Current Date

Search
Close this search box.
Search
Close this search box.

ഉത്തമ സമൂഹത്തിന്റെ വിവക്ഷ

society.jpg

‘മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു.’ (ഖുര്‍ആന്‍ 3:110)

അല്ലാഹു എടുത്തു പറഞ്ഞ ഈ സവിശേഷ സമൂഹത്തെ വളര്‍ത്തിയെടുത്തതും നേതൃത്വം നല്‍കിയതും പ്രവാചകന്‍(സ) ആയിരുന്നു. ഭൂമിയില്‍ ഈ ദൗത്യം ഏറ്റെടുത്ത ഉത്തമ സമൂഹമായിരുന്നു അത്. ഈ ഉത്തമവിശേഷണത്തിന് അവരെ അര്‍ഹരാക്കുന്ന മുഖ്യമായ ഘടകങ്ങളാണ് നന്മ കല്‍പിക്കലും തിന്മ തടയലും. പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നമ്മുടെ ശ്രേഷ്ടത ഭൂമിയില്‍ നിലനിലനിര്‍ത്താന്‍ നമുക്ക് സാധിക്കുന്നുണ്ടോ? എന്താണ് മുകളില്‍ പറഞ്ഞ വചനത്തിന്റെ താല്പര്യം? നന്മ കല്‍പിക്കല്‍ തിന്മ വിരോധിക്കല്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നതെന്ത്?

സല്‍കര്‍മമെന്നാല്‍ തിന്മക്കെതിരായതും പ്രയോജനം ലഭിക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ്. ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാനായി മനുഷ്യസമൂഹത്തില്‍ നിന്നുയര്‍ത്തികൊണ്ടു വന്ന ഉല്‍കൃഷ്ടവിഭാഗമാണ് മുസ്‌ലിം സമൂഹം. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ നിങ്ങളുടെ കുടുംബങ്ങളോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുവരാണ്. ഒരാളുടെ ശ്രേഷ്ടത നിലനില്‍കുന്നത് അയാളില്‍ നിന്നും ആളുകള്‍ക്ക് ലഭിക്കുന്നതിന്റെ തോതനുസരിച്ചാണ്. നിശ്ചയം അല്ലാഹുവും മലക്കുകളും ആകാശങ്ങളിലും ഭൂമികളിലുമുള്ള സര്‍വരും -ഉറുമ്പും മത്സ്യവുമടക്കം- ജനങ്ങളെ നന്മ പഠിപ്പിക്കുന്നവരുടെ മേല്‍ പ്രാര്‍ഥിക്കുന്നു” (തിര്‍മുദി)

ഖൈര്‍ ഉമ്മ (ഉത്തമ സമുദായം) കേവലം ശ്രേഷ്ടത എന്നതിലപ്പുറം സമൂഹത്തിന് പ്രയോജനം ചെയ്യുന്നതെന്നാണ് അര്‍ഥമാക്കുന്നത്. “നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.” (3:104)

“എന്നാല്‍ വേദവിശ്വാസികളെല്ലാവരും ഒരുപോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗവും അവരിലുണ്ട്. അവര്‍ നിശാവേളകളില്‍ അല്ലാഹുവിന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യുകയും അവന്റെ മുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു. ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. സുകൃതങ്ങളില്‍ ഉല്‍സുകരാവുകയും ചെയ്യുന്നു. അവര്‍ സജ്ജനങ്ങളുമാകുന്നു. അവര്‍ ചെയ്യുന്ന ഒരു നന്മയും വിലമതിക്കപ്പെടാതിരിക്കുകയില്ല. അല്ലാഹു ഭക്തജനങ്ങളെ നന്നായറിയുന്നവനല്ലോ” (3:113 – 115)

നന്മയിലേക്ക് ക്ഷണിക്കുന്ന ഒരു വിഭാഗം നിങ്ങളില്‍ നിന്നുണ്ടാവട്ടെ എന്ന് പറഞ്ഞതിന് ശേഷമാണ് നിങ്ങള്‍ ജനങ്ങള്‍ക്കായി ഉയര്‍ത്തപ്പെട്ട ഉത്തമ സമൂഹമാണെന്ന് പറയുന്നത്. തുടര്‍ന്ന് നന്മയില്‍ മുന്നേറുന്നവരെന്ന് വിശേഷിപ്പിക്കപ്പെട്ട വേദക്കാരെകുറിച്ച് പറയുന്നു. നന്മയുടെ കല്‍പനയും തിന്മയുടെ വിഭാടനവും എല്ലാമേഖലയിലും ബാധകമാണ്. എല്ലാ വിഭാഗങ്ങള്‍ക്കും അതിന്റെ ഗുണം ലഭ്യാമാവണമെന്നും ഈ വചനത്തില്‍ നിന്നും മനസ്സിലാക്കാം.

വ്യക്തികളുമായോ ചുറ്റുപാടുകളുമായോ ബന്ധപ്പെട്ട് നില്‍ക്കുന്ന ദീനീ കാര്യങ്ങളാണ് ഇതില്‍ ഉള്‍പെടുക എന്ന് ചിലര്‍ പറയുന്നത് കാണാനാവും. എന്നാല്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന നാസ്(മനുഷ്യര്‍) എന്ന പദം പൊതുവായതാണ്. ഇതില്‍ പൊതുസമൂഹത്തിലുള്ള എല്ലാവരും ഉള്‍പ്പെടും. അതില്‍ മുസ്‌ലിമും ഇതര മതവിഭാഗങ്ങളുമെല്ലാം ഉള്‍പ്പെടും. മതപരമായ വിഷയമാണെങ്കില്‍ ഒരു യുക്തിവാദിയെ നമസ്‌കാരത്തിനായി ക്ഷണിക്കുന്നതെങ്ങിനെ? അയാള്‍ അടിസ്ഥാനപരമായിതന്നെ ദൈവത്തില്‍ വിശ്വസിച്ചിട്ടില്ലെന്നിരിക്കെ. അതു കൊണ്ട് ഇതില്‍ കേവല മതവിഷയങ്ങള്‍ മാത്രമല്ല എന്ന് മനസ്സിലാക്കാനാവും.

ഇനി മഅ്‌റൂഫ് എന്നതിന്റെ ആശയം പരിശോധിക്കാം. ഖാമൂസുല്‍ മുഹീത് പറയുന്നു. “വിഖ്യാതമായിട്ടുള്ള എല്ലാ നല്ല കാര്യങ്ങളും നിയമങ്ങളുമാണ് മഅ്‌റൂഫ്. അതാവട്ടെ മുന്‍കറി (വെറുക്കപ്പെട്ടത്) ന് എതിരായായിട്ടുള്ളതായിരിക്കും”  
ഇതൊരു സമഗ്രമായ നിര്‍വചനമാണെന്ന് നമുക്ക് മനസ്സിലാക്കാം. മനുഷ്യന്റെ പൊതുവായ ബോധത്തിന് ഏറ്റവും നന്മയായി തോന്നുന്നതും ഇസ്‌ലാമിക ശരീഅത്ത് അംഗീകരിച്ചതുമായിരിക്കും അത്. അല്ലാഹുവില്‍ വിശ്വസിക്കുകയും നന്മകല്‍പ്പിക്കുന്നതില്‍ വിട്ടു വീഴ്ച കാണിക്കാതിരിക്കുകയും മതാധ്യാപനങ്ങള്‍ നിശ്ചയിച്ച പരിധികള്‍ പാലിക്കുകയും ചെയ്യുന്നതുമെല്ലാം നന്മയില്‍ പരിധിയില്‍ വരുന്നതാണ്.

തീര്‍ച്ചയായും നന്മ കല്‍പിക്കലും തിന്മ തടയലും സമൂഹത്തിന്റെ ആഭ്യന്തര കര്‍മപദ്ധതിയാണ്. തെറ്റുകളെ ശരിയാക്കാനുള്ള ഒരു വഴിയാണത്. അതാവട്ടെ നിയമത്തിന്് അനുഗുണവും സര്‍വസമ്മതവുമായിരിക്കും. പ്രസ്തുത നിയമത്തിന് മുന്നില്‍ സമൂഹത്തിലെ എല്ലാവരും സമന്മാരായിരിക്കും. അത് കേള്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സംതൃപ്തിയോടെ അത് പാലിക്കാനും അവര്‍ കടപ്പെട്ടിരിക്കും. ഇതാവട്ടെ ലോകത്തിലെ എല്ലായിടത്തേക്കും ബാധകവുമായിരിക്കും.

ഇനി മുന്‍കര്‍ എന്താണെന്ന് പരിശോധിക്കാം. സാമൂഹിക സന്തുലിതത്വത്തിന് ഭംഗംവരുത്തുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് സുപരിചിതവും വ്യക്തവുമാണ്. ഉദാഹരണമായി ലൈംഗികരാചകത്വങ്ങള്‍, മദ്യം, മയക്കുമരുന്ന് മുതലായവ സമൂഹത്തെ മൊത്തം കാര്‍ന്നു തിന്നു കൊണ്ടിരിക്കും. ലൂത്ത് നബിയുടെ സമൂഹത്തിന്റെയും മദ്‌യന്‍ നിവാസികളുടെയും കഥ വിവരിക്കുന്നതില്‍ നിന്നും ഈ പാഠമാണ് പകര്‍ന്നു തരുന്നത്.

ആത്യന്തികമായ നന്മകളും തിന്മകളും എക്കാലത്തും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. ഈ രീതിശാസ്ത്രം സ്ഥലകാല വ്യത്യാസങ്ങള്‍ക്കനിസരിച്ചോ നാഗരികതയുടെ പുരോഗതിക്കും വികാസത്തിനുമനിസരിച്ച് മാറിക്കൊണ്ടിരികുന്നതോ ആയിരിക്കില്ല. ആദ്യപിതാവായ ആദമിന്റെ സൃഷ്ടിപ്പുമുതല്‍ മനുഷ്യന്റെ പ്രകൃതത്തിന് അനുസൃതമായി നിലനില്‍ക്കുന്ന ഒന്നാണ് സല്‍സ്വഭാവം.

നേരത്തെ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഖുര്‍ആനിക ആശയങ്ങള്‍ക്ക് വലിയ ആഴവും പരപ്പും കാണാനാവും. മാനവരാശിയോട് ചെയ്യേണ്ടുന്ന നന്മയാണ് അത് സൂചിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിച്ച ഉത്തമസ്വഭാവ വിശേഷങ്ങള്‍ക്കുടമയായി നമ്മെ പരിവര്‍ത്തിപ്പിച്ച അല്ലാഹുവിന് സ്തുതി.

വിവ. സുഹൈറലി തിരുവിഴാംകുന്ന്‌
 

Related Articles