Quran

പ്രകാശപൂരിതമായ വിളക്കാണ് വിശുദ്ധ ഖുര്‍ആന്‍

മനുഷ്യ സമൂഹത്തിന്റെ വഴികാട്ടിയാണ് വിശുദ്ധ ഖുര്‍ആന്‍. ഇരുള്‍ മൂടിയ ലോകത്ത് വഴിയറിയാതെ പകച്ചുനില്‍ക്കുകയായി രുന്നു ലോക ജനത. പ്രകാശപൂരിതമായ വിളക്കുപോലെ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ ഭൂമിലോകം വെളിച്ചത്തില്‍ കുളിച്ചു നിന്നു. അല്ലാഹുവിന്റെ ഉറവ വറ്റാത്ത കാരുണ്യം എന്നല്ലാതെ ഖുര്‍ആനെ എങ്ങനെ വിശേഷിപ്പിക്കും?
    
ഖുര്‍ആനോളം മനുഷ്യന്റെ മനസ്സിലും മസ്തിഷ്‌കത്തിലും സ്വാധീനം ചെലുത്തുന്ന മറ്റൊരു ഗ്രന്ഥം ലോകത്തില്ല. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള അറേബ്യ എന്ന ദേശത്തിന്റെ ചിത്രം ഇന്നും നമ്മുടെ മനസ്സില്‍ മായാതെ അവശേഷിക്കുന്നു. അജ്ഞതയുടെ അന്ധകാരത്തിലാണ്ടുപോയ അപരിഷ്‌കൃതരായ ആ ജനസമൂഹത്തെ ലോകചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ഉത്തമ തലമുറയായി ഖുര്‍ആന്‍ വാര്‍ത്തെടുത്തു. അവിടെ നിലനിന്നിരുന്ന അനീതിയും അക്രമവും അന്ധവിശ്വാസവും കുഴിച്ചു മൂടപ്പെട്ടു. സാമൂഹിക ഉച്ചനീചത്വവും സാംസ്‌കാരിക ജീര്‍ണ്ണതയും സാമ്പത്തിക ചൂഷണവും ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. അശ്ലീലതയുടെ പുഴകള്‍ വറ്റി വരണ്ടു. ധാര്‍മിക വിശുദ്ധിയുടെ നദികള്‍ പരന്നൊഴുകി. അടിമകളും അഗതികളും അടിച്ചമര്‍ത്തപ്പെട്ടവരും സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലേക്ക് വിമോചിതരായി. അഥവാ ഇഹലോക ക്ഷേമവും പരലോക മോക്ഷവുമാണ് ഖുര്‍ആന്‍ ലക്ഷ്യം വെക്കുന്നത്. വിശുദ്ധമായ വ്യക്തിജീവിതം, ഭദ്രമായ കുടുംബഘടന, സംസ്‌കാരസമ്പന്നമായ സമൂഹം, നീതിയും നിര്‍ഭയത്വവും സ്വാതന്ത്രവും സമത്വവും നിറഞ്ഞു നില്‍ക്കുന്ന ക്ഷേമരാഷ്ട്രം, പ്രശാന്തപൂരിതമായ ലോകം, മരണാനന്തരജീവിതത്തില്‍ വിജയം ഖുര്‍ആന്റെ നിയമനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍ പുലരുന്നത് ഇതാണ്.
    
സമഗ്രമായ ജീവിത ദര്‍ശനമാണ് ഖുര്‍ആന്റെ ഉള്ളടക്കം. ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത വശങ്ങളില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കാത്ത മേഖലകളില്ല. വിശ്വാസം, ആരാധന, വ്യക്തിജീവിതം, കുടുംബഘടന, സാമ്പത്തിക വ്യവസ്ഥ, സാമൂഹികജീവിതം, സാംസ്‌കാരിക വ്യവസ്ഥ, ധാര്‍മിക രംഗം, രാഷ്ട്രീയ ക്രമം, ഭരണ നിര്‍വഹണം തുടങ്ങി മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ കടന്നുപോകുന്ന എല്ലാ മേഖലയിലും വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും ശരിയായ വഴി കാണിക്കുന്നു. മനുഷ്യനാണ് ഖുര്‍ആന്റെ ഇതിവൃത്തം. മനുഷ്യന്‍ ആരെന്ന് ഖുര്‍ആന്‍ പറഞ്ഞുതരുന്നു. ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു.
    
‘വായിക്കുക’എന്നതാണ് ഖുര്‍ആന്റെ ഒന്നാമത്തെ കല്‍പ്പന. ഖുര്‍ആന്‍ നാം പാരായണം ചെയ്യുമ്പോള്‍ അല്ലാഹുവാണ് നമ്മോട് സംസാരിക്കുന്നത്. മനസാന്നിധ്യത്തോടെയുള്ള ഖുര്‍ആന്‍ പാരായണം തന്നെയാണ് ഏറ്റവും വലിയ ദിക്‌റ്. ഖുര്‍ആന്റെ നനവ് തട്ടുമ്പോള്‍ മാത്രമാണ് മനസ്സില്‍ ഈമാനും തഖ്‌വയും സജീവമാകുന്നത്. ഖുര്‍ആന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം മാറ്റിപ്പണിയുമ്പോള്‍ മാത്രമാണ് നാം ഖുര്‍ആന്റെ യഥാര്‍ത്ഥ അനുയായികളാകുന്നത്. പ്രവാചകനും(സ) അനുചരന്‍മാരും ഖുര്‍ആന്റെ ജീവിക്കുന്ന പതിപ്പുകളായിരുന്നു. അവരുടെ ഹൃദയങ്ങളില്‍ ഖുര്‍ആന്റെ വെളിച്ചവും ചുണ്ടുകളില്‍ പാരായണത്തിന്റെ നനവുമുണ്ടായിരിന്നു. ഖുര്‍ആനുമായി ആത്മബന്ധം പുലര്‍ത്തുമ്പോള്‍ നാം അല്ലാഹുവായി സ്‌നേഹബന്ധത്തിലാവുന്നു. അതുവഴി നമ്മുടെ ഇഹലോക ജീവിതം അര്‍ത്ഥപൂര്‍ണ്ണവും പരലോക ജീവിതം വിജയകരവുമായിത്തീരുന്നു.
(എസ്.ഐ.ഒ സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker