്നു അദ്ദേഹം. ഞാന്‍ ഭാവിയില്‍ വലിയൊരു പണ്ഡിതന്‍ ആയിത്തീരാന്‍ അദ്ദേഹം എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.

എന്റെ കുടുംബം, ബന്ധുക്കള്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവരും എന്നെ ഖുര്‍ആനിന്റെ മാനസപുത്രന്‍ എന്ന നിലയിലായിരുന്നു പരിഗണിച്ചിരുന്നത്. ഞാന്‍ സ്വയം അങ്ങിനെ കരുതിയിരുന്നു. അതു കൊണ്ട് തന്നെ ഖുര്‍ആന്‍ നല്ലപോലെ മനഃപാഠമാക്കുകയും, ഇമ്പമോടെ പാരായണം ചെയ്യുകയും ചെയ്തു. ബാല്യത്തില്‍ ആളുകള്‍ക്ക് എന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കുവാന്‍ നല്ല താല്‍പര്യമായിരുന്നു. ത്വന്‍ത്വയില്‍ സ്ഥിതി ചെയ്യുന്ന അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുടെ മതപഠന കേന്ദ്രത്തില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് പതിനാല് വയസ്സായിരുന്നു പ്രായം.

ചില നമസ്‌ക്കാരങ്ങള്‍ക്ക് ഞാന്‍ തന്നെ നേതൃത്വം കൊടുക്കണമെന്ന് അവിടുത്തുകാര്‍ എന്നെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് റമദാനിലെയും, വെള്ളിയാഴ്ചകളിലെയും പ്രഭാത നമസ്‌ക്കാരങ്ങളില്‍. സുബ്ഹിയുടെ ഇരു റക്അത്തുകളിലുമായി ‘അസ്സജ്ദ’ അധ്യായം മുഴുവന്‍ ഓതിതീര്‍ക്കും. ഈ പാരായണം എന്റെയും എന്നെ പിന്തുടരുന്നവരുടെയും നയനങ്ങളെ കണ്ണീരണിയിച്ചിരുന്നു.

‘പ്രബോധകന്റെ സംസ്‌കാരം’ എന്ന പേരില്‍ വളരെ നേരത്തെ എഴുതിയ പുസ്തകത്തില്‍ ഖുര്‍ആനും അതിന്റെ സവിശേഷതകളും, ഖുര്‍ആന്‍ വ്യാഖാതാവിന്റെ സംസ്‌കാരം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ചിന്തിച്ചും ആലോചിച്ചും മനസ്സിലാക്കുന്നതിനെയും ഗ്രഹിക്കുന്നതിനെയും സംബന്ധിച്ച ചില അടിസ്ഥാന തത്വങ്ങളെ കുറിച്ചും ഞാനതില്‍ സൂചിപ്പിച്ചിരുന്നു. അല്ലാഹുവിന്റെ വേദഗ്രന്ഥം വേണ്ടരീതിയില്‍ മനസിലാക്കുന്നതില്‍ സംഭവിക്കാറുള്ള അബദ്ധങ്ങള്‍, ന്യൂനതകള്‍ തുടങ്ങിയവയെ കുറിച്ച ജാഗ്രതാ നിര്‍ദേശങ്ങളും അതില്‍ സമര്‍പിക്കുകയുണ്ടായി. ഇത്തരം തത്വങ്ങളുടെ വികസിത രൂപമാണ് ‘ഖുര്‍ആനും തിരുചര്യക്കും ഒരു ഉന്നത റഫറന്‍സ്’ എന്ന എന്റെ പുസ്തകം. ‘കൈഫ നതആമലു മഅല്‍ ഖുര്‍ആല്‍’ (ഖുര്‍ആനെ നാം എങ്ങനെ സമീപിക്കണം)  എന്ന എന്റെ മറ്റൊരു ഗ്രന്ഥം ഈ മേഖലയെ മാത്രം കേന്ദ്രീകരിച്ച് രചിക്കപ്പെട്ടതാണ്.

70 വര്‍ഷത്തിലധികമായി അല്ലാഹുവിന്റെ വിശുദ്ധ വേദഗ്രന്ഥവുമായി സഹവാസം പുലര്‍ത്തി കൊണ്ടിരിക്കുന്നു. ഈ ഗ്രന്ഥത്തെ കേന്ദ്രീകരിച്ചാണ് എന്റെ എല്ലാ ക്ലാസുകളും, പ്രഭാഷണങ്ങളും, ഖുതുബകളും, ഗ്രന്ഥങ്ങളും, പ്രോഗ്രാമുകളും സംവിധാനിക്കപ്പെട്ടിരിക്കുന്നത്. വലിയ നാല് വാള്യങ്ങളായി ഞാന്‍ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ മത വിധികളുടെ സമാഹാരത്തില്‍ ഖുര്‍ആന്‍, ഉലൂമുല്‍ ഖുര്‍ആന്‍, തഫ്‌സീര്‍ തുടങ്ങിയ ഖുര്‍ആനുമായി ബന്ധപ്പെട്ട അനവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ വിവിധ മേഖലകളില്‍ എനിക്ക് വലിയ താല്‍പര്യമായിരുന്നു. വിശുദ്ധ ഖുര്‍ആന്റെ അപഗ്രഥനം, വിഷയാധിഷ്ഠിത വ്യാഖ്യാനം തുടങ്ങിയവ ഉദാഹരണം. ‘അസ്വബ്‌റു ഫില്‍ ഖുര്‍ആന്‍’ (സഹനം), ‘അല്‍ അഖ്‌ലു വല്‍ ഇല്‍മു ഫില്‍ ഖുര്‍ആന്‍’  (ചിന്തയും ജ്ഞാനവും ഖുര്‍ആനില്‍) എന്നീ രണ്ട് പുസ്തകങ്ങള്‍ വിഷയാധിഷ്ഠിത വ്യാഖ്യാനം (അത്തഫ്‌സീറുല്‍ മൗദൂഇ) എന്ന വിഭാഗത്തില്‍ ഞാന്‍ രചിച്ച പുസ്തകങ്ങളാണ്. നൂറോളം ഖുര്‍ആന്‍ വിഷയങ്ങള്‍ ഭാവി പദ്ധതിയിലുണ്ട്.

ദോഹയിലെ ഉമറുബ്‌നുല്‍ ഖത്താബ് മസ്ജിദില്‍ അവസാന വര്‍ഷങ്ങളില്‍ നടത്തിയ ഖുതുബകളുടെയെല്ലാം അകകാമ്പ് ഖുര്‍ആനിക വിഷയങ്ങളായിരുന്നു. വിശ്വാസം ഖുര്‍ആനില്‍, അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങള്‍ ഖുര്‍ആനില്‍, സമ്പത്ത് ഖുര്‍ആനില്‍, പിതാക്കളും സന്താനങ്ങളും ഖുര്‍ആനില്‍, ഭരണവും രാഷ്ട്രീയവും ഖുര്‍ആനില്‍, സ്ത്രീ ഖുര്‍ആനില്‍ തുടങ്ങിയ വിഷയങ്ങള്‍ വെള്ളിയാഴ്ച്ച ഖുതുബകളില്‍ അവതരിപ്പിക്കുകയുണ്ടായി. ഇത്തരം ഖുര്‍ആനിക വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് കൊണ്ടുള്ള ഖുതുബകള്‍ ഞാന്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എന്റെ ഗ്രന്ഥങ്ങളുടെ താളുകള്‍ മുഴുക്കെ ഖുര്‍ആനിക സൂക്തങ്ങള്‍ പരന്ന് കിടക്കുന്നത് കാണുന്ന ഒരു വായനക്കാരന് മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അറിയുമ്പോള്‍ അതിശയിക്കാനിടയില്ല.

എന്റെ ബോധ്യങ്ങള്‍ ബലപ്പെടുത്തുന്നതിലും, സാങ്കേതിക പദങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്നതിലും, മതവിധികള്‍ കൃത്യമായി നിര്‍ണ്ണയിക്കുന്നതിലും, ധാരണകളെ പുതുക്കുന്നതിലും, ധിഷണയെ തേജസ്സുറ്റതാക്കുന്നതിലും, അകം ശുദ്ധീകരിക്കുന്നതിലും, കുടുംബ-സാമൂഹിക സംസ്‌കരണത്തിലുമെല്ലാം ഖുര്‍ആന്റെ പേജുകളില്‍ നിന്നാണ് ഞാന്‍ ഊര്‍ജ്ജം സ്വീകരിക്കുന്നത്. സംഭവലോകവുമായും, ജീവിതവുമായും ഞാനെപ്പോഴും അതിനെ ബന്ധിപ്പിക്കുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഖത്തറില്‍ എത്തി. അവിടെ വെച്ച് വിശുദ്ധ റമദാനില്‍ തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാറുണ്ടായിരുന്നു. പ്രസ്തുത നമസ്‌കാരത്തില്‍ പാരായണം ചെയ്ത സൂക്തങ്ങളെ കുറിച്ചായിരുന്നു അതാത് രാത്രികളില്‍ ക്ലാസുകള്‍ എടുത്തിരുന്നത്. ക്ലാസുകളെല്ലാം തന്നെ ഔദ്യോഗികമായും അല്ലാതെയും റെക്കോഡ് ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ റെക്കോഡ് ചെയ്യപ്പെട്ട ഖുര്‍ആന്‍ ക്ലാസുകള്‍ എന്റെ സഹൃദയരായ ചില ഉദ്യോഗസ്ഥര്‍ തേടിപിടിക്കുകയും, പ്രസിദ്ധീകരണ യോഗ്യമാകുന്ന തരത്തില്‍ ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു സഹായിക്കുകയാണെങ്കില്‍ അടുത്ത് തന്നെ അത് പ്രസിദ്ധീകരിക്കും.

അള്‍ജീരിയയിലെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ സ്ഥിതി ചെയ്യുന്ന ‘അമീര്‍ അബ്ദുല്‍ ഖാദിര്‍’ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് സെന്റര്‍ മേധാവിയും, അള്‍ജീരിയന്‍ തലസ്ഥാനത്ത് മതകാര്യവകുപ്പ് മന്ത്രാലയത്തില്‍ ഉപദേഷ്ടാവുമായിരിക്കെ സൂറത്തു യൂസുഫിന്റെ വ്യാഖ്യാനത്തിലൂന്നി നിന്ന് കൊണ്ട് ചില ക്ലാസുകള്‍ ഞാന്‍ നടത്തിയിരുന്നു. അത് പ്രസിദ്ധീകരിക്കുക ഇപ്പോള്‍ അത്ര എളുപ്പമല്ല. അതിന്റെ കരട് പകര്‍പ്പ് എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു പോവുകയും ചെയ്തു. അത് കണ്ടെത്താനും പ്രസിദ്ധീകരിക്കാനും മുന്നോട്ട് വരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അല്ലാഹു ആ ഉദ്യമം അയാള്‍ക്ക് എളുപ്പമാക്കി കൊടുക്കുമാറാകട്ടെ.

ഖത്തറിലെ വലിയ പള്ളിയിലും ചില ഖുര്‍ആന്‍ വിവരണ ക്ലാസുകള്‍ എടുത്തിട്ടുണ്ട്. സൂറത്തു ‘റഅ്ദ്’ ന്റെ വിശദീകരണം അവിടെ വെച്ചാണ് നിര്‍വഹിച്ചത്. സുഹൃത്തായ മഹ്മൂദ് ഇവദ് ആയിരുന്നു അത് പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൈയ്യെടുത്തത്. പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതില്‍ ധാരാളം സ്ഖലിതങ്ങളും പിശകുകളും സംഭവിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടു. അങ്ങിനെ അതിന്റെ രണ്ടാം പതിപ്പ് ‘മക്തബു വഹ്ബ’ പ്രസിദ്ധീകരിച്ചു. പള്ളി കേന്ദ്രീകരിച്ചുള്ള ഖുര്‍ആന്‍ പഠനക്ലാസുകള്‍ക്ക് മുടക്കം വരുത്തിയില്ല. ‘ഹിജ്‌റ്’, ‘ഇബ്രാഹീം’ തുടങ്ങിയ അധ്യായങ്ങള്‍ പൂര്‍ത്തീകരിക്കുകയും ഉസ്താദ് മജ്ദ് മക്കി അതിന്റെ സൂക്ഷ്മ പരിശോധന നടത്തുകയുമുണ്ടായി. ‘മക്തബു വഹ്ബ’ യിലൂടെ ഈ രണ്ട് ഗ്രന്ഥങ്ങളും എത്രയും പെട്ടെന്ന് വെളിച്ചം കാണട്ടെ എന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.

സാക്ഷാത്കാരത്തിന് വേണ്ടി അല്ലാഹുവിനോട് നിരന്തരം തേടിയ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു വിശുദ്ധ ഖുര്‍ആനിന് ഒരു സംക്ഷിപ്ത വിവരണം രചിക്കുക എന്നത്. ഖത്തറില്‍ നിന്നും പ്രിന്റ് ചെയ്യുന്ന ഖുര്‍ആനിനോട് ചേര്‍ന്ന് പ്രശസ്ത അറബി ലിപി എഴുത്തുകാരന്‍ സിറിയയിലെ ഉബൈദ് അല്‍ ബന്‍കിയുടെ ലിപിയില്‍ തന്നെ അതെഴുതണമെന്നും ഞാന്‍ ആഗ്രഹിച്ചു. അതിന് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ ‘ഫാതിഹ’, ‘നബഅ്’ തുടങ്ങിയ അധ്യായങ്ങളുടെ വ്യാഖ്യാനം എഴുതാനാരംഭിച്ചു. പക്ഷെ മുസ്ഹഫിന്റെ പേജുകളുടെ ഇരുവശങ്ങളിലും വ്യാഖ്യാനമെഴുതുക എന്നത് വലിയ പരിമിതിയായി അനുഭവപ്പെട്ടു. അതിനാല്‍ ആ പദ്ധതിയില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു. പിന്നീട് എന്റേതായ ശൈലിയില്‍ കുറച്ചു കൂടി വിപുലമായ വ്യാഖ്യാനമെഴുത്ത് ആരംഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഖുര്‍ആനിലെ അവസാനത്തെ ജുസ്ഇന്റെ ഈ ഭാഗം പൂര്‍ത്തിയാക്കാന്‍ അല്ലാഹു എന്നെ തുണച്ചു. എന്റെ പേന ഉപയോഗിച്ച് തീര്‍ത്തും അവ്യവസ്ഥാപിതമായ സമയങ്ങളിലാണ് ഇത് എഴുതിയത്. എന്നാല്‍ വിശാലമായ രാപ്പകലുകള്‍, അപാരമായ മനക്കരുത്ത്, മലാഖമാരുടെ സാന്നിധ്യം തുടങ്ങിയവയിലൂടെ അല്ലാഹു എന്റെ സമയത്തെ അനുഗ്രഹ പൂര്‍ണ്ണമാക്കി. ഇപ്പോള്‍ ‘തബാറക’ ജുസ്ഇന്റെ വ്യാഖ്യാനം എഴുതാന്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും ചില അധ്യായങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യാഖ്യാനം പൂര്‍ത്തീകരിക്കാന്‍ സമയവും ആയുസ്സും പ്രദാനം ചെയ്യേണമേ എന്നാണ് ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന.

നമസ്‌കാരങ്ങളില്‍ ധാരാളമായി പാരായണം ചെയ്യപ്പെടുന്നതും, ചെറുപ്പക്കാലങ്ങളില്‍ മുസ്‌ലിംകളിലധികവും മനഃപാഠമാക്കുന്നതുമായ ജുസ്അ് ആണ് ‘അമ്മ ജുസ്അ്’. ഇസ്‌ലാമിക ആദര്‍ശത്തിന്റെ മൗലിക തത്വങ്ങളും, സ്വഭാവ പെരുമാറ്റ മര്യാദകളും, പ്രബോധനത്തിന്റെ അടിസ്ഥാന തത്വങ്ങളും, ബഹുദൈവ വിശ്വസികളുമായുള്ള സംവാദങ്ങളുമെല്ലാം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആധുനികരും, പൗരാണികരുമായ പണ്ഡിതന്‍മാരില്‍ ഒറ്റപ്പെട്ടവര്‍ ഇത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. അവരില്‍ പ്രശസ്തനാണ് മഹാനായ പണ്ഡിതവര്യന്‍ മുഹമ്മദ് അബ്ദു. എന്നാല്‍ ഓരോ വ്യാഖ്യാതാവിനും തങ്ങളുടേതായ ചിന്താസരണിയും ശൈലിയും രീതികളും വായനക്കാരുമുണ്ടാകും.

എന്റെ ഈ തഫ്‌സീറില്‍ ഓരോ അധ്യായത്തിന്റെയും പ്രധാന ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമായി സമര്‍പ്പിച്ചിട്ടുണ്ട്. ബൗദ്ധികവും പ്രാമാണികവുമായതിനെ സമന്വയിപ്പിച്ച് ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ട് തന്നെ വ്യാഖ്യാനിക്കുക എന്ന രീതിയാണ് പ്രധാനമായും ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ എന്റെ രീതി. ഇത് ഖുര്‍ആനുമായി ബന്ധപ്പെട്ടെഴുതിയ ചില പുസ്തകങ്ങളില്‍ ഞാന്‍ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ സമര്‍പ്പിക്കുന്ന ‘അമ്മ ജുസ്അ്’ ന്റെ ഈ വ്യാഖ്യാനം ഇസ്‌ലാമിക പ്രബോധകര്‍, ലെക്ചര്‍മാര്‍, അധ്യാപകര്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ്.

ഈ ആമുഖത്തില്‍ ദോഹയിലെ എന്റെ ഓഫീസിലെ ഉദ്യോഗസ്ഥ സഹോദരന്‍മാര്‍ക്ക് എന്റെ കൃതജ്ഞത അറിയിക്കുകയാണ്. അതുപോലെ തന്നെ ഖറദാവി പഠന കേന്ദ്രത്തിലെ (മര്‍കസു ഖര്‍ദാവി) സഹോദരന്‍മാരെയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. അവരാണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അല്ലാഹു അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
അല്ലാഹു എല്ലാ അര്‍ത്ഥത്തിലും ഇത് നമ്മില്‍ നിന്നും സ്വീകരിക്കുമാറാകട്ടെ.

വിവ : ഷംസീര്‍ എ.പി.

ഖുര്‍ആന്‍ എന്റെ കൂട്ടുകാരന്‍
കരുണാവാരിധിയായ അല്ലാഹുവിന്റെ നാമത്തില്‍

Related Articles