Quran

പശ്ചിമഘട്ടം : പരിസ്ഥിതിയുടെ ആത്മീയ വര്‍ത്തമാനം

വിശുദ്ധ ഖുര്‍ആനുള്‍പ്പടെയുള്ള വേദഗ്രന്ഥങ്ങളെല്ലാം മനുഷ്യന്റെ ഓരോ കാര്യങ്ങളും പ്രകൃതിയോട് ചേര്‍ത്തുവായിക്കുന്നതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മനുഷ്യന്റെ ജീവിതം, നിലനില്‍പ്പ്, മൂല്യങ്ങള്‍, അവനനുവര്‍ത്തിക്കേണ്ട സദാചാര നിയമങ്ങള്‍ എന്നിവയെ കുറിച്ച് വിവരിക്കുമ്പോഴെല്ലാം തന്നെ മനുഷ്യനെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു സാകല്യമായി അവതരിപ്പിക്കുന്നതായി നമുക്ക് കാണാം. മാത്രമല്ല, വേദഗ്രന്ഥം സ്രഷ്ടാവിനെ അറിയാന്‍ പോലും പ്രകൃതിയെ നിരീക്ഷിക്കാനും അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമാണ് ആവശ്യപ്പെടുന്നത്. മനുഷ്യപിറവിയുടെ ഉത്ഭവം തന്നെ ഒരു പാരിസ്ഥിതിക പശ്ചാത്തലത്തില്‍ നിന്നായിരുന്നു എന്നാണ് ഖുര്‍ആന്റെ വിലയിരുത്തല്‍. ഒരു തോട്ടത്തില്‍ ജീവിതമാരംഭിച്ച ആദാമിനെയും ഹവ്വയെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ഇണകളായി ഒരുമിച്ച് തോട്ടത്തില്‍ പ്രവേശിക്കാനും ആ തോട്ടത്തില്‍ നിന്ന് ഖനികളും ഫലമൂലാദികളും യഥേഷ്ടം ആസ്വദിക്കാനും ദൈവം ആദമിനോടും ഹവ്വയോടും കല്‍പിക്കുന്നു. നമ്മുടെ ചുറ്റുപാട്, പരിസ്ഥിതി, അവയോടുള്ള ജൈവികവും ആത്മീയവുമായ ബന്ധം ഇതെല്ലാം തന്നെ ഇതില്‍ പാഠമായിവരുന്നു എന്നതാണ് യാഥാര്‍ഥ്യം. അതുപോലെ തന്നെ ജന്മാന്തര ജീവിതത്തില്‍ സുകൃതവാന്മാര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുമ്പോള്‍ താഴെകൂടി ആറുകളൊഴുകുന്ന ഉദ്യാനങ്ങള്‍, തെളിഞ്ഞ വെള്ളമുള്ള അരുവികള്‍, ഫലമൂലാദികളുള്ള മരങ്ങള്‍ ചെടികള്‍..തുടങ്ങിയവയെ കുറിച്ചെല്ലാം പരാമര്‍ശിക്കപ്പെടുന്നു. ഇപ്രകാരം മനുഷ്യന്റെ പ്രവര്‍ത്തനം, പരിണിതി, അവന്റെ ലക്ഷ്യസ്ഥാനം എല്ലാം തന്നെ പ്രകൃതിയുമായി ബന്ധപ്പെടുന്നു. അതുപോലെ തന്നെ അല്ലാഹുവിന്റെ ദീന്‍ എന്ന നിലയില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവികമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ധാര്‍മിക കല്‍പനകള്‍ക്കുമനുസരിച്ചുള്ള ജീവിതത്തെയും പ്രകൃതിയെയും പ്രപഞ്ചത്തെയും ചേര്‍ത്തുകൊണ്ടാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ‘നിങ്ങളെന്തിന് അല്ലാഹുവിന്റേതല്ലാത്ത മാര്‍ഗം തേടണം! ആകാശഭൂമിയിലുള്ളതെല്ലാം അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു’ (ആലു ഇംറാന്‍ 83)എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. ഖുര്‍ആന്‍ മറ്റൊരു സ്ഥലത്ത് നക്ഷത്രങ്ങളും മരങ്ങളും സുജൂദ് ചെയ്യുന്നു എന്ന ഒരു പരാമര്‍ശം നടത്തുന്നുണ്ട്. മരങ്ങള്‍ എന്നു പറയുന്നത് ജൈവ പരിസ്ഥിതിയെ ആണ് സൂചിപ്പിക്കുന്നതെങ്കില്‍ നക്ഷത്രങ്ങള്‍ എന്നു പറയുന്നത് അതിന്റെ പ്രാപഞ്ചികമായ ഒരു വികസത്തെയുമാണ് സൂചിപ്പിക്കുന്നത്.

 മനുഷ്യന്‍ നക്ഷത്രങ്ങളുടെ വഴി പിന്തുരേണ്ടവനാണ്. മരങ്ങളുടെ വഴി പിന്തുടരേണ്ടവനാണ്. പക്ഷി മൃഗാദികളുടെ വഴി പിന്തുടരേണ്ടവനാണ് എന്ന ആശയമാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. ചൈനയിലെ മഹാനായ തത്വചിന്തകന്‍ ലൗദു ഇക്കാര്യം നേര്‍ക്കുനേരെ പറഞ്ഞതായി കാണാം. ‘മനുഷ്യന്‍ അവന്റെ പ്രകൃതത്തില്‍, നിഷ്‌കളങ്കമായ അവസ്ഥയില്‍ പ്രകൃതിയുടെയും നക്ഷത്രങ്ങളുടെയും മരങ്ങളുടെയും വഴി പിന്തുടര്‍ന്നിരുന്നു’. സാങ്കേതികമായി വളരെയധികം പുരോഗമിക്കുകയും പലതും നശിപ്പിക്കുകയും ചെയ്യുന്നതോടെ നിഷ്‌കളങ്കത അവനില്‍ നിന്ന് നഷ്ടപ്പെട്ടുപോയതായും അദ്ദേഹം വിവരിക്കുന്നുണ്ട്. പ്രകൃതി വിരുദ്ധമായ രീതിയില്‍ സാങ്കേതിക വിദ്യകളെ വികസിപ്പിച്ചുകൊണ്ടുവരിക, അത് അവന്റെ ചുറ്റുപാടുകള്‍, പ്രകൃതി, പരിസ്ഥിതി തുടങ്ങിയവയെല്ലാം തകര്‍ക്കുന്നതുമായിത്തീരുക.. ഈ അവസ്ഥയാണ് പുതിയകാലത്തും നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രതിസന്ധി. ഇത് യഥാര്‍ഥത്തില്‍ നമ്മുടെ നിലനില്‍പിനെയും മനുഷ്യനെന്ന നിലയില്‍ നമ്മുടെ അതിജയിക്കാനുള്ള അവസരത്തെയാണ് നശിപ്പിക്കുക, നമ്മുടെ തന്നെ ഭൂമി നമുക്ക് നിഷേധിക്കുക എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്.

ഭൂമിയില്‍ മനുഷ്യന്റെ പാര്‍പ്പിനെ കുറിച്ച് ഖുര്‍ആന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളുണ്ട്. പ്രസ്തുത പരാമര്‍ശങ്ങളില്‍ നിന്ന് പാരിസ്ഥിതികമായ ഒരു അവബോധം മനുഷ്യന്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. പ്രകൃതിയുമായി മനുഷ്യന്‍ ഉത്തമബന്ധം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം ദ്യോതിപ്പിക്കുന്ന പരാമര്‍ശങ്ങളാണവ. മനുഷ്യനെ അല്ലാഹു ഭൂമിയില്‍ പാര്‍പ്പിച്ചിരിക്കുന്നു. പ്രവാചകനായ സ്വാലിഹ് നബി തന്റെ സമൂദ് ജനതയോട് ചോദിക്കുന്ന ഒരു വര്‍ത്തമാനം ഇപ്രകാരമാണ്.  ‘ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ തന്റെ പ്രതിനിധികളാക്കിയതും ഭൂമിയില്‍ അധിവസിപ്പിച്ചുതന്നതും ഓര്‍ക്കുക. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ കൊട്ടാരങ്ങള്‍ ഉണ്ടാക്കുന്നു. മല തുരന്നു വീടുണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. കുഴപ്പക്കാരായി ഭൂമിയില്‍ നാശമുണ്ടാക്കരുത്.'(അല്‍ അഅ്‌റാഫ് 74) അപ്പോള്‍ ഭവന നിര്‍മാണവുമായ സാങ്കേതിക വിദ്യകള്‍ സമൂദ് ഗോത്രം വികസിപ്പിച്ചെടുത്തിരുന്നുവെന്ന് ഈ ഖുര്‍ആനിക പരാമര്‍ശത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഇവിടെ ‘അധിവസിപ്പിച്ചു’ എന്നതിന് ഖുര്‍ആന്‍ ‘ബവ്വഅ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ പ്രാധാന്യമുള്ളതും വിശകലനവുമര്‍ഹിക്കുന്ന വാക്കാണിത്. ‘ബാഅ’ എന്ന അറബി വാക്കാണ് ഇതിന്റെ അടിസ്ഥാനപദം. മടങ്ങി, മടങ്ങുന്നു എന്ന ഈ വാക്ക് ഒരു മടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഇതില്‍ നിന്നു തന്നെയുള്ള ഒരു വാക്കാണ് ബൗഅത്ത്(മടക്കം). സമാനമായ മറ്റൊരു പദം ബീഅത്ത് ആണ്. ‘ഇല്‍മുല്‍ ബീഅത്ത്’ എന്നാണ് പരിസ്ഥിതി വിജ്ഞാനീയത്തിന് അറബിയില്‍ പറയുക. അപ്പോള്‍ ഇത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു പദമാണ്. ‘ബവ്വഅകും ഫില്‍ അര്‍ദ’് എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ വളരെ ഭദ്രമായ ഒരാവാസ വ്യവസ്ഥിതിയില്‍ ജൈവ പരിസ്ഥിതിയില്‍ നിങ്ങളെ  അവന്‍ നിലനിര്‍ത്തി എന്നാണതിന്റെ അര്‍ഥം. അല്ലാതെ ഭൂമി നിങ്ങള്‍ക്ക് തന്നു, എങ്ങനെയെങ്കിലും ജീവിക്കാന്‍ , വീടുണ്ടാക്കിത്തന്നു നിങ്ങള്‍ക്ക് താമസിക്കാന്‍ എന്നൊന്നുമല്ല ഖുര്‍ആന്‍ പറയുന്നത്. മറിച്ച് നിങ്ങള്‍ക്ക് ഒരാവാസ വ്യവസ്ഥയെ eco system തയ്യാറാക്കിത്തന്നു എന്നാണ് പ്രസ്തുത പദത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ‘തബാവഅ’ എന്നാല്‍ സന്തുലിതമായി എന്നാണ് അര്‍ഥം. പരിസ്ഥിതിയുടെയും പ്രപഞ്ചത്തിന്റെയും സന്തുലിതത്വത്തെ കുറിച്ച് ഖുര്‍ആന്‍ ധാരാളമായി പറയുന്നത് കാണാന്‍ കഴിയും. ആ വാക്കിന് ആത്മീയമായും പാരിസ്ഥിതികമായും ധാരാളം പ്രാധാന്യമുണ്ട്. ഇവിടെ പരിസ്ഥിതിയും ആവാസവ്യവസ്ഥയുമെല്ലാം മനുഷ്യന്റെ മൂല്യങ്ങളായി പഠിപ്പിക്കുന്നത് കാണാന്‍ കഴിയും. സ്വാഭാവികമായും തനിക്ക് വേണ്ടിയും ഭാവിതലമുറക്ക് വേണ്ടിയും പരിസ്ഥിതിയെ നിലനിര്‍ത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ഈ സ്വഭാവത്തിലാണ് ഖുര്‍ആന്‍ കാര്യങ്ങളെയെല്ലാം അവതരിപ്പിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

മദീനയിലേക്ക് പലായനം ചെയ്തുവന്നവരെ അന്‍സാറുകള്‍ സ്വീകരിച്ചതിനെയും അവര്‍ക്ക് സൗകര്യമൊരുക്കിക്കൊടുത്തതിനെയും ഖുര്‍ആന്‍ ആവാസവ്യവസ്ഥയും(വീടും)  വിശ്വാസവും (ഈമാന്‍) ഒരുക്കിക്കൊടുത്തവര്‍ (അല്‍ഹശര്‍ 9) എന്നാണ് പറയുന്നത്. അഥവാ ഭാവിതലമുറക്ക് ആവാസവ്യവസ്ഥ ഒരുക്കിക്കൊടുത്തവര്‍ എന്നാണ് അവരുടെ പ്രധാന വിശേഷണമായി എടുത്തു പറയുന്നത്. ഇപ്രകാരം ഭാവി തലമുറക്ക് ആവാസ വ്യവസ്ഥ ഒരുക്കിക്കൊടുക്കാന്‍ യഥാര്‍ഥത്തില്‍ ആദര്‍ശബോധത്തിന്റെയും തിരിച്ചറിവിന്റെയും സിദ്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍  സാധിക്കും. ഈ ആവാസ വ്യവസ്ഥയെ അതിന്റെ എല്ലാ പരിശുദ്ധതയോടും കൂടി സംരക്ഷിക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദിത്തമായി ഇതിലൂടെ മനസ്സിലാക്കാം. ഇതേ ‘ബവ്വഅ’ എന്ന പദം ഉപയോഗിച്ചാണ് കഅ്ബക്ക് സഥാനനിര്‍ണയം നടത്തിക്കൊടുത്തതിനെയും ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളത്. ആ ഒരു ജൈവ വ്യവസ്ഥിതി, സ്ഥലം എന്നീ നിലക്കുള്ള ഒരാത്മീയ കേന്ദ്രമെന്ന നിലക്കാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ജൈവ ഭൂമി ജൈവ പരിസ്ഥിതി തുടങ്ങിയതെല്ലാം പ്രവാചകന്മാരുടെ അധ്യാപനങ്ങളില്‍ വന്നതാണ്. നൂഹ് പ്രവാചകനെ കുറിച്ച് ബൈബിളും ഖുര്‍ആനുമെല്ലാം വിവരിക്കുമ്പോള്‍ വലിയ തിന്മകളെ പ്രളയം കൊണ്ട് ശുദ്ധമാക്കുന്ന ഒരു അവസ്ഥ കാണാന്‍ സാധിക്കുന്നു. വിശുദ്ധരായ മനുഷ്യരെ ഒരു പെട്ടകത്തില്‍ സംരക്ഷിക്കാന്‍ ദൈവം കല്‍പിച്ചു എന്നാണ് കഥ. എല്ലാ കരജീവികളില്‍ നിന്നുള്ള ഓരോ ജോഡിയെ പ്രവേശിപ്പിക്കാന്‍ പറഞ്ഞു. അതോടൊപ്പം നോഹ, വിശുദ്ധരായ മറ്റുമനുഷ്യരും. അത് സൃഷ്ടിക്കുന്ന ഒരു ജീവിതത്തെയും സമഗ്രമായ സിസ്റ്റത്തെയുമാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത് എന്നു കാണാന്‍ കഴിയും.
 

പ്രധാനപ്പെട്ട നാല് പദങ്ങളിലൂടെ നമ്മുടെ പ്രകൃതിയോടുള്ള ഉത്തരവാദിത്തത്തെ കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഒന്നാമത്തെത് തൗഹീദ് അഥവാ ഏകത്വം. ഏകദൈവത്വത്തിനപ്പുറം ദൈവത്തിന്റെ സൃഷ്ടികളെന്ന നിലക്ക് പ്രപഞ്ചത്തിന്റെ ഒരു ഏകതയെ ഇത് കുറിക്കുന്നു. ഭൂമിയിലുള്ള സര്‍വചരാചരങ്ങളുടെയും ഏകത. അതിനോടുമൊപ്പം മനുഷ്യന്‍ എന്ന സംവര്‍ഗത്തിന്റെ ഏകത..അത്തരത്തിലുള്ള ഏകീഭാവങ്ങളെയാണ തൗഹീദ് എന്ന പദം ദ്യോതിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്വാഭാവികമായും ഇതിനെയെല്ലാം ഒന്നായി കാണുക ഇത് വളരെ പ്രധാനപ്പെട്ട ഒരാശയമാണ്.

രണ്ടാമത്തെ പദം ഖിലാഫത്താണ്. ഖിലാഫത്തെന്നാല്‍ മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. അഥവാ ദൈവത്തിനു പകരം നില്‍ക്കേണ്ടവന്‍. ഭൂമിയില്‍ ദൈവം ഒരുക്കിയിരിക്കുന്ന നന്മകളുടെ പ്രതിഫലനമായിരിക്കണം മനുഷ്യന്റെ ജീവിതവും. ‘നിങ്ങള്‍ ലോകത്തിന് വെളിച്ചമാണ്. നിങ്ങളിലൂടെ ലോകം ദൈവത്തിനെ അറിയും ‘ എന്നു യേശു പറഞ്ഞതുപോലെ ഭൂമിയില്‍ മനുഷ്യന്‍ എപ്രകാരം സന്തുലിതത്വം ഉണ്ടാക്കിയിട്ടുണ്ടോ അതിന്റെ പരിപാലനം മനുഷ്യനുണ്ട് എന്നാണ് ഖിലാഫത്ത് എന്ന ആശയത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മൂന്നാമത്തേത് മനുഷ്യന്റെ വികാസവും പരിപാലനവുമായി ബന്ധപ്പെട്ട ഒരാശയമാണ്. ഇതിന് വേണമെങ്കില്‍ ഇമാറത്ത് എന്നു പറയാം. ‘ ഈ ഭൂമിയില്‍ നിന്നുമാണ് നിങ്ങളെ അവന്‍ മുളപ്പിച്ചത്. അതിന്റെ പരിപാലനച്ചുമതലയും നിര്‍മാണച്ചുമതലയും നിങ്ങളെ ഏല്‍പിക്കുകയും ചെയ്തു(ഹൂദ് 61). അപ്പോള്‍ വികസനം എന്നത് മനുഷ്യന്റെ ആവശ്യമാണ്. അവന്‍ നിന്നടത്ത് നിന്ന് ആവശ്യത്തിനനുസൃതമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കണം.

നാലാമത്തെ പദം ഇസ്‌ലാഹ് ആണ്. സംസ്‌കരണം എന്നാണ് ഇതിന്റെ അര്‍ഥം. ‘ഭൂമി യഥാര്‍ഥത്തില്‍ സംസ്‌കരിക്കപ്പെട്ടവരായിരിക്കെ നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. മുമ്പ് സാലിഹ് പ്രവാചകനോട് നിങ്ങളെ ഭൂമിയില്‍ അധിവസിപ്പിച്ചതിനെ പറ്റി പറഞ്ഞതിന് ശേഷം ഭൂമിയില്‍ നിങ്ങള്‍ അതിക്രമികളായി വിഹരിക്കരുതെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. ഭൂമിയെയും പ്രകൃതിയെയും നശിപ്പിക്കരുത് എന്നര്‍ഥത്തിലുള്ള കല്‍പനകളാണ് ഇസ്‌ലാഹ് എന്ന പദത്തിന്റെ കീഴില്‍ വരുന്നത്.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ ആധാരമായി വര്‍ത്തിക്കുന്ന പദങ്ങളാണിവ. ഇതില്‍ നിന്നുതന്നെ ചുറ്റുപാടുകളോടും പ്രകൃതിയോടും സ്വീകരിക്കേണ്ട അവബോധം നമുക്ക് ലഭിക്കും എന്നതാണ് യാഥാര്‍ഥ്യം.

പ്രകൃതിയിലെ ഓരോ വിഷയവുമായി മനുഷ്യന്‍ സ്വീകരിക്കേണ്ട മനോഭാവത്തെ പറ്റി പ്രവാചകന്‍ കൃത്യമായ നിലപാടെടുത്തതായി കാണാം. ഒന്നിനെയും ആക്ഷേപിക്കരുത് എന്നത് പ്രവാചക അധ്യാപനങ്ങളില്‍ പെട്ടതാണ്. കോഴിയെ ആക്ഷേപിക്കരുത്, കാറ്റിനെ ആക്ഷേപിക്കരുത് എന്നെല്ലാം പ്രവാചകന്‍ പറഞ്ഞതിന്റെ പൊരുള്‍ നിങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങളെ ആക്ഷേപിക്കരത്, ഭയപ്പെടരുത് എന്നാണ്. അതുപോലെ ജന്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് ഉപദ്രവമുണ്ടെങ്കില്‍ പോലും അതിനെ ആക്ഷേപിക്കരുത്. വെറുപ്പിന്റെതായ ഒരു മാനസികാവസ്ഥ മനുഷ്യന്‍ സ്വീകരിക്കരുത് എന്നാണതിന്റെ അര്‍ഥം. ഭക്ഷണത്തിനോ ഉപദ്രവം തടുക്കാനോ അല്ലാതെ ജന്തുജാലങ്ങളെ ഉപദ്രവിക്കാനോ കൊല്ലുവാനോ മനുഷ്യര്‍ക്ക് അവകാശമില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അതിനുമപ്പുറം നാളെ ലോകമവസാനിക്കുമെന്ന് നിനക്കുറപ്പുണ്ടെങ്കില്‍ പോലും നിന്റെ കയ്യിലുള്ള വൃക്ഷത്തൈ നീ നടണം എന്നു പറയുന്നിടത്ത് മനുഷ്യന് പ്രകൃതിയോടുണ്ടായിരിക്കേണ്ട ബന്ധമാണ് അനാവരണം ചെയ്യുന്നത്.

മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് ആദായം ലഭിക്കുമ്പോള്‍ പ്രകൃതിയുടെ സമൃദ്ധിക്ക് വേണ്ടി തിരിച്ചുകൊടുക്കാനും ബാധ്യസ്ഥനാണ് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഹദീസില്‍ പരാമര്‍ശിച്ച ഒരു കഥയിലൂടെ ഇത് നമുക്ക് മനസ്സിലാക്കാം. ‘ഒരാള്‍ വഴിയിലൂടെ നടന്നുപോകുമ്പോള്‍ പെട്ടെന്ന് ആകാശത്ത് നിന്നൊരു ശബ്ദം കേട്ടു. മേഘത്തോട് മുന്നോട്ട് പോയി ഇന്ന ദാസന്റെ തോട്ടം നനക്കണമെന്ന കല്‍പനയായിരുന്നു ആ ആഹ്വാനത്തിലുള്ളത്. ശബ്ദം കേട്ടു അയാള്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു മേഘക്കീറ് അതിശീഘ്രം മുന്നോട്ട് പോകുന്നതാണ് ശ്രദ്ധയില്‍ പെട്ടത്. അതിന്റെ പുറകെ അദ്ദേഹവും നടന്നു. ഒരു തോട്ടത്തിന്റെ മുകളില്‍ ആ മേഘം മഴയായി പെയ്തു. ഇയാള്‍ക്ക് വല്ലാത്ത കൗതുകവും അത്ഭുതവും തോന്നിയതിനാല്‍ ആ തോട്ടത്തിന്‍രെ ഉടമസ്ഥനെ അന്വേഷിച്ചുകണ്ടെത്തി. സഹോദരാ, നിങ്ങളെ കുറിച്ച് എനിക്ക് ഇന്ന ഒരു അനുഭവമുണ്ട്. നിങ്ങള്‍ ഉന്നതനാണ്, ദൈവാനുഗ്രഹം ലഭിച്ചവനാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ നന്മകള്‍ എനിക്കൊന്ന് പഠിപ്പിച്ചുതരിക എന്നു പറഞ്ഞു. അയാള്‍ ഉടന്‍ പ്രതികരിച്ചു. ഞാന്‍ വലിയ ധര്‍മമുള്ളവനാണെന്ന് എനിക്കറിയില്ല. പക്ഷെ നിങ്ങള്‍ക്ക എന്റെ തോട്ടവുമായി ബന്ധപ്പെട്ട അനുഭവമുണ്ടായതിനാല്‍ അതുമായി ബന്ധപ്പെട്ട എന്റെ നിലപാടുകള്‍ പറയാം. ഈ തോട്ടം എനിക്ക് നല്ല ആദായം തരുന്നുണ്ട്. എനിക്ക ലഭിക്കുന്ന ആദായത്തെ ഞാന്‍ മൂന്നായി ഭാഗിക്കുന്നു. അതില്‍ ഒരു ഭാഗം മാത്രം എന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കായി മാററി വെക്കുന്നു. രണ്ടാമത്തെ ഭാഗം മൊത്തം സമൂഹത്തോടുള്ള ബാധ്യത നിര്‍വഹിക്കുവാന്‍ വേണ്ടി ചുറ്റുപാടുമുള്ള മനുഷ്യര്‍ക്ക് നല്‍കും. മൂന്നാമത്തെ ഭാഗം എനിക്ക് വിളവുതരുന്ന ഈ ഭൂമിയിലേക്ക് തന്നെ മടക്കും. അതിന്റെ സമൃദ്ധിയും ഫലതയും നിലനിര്‍ത്താനും സുന്ദരമായി സൂക്ഷിക്കാനും പച്ചപ്പ് എന്നേക്കുമായി നിലനിര്‍ത്താനും വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.
ഈ അര്‍ഥത്തില്‍ പരിസ്ഥിതിയുടെ സന്തുലനം, പ്രകൃതിയുടെ മനോഹാരിത നിലനിര്‍ത്തിക്കൊണ്ട് തന്നെ അതില്‍ നിന്നു ആദായമെടുക്കുന്നു. അങ്ങനെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒരു ആദാനപ്രദാനം നടക്കുന്നു. അത് കേവലമായ വ്യാപാര വ്യവഹാര ബന്ധത്തിനപ്പുറമുള്ള മാനസിക ബന്ധവും കൂടിയാണ്. ഈ സ്വഭാവത്തിലാണ് പ്രവാചകന്‍ അതെല്ലാം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ അടിസ്ഥാനത്തിലാണ് പുതിയ ചില സംഗതികളെയും വിവാദങ്ങളെയും നാം വിശകലനം ചെയ്യേണ്ടത്.

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ഒരു പുതിയ മുതലാളിത്ത, അധിനിവേശ കാലഘട്ടത്തില്‍ ശരിക്കും പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്ന് വയറുകീറാന്‍ ശ്രമിക്കുന്ന ഒരു ആര്‍ത്തിപൂണ്ടവന്റെ മാനസികാവസ്ഥയിലാണ് ഇന്നത്തെ മനുഷ്യന്‍ എത്തിനില്‍ക്കുന്നത്. കൂടുതല്‍ കൂടുതല്‍ തന്റെകാലത്ത് തനിക്ക് തന്നെ സ്വന്തമാക്കുക എന്ന ആക്രാന്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് പാരിസ്ഥിതിക ദുരന്തങ്ങളുണ്ടാക്കുന്നത് എന്ന് കാണാന്‍ കഴിയും. മലകള്‍ ആണികളായി, പുഴകള്‍ ജലസ്രോതസ്സുകളായി ഒരുക്കപ്പെട്ടിരിക്കുന്ന ഭൂമിയെ കുറിച്ചാണ് വിശുദ്ധ വേദഗ്രന്ഥത്തില്‍ പറയുന്നതെങ്കില്‍ ഇതെല്ലാം തന്നെ അവഗണിച്ചുകൊണ്ട് ആ ആണികളെ പിഴുതെടുക്കാനും സ്രോതസ്സുകളെ വറ്റിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് മനുഷ്യന്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

പശ്ചിമഘട്ടം എന്നു പറയുന്നത് വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണ്. ലോകത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള 35 സ്ഥലങ്ങളുണ്ട്. അതില്‍ നിന്നുതന്നെ വളരെ പ്രാധാന്യമുള്ള എട്ടെണ്ണം ഉണ്ട്. അതിലും ഉള്‍പ്പെട്ടതാണ് പശ്ചിമഘട്ടം എന്നതാണ് യാഥാര്‍ഥ്യം. അതില്‍ നിന്നുതന്നെ കേരളം ഉല്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഇതെന്ന് മനസ്സിലാക്കാം. ഇതിനേല്‍ക്കുന്ന പാരിസ്ഥിതികത്തകര്‍ച്ച ലോകത്തിന്റെ തന്നെ സന്തുലിതത്തിന് ഏല്‍ക്കുന്ന ആഘാതമാണ്. ഈ ഭൂമിയില്‍ ഇന്നത്തേതു പോലെ ജീവന്‍ നിലനില്‍ക്കേണ്ടതുണ്ടോ എന്നതാണ് നാം ചിന്തിക്കേണ്ട പ്രധാന പ്രശ്‌നം. നിലനില്‍ക്കേണ്ടതുണ്ടെങ്കില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വരാനിരിക്കുന്നവര്‍ക്കും കൂടി കരുതിവെക്കുവാനുള്ള മാനസികാവസ്ഥ നമുക്കുണ്ടായിരിക്കണം.

 പശ്ചിമഘട്ടം, നമ്മുടെ നാടിന്റെ ജൈവ പരിസ്ഥിതി നിലനിര്‍ത്താനും സംരക്ഷിക്കാനും വളരെ അത്യന്താപേക്ഷിതമാണ്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വാദകോലാഹലങ്ങളുടെ അര്‍ഥമെന്താണ്. അതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായുള്ള ഒരു കമ്മറ്റിയെ വെച്ചു. ശേഷം കസ്തൂരി രംഗന്‍ കമ്മറ്റിയെ നിയോഗിച്ചു. ഇതില്‍ ഗാഡ്ഗില്‍ കമ്മറ്റിയാണ് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഏററവും സമഗ്രമായ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതൊരിക്കലും അവിടെയുളള താമസക്കാര്‍ക്കോ കുടിയേറ്റക്കാര്‍ക്കോ എതിരല്ല. അതൊക്കെ ആയിക്കൊണ്ടുതന്നെ ഖനനം തടയുന്നതും അനധികൃത കയ്യേറ്റം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നിട്ടും എന്തിനാണ് രാഷ്ട്രീയക്കാരും മതനേതൃത്വവുമെല്ലാം വളരെ വിചിത്രമായ രീതിയില്‍ അതിനെതിരെ നിലകൊള്ളുന്നത്!. ബൈബിളും ഉപനിഷത്തുകളും ഖുര്‍ആനുമടങ്ങുന്ന വേദഗ്രന്ഥങ്ങള്‍ മുഴുവന്‍ പരിശോധിച്ചാല്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച വളരെ ആത്മീയമായ പരാമര്‍ശങ്ങളല്ലേ അതില്‍ കാണാന്‍ കഴിയുന്നത്. എന്നിട്ടും മതനേതൃത്വങ്ങളും ആത്മീയമായ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു എന്നവകാശപ്പെടുന്നവരും ഇതിനെതിര് നില്‍ക്കുന്നത് കഷ്ടമാണ്.

ഭൂമി പിഴുതുമാറ്റുക, അമ്മയുടെ സ്തനങ്ങള്‍ പിഴുതുമാറ്റി പാലുകുടിക്കുക എന്നൊക്കെ പറയുന്നത് ആര്‍ത്തിയുമായി ബന്ധപ്പെട്ട ആശയമാണ്. ഇത് മൂലധനത്തിന്റെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ക്ക് ഒരേ സമയം ദൈവത്തെയും മാമോനെയും സേവിക്കാന്‍ കഴിയില്ല എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. മാമോനെന്നു പറഞ്ഞാല്‍ ധനദേവതയാണ്. ഒരു ബഹുദൈവത്വ വ്യവസ്ഥിതിയില്‍ ഒരുപാട് ദൈവങ്ങളുണ്ട്. സമ്പത്ത് ഒരു ദൈവമാണ്. വിദ്യക്കൊരു ദൈവം, മഴക്കൊരു ദൈവം, കാറ്റിന് ഒരു ദൈവം, കടലിനൊരു ദൈവം… എന്നിട്ടും നിങ്ങള്‍ക്ക് ദൈവത്തോടൊപ്പം ധനദേവതയെ സേവിക്കാനാവില്ല എന്ന് പ്രത്യേകം പറഞ്ഞത് എന്തിന്റെ പേരിലാണ് എന്നത് പ്രത്യേകം ആലോചിക്കേണ്ടതാണ്. ധനപൂജക്ക് പ്രാധാന്യം നല്‍കുന്ന നമ്മുടെ നിലപാടിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നത്. എന്നിട്ട് ദൈവത്തെയാണോ മാമോനെയാണോ നാം പൂജിച്ചുകൊണ്ടിരിക്കുന്നത്! ആത്മീയ നേതൃത്വങ്ങളും മതനേതൃത്വങ്ങളും ഇത് പുനര്‍വിചിന്തനം നടത്തേണ്ടതാണ്. രാഷ്ട്രീയക്കാര്‍ അവരുടെ താല്‍ക്കാലികമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന അവസ്ഥയാണ് നമുക്ക കാണാന്‍ സാധിക്കുന്നത്. ഈ അവസ്ഥ യഥാര്‍ഥത്തില്‍ മാറേണ്ടതാണ്. ജനങ്ങളുടെ സേവകരായി ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരായി മതനേതൃത്വവും രാഷ്ടീയ നേതൃത്വവും മാറണമെങ്കില്‍ കാര്യങ്ങളെ ശരിയായി പഠിക്കാന്‍ തയ്യാറാകണം.

 ഗാഡഗില്‍ കമ്മറ്റിയും അതിന് ശേഷം വന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും വായിച്ചിട്ടാണോ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നാം വിലയിരുത്തേണ്ടതാണ്. ഗാഡ്ഗില്‍ കമ്മറ്റിയില്‍ വെള്ളം ചേര്‍ക്കാന്‍ വേണ്ടിയാണ് കസ്തൂരി രംഗനെ അധ്യക്ഷനായി മറ്റൊരു കമ്മററി കൊണ്ടുവന്നിട്ടുള്ളത് എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഗാഡ്ഗില്‍ പറഞ്ഞിട്ടുള്ള 35ശതമാനം ഏരിയ കവര്‍ ചെയ്തുകൊണ്ടു മാത്രമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. എന്നിട്ട് അതുപോലും നടപ്പിലാക്കാന്‍ അനുവദിക്കാത്ത രീതിയിലാണ് ഇവിടെ ബഹളങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പശ്ചിമഘട്ടം നിലനിര്‍ത്തണം, പാരിസ്ഥിതികമായ സന്തുലനം നിലനിര്‍ത്തണം എങ്കിലേ മനുഷ്യര്‍ക്ക് നിലനില്‍പുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ഇത് അവിടെ ഇപ്പോള്‍ താമസിക്കുന്ന മനുഷ്യരെ നോവിക്കുന്നതല്ല. പലതരം താല്‍പര്യങ്ങളുടെ പേരിലാണ് നേതൃത്വങ്ങള്‍ ഇതിനെതിരെ തിരിയുന്നതെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കും. കമ്മറ്റി റിപ്പോര്‍ട്ട് വായിച്ചു അതിനെ വസ്തുനിഷ്ടമായി വിശകലനം ചെയ്താല്‍ നമുക്കത് തിരിച്ചറിയാന്‍ സാധിക്കും.

പശ്ചിമഘട്ടം സംരക്ഷിക്കുകയെന്നാല്‍ അതു ഭൂമിയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണമാണ്. പരിസ്ഥിതിയുടെയും പ്രകൃതിയുടെയും മനുഷ്യന്റെയും സംരക്ഷണമാണ്. ഭാവിയില്‍ മനുഷ്യന്‍ മനുഷ്യനായി ഇവിടെ നിലനില്‍ക്കേണ്ടതുണ്ടോ എന്നാണ് നാം ആലോചിക്കേണ്ടത്. തീര്‍ച്ചയായും പശ്ചിമഘട്ടത്തിനു വേണ്ടിയുള്ള ഓരോ വാക്കും അതിനു വേണ്ടി ചിന്തുന്ന ഓരോ തുള്ളി ചോരയും നന്മയുടെ സ്രോതസ്സിലേക്കുള്ള കരുതലായിട്ട് ചരിത്രം കരുതിവെക്കുക തന്നെ ചെയ്യും.
തയ്യാറാക്കിയത് : അബ്ദുല്‍ ബാരി കടിയങ്ങാട്

Facebook Comments

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker