റഹ്മാന്‍, റഹീം എന്നീ പദങ്ങള്‍ ഫാതിഹ അധ്യായത്തില്‍ മാത്രം രണ്ട് തവണ ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ‘ഫാതിഹ’ അധ്യായമാകട്ടെ മുസ്‌ലിംകളോട് അവരുടെ നമസ്‌കാരങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് ദിനേന പതിനേഴ് തവണ ആവര്‍ത്തിക്കാന്‍ അനുശാസിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
പ്രതിഫല ദിനത്തിനുടമസ്ഥന്‍
مالِكِ يومِ الدِّين (പ്രതിഫല ദിനത്തിനുടമസ്ഥന്‍) എന്നതിന് مَلِكِ يوْمِ الدِّين (പ്രതിഫല ദിനത്തിലെ രാജാവ്) എന്ന മറ്റൊരു പാരായണവുമുണ്ട്. പ്രതിഫല ദിനമെന്നാല്‍ ഇടപാടിന്റെയും കണക്കെടുപ്പിന്റെയും പ്രതിഫലത്തിന്റെയും നാള്‍ എന്നാണ് ആശയം. അല്ലാഹുവാണ് ഈ ദിനത്തിന്റെ ഉടമ. ഈ ദിനത്തിലെ രാജാവും അവന്‍ തന്നെ. ഈ ദിവസത്തില്‍ അല്ലാഹുവിന്റെ ഉടമസ്ഥത എന്താണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.
‘വിധിദിനമെന്തെന്ന് നിനക്കെന്തറിയാം? അതെ, വിധിദിനമെന്തെന്ന് നിനക്ക് വല്ലതുമറിയുമോ? ആര്ക്കും മറ്റൊരാള്ക്കുഉവേണ്ടി യാതൊന്നും ചെയ്യാനാവാത്ത നാളത്രെ അത്. അന്ന് തീരുമാനാധികാരം സമ്പൂര്ണതമായും അല്ലാഹുവിങ്കലാകുന്നു.'(അല്‍ ഇന്‍ഫിത്വാര്‍: 17-19)
ഈ ദിനത്തിലെ രാജാധികാരമെന്തെന്ന് ഈ സൂക്തത്തില്‍ നിന്ന് വ്യക്തമാകും: ‘ജനങ്ങളാസകലം മറനീക്കി വെളിപ്പെടുന്ന ആ ദിവസം! അന്ന് അല്ലാഹുവിന് അവരുടെ യാതൊരു സംഗതിയും അദൃശ്യമായിരിക്കുകയില്ല. (അന്നാളില്‍ ഉച്ചത്തില്‍ ചോദിക്കപ്പെടും:) ഇന്ന് ആധിപത്യം ആരുടേതാകുന്നു? (അപ്പോള്‍ സര്‍വലോകങ്ങളും വിളിച്ചുപറയും:) സകലത്തെയും അടക്കിഭരിക്കുന്ന ഏകനായ അല്ലാഹുവിന്'(ഗാഫിര്‍: 16)
ഈ സൂക്തം മനുഷ്യനുമായി ബന്ധപ്പെട്ട സുപ്രധാനവും അത്യന്തം അപകടകരവുമായ ഒരു കാര്യത്തെ പ്രശ്‌നവല്‍ക്കരിക്കുന്നു. അത് ശാശ്വതമായ മടക്കസ്ഥാനത്തെ കുറിച്ചുള്ളതാണ്. അത് സ്വര്‍ഗമോ നരകമോ? നാസ്തികര്‍ പറയും പോലെ മനുഷ്യന്‍ എന്നാല്‍ കേവലം ഗര്‍ഭ പാത്രങ്ങള്‍ പുറം തള്ളുകയും ഭൂമി വിഴുങ്ങുകയും ചെയ്യുന്ന ഒരു പ്രതിഭാസമല്ല.
മരണം ജീവിത സഞ്ചാരത്തിന്റെ അന്ത്യമല്ല. അത് മറ്റൊരു ലോകത്തേക്കുള്ള യാത്രയാണ്. നിശ്ചയം അല്ലാഹു നമ്മുടെ ജീവനെടുക്കുകയും പിന്നീട് വീണ്ടും ജീവന്‍ നല്‍കുകയും എല്ലാ ആത്മാവിനും നന്മയോ തിന്മയോ ആയ അവരുടെ കര്‍മ്മ സമ്പാദ്യത്തിന് പ്രതിഫലം നല്‍കുക എന്ന അനിവാര്യതക്ക് വേണ്ടിയത്രെ അത്.
ശിപാര്‍ശകളില്ലാത്ത ദിനം
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ പ്രതിഫല നാളില്‍ യാതൊരാളും ശിപാര്‍ശ നടത്തുകയില്ല. അത് പ്രവാചകനായാലും മാലാഖയായാലും ശരി.
‘വാനലോകത്ത് എത്രയെത്ര മലക്കുകളാണുള്ളത്! അവരുടെ ശിപാര്‍ശകള്‍ അല്‍പവും പ്രയോജനപ്പെടുകയില്ലഅല്ലാഹു ശിപാര്‍ശ കേള്‍ക്കാനുദ്ദേശിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് അവന്‍ അനുമതി നല്‍കിയശേഷമല്ലാതെ.’ (അന്നജ്മ് : 26)
മലക്കുകളെക്കുറിച്ച് അല്ലാഹു പറയുന്നു : ‘അവരുടെ മുന്നിലുള്ളത് അവന്‍ അറിയുന്നു. അവരില്‍നിന്നും മറഞ്ഞതും അവന്‍ അറിയുന്നു. അവര്‍ ആര്‍ക്കും ശിപാര്‍ശ ചെയ്യുകയില്ല; ആര്‍ക്കുവേണ്ടി ശിപാര്‍ശ കേള്‍ക്കാന്‍ അല്ലാഹു തൃപ്തിപ്പെടുന്നുവോ അവര്‍ക്കു വേണ്ടിയല്ലാതെ.’ (അല്‍ അമ്പിയാഅ്: 28)
ആയതുല്‍ കുര്‍സിയില്‍ ഇങ്ങനെ കാണാം : ‘വാനഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്?'(അല്‍ ബഖറ: 255)
ബഹുദൈവ വിശ്വാസികള്‍ ആരാധ്യവസ്തുക്കളായി സ്വീകരിച്ച വിഗ്രഹങ്ങളെക്കുറിച്ച് അവര്‍ അവകാശപ്പെട്ടിരുന്നത് അല്ലാഹുവിന്റെ അടുക്കല്‍ അവ അവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യും എന്നാണ്. അല്ലാഹു പറയുന്നു: ‘ഈ ജനം അല്ലാഹുവിനെ വെടിഞ്ഞ് തങ്ങള്‍ക്കായി കുറേ ദൈവങ്ങളെ പടച്ചുവെച്ചിരിക്കുന്നുഅവ തങ്ങളെ പിന്തുണക്കുന്നവരായിത്തീരാന്‍. എന്നാല്‍ ആരും പിന്തുണക്കുന്നവരാവുകയില്ല. അവയൊക്കെയും ഇവരുടെ ആരാധനയെ നിഷേധിച്ചുകളയും, ഇവര്‍ക്കു വിരോധികളായിത്തീരുകയും ചെയ്യും.’ (മര്‍യം: 81-82)
വിവ : ഷംസീര്‍ എ.പി.
സര്‍വലോകങ്ങളുടെയും രക്ഷിതാവ്
ആരാധനക്കര്‍ഹന്‍ നീ മാത്രം