ഒരു ഉമ്മയുടെ മനോദാര്‍ഢ്യത്തോടും ഉത്തരവാദിത്വത്തോടും കൂടി എന്തൊരു മനോഹരമായ വര്‍ത്തമാനമാണ് ആ ഉറുമ്പില്‍ നിന്ന് ഉണ്ടായത്! എത്ര ഉന്നതമായ നിലപാടാണ് അവള്‍ സ്വീകരിച്ചത്! അപകടം വന്നെത്തുന്നതിന് മുമ്പ് അതിനെകുറിച്ച് അവള്‍ മുന്നറിയിപ്പ് നല്‍കുകയും അവരെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അപകടം മണത്തപ്പോള്‍ എന്തുകൊണ്ട് ഭയവിഹ്വലതയോടെ രക്ഷക്ക് വേണ്ടി മറ്റുള്ളവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു? ഈ വലിയ സൈന്യത്തിനു മുമ്പില്‍ എനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്ന് എന്തുകൊണ്ട് അവള്‍ പരാതി പറഞ്ഞില്ല? തന്റെ സമൂഹത്തിന്റെ കാവല്‍ക്കാരിയായി അവള്‍ നിലകൊണ്ടതിന് കാരണമെന്താണ് ?
നമ്മുടെ ഉമ്മത്ത് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭീഷണി യഥാര്‍ഥത്തില്‍ സുലൈമാന്‍ നബിയുടെ ഉറുമ്പ് ഭയപ്പെട്ടതിനേക്കാള്‍ ഭീകരമാണ്. എന്നാല്‍ ഒരുറുമ്പിന്റെ വേദനയും വ്യസനവും നെഞ്ചേറ്റി നമ്മുടെ ഉമ്മത്തിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരാണ് മുന്നിട്ടിറങ്ങുക! ഉമ്മത്തിനെക്കുറിച്ച് ജാഗ്രത കൈക്കൊണ്ട് അതിന് അഭിമുഖീകരിച്ചേക്കാവുന്ന ചെറുതും വലുതുമായ വ്യഥകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ആരാണുള്ളത്? അന്ധകാരങ്ങള്‍ക്കു പുറമെ അന്ധകാരം എന്നു പറഞ്ഞതുപോലെ എല്ലാ രീതിയിലുമുള്ള അപകടങ്ങളും നമ്മെ ചൂഴ്ന്നു നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും!
അല്ലാഹു ‘ഖാലത് നംലതുന്‍’ എന്ന പദമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അവള്‍ രാജ്ഞിയാണോ അല്ലയോ എന്ന ചര്‍ച്ച ഇവിടെ ഉയര്‍ന്നു വരാം. വിശാലമായ ഈ താഴ്‌വരയിലുള്ള ഉറുമ്പുകളില്‍പെട്ട ഒരുവളാണെന്നാണ് ഖുര്‍ആനിക പദപ്രയോഗത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതോടൊപ്പം അവള്‍ സ്വന്തത്തെ നിസ്സാരമായി കാണാതെ തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ നമ്മുടെ സമൂഹത്തിന്റെ യഥാര്‍ഥ പ്രശ്‌നം എന്താണ്? അപരര്‍ എന്തു പ്രവര്‍ത്തിക്കുന്നു എന്നാണ് ഓരോരുത്തരും ചോദിച്ചുകൊണ്ടിരിക്കുന്നത്. തെറ്റുകളും കുറ്റങ്ങളും അപരരുടെ മേല്‍ ചാര്‍ത്തി ഓരോരുത്തരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ്. സമൂഹത്തെ ഗ്രസിച്ച വിപത്തുകളില്‍ നിന്ന് നിരപരാധിത്വം ബോധിപ്പിച്ച് പിന്‍മാറുകയാണ് ഓരോരുത്തരും ചെയ്യുന്നത്. ഒരു സമൂഹത്തെ രക്ഷിക്കാന്‍ തുനിഞ്ഞത് ഒരു ഉറുമ്പാണ്. സാമൂഹ്യസുരക്ഷയുടെ ഉത്തരവാദിത്തം സ്വയം എടുത്തണിഞ്ഞ് സുരക്ഷക്കായുള്ള പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു അവള്‍ ചെയ്തത്. ദിവ്യകാരുണ്യത്തില്‍ നിന്നും കനിഞ്ഞരുളിയ ഉത്തരവാദിത്ത നിര്‍വഹണമാണ് ഉറുമ്പ് ഏറ്റെടുത്തിട്ടുള്ളത്.
സുലൈമാന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ട് ആ ഉറുമ്പ് അവിടെ ഇരുന്നില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. മറ്റുള്ളവരുടെ കുറ്റവും കുറവുകളും അപഗ്രഥനം ചെയ്തിരിക്കുകയല്ല അവള്‍ ചെയ്തത്. മറിച്ച് അവര്‍ അറിയാതെ നിങ്ങളെ ചവിട്ടിയരക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അവരെ അതില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തത്. സുലൈമാനും സൈന്യവും ബോധപൂര്‍വം നമ്മെ നശിപ്പിക്കാന്‍ വരുന്നു എന്ന ധ്വനിയിലുള്ള ആരോപണങ്ങളില്‍ നിന്ന് തന്ത്രപൂര്‍വം രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. നീ പ്രശസ്തിയും സ്ഥാനവുമെല്ലാം ആഗ്രഹിക്കുന്നവരാണെന്ന് പ്രതികരിക്കാതെ അവളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് മാളത്തിലേക്ക് പോയി രക്ഷപ്പെട്ട ഉറുമ്പിന്‍കൂട്ടങ്ങളുടെ മാതൃകയും അനുകരണീയമാണ്.
വീട് നിര്‍മാണ സമയത്തെ ഉറുമ്പുകളുടെ ഗൗരവബോധവും സഹനശേഷിയും അവരുടെ പ്രധാന സവിശേഷതകളില്‍ പെട്ടതാണ്. ഒരു വീട് തകര്‍ന്നാല്‍ ഉടനെ അവര്‍ മറ്റൊരു വീട് പണിയും. എത്ര തവണ തകര്‍ക്കപ്പെട്ടാലും ഉടന്‍ സുരക്ഷിത വീട് തയ്യാറാകുന്നതുവരെ അശ്രാന്തപരിശ്രമത്തിലേര്‍പ്പെടും എന്നതാണ് അവരുടെ സവിശേഷത.
പ്രശസ്ത സൈനിക നേതാവായ തൈമര്‍ലിങ്കിനെ പറ്റി ചരിത്രകാരന്മാര്‍ ഉദ്ദരിക്കുന്ന ശ്രദ്ധേയമായ ഒരു സംഭവമുണ്ട്. ഒരു യുദ്ധത്തില്‍ അദ്ദേഹത്തിന്റെ സൈന്യം പരാജയപ്പെടുകയും സൈന്യം ഛിന്നഭിന്നമാകുകയും ചെയ്തു. ഇതില്‍ അദ്ദേഹത്തിന് അങ്ങേയറ്റത്തെ നിരാശ ബാധിക്കുകയുണ്ടായി. അദ്ദേഹം ഒരു ഗുഹാമുഖത്തേക്ക് പോയി തന്റെ സൈന്യത്തിന്റെ അവസ്ഥയെക്കുറിച്ച് കൂലങ്കശമായി ചിന്തിച്ചുകൊണ്ടേയിരുന്നു. ചിന്താനിമഗ്നനായിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഉറുമ്പ് സുന്ദരമായ വീട് നിര്‍മിക്കാനായുളള ശ്രമത്തിലേര്‍പ്പെടുന്നത് കണ്ടു. പക്ഷെ, നിര്‍മിച്ച ഉടനെ അത് തകരുകയുണ്ടായി, വീണ്ടും മറ്റൊരു വീട് നിര്‍മിച്ചു. വൈകാതെ അതും നിലംപതിച്ചു. അദ്ദേഹം ഇത് നിരീക്ഷിച്ചുകൊണ്ടേയിരുന്നു..പതിനേഴാമത്തെ പരിശ്രമത്തിലാണ് അത് സുരക്ഷിതമായ വീട് നിര്‍മിക്കുന്നതില്‍ വിജയിച്ചിട്ടുളളത്. എന്നിട്ട് അദ്ദേഹം പറഞ്ഞു. അല്ലാഹുവാണെ സത്യം , ഇവയുടെ കാര്യം അല്‍ഭുതകരം തന്നെ! ഈ ഉറുമ്പുകള്‍ തങ്ങളുടെ പരിശ്രമത്തില്‍ പതിനേഴാമത്തെ തവണയാണ് വിജയിച്ചത്, എന്നാല്‍ ഒന്നാമത്തെ പരാജയത്തില്‍ തന്നെ ഞാനും എന്റെ സൈന്യവും പിന്‍മാറിയിരിക്കുന്നു? നാം ഇവയേക്കാള്‍ എത്ര ദുര്‍ബലവും നിസ്സാരന്മാരുമാണ്! ഉടനെ ഗുഹാമുഖത്ത് നിന്ന് അദ്ദേഹം പുറത്തിറങ്ങി. തന്റെ ചിന്നിച്ചിതറിയ സൈന്യത്തെ ഒരുമിച്ചുകൂട്ടി യുദ്ധമുഖത്തേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. നമ്മില്‍ ഒരാള്‍ ജീവിച്ചിരിക്കുന്നതുവരെ നാം പരാജയപ്പെടുകയില്ല എന്ന് ദൃഢനിശ്ചയവും ചെയ്തു, ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഉറുമ്പുകളുടേത്.
അദ്ദേഹം തന്റെ സൈന്യത്തെ ഒരുമിച്ച്കൂട്ടി യുദ്ധത്തിനുപുറപ്പെട്ടു. ഒരാളാണെങ്കില്‍ പോലും ധൈര്യപൂര്‍വം പോരാടാനുള്ള പ്രചോദനം സൈനികര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. ഈ മനോദാര്‍ഢ്യത്തോടെ പുറപ്പെട്ട അവര്‍ യുദ്ധത്തില്‍ ശത്രുക്കള്‍ക്കെതിരെ സ്ഥൈര്യത്തോടെ പോരാടി വിജയം കൈവരിക്കുകയുണ്ടായി.
ഇതര സൃഷ്ടികളേക്കാള്‍ ഗൗരവ ബോധവും ദൃഢനിശ്ചയവുമുള്ള ജീവിയാണ് ഉറുമ്പ് എന്നത് ജീവശാസ്ത്രഞ്ജന്മാര്‍ വിവരിക്കുന്നു. വഴികളിലുറങ്ങുന്ന ഏതെങ്കിലും ഉറുമ്പിനെ ഈ കാലയളവില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? വെറുതെയിരിക്കുന്ന ഉറുമ്പിനെ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എല്ലാ ഓരോ ചലനത്തിലും ഗൗരവത്തോടെ മുന്നോട്ട് ഗമിക്കുകയാണ് ഉറുമ്പുകള്‍. ഈ ഒരു ഗൗരവബോധമാണ് നാം ആര്‍ജ്ജിക്കേണ്ടത്. വൈജ്ഞാനിക മേഖലയിലും ഉദ്യോഗരംഗത്തും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഈ ഒരു ബോധ്യം നമുക്കുണ്ടാകേണ്ടതുണ്ട്.
പരസ്പര സഹകരണമാണ് ഉറുമ്പിന്റെ മറ്റൊരു പ്രധാന സവിശേഷത. പത്ത് ഉറുമ്പുകള്‍ സഞ്ചരിക്കുന്നത് നീ ശ്രദ്ധിക്കുകയാണെങ്കില്‍ ഒരേ വരയിലൂടെ എല്ലാം ചേര്‍ന്നു നടക്കുന്നതായി നിനക്ക് കാണാം. ഉറുമ്പുകളുടെ ജീവിതത്തില്‍ ചിന്തിക്കുന്നവര്‍ക്ക് നിരവധി ദൃഷ്ടാന്തങ്ങളും പാഠങ്ങളുമുണ്ട്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്