Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ മഹത്വം വിളിച്ചോതുന്ന ദിനം

plain.jpg

‘ആകാശഭൂമികള്‍ക്കും അവക്കിടയിലുള്ള സകല വസ്തുക്കള്‍ക്കും ഉടയവനാരോ, ആരുടെ മുമ്പില്‍ യാതൊരുത്തര്‍ക്കും സംസാരിക്കാന്‍ അധികാരമില്ലയോ, ആ ദയാപരനായ നാഥങ്കല്‍നിന്ന്. റൂഹും മലക്കുകളും അണിയണിയായി നിലകൊള്ളും നാളില്‍ ആ കരുണാവാരിധി അനുമതി കൊടുക്കുകയും, ശരിയായത് പറയുകയും ചെയ്യുന്നവനല്ലാതെ യാതൊരാളും സംസാരിക്കുന്നതല്ല.’

മുമ്പ് വന്നിട്ടുള്ള ‘മിന്‍ റബ്ബിക’ (നിന്റെ നാഥനില്‍ നിന്നുള്ള) എന്നതിലെ നാഥന്റെ വിശേഷണമായിട്ടാണ് ഈ സൂക്തം എന്നതാണ് പ്രബലമായ അഭിപ്രായം. ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചതും പരിപാലിക്കുന്നതും അവനാണ്. അതിലെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുമെല്ലാം വളരെ വ്യവസ്ഥാപിതമായി അവന്‍ നിയന്ത്രിക്കുന്നു. സമാനമായ ആശയത്തെ കുറിക്കുന്ന നിരവധി സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാം: ‘ആകാശത്ത് കോട്ടകളുണ്ടാക്കുകയും അതിലൊരു ദീപവും ശോഭിക്കുന്ന ചന്ദ്രനും സ്ഥാപിക്കുകയും ചെയ്തവന്‍ മഹത്തായ അനുഗ്രഹമുടയവനല്ലോ.’ (അല്‍-ഫുര്‍ഖാന്‍: 61)
‘അല്ലാഹു ഭൂമിയെ നിങ്ങള്‍ക്കു വിരിച്ചുതന്നിരിക്കുന്നുനിങ്ങളതില്‍ തുറന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടതിന്.’ (നൂഹ്: 19, 20)

ഈ മഹാസൃഷ്ടികളെയെല്ലാം സംവിധാനിച്ച മഹാനായ നാഥന്‍ പറയുന്നത് കാണുക: ‘ആകാശത്തെ നാം നമ്മുടെ ശക്തിയാല്‍ സൃഷ്ടിച്ചു. നമുക്കതിനു കഴിവുണ്ട്. ഭൂമിയെ നാം വിസ്തൃതമാക്കി. നാം എത്ര നന്നായി വിതാനിക്കുന്നവന്‍!’ (അദ്ദാരിയാത്: 47-48) അങ്ങേയറ്റത്തെ കാരുണ്യത്തിനുടമയാണവന്‍. മുഴുവന്‍ സൃഷ്ടികളെയും അത് ചൂഴ്ന്ന് നില്‍ക്കുന്നു. വിശ്വാസിക്കെന്ന പോലെ അവനെ നിഷേധിക്കുന്നവര്‍ക്കും അവന്‍ വിഭവങ്ങള്‍ നല്‍കുന്നു. സുകൃതവാന്‍മാരെയും തെമ്മാടികളെയും അവന്‍ അനുഗ്രഹിക്കുന്നു. അവന്റെ സൂരനും ചന്ദ്രനും ഉദിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. മഴവര്‍ഷിപ്പിക്കുന്നതും അപ്രകാരം തന്നെ. അതില്‍ നിന്നുണ്ടാവുന്ന വൃക്ഷലതാദികളില്‍ നിന്ന് എല്ലാവരെയും അവന്‍ ഭക്ഷിപ്പിക്കുന്നു. അവര്‍ക്കും അവരുടെ കാലികള്‍ക്കും വിഭവമായിട്ടാണത്.

കാരുണ്യവാനായ ആ നാഥന്റെ മുന്നില്‍ അനുമതി ലഭിച്ചവര്‍ക്ക് മാത്രമേ എന്തെങ്കിലും ചോദിക്കാനാവൂ. അല്‍-കസാഇ പറയുന്നത് കാണുക: അവന്റെ അനുമതി ലഭിച്ചവര്‍ക്കല്ലാതെ അവിടെ ശിപാര്‍ശ ചെയ്ത് സംസാരിക്കാനാവില്ല. അല്ലാഹു മറ്റൊരിടത്തത് വ്യക്തമാക്കുന്നു: ‘അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്?’ (അല്‍-ബഖറ: 255) ഇത് നിഷേധികളെ പ്രത്യേകമായി ഉദ്ദേശിച്ചുള്ളതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും വേണ്ടി ശിപാര്‍ശ ചെയ്യാന്‍ സംസാരിക്കാനുള്ള അനുവാദം അവര്‍ക്കുണ്ടാവില്ല. നരകാവകാശിയായി ശിക്ഷക്ക് പാത്രമായ ഒരാളെങ്ങനെയാണ് ശിപാര്‍ശ ചെയ്യുന്നത്? അല്ലാഹു പറയുന്നു: ‘അന്ന് ശിപാര്‍ശ ഫലപ്പെടുകയില്ല; കരുണാവാരിധിയായ അല്ലാഹു ആര്‍ക്കെങ്കിലും അതിനനുമതിയരുളുകയും അവന്റെ വാക്ക് അല്ലാഹു തൃപ്തിപ്പെടുകയും ചെയ്താലല്ലാതെ.’ (താഹാ: 109)

‘സംസാരം അവനില്‍ നിന്ന് ആരും അധീനപ്പെടുത്തില്ല’ എന്നതിലൂടെ അല്ലാഹുവിന്റെ റുബൂബിയത്ത് ശക്തമായി ആണയിട്ടുറപ്പിക്കുകയാണ്. അവന്റെ മഹത്വത്തെയും ഔന്നിത്യത്തെയുമാണത് കുറിക്കുന്നത്. രക്ഷാശിക്ഷകള്‍ നിര്‍ണയിക്കുന്നതില്‍ അവന്റെ മേല്‍ യാതൊരുവിധ കഴിവോ ശക്തിയോ ഇല്ലെന്ന് പറഞ്ഞ് അവന്റെ പരമാധികാരമാണത് എടുത്ത് പറയുന്നത്. ആകാശ ഭൂമികളിലുള്ള ആര്‍ക്കും സ്വന്തം നിലക്ക് അല്ലാഹുവോട് സംസാരിക്കാനുള്ള അവകാശമുണ്ടാവില്ല. അല്ലാഹുവിന്റെ അനുമതിയില്ലാതെ ശിക്ഷയില്‍ ഇളവോ അല്ലെങ്കില്‍ പ്രതിഫലത്തില്‍ വര്‍ധനവോ ആവശ്യപ്പെട്ട് അവനോട് സംസാരിക്കാനുള്ള ശേഷി ആര്‍ക്കും ഉണ്ടാവുകയില്ലെന്ന് ഉദ്ദേശ്യം.

റൂഹും മലക്കുകളും അണിയണിയായി നിലകൊള്ളും നാള്‍
ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള റൂഹ് ആരാണെന്നതില്‍ മുഫസ്സിറുകള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. റൂഹ് കൊണ്ടുദ്ദേശിക്കുന്നത് നബി(സ)ക്ക് ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ വഹ്‌യിന്റെ ചുമതലക്കാരനായി അല്ലാഹു തെരെഞ്ഞെടുത്ത ജിബ്‌രീലാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജിബ്‌രീലിനെ അല്ലാഹു തന്നെ ‘റൂഹുല്‍ അമീന്‍’ വിളിച്ചതായി കാണാം. ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക: ‘ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു. അതുമായി റൂഹുല്‍ അമീന്‍ (ജിബ്‌രീല്‍) നിന്റെ ഹൃദയത്തിന്മേലിറങ്ങി, നീ താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍.’ (അശ്ശുഅറാഅ്: 193-195) സൂറത്തുല്‍ ഖദ്‌റിലും അതിനെ കുറിച്ച പരാമര്‍ശം കാണാം: ‘അതില്‍ മലക്കുകളും റൂഹും അവരുടെ നാഥന്റെ അനുമതിയോടെ സമസ്ത സംഗതികളുടെയും വിധിയും കൊണ്ടിറങ്ങിവരുന്നു.’ (അല്‍-ഖദ്ര്‍ : 4) ഇവിടെയും റൂഹ് കൊണ്ടുദ്ദേശിക്കുന്നത് ജിബ്‌രീലാണ്.

അന്ത്യദിനത്തിന്റെയും വിധിദിനത്തിന്റെയും സകല സൃഷ്ടികളെയും വിചാരചെയ്യുന്ന ദിനത്തിന്റെയും സവിശേഷതയായി പറഞ്ഞിട്ടുള്ളതാണ് വഹ്‌യിന്റെ വാഹകനായ ജിബ്‌രീല്‍ എന്ന മലകിന്റെ സാന്നിധ്യം ഉണ്ടാവുമെന്നുള്ളത്. അല്ലാഹുവിന്റെ മഹാ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍(സ)യിലേക്ക് ഇറക്കിയത് അദ്ദേഹം മുഖാന്തിരമാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു: ‘യഥാര്‍ഥത്തില്‍ ഇത് ഒരു മഹാനായ ദൂതന്റെ വചനമാകുന്നു. അതിശക്തന്‍, സിംഹാസനമുടയവന്റെ സന്നിധിയില്‍ ഉന്നതസ്ഥാനീയന്‍. അവിടെ അവന്റെ ആജ്ഞ അനുസരിക്കപ്പെടുന്നു. വിശ്വസ്തനുമാകുന്നു.’ (അത്തക്‌വീര്‍: 19-21)

ജിബ്‌രീലും ആദരണീയരായ മലക്കുകളും നില്‍ക്കുന്ന ദിവസമാണത്. ആകാശ ഭൂമികളിലെ അല്ലാഹുവിന്റെ സൈന്യമാണവര്‍. അല്ലാഹുവല്ലാത്ത മറ്റാര്‍ക്കും അവരെ കുറിച്ചറിയില്ല. ഒന്നും സംസാരിക്കാതെ നിശ്ശബ്ദരായി ജിബ്‌രീലിനൊപ്പം അവരും അണിനിരത്തപ്പെടും. കാരുണ്യവാന്റെ അനുമതി ലഭിച്ചവര്‍ മാത്രമേ അവിടെ സംസാരിക്കുയുള്ളൂ, സംസാരിക്കുന്നത് ശരിയുമായിരിക്കും.

അതായത് അവിടെ സംസാരിക്കുന്നതിന് രണ്ട് നിബന്ധനകളുണ്ടാവുമെന്ന് ചുരുക്കം. സംസാരിക്കാന്‍ അനുമതി ലഭിക്കുക എന്നതാണ് ഒന്നാമത്തെ ഉപാദി. കാരണം അവന്റെ അനുമതിയോട് കൂടി മാത്രം സംസാരിക്കുന്ന ദിനമാണത്. പറയുന്നത് ശരിയായിരിക്കണം എന്നതാണ് രണ്ടാമത്ത നിബന്ധന. ശിപാര്‍ശക്ക് അര്‍ഹനായ ആള്‍ക്ക് വേണ്ടിയാവണം ശിപാര്‍ശ എന്ന പോലെ നേരായ കാര്യങ്ങളായിരിക്കണം പറയേണ്ടതെന്ന് സാരം. അല്ലാഹു പറയുന്നു: ‘അവര്‍ ആര്‍ക്കും ശിപാര്‍ശ ചെയ്യുകയില്ല; ആര്‍ക്കുവേണ്ടി ശിപാര്‍ശ കേള്‍ക്കാന്‍ അല്ലാഹു തൃപ്തിപ്പെടുന്നുവോ അവര്‍ക്കു വേണ്ടിയല്ലാതെ.’ (അല്‍-അമ്പിയാഅ്: 28) അല്ലാഹുവില്‍ പങ്കുചേര്‍ത്തവര്‍ക്ക് വേണ്ടിയുള്ള ശിപാര്‍ശ അവന്‍ തൃപ്തിപ്പെടില്ല. അല്ലാഹു പറയുന്നു: ‘അക്രമികള്‍ക്ക് ഉറ്റ ചങ്ങാതിമാരാരുമുണ്ടായിരിക്കുകയില്ല. വാക്കുമാനിക്കപ്പെടുന്ന ശിപാര്‍ശകനും ഉണ്ടായിരിക്കുകയില്ല.’ (ഗാഫിര്‍ : 18) അല്ലാഹു പറയുന്നു: ‘അന്നേരം ശിപാര്‍ശകരുടെ ശിപാര്‍ശയൊന്നും അവര്‍ക്കൊരു ഗുണവും ചെയ്യുകയില്ല.’ (അല്‍-മുദ്ദസിര്‍: 48)

അല്ലാഹുവിനോട് വളരെ അടുത്ത ജിബ്‌രീലിന്റെയും ആദരണീയരായ മലക്കുകളുടെയും അവസ്ഥ ഇതാണെങ്കില്‍, എന്തായിരിക്കും മറ്റുള്ളവരുടെ കാര്യം? മനുഷ്യരെല്ലാം ലോകനാഥന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന മഹാദിനമാണത്. (തുടരും)

മൊഴിമാറ്റം : നസീഫ്

മുത്തഖികള്‍ക്കുള്ള പ്രതിഫലം
അന്ത്യദിനത്തിനായുള്ള മുന്നൊരുക്കം

Related Articles