Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ സമൂഹ്യ വ്യവസ്ഥയും ഖുര്‍ആനിലെ നീതി സങ്കല്‍പവും

politics.jpg

മനുഷ്യനു ലഭ്യമാകേണ്ട ഏറ്റവും മൂല്യവത്തായ അവകാശമാണ് സമത്വവും നീതിയും. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഉത്തമ/മധ്യമ സമൂഹം എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. തിന്മയും അനീതിയും നടമാടുന്ന ഇടങ്ങളില്‍ നന്മ കല്‍പ്പിക്കാനും അനീതിക്കെതിരെ ശബ്ദിക്കാനുമാണ് പ്രവാചകന്മാര്‍ നിയുക്തരായിരുന്നത്. സൂറ അല്‍-ഹദീദില്‍ (57 :25) വേദ ഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും ആഗമനത്തിന്റെ ലക്ഷ്യമായി പറയുന്നത് നീതിയുടെ സംസ്ഥാപനമാണ്. നൂഹ്(അ) മുതല്‍ ഈസാ(അ) വരെയും മൂസ(അ) മുതല്‍ മുഹമ്മദ്(സ) വരെയുള്ളവരുടെ ജീവിതം തങ്ങളുടെ സമൂഹത്തിലെ അനീതിക്കും അക്രമത്തിനും എതിരായിട്ടുള്ള നിരന്തരമായ പോരാട്ടമായിരുന്നു.

വിശുദ്ധ  ഖുര്‍ആനില്‍ നീതി എന്ന് അര്‍ത്ഥമാക്കുന്ന രണ്ട് പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് .’ഖിസ്ത്വ്’, ‘അദ്ല്‍’ എന്നിവയാണവ. കിസ്ത്വ് എന്നാല്‍ സമത്വം, നീതി, ഒരാള്‍ക്ക് അയാളുടെ മുഴുവന്‍ അവകാശങ്ങളും വക വെച്ച് നല്‍കുക എന്നൊക്കെയാണ്. ‘ഖിസ്ത്വ്’ എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് അല്ലാഹുവിന്റെ വിശേഷ നാമങ്ങളില്‍ ഒന്നായ മുഖ്‌സിത്. ‘അദ്ല്‍’ എന്നാല്‍ നീതി പൂര്‍വ്വവും ന്യായത്തിന്റെ അടിസ്ഥാനത്തില്‍ പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുക എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. നീതി എന്ന് അര്‍ത്ഥമാക്കും വിധം ഈ രണ്ട് പദങ്ങളും പല സന്ദര്‍ഭങ്ങളില്‍  വിശുദ്ധ ഖുര്‍ആന്‍ മാറി മാറി പ്രയോഗിച്ചിട്ടുണ്ട്. നീതിയാണ് പ്രകൃതിയുടെ അടിസ്ഥാന ഭാവം. അതിനെ തകിടം മറിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നീതി പുനസ്ഥാപിക്കുക എന്നതാണ് ഓരോ മുസ്‌ലിമിന്റെയും ബാധ്യത. ഇബ്‌നു ജൗസിയെ പോലുള്ള പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ നീതി സ്ഥാപിക്കുക എന്നത് ദീന്‍ സ്ഥാപ്പിക്കുന്നതിനുള്ള  അനിവാര്യ ഉപാധിയാണ്. നീതി, നിര്‍ഭയത്വം, ധര്‍മ്മം, സദാചാരം തുടങ്ങിയവയുടെ സംസ്ഥാപനം ആണ് ദീനിന്റെ സംസ്ഥാപനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതായത് നീതി സ്ഥാപിക്കപ്പെടാത്തിടത്തോളം കാലം ദീന്‍ സ്ഥാപിക്കപ്പെടില്ല എന്ന് സാരം.
.
ദീന്‍ സ്ഥാപിക്കുന്നതിന്  വിഘാതമായി നില്‍ക്കുന്ന അല്ലെങ്കില്‍ നീതിയുടെ സംസ്ഥാപനത്തിന് തടസ്സം നില്‍ക്കുന്ന ശക്തികളെയാണ് ത്വാഗൂത്ത് എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. സൂറ അന്നിസാഅില്‍ (4: 58) ഓരോരുത്തരുടെയും അവകാശങ്ങള്‍ അവര്‍ക്ക് നല്‍കപ്പെടണമെന്ന് അല്ലാഹു കല്‍പ്പിക്കുന്നു. നിങ്ങള്‍ കല്‍പ്പിക്കുമ്പോള്‍ നീതിയോടു കൂടി വിധിക്കുക. തുടര്‍ന്ന് അല്ലാഹു താഗൂത്തിനെ കുറിച്ച് സംസാരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്നത് നീതിയില്‍ അധിഷ്ഠിതമായ തീര്‍പ്പാണ്. ആ നീതിയെ അവഗണിച്ച് കൊണ്ടുള്ള വിധി തീര്‍പ്പ് കല്‍പ്പിക്കുന്നവരും ത്വാഗൂത്ത് ആണ്. ത്വാഗൂത്തിനോടുള്ള മൗലിക നിലപാട് പ്രതിപാദിക്കുന്ന സൂറ അന്നഹ്‌ലിലെ   ഖുര്‍ആന്‍ സൂക്തം പരിശോധിച്ചാല്‍  ”അല്ലാഹുവിന് വഴങ്ങുക  താഗൂത്തിനെ കൈവെടിയുക  എന്ന സന്ദേശവുമായിട്ടാണ് എല്ലാ സമൂഹങ്ങളിലേക്കും നാം പ്രവാചകരെ അയച്ചത്” (16: 36) എന്നാണ് പറയുന്നത്. ഈ ആയത്തും മുകളില്‍ സൂചിപ്പിച്ച സൂറ അല്‍-ഹദീദ് ഇരുപത്തി അഞ്ചാം സൂക്തവും ചേര്‍ത്ത് വെച്ച് വായിക്കുമ്പോള്‍ ഒരു വശത്ത് നീതിയുടെ സംസ്ഥാപനവും മറുവശത്ത് ത്വാഗൂത്തിനെ കൈവെടിയാനുള്ള ആഹ്വാനവും കാണുന്നു.

അപ്പോള്‍ ത്വാഗൂത്ത് എന്ന് പറയുന്നത് നീതിയുടെ സംസ്ഥാപനത്തിന് തടസ്സം നില്‍ക്കുന്ന ശക്തിയുടെ പേരാണ്. അല്ലാഹുവിന്റേതല്ലാത്ത നിയമങ്ങള്‍ അനുസരിച്ച് വിധി നടപ്പാക്കുന്ന ഭരണകൂടങ്ങളൊക്കെ ത്വാഗൂത്ത് ആണെന്നും അതിനോട് സഹകരിക്കാനോ അതിന്റെ സംവിധാനങ്ങളില്‍ പങ്കെടുക്കാനോ പാടില്ല എന്നാണ് ത്വാഗൂതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൊതുവില്‍  സ്വീകാര്യമായ പണ്ഡിത ഭാഷ്യം. ഹാക്കിമിയ്യത്-ത്വാഗൂത്ത് ദ്വന്ദങ്ങളില്‍ ഊന്നി നിന്ന് കൊണ്ടാണ് മുന്‍കാല പണ്ഡിതര്‍ ഇസ്‌ലാമിക രാഷ്രീയ സിദ്ധാന്തങ്ങള്‍  വികസിപ്പിച്ചത്. എന്നാല്‍  ദീനിന്റെ സംസ്ഥാപനം പൂര്‍ണമാവാന്‍ ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ കൂടി സ്ഥാപിതമാവേണ്ടതുണ്ട്. ആറ് അനിവാര്യതകളുടെ സംരക്ഷണത്തിലൂടെ മാത്രമേ ഇസ്‌ലാമിക  ശരീഅത്ത് സ്ഥാപിതമാകൂ. ജീവന്‍, ധനം ,അന്തസ്സ് (അഭിമാനം), ബുദ്ധി(ചിന്താ സ്വാതന്ത്ര്യം), മതം, സന്താന പരമ്പര എന്നിവയാണവ. മനുഷ്യന്റെ ജീവിതത്തില്‍ അനിവാര്യമായ ഈ ആറ് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് നിഷേധിക്കപ്പെട്ടാല്‍ അതിന് വേണ്ടി പൊരുതല്‍ മുസ്‌ലിങ്ങളുടെ കൂട്ടായ ബാധ്യതയാണ്. മാത്രവുമല്ല അനീതി നടമാടുമ്പോള്‍ ആ അനീതി നീക്കം ചെയ്യാനാകും വിധം മുന്‍ ഗണനാ ക്രമത്തില്‍ മാറ്റം വരുത്തേണ്ടതും അനിവാര്യമാണ്.

