Current Date

Search
Close this search box.
Search
Close this search box.

ആരാധനക്കര്‍ഹന്‍ നീ മാത്രം

namaz.jpg

ആരാധനയും സഹായര്‍ത്ഥനയും അല്ലാഹുവിന് മാത്രമാക്കുക എന്നതാണ് തൗഹീദിന്റെ അടിസ്ഥാനം. ‘നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു. നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു’ ഇവിടെ അവന്‍ എന്ന ശൈലിയില്‍ നിന്നും നീയെന്ന അഭിസംബോധനയുടെ ശൈലിയിലേക്കുള്ള മാറ്റം ശ്രദ്ധേയമാണ്. ‘നിന്റെ പ്രകീര്‍ത്തനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ എനിക്കാവില്ല, നീ നിന്നെ പ്രകീര്‍ത്തിച്ച പോലെയാണ് നീ’ എന്നാണ് ഹദീസ് വിവരിക്കുന്നത്. ഇപ്രകാരം അല്ലാഹുവിനെ അവനര്‍ഹിക്കുന്ന എല്ലാ അവസ്ഥയിലും സ്തുതിയര്‍പ്പിക്കുന്നു. അതിലൂടെ അടിമയുടെ ഹൃദയം തന്റെ നാഥനോടുള്ള നേര്‍ക്കുനേരെയുള്ള സംഭാഷണത്തിന് തുറക്കപ്പെടുന്നു. അങ്ങനെ അല്ലാഹു അര്‍ഹിക്കുന്ന രീതിയില്‍ അവന്‍ അവനോട് സംവദിക്കുന്നു. ആരാധനയിലും സഹായം തേടലിലും അവന്‍ അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കുന്നു.

അവനല്ലാത്ത മറ്റാരും ഇബാദത്തിന് അര്‍ഹനല്ല. അതുപോലെ അവനോടല്ലാതെ മറ്റാരോടും സഹായം തേടാനും പാടില്ല. ആരാധന(ഇബാദത്ത്) എന്നാല്‍ വിനയത്തിന്റെയും താഴ്മയുടെയും ഏറ്റവും ഉന്നത രൂപമാണ്. സ്‌നേഹാനുരാഗങ്ങളുടെ പരമകാഷ്ഠയാണത്. ഇബാദത്ത് എന്നത് രണ്ട് ഘടകങ്ങള്‍ ഉള്‍ചേര്‍ന്നതാണ്. അതിലൊന്ന് അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ താഴ്മയും മറ്റൊന്ന് അവനോടുള്ള അളവറ്റ സ്‌നേഹവുമാണ്. അനുരാഗമില്ലാത്ത താഴ്മ ഒരാളില്‍ കാണപ്പെടുന്നുവെങ്കില്‍ അത് ഇബാദത്താവുകയില്ല. അതിപ്രകാരമാണ്: ചില കൊടിയ ഏകാധിപതികള്‍ക്ക് മുമ്പില്‍ പ്രജകള്‍ താഴ്മ കാണിക്കുകയും അവരുടെ തല കുനിക്കുകയും ചെയ്യാറുണ്ട്. അതിനര്‍ത്ഥം ആ പ്രജകള്‍ അത്തരം ഭരണാധികാരികളുടെ അടിമകളാണെന്നല്ല. കാരണം അവര്‍ക്ക് ആ ഏകാധിപതികളോട് ഒരിറ്റ് സ്‌നേഹം ഇല്ലെന്ന് മാത്രമല്ല അവരോട് കടുത്ത ദേഷ്യവും വിരോധവുമാണുള്ളത്.

അവര്‍ അവരെ സ്വന്തം മനസാക്ഷികകത്ത് നിന്നുകൊണ്ട് നിരന്തരം ശപിക്കുകയും ചെയ്യുന്നു. ഇതുപോലെയാണ് കറകളഞ്ഞ സ്‌നേഹാനുരാഗങ്ങളില്ലാത്ത വിനയവും താഴ്മയും. ഇതുപോലെ സ്ത്രീയും പുരുഷനും പരസ്പരം പ്രണയിക്കാറുണ്ട്. ചിലപ്പോള്‍ അവരുടെ പ്രണയം തീവ്രാനുരാഗമായി പരിണമിക്കാറുണ്ട്. ഇതിനെ പരസ്പരമുള്ള അടിമത്തം എന്നോ പരസ്പരമുള്ള കീഴടങ്ങലെന്നോ വിഷേശിപ്പിക്കാറില്ല.

ഇവിടെ നിന്നെ മാത്രം ഞങ്ങളാരാധിക്കുന്നു എന്ന വചനം ആരാധനാരംഗത്തെ ഏകദൈവത്വത്തെ പ്രതിനിധീകരിക്കുന്നു (തൗഹീദുല്‍ ഇലാഹിയ്യ). നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ത്ഥിക്കുന്നു എന്നത് സൃഷ്ടിപരമായ ഏകദൈവത്വത്തെ പ്രതിനിധീകരിക്കുന്നു.

ജനങ്ങള്‍ ചിലപ്പോള്‍ സൃഷ്ടിപരമായ ഏകത്വത്തെ അംഗീകരിച്ചെന്ന് വരും. എന്നാല്‍ ആരാധനരംഗത്തെ ഏകത്വം അവര്‍ എളുപ്പം അംഗീകരിക്കുകയില്ല. ഉദാഹരണത്തിന് ജാഹിലിയ്യാകാലത്തെ അറബികള്‍ അല്ലാഹുവാണ് മുഴുവന്‍ വസ്തുക്കളുടെയും സ്രഷ്ടാവും നിയന്താവുമെന്ന് അംഗീകരിച്ചിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ അവര്‍ ബിംബങ്ങളെ ആരാധിച്ചിരുന്നു. അതിന് അവര്‍ പറഞ്ഞ ന്യായം ‘അവ തങ്ങളെ അല്ലാഹുവുമായി അടുപ്പിക്കുവാനുള്ള മാര്‍ഗമാണെന്നാണ്.’ അവര്‍ പറയുന്നു. ‘അല്ലാഹുവിന്റെ അടുക്കല്‍ ഇക്കൂട്ടരാണ് ഞങ്ങളുടെ ശുപാര്‍ശകര്‍’.(യൂനുസ്: 18) എന്നാല്‍ ഖുര്‍ആന്‍ ഈ രണ്ട് തരം തൗഹീദുകളെയും അല്ലാഹുവിന് മാത്രം സമര്‍പ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. അവര്‍ ഇപ്രകാരം പറയുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ നിന്നിലിതാ ഞങ്ങള്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. നിന്നിലേക്ക ഞങ്ങള്‍ മടങ്ങിയിരിക്കുന്നു. ഇനിയുള്ള മടക്കവും നിന്നിലേക്കല്ലോ’ (മുംതഹന : 4). ഇതിന്റെ ആശയം ഇതാണ് ഞങ്ങള്‍ നിന്നിലേക്കല്ലാതെ മറ്റൊരാളില്‍ ഭരമേല്‍പ്പിക്കുകയില്ല. നീ ഒഴിച്ച് മറ്റൊരുത്തനിലേക്ക് യാതൊന്നും മടക്കുകയുമില്ല. ശുഹൈബ് നബി(അ) ഇപ്രകാരം പറയുന്നുണ്ട് ‘അല്ലാഹുവിന്റെ അനുഗ്രഹം ഒന്ന് കൊണ്ട്  മാത്രമാണ് ഞാന്‍ അവനിലേക്ക് കാര്യങ്ങള്‍ ഭരമേല്‍പ്പിച്ചതും അവനിലേക്ക് മടങ്ങിയതും.’ (ഹൂദ്88). പ്രവാചകന്‍ മുഹമ്മദ് നബിയോട് അല്ലാഹു ഇപ്രകാരം തന്നെയാണ് ആഹ്വാനം ചെയ്തത്. ‘നീ അവനെ ആരാധിക്കുക അവന്റെ മേല്‍ ഭരമേല്‍പ്പിക്കുക(ഹൂദ് : 123)’

ഇബാദത്തിനെ മുന്തിച്ചതിന്റെ പ്രസക്തി
ഇവിടെ ഇബാദത്തിനെ ഇസ്തിആനതിനേക്കാള്‍ (സഹായാഭ്യര്‍ഥന) മുന്തിച്ച് പരാമര്‍ശിച്ചതിന് കാരണം ഇബാദത് ലക്ഷ്യവും സഹായാഭ്യര്‍ഥന അതിലേക്കുള്ള മാര്‍ഗവുമാണെന്നതാണ്. ‘അല്ലാഹുവിനോട് മാത്രം സഹായമര്‍ഥിക്കുന്നു’ എന്ന് പരിമിതപ്പെടുത്തിയതിനര്‍ത്ഥം ഇതര സൃഷ്ടികളോട് സഹായാഭ്യര്‍ഥന പാടില്ല എന്നല്ല. അല്ലാഹുവിന് മാത്രം കഴിവുള്ള കാര്യങ്ങളില്‍ അവനല്ലാത്ത ബിംബങ്ങള്‍, ജോത്സ്യന്മാര്‍ പോലുള്ളവയോട് സഹായം തേടുന്നവര്‍ക്കുള്ള മറുപടിയാണിത്.

നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ഥിക്കുന്നു എന്ന വചനം മനുഷ്യ സഹജമായ കഴിവുകളെയും ചിന്താശേഷിയെയും നിഷേധിക്കുന്ന ‘ജബരിയ്യാക്കള്‍’ക്കുള്ള മറുപടി കൂടിയാണ്. സഹായം തേടുന്നവന്‍ പരിശ്രമിക്കുക എന്നത് അനിവാര്യമാണ്. എന്നാല്‍ മറ്റുള്ളവരുടെ സഹായം അവന് ആവശ്യമായി വരും. അതിനാലാണ് പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കാന്‍ അല്ലാഹു ആഹ്വാനം ചെയ്യുന്നത്.

അപ്രകാരം ഈ ആയത്തില്‍ ഏകവചന രൂപത്തിന് പകരം ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഒരു മുസ്‌ലിം ഒറ്റക്കാണെങ്കില്‍ പോലും ബഹുവചന രൂപം തന്നെയാണ് ഉപയോഗിക്കേണ്ടത്. ശേഷം ‘ഞങ്ങളെ നേര്‍വഴിയിലാക്കേണമേ’ എന്ന പ്രാര്‍ഥനയും ബഹുവചന രൂപത്തില്‍ തന്നെയാണുള്ളത്. എപ്പോഴും ഒരു വിശ്വാസിയുടെ മനസ്സിലും നാവിലും സംഘബോധം ഉണര്‍ത്തുകയാണത് ചെയ്യുന്നത്. ഇതിലൂടെ സാമൂഹികമായ ചിന്തയിലും ബോധത്തിലും പെരുമാറ്റത്തിലും അവനെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. ‘അല്ലാഹുവിന്റെ സഹായം സംഘത്തോടൊപ്പമാണ്’ എന്നാണല്ലോ പ്രമാണം.

വിവ: ഷംസീര്‍ എ.പി.

പരമകാരുണികനും പ്രതിഫലദിനത്തിന്റെ ഉടമസ്ഥനും
ദുഷിച്ച ഹൃദയത്തിനുള്ള ചികിത്സ

Related Articles