Quran

യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ -5

ഫലസ്ത്വീനിലേക്കാണ് യഅ്ഖൂബ്(അ)ഉം കുടുംബവും തിരിച്ചത്. അവിടെയായിരുന്നല്ലോ അദ്ദേഹത്തിന്റെ പിതാവ് ഉണ്ടായിരുന്നത്. വഴിയില്‍ ലബനാന്റെ കിഴക്ക് ഭാഗത്തുള്ള ശുഹൈം എന്ന ഗോത്രത്തിനരികിലൂടെ അവര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നു. അതിന്റെ നേതാവില്‍ നിന്നും യഅ്ഖൂബ് നബി ഒരു കൃഷിയിടം 100 ആട്ടിന്‍ കുട്ടികളെ നല്‍കി വാങ്ങി. അവിടെ അവര്‍ തമ്പടിക്കുകയും തന്റെ കുടുംബത്തെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ശുഹൈം ഗ്രാമക്കാര്‍ വിഗ്രഹാരാധകരായിരുന്നു. യഅ്ഖൂബ് നബിയുടെ മകളില്‍ ആകൃഷ്ഠനായ ഗോത്രമുഖ്യന്‍ അവളെ ബലം പ്രയോഗിച്ച് തന്റെ കൂടാരത്തിലേക്ക് കൊണ്ട് പോയി. ശേഷം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വന്ന് യഅ്ഖൂബ്(അ)ന്റെ മകളെ വിവാഹാലോചന നടത്തി. യഅ്ഖൂബ്(അ) തന്റെ മനസ്സിലുള്ള ദേഷ്യം പ്രകടിപ്പിക്കാതെ അവരോട് സമ്മതം മൂളി. മുസ്‌ലിങ്ങളുടെ ആചാരമനുസരിച്ച ചേലാകര്‍മ്മം നടത്തണമെന്ന നിബന്ധനയും അദ്ദേഹം അവരുടെ മുമ്പില്‍ വെച്ചു. അവരത് അംഗീകരിച്ചു. അവര്‍ ചേലാര്‍മ്മം നടത്തിയതിന്റെ മൂന്നാം നാള്‍ അല്ലാഹു അവര്‍ക്ക് ലിംഗത്തില്‍ രോഗമുണ്ടാക്കുകയും അസഹ്യമായ വേദന അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു. ശേഷം യഅ്ഖൂബ്(അ) മക്കളും അവരുടെ കഥകഴിക്കുകയും ചെയ്തു.

അല്ലാഹു മുമ്പ് തനിക്ക് കാണിച്ച് തന്ന സ്വപനത്തിന്റെ സാക്ഷാല്‍ക്കാരത്തിന്നായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാണ്. അദ്ദേഹം ഇപ്പോള്‍ ബൈത്തുല്‍ മുഖദ്ദസ് സ്ഥിതി ചെയ്യുന്നിടത്തേക്ക് പുറപ്പെട്ടു. മുമ്പ് കിടന്നുറങ്ങിയ സ്ഥലത്ത് അദ്ദേഹം ഒരു ബലിക്കല്ല് സ്ഥാപിച്ചു. അതിന് ഏല്‍ ഇസ്രയേല്‍ അഥവാ ഇസ്രയേലിന്റെ ദൈവം എന്ന പേര് നല്‍കി. അദ്ദേഹത്തിന് ശേഷം സുലൈമാന്‍, ദാവൂദ്(അ) പ്രവാചകന്‍മാരുടെ കാലത്ത് അത് പുതുക്കി പണിയപ്പെട്ടു. ഇസ്‌ലാമിക കാലത്ത് അത് മസ്ജിദുല്‍ അഖ്‌സയായി പണിതീര്‍ത്തു. ആ സ്ഥലമാണ് ഇന്ന് ബൈത്തുല്‍ മുഖദ്ദസ് എന്നറിയപ്പെടുന്നത്. ജൂതര്‍, ക്രൈസ്തവര്‍, മുസ്‌ലിങ്ങള്‍ എന്നിവരുടെ ഖിബ്‌ലയായിത്തീര്‍ന്നു അത്.

ഇസ്രയേല്‍ പ്രവാചകന്റെ താമസസ്ഥലം
ശുഹൈം ഗോത്രവുമായി പ്രശ്‌നമുണ്ടായതിന് ശേഷം ഇസ്രയേല്‍ പ്രവാചകന്‍ ഖുദ്‌സിന്റെ പ്രദേശത്ത് അധികം താമസിച്ചില്ല. ഇബ്രാഹീം(അ) താമസിച്ച, ഇപ്പോള്‍ ഇസ്ഹാഖ്(അ) താമസിക്കുന്ന പ്രദേശത്തേക്ക് അദ്ദേഹം യാത്രയായി. പ്രായമായ പിതാവിനെ പരിചരിക്കാനും അദ്ദേഹത്തിന് നന്മ ചെയ്യാനുമായിരുന്നു അത്. ശേഷം ഇസ്ഹാഖ്(അ) രോഗിയാവുകയും മരണപ്പെടുകയും ചെയ്തു. ഇബ്രാഹീം പ്രവാചകന്റെ ഖബറിനോട് ചേര്‍ന്ന് തന്നെ അദ്ദേഹം മറവ് ചെയ്യപ്പെട്ടു.

ബിന്‍യാമീന്റെ ജനനം
ഫിലസ്ത്വീനില്‍ ഇസ്രയേല്‍ പ്രവാചകന്റെ ഏക സന്താനമാണ് ബിന്‍യാമീന്‍. യഅ്ഖൂബ് നബിയുടെ 12 സന്താനങ്ങളില്‍ അവസാനത്തെതായിരുന്നു അവന്‍. അദ്ദേഹത്തിന്റെ മാതാവ് റാഹീല്‍ പ്രസവസന്ദര്‍ഭത്തിലാണ് മരണപ്പെട്ടതെന്ന് അഹ്‌ലുല്‍ കിതാബുകാര്‍ വാദിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അപ്രകാരമല്ല സംഭവിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു ‘പിന്നീട് അവരെല്ലാം യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചു. യൂസുഫ് തന്റെ മാതാപിതാക്കളെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തി.’ യൂസുഫ് 99
യൂസുഫ് ഭരണാധികാരിയായി തിരിച്ച് വരുമ്പോള്‍ അദ്ദേഹത്തിന്റെ മാതാവും ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് ആയത്ത് സൂചിപ്പിക്കുന്നുവല്ലോ.

അസ്ബാത്വ്
അസ്ബാത്വ് എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് ആരെയാണെന്ന് മുസ്‌ലിങ്ങള്‍ അനിവാര്യമായും അറിയേണ്ടിയിരിക്കുന്നു. കാരണം ഇസ്രയേല്‍ പരമ്പരയില്‍ നിന്നും ഉടലെടുത്ത് പ്രത്യേക ജനവിഭാഗമാണ് യഹൂദികള്‍ എന്ന് ്മുസ്‌ലിങ്ങളില്‍ തന്നെ ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇസ്രയേല്‍ സമൂഹം എന്നത് കഴിഞ്ഞ് പോയ ഉമ്മത്താണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. ‘അത് കഴിഞ്ഞുപോയ ജനസമുദായം. അവരുടെ കര്‍മഫലം അവര്‍ക്ക്. നിങ്ങള്‍ സമ്പാദിച്ചത് നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല.’ അല്‍ ബഖറ: 141

എന്നാല്‍ യഹൂദരാവട്ടെ ഇന്നും ഭൂമിക്ക് മുകളില്‍ അലഞ്ഞ് നടക്കുകയും ചെയ്യുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച അസ്ബാത്വ് എന്ന പദം യഅ്ഖൂബ് നബിയുടെ സന്താനങ്ങളെയാണ് കുറിക്കുന്നത്. അവര്‍ 12 പേരായിരുന്നു. അവരില്‍ പ്രവാചകനായ യൂസുഫിന്റെ നാമം മാത്രമാണ് ഖുര്‍ആന്‍ ഉദ്ധരിച്ചത്. ഈ അസ്ബാത്വുകളിലേക്ക് വംശപരമായി ചേരുന്നവരാണ് ബനൂ ഇസ്രയേല്‍ എന്നറിയപ്പെടുന്നത്. ഇത് വളരെ സുപ്രധാനമായ ഒരു യാഥാര്‍ത്ഥ്യമാണ്.
യഅ്ഖൂബ്(അ) തന്റെ മകനായ യൂസുഫിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കാരണം ചെറുപ്രായത്തില്‍ തന്നെ അവനില്‍ പ്രവാചകത്വ ലക്ഷണവും നന്മയും അദ്ദേഹം ദര്‍ശിച്ചിരുന്നു. അവന്റെ ഉമ്മ റാഹീലിനെ മറ്റ് ഭാര്യമാരെക്കാളും അദ്ദേഹം സ്‌നേഹിക്കുകയും ചെയ്തു. അത് പോലെത്തന്നെ റാഹീലില്‍ തനിക്ക് ജനിച്ച ബിന്‍യാമീനെയും അദ്ദേഹത്ത് വലിയ ഇഷ്ടമായിരുന്നു.
അതിനാല്‍ തന്നെ മറ്റ് സഹോദരന്മാര്‍ക്ക് അവരോട് അമര്‍ഷം തോന്നി. അവര്‍ ഗുഢാലോചന നടത്തിയതിന് ശേഷം യൂസുഫിനെ കിണറ്റിലെറിഞ്ഞു. ഈജിപ്തിലേക്ക് പോവുകയായിരുന്ന യാത്രാസംഘത്തിന്റെ കയ്യില്‍ അകപ്പെട്ട അദ്ദേഹം ഈജിപ്തിലെ അടിമച്ചന്തയില്‍ വില്‍ക്കപ്പെട്ടു.
ഈജിപ്തിലെ മന്ത്രിയോ, ഖജനാവ് സൂക്ഷിപ്പ്കാരനോ, പ്രധാനമന്ത്രിയോ ആയ ഇത്വ്ഫീര്‍ ബിന്‍ റുവൈഹിബ് ആണ് അദ്ദേഹത്തെ വാങ്ങിയത്.

20 സ്വര്‍ണ്ണനാണയമായിരുന്നു വിലയായി നിശ്ചയിച്ചത്. തന്റെ ഭാര്യയായ റാഈല്‍(സുലൈഖ) യുടെ അടുത്തേക്ക് മന്ത്രി അവനെ കൊണ്ട് വന്നു. അതിഥിയെ സ്വീകരിക്കാനും വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അദ്ദേഹം ഭാര്യയോട് നിര്‍ദ്ദേശിച്ചു. അക്കാലത്തെ ഈജിപ്ഷ്യന്‍ രാജാവിന്റെ സഹോദരിയുടെ മകളായിരുന്നു അവര്‍. സന്താനമില്ലാത്ത തനിക്ക് ദൈവം നല്‍കിയ അനുഗ്രമായായിട്ടായിരുന്നു അദ്ദേഹമവനെ കണ്ടത്. അവള്‍ തന്റെ യൗവനത്തില്‍ അതീവ സുന്ദരിയായിരുന്നുവത്രെ. പ്രായമേറെയുള്ള മന്ത്രിയെക്കൊണ്ട് രാജാവ് അവളെ വിവാഹം കഴിപ്പിച്ചു. പ്രായവും രോഗവും കാരണത്താല്‍ ഭാര്യയുടെ വൈകാരികയമായ ആവശ്യം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ സുന്ദരനായ യൂസുഫിനെ കണ്ടതോടെ അവരുടെ വികാരം ഉണരുകയാണുണ്ടായത്. കൂടാതെ യൂസുഫിനും അവര്‍ക്കുമിടയില്‍ വലിയ പ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.
അതിനാല്‍ സുലൈഖ എല്ലാം തീരുമാനിച്ചുറച്ച് ഒരു ദിവസം അണിഞ്ഞൊരുങ്ങി. അടിമകളെയും വേലക്കാരെയും കൊട്ടാരത്തിന് വെളിയിലാക്കി കതകടച്ചു. യൂസുഫിനെ താല്‍പര്യപൂര്‍വ്വം ക്ഷണിച്ചു. അല്ലാഹുവിന്റെ ദൂതനായ യൂസുഫ് ക്ഷണം നിരസിച്ചു. തന്റെ കേവലം ഒരു അടിമയായ യൂസുഫ് തന്റെ ആവശ്യം നിരസിക്കുകയോ! അവര്‍ക്ക് കോപം വന്നു. രാജാവിന്റെ സഹോദരി പുത്രിയായ, മന്ത്രിയുടെ സഹധര്‍മ്മിണിയായ ഇവര്‍ തന്നെ എന്ത് ചെയ്യാനും ധൈര്യം കാണിക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പുറത്തേക്കോടി. അപ്പോഴവള്‍ അദ്ദേഹത്തെ പിന്നില്‍ നിന്നും വലിക്കുകയും വസ്ത്രത്തിന്റെ പിന്‍ഭാഗം കീറുകയും ചെയ്തു. പിന്നാലെ ഓടിയ സുലൈഖ കുറച്ചകലെ വാതിലില്‍ തന്റെ ഭര്‍ത്താവ് നില്‍ക്കുന്നത് കണ്ടതോടെ തന്ത്രം മാറ്റി. യൂസുഫ് തന്നെക്കൊണ്ട് അശ്ലീലം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചുവെന്ന് അവരദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. യൂസുഫ്(അ) അക്കാര്യം നിഷേധിച്ചു. അവളുടെ തന്നെ കുടുംബത്തില്‍ പെട്ട ഒരാളുടെ അടുത്തേക്കാണ് പ്രശ്‌നത്തില്‍ വിധികല്‍പിക്കാന്‍ മന്ത്രി അഭയം തേടിയത്. യൂസുഫിന്റെ വസ്ത്രം പിന്നില്‍ നിന്ന് കീറിയത് കണ്ട അദ്ദേഹത്തിന് കാര്യം മനസ്സിലായി. എന്നിട്ട് പോലും സുലൈഖയെ കുറ്റപ്പെടുത്താതെ ‘ഈ സ്ത്രീകളുടെ തട്ടിപ്പുകള്‍ അപാരം തന്നെ’ എന്ന് തന്ത്രപൂര്‍വ്വം വിധി പറയുകയാണ് അദ്ദേഹം ചെയ്തത്.
യൂസുഫ് നിരപരാധിയാണെന്ന് മന്ത്രിക്ക് മനസ്സിലായി. കാര്യം മറ്റാരോടും പറയാതെ മറച്ച് വെക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇക്കാരണത്താല്‍ ഭാര്യയെ വിചാരണ ചെയ്യാനോ, ത്വലാഖ് ചൊല്ലാനോ അദ്ദേഹം തയ്യാറായില്ല. അതിന് പലകാരണങ്ങളുമുണ്ടായിരുന്നു.
1- സ്വന്തം ഭാര്യയുടെ ആവശ്യം പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ കഴിയാത്ത ദുര്‍ബലനാണ് താനെന്ന് ജനങ്ങളറിഞ്ഞാലുള്ള വഷളത്തരം .
2- തന്റെ അടിമകളുമായി ഉടമക്ക് ഇഷ്ടം പോലെ വര്‍ത്തിക്കാമെന്നതായിരുന്നു അക്കാലത്തെ സമ്പ്രദായം.മാത്രമല്ല സ്വന്തം അടിമസ്ത്രീകളുമായി കിടപ്പറ പങ്കിടുകയെന്നത് അറബികളുടെയടുത്ത് സുസമ്മത വിഷയമായിരുന്നു.
3- മന്ത്രിപത്‌നി രാജാവിന്റെ സഹോദരിപുത്രിയായിരുന്നത് കൊണ്ട് തന്റെ അധികാര നഷ്ടം അദ്ദേഹം ഭയപ്പെട്ടു.

സുലൈഖ തുടര്‍ന്നും തന്റെ പഴയ ശ്രമങ്ങള്‍ ആവര്‍ത്തിച്ചു. ഒടുവില്‍ ഫലിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തെ ജയിലിലടച്ചു. മന്ത്രിയുടെ കണ്‍മുന്നില്‍ വെച്ചാണ് സഹധര്‍മ്മിണിയുടെ അനീതി നടക്കുന്നത്. അദ്ദേഹത്തിന് മൗനം പാലിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. വ്യഭിചാരത്തിന് പകരം യൂസുഫ് സന്തോഷത്തോടെ തടവറ തെരഞ്ഞെടുത്തു. യൂസുഫ് തന്നെ അനുസരിക്കുന്നില്ലെങ്കില്‍ അവനെ തടങ്കലിലെറിയുമെന്ന് സുലൈഖ തന്റെ കൂട്ടുകാരികള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ചതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാവുന്നുണ്ട്.
1- യൂസുഫ് യഥാര്‍ത്ഥത്തില്‍ സുലൈഖയുടെ അടിമയായിരുന്നു. മന്ത്രി അവനെ വാങ്ങി അവള്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു ചെയ്തിരുന്നത്.
2- സ്വന്തം അടിമകളെ പ്രണയിക്കുകയും താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് അന്നത്തെ മുതലാളി സ്ത്രീകളുടെ പതിവായിരുന്നു. അടിമകളാവട്ടെ അതിന് വഴങ്ങാറുമുണ്ടായിരുന്നു.

എന്നാല്‍ യൂസുഫ് അത് അംഗീകരിച്ചില്ല. തനിക്ക് ആതിഥ്യമരുളിയ, അഭയം നല്‍കിയ മുതലാളിയെ വഞ്ചിക്കാനദ്ദേഹം തയ്യാറായില്ല. അതേസമയം സുലൈഖ തന്റെ അവകാശമായാണ് യൂസുഫിനെ കണ്ടത്. യൂസുഫ് തിന്മയില്‍ നിന്നകന്നു നിന്നുവെന്നത് അദ്ദേഹത്തിന്റെ നുബുവ്വത്തിന്റെ ലക്ഷണമായിരുന്നു. എന്നല്ല ഭൂമിയിലെ ഈ ആചാരങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും എന്നെ ആകാശത്തെ വിധിയിലേക്ക് ഉയര്‍ത്തണമേ എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുന്നുമുണ്ട്. അങ്ങനെ അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു. അദ്ദേഹത്തെ പ്രവാചകനാക്കി.
യൂസുഫ്(അ)ന് ഏഴ് വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വന്നു. പിന്നീട് ഈജിപ്തിലെ രാജാവിന്റെ സ്വപ്‌നം വ്യാഖ്യാനിച്ചതോടെ അദ്ദേഹം പുറത്തിറക്കപ്പെടുകയും ഖജനാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം അവിടത്തെ രാജാവായി നിയമിതനാവുകയുമുണ്ടായി……
 

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി 

യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ -1

യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ – 2

യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ – 3

യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ – 4

യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ – 5

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker