പ്രകാശവും താപവും നല്‍കുന്ന സൂര്യന് മനുഷ്യ ജീവിതത്തില്‍ വലിയ സ്വാധീനമാണുള്ളത്. അതില്ലായിരുന്നുവെങ്കില്‍ ഇവിടെ മനുഷ്യനോ ജീവജാലങ്ങളോ സസ്യങ്ങളോ നിലനില്‍ക്കുമായിരുന്നില്ല. അല്ലാഹു മറ്റൊരു അധ്യായത്തില്‍ പറയുന്നു: ‘അവന്‍തന്നെയാകുന്നു, സൂര്യനെ പ്രകാശമാനമാക്കിയതും (ضِياءً) ചന്ദ്രനു ശോഭയേകിയതും (نوراً).’ (യൂനുസ്: 5) സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശത്തെ കുറിക്കാന്‍ ഇതില്‍ രണ്ട് വ്യത്യസ്ത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നുത് ചന്ദ്രന്റെ പ്രകാശം സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. സൂര്യന്റെ പ്രകാശം പോലെ അതിന് ചൂടും ഇല്ല. നൂഹ് നബി(അ) തന്റെ സമൂഹത്തോട് പറഞ്ഞു: ‘അല്ലാഹു തട്ടുതട്ടായി സപ്തവാനങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് കാണുന്നില്ലയോ? അവയിലവന്‍ ചന്ദ്രനെ പ്രകാശവും സൂര്യനെ ദീപവുമാക്കിവെച്ചു.’ (നൂഹ്: 15-16)
وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا
مُعْصِرات എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മേഘമാണ്. കാറ്റ് അതിനെ പിഴിയുമ്പോള്‍ മഴപെയ്യുന്നു എന്ന ആശയമാണ് അത് നല്‍കുന്നത്. (ഒരു വസ്തുവിനെ പിഴിഞ്ഞ് അതിന്റെ ഉള്ളിലുള്ളതിനെ പുറത്തെടുക്കുന്നതിനാണ് عصر എന്ന് പറയുന്നത്.) ധാരാളമായി കോരിചൊരിയുന്നത് എന്നാണ് ثجاج ന്റെ അര്‍ത്ഥം. അല്ലാഹു മനുഷ്യന് നല്‍കിയ മഹാ ഔദാര്യമായി പലയിടത്തും എടുത്തു പറഞ്ഞിട്ടുള്ള ഒന്നാണ് വെള്ളം. അല്ലാഹു പറയുന്നത് കാണുക:
‘ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു.’ (അല്‍-അമ്പിയാഅ്: 30)
‘അവന്‍ മാനത്തുനിന്നു ജലം വര്‍ഷിച്ചു. അതുവഴി നിങ്ങള്‍ക്ക് ആഹാരത്തിനുവേണ്ടി ഫലങ്ങളുല്‍പാദിപ്പിച്ചു.’ (ഇബ്‌റാഹീം: 32)
لِّنُخْرِجَ بِهِ حَبًّا وَنَبَاتًا
ഗോതമ്പ്, ബാര്‍ലി, ചോളം, നെല്ല് പോലുള്ള നാം ആഹാരമാക്കുന്ന ധാന്യങ്ങളെ ഉല്‍പാദിപ്പിക്കുന്നതിന് വേണ്ടി ആകാശത്ത് നിന്നും അല്ലാഹു വെള്ളം ഇറക്കി. സസ്യങ്ങളെയും അവന്‍ മുളപ്പിച്ചു. ഭൂമിയില്‍ നിന്ന് മുളക്കുന്ന എല്ലാ സസ്യജാലങ്ങളെയും കുറിക്കുന്ന نبات എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആദ്യം സവിശേഷമായി ധാന്യങ്ങളെ എടുത്ത് പറഞ്ഞതിന് ശേഷം പൊതുവായി മുഴുവന്‍ സസ്യജാലങ്ങളെ കുറിച്ചും പറഞ്ഞിരിക്കുന്നു.
وَجَنَّاتٍ أَلْفَافًا
മരങ്ങളുടെ ആധിക്യം കാരണം അതിനുള്ളിലുള്ളിലാവുന്ന ഒരാളെ മറക്കുകയും തണലേകുകയും ചെയ്യുന്ന തോട്ടങ്ങള്‍ എന്നതാണ് ഇതുകൊണ്ടുദ്ദേശ്യം. ഈന്തപനകളും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളും നിറഞ്ഞ് നിന്ന് തണലേകുന്ന തോട്ടം.
ധാരാളമായി ജലം വര്‍ഷിപ്പിച്ചതിന്റെ ഉദ്ദേശ്യമെന്താണെന്ന് വിശദീകരിക്കുകയാണിതില്‍. മനുഷ്യര്‍ക്കും അവന് ആവശ്യമായിട്ടുള്ള സസ്യങ്ങളുടെയും മൃഗങ്ങളുടെയും ജീവിതത്തിനുമുള്ള വിഭവമാണത്. അല്ലാഹു പറയുന്നു: ‘അവനാണ് നിങ്ങള്‍ക്ക് ആകാശത്തുനിന്ന് ജലം വര്‍ഷിച്ചുതന്നത്. അതില്‍നിന്ന് നിങ്ങള്‍ കുടിക്കുന്നു. മൃഗങ്ങള്‍ക്ക് തീറ്റയുമുണ്ടാക്കുന്നു. അവന്‍ ആ ജലംകൊണ്ട് വിളകള്‍ മുളപ്പിക്കുന്നു. ഒലിവും ഈത്തപ്പഴവും മുന്തിരിയും മറ്റെല്ലാതരം ഫലങ്ങളും ഉല്‍പാദിപ്പിക്കുന്നു. ഇതില്‍ ചിന്തിക്കുന്ന ജനത്തിന് മഹത്തായ ദൃഷ്ടാന്തമുണ്ട്.’ (അന്നഹ്ല്‍: 10-11) മറ്റൊരിടത്ത് ഇങ്ങനെ കാണാം: ‘ഈ ജനത്തിനൊരു ദൃഷ്ടാന്തമത്രെ നിര്‍ജീവമായ ഭൂമി. നാം അതിനെ സജീവമാക്കുകയും അതില്‍നിന്ന് ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു. അതാണ് ഇവര്‍ ആഹരിക്കുന്നത്. നാം അതില്‍ ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുണ്ടാക്കി. അതിനടിയില്‍ നീരുറവകള്‍ പ്രവഹിപ്പിച്ചു ഇവര്‍ അതിന്റെ ഫലം തിന്നാന്‍. ഇതൊന്നും ഇവര്‍ സ്വകരങ്ങളാല്‍ സൃഷ്ടിച്ചിട്ടുള്ളതല്ലല്ലോ. എന്നിരിക്കെ, ഇവര്‍ നന്ദി കാണിക്കാത്തതെന്ത്?’ (യാസീന്‍: 33-35) (തുടരും)
വിവ: നസീഫ്
സപ്തവാനങ്ങളെയും പടച്ചവന്‍
അന്ത്യദിനത്തിലെ കാഴ്ച്ചകള്‍