അനീതി ഇന്ത്യന്‍ സാഹചര്യത്തില്‍
ഇന്ത്യന്‍ സാഹചര്യത്തില്‍ ശരീഅതിന്റെ താല്പര്യങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്ന, അനീതിക്കും അക്രമത്തിനും സാധൂകരണം ലഭിക്കുന്ന വ്യവസ്തിഥിയായി നിലകൊള്ളുന്നത് സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ നില കൊള്ളുന്ന ജാതി വ്യവസ്ഥയാണ് എന്ന് സമകാലിക സംഭവങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവും. മനുഷ്യരുടെ അന്തസ്സിനേയും അഭിമാനത്തെയും നിരാകരിക്കുന്ന, അവനെ മനുഷ്യന്‍ ആയി പോലും കാണാന്‍ വിസമ്മതിക്കുന്ന ജാതി വ്യവസ്ഥയാണ് ഇന്ത്യന്‍ സാഹചര്യത്തിലെ ഏറ്റവും വലിയ അനീതി. ഈ അനീതിയെ നിലനിര്‍ത്തി കൊണ്ട് പോകാന്‍ പരിശ്രമിക്കുന്നതാവട്ടെ ഖുര്‍ആനിക ഭാഷയില്‍ പറഞ്ഞാല്‍  ഇവിടുത്തെ മലഉകള്‍(പ്രമാണിമാര്‍) എന്ന്  പറയാവുന്ന ബ്രാഹ്മണിസത്തിന്റെ വക്താക്കളും.  ബ്രാഹ്മണിസത്തിന്റെ ഹിംസാത്മകത ഏറെ വ്യക്തമാവുകയും ഇന്ത്യയിലെ സര്‍വകലാശാലകളില്‍  ജാതി വിവേചനം  മൂലം ദളിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്തിന്റെ വാര്‍ത്തകള്‍ കണ്ട് കൊണ്ടാണ് നാം ദിനേന കടന്ന് പോകുന്നത്. അനീതിക്കിരയാവുന്ന സമൂഹത്തിനോട്  ഐക്യധാര്‍ധ്യപ്പെടാനും അവരുടെ വിമോചനത്തിന് വേണ്ടി നില കൊള്ളുവാനും ഇന്ത്യന്‍ സമൂഹത്തിലെ ത്വാഗൂത്തായ ജാതി വ്യവസ്ഥക്കെതിരെ ശബ്ദിക്കേണ്ടത് അനിവാര്യമാണ്. അതിലൂടെ മാത്രമേ ശരീഅത്തിന്റെ ഉന്നത ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനാവൂ  എന്നും വ്യക്തം.

വിവേചിത സമൂഹങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും മോചിപ്പിക്കാനുള്ള പോരാട്ടമാണ് ഇസ്‌ലാമിലെ ധര്‍മസമരം അഥവാ ജിഹാദ്. നീതിയും സ്വാതന്ത്ര്യവും ആത്മാഭിമാനവും സ്ഥാപിക്കുകയും വീണ്ടെടുക്കുകയും ചെയ്താല്‍ മാത്രമേ ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ സ്ഥാപിതമാവൂ. ”നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ പോരാടുന്നില്ല? മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  വേണ്ടി. അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ”ഞങ്ങളുടെ നാഥാ, മര്‍ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക്  നീ ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക്  ഒരു സഹായിയെ നല്‍കേണമേ”  എന്ന സൂറ അന്നിസാഅിലെ (4:75) സൂക്തം ഇന്ത്യന്‍ സാഹചര്യത്തില്‍ ആഴത്തില്‍  പഠിക്കേണ്ടുന്ന ഒന്നാണ്. മര്‍ദകരെ സംബന്ധിച്ചും മര്‍ദിതരെ സംബന്ധിച്ചുമുള്ള ഖുര്‍ആനിക സൂക്തങ്ങള്‍  അടിസ്ഥാനമാക്കിയുള്ള  അലി ശരീഅത്തിയുടെ പുതിയ വായനകളിലൂടെയാണ് ഇറാനില്‍ ഇസ്‌ലാമിക വിപ്ലവം സാധ്യമായത് എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടുന്ന ഒന്നാണ്. സമാനമായ വായന തന്നെയായിരുന്നു ടുണീഷ്യയില്‍ റാശിദുല്‍ ഗനൂഷിയും നടത്തിയതെന്ന് അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചാല്‍ ബോധ്യമാവും.

ഇന്ത്യന്‍ സാഹചര്യത്തില്‍ മൂസാ നബിയുടെ ചരിത്രം അധഃസ്ഥിതരുടെയും കീഴാളരുടെയും വിമോചനത്തിനായുള്ള ഇസ്‌ലാമിന്റെ വിമോചന  ദൈവശാസ്ത്രത്തിന്റെ സാധ്യതകള്‍  നമുക്ക് കാണിച്ച് തരുന്നുണ്ട് . മര്‍ദിത വിഭാഗത്തിന്റെ മോചനത്തിന് മൂസാ നബിയോട് സ്വീകരിക്കാന്‍ ദൈവം നിര്‍ദേശിച്ച കര്‍മരീതി, മര്‍ദിതരുടെ മാത്രമല്ല മര്‍ദകരുടെയും മോചനത്തിനുള്ള ദര്‍ശനത്തിന്റെ പ്രബോധനവും പ്രഖ്യാപനവും ആയിരുന്നു. ഫറോവന്‍ സാമ്രാജ്യത്വ വ്യവസ്ഥയിലെ കോപ്റ്റിക് വംശീയ  മേധാവിത്വത്തെ അദ്ദേഹം തിരുത്തി. താന്‍ ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കപ്പെടേണ്ടവനും ഇസ്രാഈല്യര്‍ തന്റെ അടിമകളുമാണെന്ന ഫറോവയുടെ ധിക്കാരത്തെ ചോദ്യം ചെയ്തു.  ദൈവാനുസരണത്തിന്റെ സല്‍വഴി പ്രബോധിപ്പിച്ചു.
”ഫിര്‍ഔന്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. നാട്ടുകാരെ വിവിധ കക്ഷികളാക്കി. ഒരു വിഭാഗത്തെ പറ്റെ ദുര്‍ബലരാക്കി. ആണ്‍കുട്ടികളെ അരുംകൊല ചെയ്തു. പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. അവന്‍ നാശകാരിയായിരുന്നു. എന്നാല്‍ ഭൂമിയിലെ മര്ദിനതരോട് ഔദാര്യം കാണിക്കാന്‍ നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും; അവര്‍ക്ക്  ഭൂമിയില്‍ അഭയം നല്‍കണമെന്നും” (അല്‍ഖസസ്വ് 4,5).

മര്‍ദക വ്യവസ്ഥയെ തിരുത്താനുള്ള ശ്രമത്തോടൊപ്പമായിരുന്നു മര്‍ദിത വിമോചനത്തിന്റെ ദൗത്യം മൂസ നിര്‍വഹിച്ചത്. മര്‍ദിതരായ ഇസ്രായീല്യരോട്  മതത്തിന്റെ ആശയങ്ങള്‍ പറയുകയല്ല മൂസ ആദ്യം ചെയ്തത്. അവരെയും കൂട്ടി ചെങ്കടല്‍ കടക്കുമ്പോഴും അവര്‍ വിശ്വാസികളായിട്ട് പോലുമില്ല എന്നതും നാം അറിയേണ്ടതുണ്ട്. മര്‍ദിത ജനവിഭാഗങ്ങള്‍ ഒരു സമൂഹത്തില്‍ നിലവിലുണ്ടായിരിക്കെ ദഅ്‌വത്ത് എപ്പോള്‍ എങ്ങനെ ആരോടായിരിക്കണം എന്നതില്‍ മൂസ(അ) യുടെ ചരിത്രത്തില്‍ നിന്ന് ഏറെ പാഠം ഉള്‍കൊള്ളേണ്ടതുണ്ട്  മര്‍ദിവതരുടെ വിമോചനം എന്ന ദൗത്യം ഏറ്റെടുക്കാതെയുള്ള ആദര്ശ് പ്രബോധനം അക്ഷരങ്ങളുടെയും ശബ്ദങ്ങളുടെയും പ്രക്ഷേപണം മാത്രമായി  തീരുകയാനുണ്ടാവുക.

ഇന്ത്യയിലെ ദലിത് ജനവിഭാഗത്തെ മനുഷ്യരായി കാണാനും അവരെ പരിഗണിക്കാനും സഹോദരന്മാരായി ഉള്‍ക്കൊള്ളാനും മുസ്‌ലിംകള്‍ക്കും മുസ്‌ലിം കൂട്ടായ്മകള്‍ക്കും സാധിക്കണമെങ്കില്‍ ആദ്യം അവര്‍ അവരുടെ ദഅവത്തിനെ പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ മാറ്റേണ്ടത് അനിവാര്യമാണ്. ഉമ്മി മക്തൂമിനെ പരിഗണിക്കാതെ ഖുറൈശി പ്രമുഖരുടെ അടുക്കല്‍ പോയ മുഹമ്മദ് നബി(സ)യെ അല്ലാഹു വിമര്‍ശിച്ച സൂറ അബസയിലെ ആദ്യ സൂക്തങ്ങളില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. ഭൗതികമായി ദീനിന് എത്ര ഏറെ മെച്ചമുണ്ടായാലും കീഴാളരെ അവഗണിച്ചു കൊണ്ടുള്ള, അവരുടെ ആശയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഒരു വരേണ്യ സൗഹൃദത്തെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് അബസ നല്‍കുന്ന ഏറ്റവും വലിയ പാഠം.

ഇന്ത്യന്‍ സാഹചര്യത്തില്‍ സൂറ അന്നഹ്‌ലില്‍ (16: 36) പറഞ്ഞ പ്രകാരം ത്വാഗൂത്തിനെ കൈവെടിയുന്നതിന്, അനീതി കാണിക്കുന്ന സംവിധാനങ്ങള്‍ ഏതെന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ഇസ്‌ലാമിക സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. ശരീഅത്തിന്റെ താല്‍പ്പര്യങ്ങള്‍ സ്ഥാപിതമാവും വിധം നീതി സ്ഥാപിക്കുന്നതിന് വേണ്ടി പണിയെടുക്കുന്നതിലൂടെ മാത്രമേ ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യം കൈ വരിക്കാനാവൂ. അതിന് ഇന്ത്യയിലെ മര്‍ദിത സമൂഹങ്ങളോട് ഐക്യപ്പെടുകയെന്നത് അനിവാര്യമാണ്. ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ സ്ഥാപിക്കുന്നതിന് വിഘാതമാവുന്ന, ഭൂമിയില്‍ ഫിത്‌നയും ഫസാദും ഉണ്ടാക്കുന്ന താഗൂതുകള്‍ക്കെതിരെ  നില കൊള്ളുക എന്നത് ഓരോ മുസ്‌ലിമിന്റെയും കടമയും ബാധ്യതയുമാണ്. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരത്തില്‍ അനീതിക്കിരയാവുന്ന സമൂഹങ്ങള്‍ ആരാണെന്നും അടിച്ചമര്‍ത്തുന്ന ആധുനിക ഫറോവമാരും നംറൂദുമാരും ആരാണെന്നും  മേല്‍ പറഞ്ഞ ഖുര്‍ആനിക ആയത്തുകളുടെ വെളിച്ചത്തില്‍ മനസ്സിലാക്കി നിലവിലുള്ള പ്രായോഗിക രീതികളില്‍ മാറ്റം വരുത്തുന്നതിലൂടെ മാത്രമേ ഇസ്‌ലാമിക സമൂഹത്തിന് മുന്നോട്ട് പോകാനാവൂ.

Related Articles