QuranThafsir

സര്‍വലോകങ്ങളുടെയും രക്ഷിതാവ്

സര്‍വലോകങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വം കൊണ്ടുദ്ദേശിക്കുന്നതെന്താണ്? സര്‍വ്വ സ്തുതിയുടയവനായ അല്ലാഹു ഇവിടെ ‘സര്‍വലോക രക്ഷിതാവ്’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ‘റബ്ബ്’ എന്ന പദത്തിന് ഉടമസ്ഥന്‍, യജമാനന്‍, പരിപാലകന്‍, വളര്‍ത്തുന്നവന്‍ എന്നെല്ലാമാണര്‍ത്ഥം. സര്‍വലോകങ്ങളുടെയും കാര്യത്തില്‍ ഈ വിശേഷണങ്ങളെല്ലാം അവനര്‍ഹിച്ചതു തന്നെ.

‘ആലമൂന്‍’ എന്ന പദത്തിന്റെ രണ്ടര്‍ത്ഥങ്ങള്‍
ഒന്നാമത്തെ അര്‍ത്ഥം: ഈ മഹാ പ്രപഞ്ചം മുഴുക്കെ ഉള്‍പ്പെടുന്ന ലോകങ്ങള്‍. ഫിര്‍ഔന്‍ മൂസയോട് ചോദിച്ചത് പോലെ: ‘ഫിര്‍ഔന്‍ ചോദിച്ചു: `ഈ സര്‍വലോക രക്ഷിതാവ് എന്താണ്? മൂസാ മറുപടി കൊടുത്തു: `വാനലോകങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ള സകലത്തിന്റെയും നാഥന്‍നിങ്ങള്‍ ബോധ്യപ്പെടുന്നവരാണെങ്കില്‍. ഫറവോന്‍ തന്റെ ചുറ്റുമുള്ളവരോട് ചോദിച്ചു: `കേള്‍ക്കുന്നില്ലയോ?` മൂസാ പറഞ്ഞു: `നിങ്ങളുടെയും നിങ്ങളുടെ ആദിപിതാക്കളുടെയും നാഥന്‍. ഫിര്‍ഔന്‍ (സഭാവാസികളോട്) പറഞ്ഞു: `നിങ്ങളിലേക്ക് നിയുക്തനായ ഈ ദൈവദൂതന്‍ മുഴുത്ത ഭ്രാന്തന്‍ തന്നെ.` മൂസാ പറഞ്ഞു: `ഉദയാസ്തമയ സ്ഥാനങ്ങളുടെയും അവക്കിടയിലുള്ള അഖിലത്തിന്റെയും നാഥന്‍ നിങ്ങള്‍ക്കു ബുദ്ധിയുണ്ടെങ്കില്‍.’ (അശുഅറാഅ്; 23/ 28)

അതായത് അല്ലാഹു സര്‍വലോകങ്ങളുടെ രക്ഷിതാവാകുന്നു എന്നു പറയുമ്പോള്‍ അതിന്റെ ആശയമിതാണ്: ആകാശഭൂമികളും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവാകുന്നു അവന്‍. നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും രക്ഷാകര്‍ത്താവും അവന്‍ തന്നെ. മാത്രമല്ല, മനുഷ്യലോകം, ജന്തുലോകം സസ്യലോകം സമുദ്രലോകം, പര്‍വ്വത ലോകം, വാന ലോകം, ജിന്നു ലോകം, മാലാഖമാരുടെ ലോകം അതല്ലാത്ത മറ്റേതൊക്കെ ലോകങ്ങളുണ്ടോ അവയുടെയെല്ലാം രക്ഷിതാവ് അല്ലാഹുവാകുന്നു.

മേല്‍ പറയപ്പെട്ട ലോകങ്ങളില്‍ ഓരോന്നും വ്യത്യസ്ത ലോകങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. ഉദാഹരണത്തിന് ജന്തു ലോകമെടുക്കാം. വന്യ മൃഗങ്ങള്‍, പക്ഷികള്‍, പ്രാണികള്‍ ഇഴജന്തുക്കള്‍, ഉരഗവര്‍ഗങ്ങള്‍, ജലജീവികള്‍ തുടങ്ങിയവയെല്ലാം ജന്തുലോകത്തില്‍ വിവിധ ലോകങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്.
രണ്ടാമത്തെ അര്‍ത്ഥം: ബുദ്ധിയും, ധിഷണയും വിവേകവുമുള്ള അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യരെയാണത് കൊണ്ടര്‍ത്ഥമാക്കുന്നത്. അതിനെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറയുന്നു: ‘തന്റെ ദാസന്ന്, അദ്ദേഹം ലോകര്‍ക്കൊക്കെയും മുന്നറിയിപ്പുകാരനായിരിക്കാന്‍ (സത്യാസത്യങ്ങള്‍ മാറ്റുരച്ച് വേര്‍തിരിക്കുന്ന) ഈ ഫുര്‍ഖാന്‍ അവതരിപ്പിച്ചു കൊടുത്തവന്‍’ (അല്‍ഫുര്‍ഖാന്‍ : 1)

‘നീയോ, ഈ സേവനത്തിന്റെ പേരില്‍ അവരോട് യാതൊരു വേതനവും തേടുന്നില്ല. ഇതാവട്ടെ, ലോകര്‍ക്കൊക്കെയുമുള്ള ഉദ്‌ബോധനം മാത്രമാകുന്നു.’ (യൂസുഫ്: 104)
‘പ്രവാചകാ, ലോകര്‍ക്ക്  അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്’ (അല്‍ അമ്പിയാഅ്: 107)

ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന സാര്‍വലൗകികത
ഈ സൂക്തത്തിലൂടെ വിശുദ്ധ ഖുര്‍ആന്‍ ദൈവനാമത്തിന്റെ പ്രാരംഭത്വത്തിന് തൊട്ടുടനെയായി അതിനെ സാര്‍വലൗകിക സന്ദേശമാണ് പ്രസരിപ്പിക്കുന്നത്. ഈ പ്രയോഗം (സര്‍വ്വലോകങ്ങളുടെയും രക്ഷിതാവ്) വംശീയവും, ഗോത്രപരവും, പ്രാദേശികവാദപരവുമായ സകല സങ്കുതിത്വങ്ങളും നിരാകരിക്കുന്നുണ്ട്. അതേയവസരത്തില്‍ തൗറാത്തില്‍ ‘റബ്ബ്’ എന്നതിന് ഇസ്രായേല്യരുടെ ‘നാഥന്‍’ എന്നോ സൈന്യത്തിന്റെ ‘നാഥന്‍’ എന്നുമാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
    
ഖുര്‍ആന്റെ പ്രാരംഭ അധ്യായമായ ‘ഫാത്വിഹ’യില്‍ അംഗീകരിച്ചുറപ്പിച്ച അതേ കാര്യം തന്നെയാണ് അവസാന അധ്യായമായ ‘സൂറത്തുന്നാസി’ല്‍ കൂടുതല്‍ ഊന്നിപ്പറയുന്നത്: അതിപ്രകാരമാണ്. ‘പ്രാര്‍ഥിക്കുക: മനുഷ്യരുടെ വിധാതാവിനോട് ഞാന്‍ ശരണം തേടുന്നു; മനുഷ്യരുടെ രാജാവിനോട്, മനുഷ്യരുടെ യഥാര്‍ഥ ദൈവത്തോട്, ആവര്‍ത്തിച്ചാവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കുന്ന ദുര്‍ബോധകന്റെ ദ്രോഹത്തില്‍ നിന്ന്. മനുഷ്യമനസ്സുകളില്‍ ദുര്‍ബോധനം ചെയ്യുന്നവരുടെ ദ്രോഹത്തില്‍ നിന്ന് അവര്‍ ജിന്നുകളില്‍ പെട്ടവരാവട്ടെ, മനുഷ്യരില്‍ പെട്ടവരാവട്ടെ’ (അന്നാസ്: 1 : 6)
ഖുര്‍ആനില്‍ ‘സര്‍വ്വലോകങ്ങളുടെയും രക്ഷിതാവ്’ (رب العالمين) എന്ന വാചകം 34 തവണ ആവര്‍ത്തിച്ചിട്ടുണ്ട്.

ഖുര്‍ആനില്‍ ‘ഹംദി’ന്റെ ആവര്‍ത്തനം
സൂറത്തുല്‍ ഫാതിഹയില്‍ പൂര്‍ണ്ണമായ ഒരു സൂക്തമായി വന്ന ഈ വചനം ഖുര്‍ആനില്‍ പലയിടങ്ങളില്‍ സൂക്തത്തിന്റെ ഭാഗമായും വന്നിട്ടുണ്ട്. ഈ വചനത്തില്‍ ഉള്ളത് പോലെ: ‘അക്രമം പ്രവര്‍ത്തി ച്ച ആ ജനം അങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടു. സര്‍വലോകനാഥനായ അല്ലാഹുവിനു സ്തുതി. (എന്തെന്നാല്‍ അവന്‍ അവരുടെ മുരടറുത്തുകളഞ്ഞു.) ‘ (അല്‍ അന്‍ആം: 45)
സ്വര്‍ഗവാസികളെക്കുറിച്ച് അല്ലാഹു പറയുന്നു:
‘അല്ലാഹുവേ നീ എത്രയും പരിശുദ്ധന്‍ ഇതാണ് അവിടെ അവരുടെ കീര്‍ത്തനം. സലാം! ഇതാണവരുടെ അഭിവാദ്യം. അവരുടെ സകല സംഗതികളുടെയും പര്യവസാനം സര്‍വസ്തുതിയും ലോകനാഥനായ അല്ലാഹുവിനു മാത്രമാകുന്നു എന്ന വചനത്തിലായിരിക്കും’. (യൂനുസ്: 10)
‘നിങ്ങള്‍ കീഴ്‌വണക്കം അവനു മാത്രമാക്കിക്കൊണ്ട് പ്രാര്‍ഥിക്കുവിന്‍. സകല സ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിനുമാത്രം.’ (ഗാഫിര്‍ : 65)
‘മലക്കുകള്‍ ദൈവിക സിംഹാസനത്തിനു ചുറ്റും അണിനിരന്ന് റബ്ബിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്നതായി നിനക്ക് കാണാം. ജനത്തിനിടയില്‍ നീതിപൂര്‍വം വിധി പ്രസ്താവിക്കപ്പെടുന്നു. സര്‍വലോക നാഥനായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും എന്ന് വിളിച്ചു പറയപ്പെടുന്നു’. (സുമര്‍: 75)
മറ്റ് ചില സൂക്തങ്ങളിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്.
‘അവനാകുന്നു ഏകനായ അല്ലാഹു. അവനെ കൂടാതെ ഇബാദത്തിന് അര്‍ഹനായി ആരുമില്ല. സ്‌തോത്രം അവന്നു മാത്രമുള്ളതാകുന്നു.’ (ഖസസ്: 70)
‘വാനലോകങ്ങളിലും ഭൂമിയിലും സ്‌തോത്രം അവനു മാത്രം അവകാശപ്പെട്ടതാകുന്നു. മൂന്നാം യാമത്തിലും നിങ്ങള്‍ക്ക് മധ്യാഹ്നമാകുമ്പോഴും (അവനെ വാഴ്ത്തുവിന്‍)’ (റൂം: 18)
‘ആകാശഭൂമികളിലുള്ള വസ്തുക്കള്‍ക്കൊക്കെയും ഉടയവനായ അല്ലാഹുവിനത്രെ സര്‍വസ്തുതിയും. പരത്തിലും അവന് തന്നെയാകുന്നു സ്തുതി.’ (സബഅ്: 1)
‘ആകയാല്‍, വാനലോകത്തിന്റെയും ഭൂമിയുടെയും ഉടയവനും സര്‍വലോകരുടെയും വിധാതാവുമായ അല്ലാഹുവിനല്ലോ സകല സ്തുതിയും.’ (ജാസിയ: 36)
‘അല്ലാഹുവിനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാകുന്നു, ആകാശങ്ങളിലുള്ള സകലവസ്തുക്കളും; ഭൂമിയിലുള്ള വസ്തുക്കളും. രാജത്വം അവന്റേതു മാത്രമാകുന്നു. സര്‍വസ്തുതിയും അവനുതന്നെ'(തഗാബുന്‍: 1) (തുടരും)

വിവ : ഷംസീര്‍ എ.പി

സര്‍വസ്തുതിയും അല്ലാഹുവിന്
പരമകാരുണികനും പ്രതിഫലദിനത്തിന്റെ ഉടമസ്ഥനും

Facebook Comments

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker