Current Date

Search
Close this search box.
Search
Close this search box.

ആകാശകവാടങ്ങള്‍ തുറക്കപ്പെടും ദിനം

sky.jpg

‘ആകാശം തുറക്കപ്പെടും. അങ്ങനെ അത് കവാടങ്ങളായിത്തീരും.’  അസാധാരണമാം വിധത്തില്‍ മലക്കുകള്‍ക്ക് ഇറങ്ങുന്നതിന് നിരവധി കവാട
ങ്ങള്‍ തുറക്കപ്പെടും. എത്രത്തോളമെന്നാല്‍ ആകാശത്ത് തുറന്നിട്ട കവാടങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പിക്കുന്ന വിധമായിരിക്കുമത്. ‘നാം ഭൂമിയെ അരുവികളാക്കി പിളര്‍ത്തി.’ (54:12) എന്ന് വെള്ളപ്പൊക്കത്തെ കുറിച്ച് അല്ലാഹു പറയുന്നുണ്ട്. അത് മുഴുവന്‍ പൊട്ടിയൊഴുകുന്ന ഉറവകളാക്കി എന്നതാണ് അതിന്റെ അര്‍ത്ഥം. അതിന്റെ ഉദ്ദേശ്യമെന്താണെന്ന് മറ്റൊരിടത്ത് ഖുര്‍ആന്‍ വിവരിക്കുന്നു: ‘അന്ന് ആകാശം പിളര്‍ന്ന് ഒരു മേഘം പ്രത്യക്ഷമാകും. മലക്കുകള്‍ കൂട്ടംകൂട്ടമായി ഇറക്കപ്പെടും.’ (25:25)

ഇവിടെ കവാടം കൊണ്ടുദ്ദേശിക്കുന്നത് മലക്കുകള്‍ക്ക് ഇറങ്ങാനുള്ള പാതയാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അതായത് ആളുകള്‍ക്ക് പരിചിതമായ പ്രാപഞ്ചിക വ്യവസ്ഥയില്‍ മാറ്റം വരും. ആകാശം തുറക്കപ്പെട്ട് തുറന്ന ഇടമായിട്ടത് മാറും. ഒരു തടസ്സവും ഇല്ലാത്ത ഒരു വഴിയായിട്ടത് മാറും. പ്രപഞ്ചത്തില്‍ ഒന്നടങ്കം താളപ്പിഴകള്‍ സംഭവിക്കും. അതിലൂടെ പ്രപഞ്ചം തകരും.

‘പര്‍വതങ്ങള്‍ ചലിപ്പിക്കപ്പെടും, അപ്പോഴത് മരീചികയായി തീരുന്നു.’ ഉറച്ച് നില്‍ക്കുന്ന സ്ഥാനത്ത് നിന്നും അത് പിഴുതെടുക്കപ്പെട്ട് അതിന്റെ രൂപത്തില്‍ തന്നെ അന്തരീക്ഷത്തിലൂടെ ചലിപ്പിക്കപ്പെടും. അല്ലാഹു അതിനെ കുറിച്ച് പറയുന്നു: ‘ഇന്ന് നീ കാണുന്ന പര്‍വതങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി നിനക്കുതോന്നുന്നു. എന്നാല്‍ അന്നവ മേഘങ്ങള്‍ പോലെ പാറിക്കൊണ്ടിരിക്കും.’ (27:88) നിങ്ങളതിനെ അവയുടെ സ്ഥാനത്ത് ശാന്തമായി നിലകൊള്ളുന്നതായി കാണും. എന്നാല്‍ മേഘങ്ങളെ പോലെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണവ. കാറ്റ് വളരെ വേഗത്തില്‍ അതിനെ ചലിപ്പിക്കുന്നു. വലിയ വസ്തുക്കള്‍ ഒരേ ദിശയിലേക്ക് ചലിക്കുമ്പോള്‍ അതിന്റെ ചലനം തിരിച്ചറിയാന്‍ പ്രയാസമാകുന്നു. പ്രത്യേകിച്ചും വസ്തു വളരെ വിദൂരത്തും ചലനം വേഗത്തിലുമാകുമ്പോള്‍.

വളരെ മനോഹരമായ ഒരുപമയാണ് ഇത് ഉള്‍ക്കൊള്ളുന്നത്. അബൂ സഊദ് പറയുന്നു: പര്‍വതങ്ങളുടെ അവസ്ഥയെ മേഘങ്ങളുടെ അവസ്ഥയോട് ഉപമിച്ചിരിക്കുന്നു. ഭാഗങ്ങള്‍ വേര്‍പെട്ടു പോകുന്നതിലും ചിതറുന്നതിലുമാണ് അതിനെ ഉപമിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.’ (101:5) അല്ലാഹു ഭൂമിയെ മറ്റൊരവസ്ഥയിലാക്കുകയും അതിന്റെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. പര്‍വതങ്ങള്‍ അവയുടം ഭീമാകാരമായ രൂപത്തോടെ സഞ്ചരിക്കും. രണ്ടാമത്തെ കാഹളത്തിന് ശേഷം സൃഷ്ടികളെ ഒരുമിച്ച് കൂട്ടുമ്പോള്‍ അവര്‍ കാണുന്നതിന് വേണ്ടിയാണത്. പിന്നെ അന്തരീക്ഷത്തില്‍ അവ ചിന്നിചിതറപ്പെടും. ‘മരീചിക’യായി മാറുമെന്ന് അല്ലാഹു പറഞ്ഞത് അതിനെ കുറിച്ചാണ്. (തഫ്‌സീറു അബീ സഊദ് 9/90)

യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത എന്തോ ഉണ്ടെന്ന് കാഴ്ച്ചക്കാരനെ തോന്നിപ്പിക്കുകയാണ് മരീചിക ചെയ്യുന്നത്. പിന്നീട് അതിന്റെ അടയാളം പോലും ഇല്ലാത്ത തരത്തില്‍ അവിടെ നിന്നും പോകുകയും ചെയ്യുന്നു. അല്ലാഹു പറയുന്നത് കാണുക: ‘പര്‍വതങ്ങളെ കുറിച്ച് (അന്നാളില്‍ അതിനെന്ത് സംഭവിക്കുമെന്ന്) അവര്‍ ചോദിക്കുന്നുവല്ലോ. പറയുക: `എന്റെ റബ്ബ് അവയെ ധൂളിയാക്കി പറത്തിക്കളയുന്നതാകുന്നു. അതിനെ അവന്‍ നിരന്ന മൈതാനമാക്കി വിടുന്നു. നീ അതില്‍ കുന്നുകുഴികളോ വളവുതിരിവുകളോ ഒന്നും കാണുന്നതല്ല.’ (20: 105-107) അല്ലാഹു പറയുന്നു: ‘നാം പര്‍വതങ്ങളെ ചലിപ്പിക്കുന്ന ദിവസത്തെ ഓര്‍ക്കുക. അപ്പോള്‍ ഭൂമി തെളിഞ്ഞ് തരിശായതായി നിനക്കു കാണാം.’ (18:47) മനുഷ്യന്‍ കാണുന്ന വസ്തുക്കളില്‍ ഏറ്റവും വലുപ്പമുള്ള പര്‍വതങ്ങളെ അല്ലാഹു സഞ്ചരിപ്പിക്കും. അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും. അല്ലാഹു മറ്റൊരിടത്ത് പറയുന്നു: ‘പര്‍വതങ്ങള്‍ തരിപ്പണമാക്കപ്പെടുന്നു. അങ്ങനെ അവ പറത്തപ്പെട്ട ധൂളിയായിത്തീരുന്നു.’ (56:5-6) അഥവാ പറത്തപ്പെട്ട പൊടി പോലെയാകും എന്നര്‍ത്ഥം. ഒന്നാമത്തെ കാഹളത്തില്‍ അത് പൊട്ടിപിളരും. അത് സഞ്ചരിക്കപ്പെടുന്നതും ഭൂമി നിരപ്പാക്കപ്പെടുന്നതും രണ്ടാമത്തെ കാഹളത്തോടെയാണ്. സൂറത്ത് ത്വാഹയില്‍ അത് വ്യക്തമാക്കുന്നു: ‘അന്നാളില്‍ സകല ജനവും ഒരു വിളിയാളന്റെ വിളിയനുസരിച്ചു നേരെ നടന്നുവരുന്നതാകുന്നു. ആര്‍ക്കും അല്‍പംപോലും വളയാനോ തിരിയാനോ കഴിയുന്നതല്ല.’ (താഹ: 108) മറ്റൊരിടത്ത് അല്ലാഹു പറുന്നു: ‘ഭൂമിയും വാനങ്ങളും അവയല്ലാതാക്കി മാറ്റിമറിക്കപ്പെടുകയും ഏകനും ശക്തനുമായ അല്ലാഹുവിന്റെ സന്നിധിയില്‍ സര്‍വവും മറയില്ലാതെ ഹാജരാവുകയും ചെയ്യുന്ന ആ നാളിനെക്കുറിച്ച് അവരെ താക്കീതു ചെയ്യുക.’ (14: 48) വിളിയാളനെ പിന്തുടരലും സൃഷ്ടികള്‍ അല്ലാഹുവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടലും രണ്ടാമത്ത കാഹളമൂത്തിന് ശേഷമാണ്. (തുടരും)

മൊഴിമാറ്റം: നസീഫ്‌

അന്ത്യദിനത്തിലെ കാഴ്ച്ചകള്‍
അതിക്രമികള്‍ക്കായി ഒരുക്കപ്പെട്ട നരകം

Related Articles