QuranStudies

ആദം നബിയും മക്കളും

മനുഷ്യകുലത്തിന്റെ ഏറ്റവും ആദ്യത്തെ കഥ. മനുഷ്യത്വത്തിന്റെ ആരംഭത്തില്‍ തന്നെ മൃഗീയതയിലേക്ക് കൂപ്പുകുത്തിയ ചരിത്രം. ചെറിയൊരു വെറുപ്പിന്റെ പേരില്‍ യാതൊരുമടിയും കൂടാതെ സ്വന്തം സഹോദരന്റെ ജീവനെടുത്ത, ഐഹികജീവിതത്തില്‍ പ്രവൃത്തിക്കുന്ന നന്‍മയും തിന്‍മയുമായ മുഴുവന്‍ കര്‍മ്മങ്ങളും ചോദ്യം ചെയ്യപ്പെടുമെന്ന യാഥാര്‍ത്ഥ്യം മറന്നു പോയ മനുഷ്യന്റെ കഥ.

ഞാനെന്ന ഭാവവും സ്വാര്‍ത്ഥതയും ഉച്ചിയിലെത്തിയപ്പോള്‍ ഭൂമിയിലെ മണ്ണ് നിരപരാധികളുടെയും നിരാലംബരുടെയും രക്തത്തില്‍  കുതിര്‍ന്നു. അക്ഷരങ്ങളില്‍ ചോരമണക്കുന്ന, രക്തപങ്കിലമായതിലൂടെ ലോകമറിഞ്ഞ, ലോകര്‍ക്ക് പാഠമായി ചരിത്രത്തില്‍ ചിരപ്രതിഷ്ഠനേടിയ ആ കഥയെ ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ‘(നബിയേ) നീ അവര്‍ക്ക് ആദമിന്റെ രണ്ട്പുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞു കേള്‍പ്പിക്കുക. അവര്‍ ഇരുവരും ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു. ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ’. ( അല്‍ മാഇദ :27)

തുടക്കത്തില്‍ അല്ലാഹു ആദമിനെ സൃഷ്ടിച്ചാദരിച്ചു. മലക്കുകളോട് ആദമിന് സാഷ്ടാംഗം പ്രണമിക്കാനാവശ്യപ്പെട്ടു. വിജ്ഞാനം നല്‍കുകയും തന്റെ സ്വര്‍ഗത്തില്‍ താമസിപ്പിക്കുകയും ഇണയെ പ്രദാനം ചെയ്യുകയും ചെയ്തു. പിശാചിന്റെ കുതന്ത്രങ്ങളെ സൂക്ഷിക്കണെന്ന് മുന്നറിയിപ്പ് നല്‍കി. അങ്ങിനെയവര്‍ രണ്ടുപേരും സ്വര്‍ഗത്തില്‍ സസന്തോഷം കഴിയുന്നതുനിടയിലാണ്  പിശാചിന്റെ വലയില്‍ വീഴുന്നതും അവിടെ നിന്നും പുറത്താക്കപ്പെട്ട് ഭൂമിയിലേക്ക് എത്തിയതും. മറ്റൊരു മനുഷ്യജീവിയുമില്ലാത്ത ഭൂമിയില്‍ അല്ലാഹു അവര്‍ക്ക് സന്താനങ്ങളെ നല്‍കി അനുഗ്രഹിച്ചു.രണ്ടു പ്രസവം. ഓരോ പ്രസവത്തിലും ഒരാണും ഒരു പെണ്ണും വീതം. (ആദ്യപ്രസവത്തിലെ ആണ്‍ കുട്ടിയും രണ്ടാം പ്രസവത്തിലെ പെണ്‍കുട്ടിയും ,ആദ്യ പ്രസവത്തിലെ പെണ്‍കുട്ടിയും രണ്ടാം പ്രസവത്തിലെ ആണ്‍കുട്ടിയും എന്ന ഘടനയിലാണ് വിവാഹം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. ഒരേ പ്രസവത്തിലുള്ള മക്കള്‍ തമ്മില്‍ വിവാഹം നിഷിദ്ധമായിരുന്നു.) ഹാബീലും ഖാബീലുമായിരുന്നു ആദം നബിയുടെ രണ്ട് ആണ്‍ മക്കള്‍.
 
പക്ഷെ എന്തുകൊണ്ട് ഒരാളുടെ ബലിമാത്രം സ്വീകരിക്കുകയും മറ്റൊരാളുടത് തള്ളപ്പെടുകയും ചെയ്തു എന്ന വിഷയത്തില്‍ പല അഭിപ്രായങ്ങളും കാണാം. നല്ല ധനം കൊണ്ട് ചെയ്ത ബലി സ്വീകരിക്കുകയും, മോശം ധനം ഉപയോഗിച്ച് ചെയ്ത ബലി തള്ളപ്പെടുകയും ചെയ്തിട്ടുണ്ടാവാം എന്നാണ് ഒരുകൂട്ടരുടെ വാദം. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടത് ഇപ്രകാരമാണ്. ‘ഹാബീലിനോട്, ഖാബീലിന്റെ നേര്‍സഹോദരിയെയും, ഖാബീലിനോട് ,ഹാബീലിന്റെ നേര്‍ സഹോദരിയെയും  വിവാഹം ചെയ്യാന്‍ ആദം നബി ആവശ്യപ്പെട്ടു. ഹാബീല്‍ സമ്മതിച്ചെങ്കിലും ഖാബീല്‍ എതിര്‍ത്തു. അപ്പോള്‍ ആദം നബി പറഞ്ഞു. പൊന്നുമോനേ, നീ ബലിയര്‍പ്പിക്കണം. നിന്റെ സഹോദരന്‍ ഹാബീല്‍ അത് ചെയ്തിട്ടുണ്ട്. ആരുടെ ബലിയാണോ അല്ലാഹു സ്വീകരിക്കുന്നത് അവരാണ് ആ സഹോദരിയെ വേള്‍ക്കാന്‍ ഏറ്റവും അര്‍ഹന്‍’.

തന്റെ സഹോദരന്‍ ഹാബീലിന്റെ ബലിദാനം അല്ലാഹു സ്വീകരിച്ചതില്‍ അസൂയ പൂണ്ടാണ് ഖാബീല്‍ ഈയൊരപരാധത്തിന് മുതിര്‍ന്നത്. ‘ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും’ എന്ന് ഖാബീല്‍ ഭീഷണി മുഴക്കിയപ്പോഴും, ദൈവകോപം വരുത്തി വെക്കരുതെന്ന് പറഞ്ഞ് സഹോദരനിലെ വിശ്വാസ സത്തയെ ഉണര്‍ത്താനാണ് നിഷ്‌കളങ്ക സ്വഭാവത്തിനുടമയായ ഹാബീല്‍ ശ്രമിച്ചത്.   (ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ’) അഥവാ കൊല്ലാന്‍ ഒരുമ്പെട്ട് വന്നാലും പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതുമില്ല. ഹാബീല്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.  ‘എന്നെക്കൊല്ലാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാലും, നിന്നക്കൊല്ലാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു’. ( അല്‍ മാഇദ : 28)

രണ്ടു പേരിലും വച്ച് കൂടുതല്‍ ശക്തന്‍ ഹാബീലായിരുന്നെങ്കിലും ദൈവഭയം അദ്ദേഹത്തെ പ്രതികാരം ചെയ്യുന്നതില്‍ നിന്നും തടഞ്ഞു. പക്ഷെ ഖാബീല്‍, സഹോദരന്റെ വാക്കിന് ഒരു വിലയും കല്‍പിച്ചില്ല. കഠിനഹൃദയനായ ഖാബീലിന്റെ മനസില്‍ ഒരു കുലുക്കവുമുണ്ടായില്ല. ഒരു ദയാദാക്ഷിണ്യവും കാട്ടാതെ തന്റെ സഹോദരനെ അയാള്‍ വകവരുത്തി. ‘തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ് അവന്ന് പ്രേരണനല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍പെട്ടവനായിത്തീര്‍ന്നു’. ( അല്‍ മാഇദ : 30) നിരപരാധിയായ സഹോദരന്റെ രക്തം ചിന്തിയതു വഴി ലോകത്തിലെ ആദ്യ കൊലയാളിയായിത്തീര്‍ന്നു അയാള്‍. ലോകാവസാനം വരെയുളള കൊലയാളികളുടെ പാപത്തിന്റെ ഒരംശം തന്നില്‍ പതിക്കുമാറ് നിന്ദ്യനായിത്തീര്‍ന്നു. കാലം മായ്ക്കാത്ത മോശത്തരം സ്വന്തം പേരിലാക്കി.

ഏതു കാലത്തെയും കുറ്റകൃത്യങ്ങളുടെ മൂലകാരണമായ അസൂയയും പകയും സ്വാര്‍ത്ഥതയും അധികാര മോഹവുമൊക്കെത്തന്നെയാണ് ഈ സംഭവത്തിനും കാരണമായത്. നന്‍മയുടെ ഒരു തരിമ്പും ബാക്കിവെക്കാന്‍ ഖാബീലിനായില്ല.

ഖാബീല്‍ ഒരു പ്രതീകം മാത്രമാണ്. ഇന്നും നമുക്കു ചുറ്റും പലരൂപത്തില്‍ അവനുണ്ട്.  കൊലപാതകിയായി മാത്രമല്ല, പിശാചിന്റെ കൂട്ടുകാരായും, സാമൂഹ്യ ദ്രോഹികളായും, കുടുംബം കലക്കികളായുമെല്ലാം പതിയിരിക്കുന്നുണ്ട്. ഖാബീലുമാരെ കരുതിയിരിക്കാനും ഹാബീലുമാരായി വളരാനും കഴിയണമെന്നാണ് ഖുര്‍ആന്‍ ഈ സംഭവത്തിലൂടെ നമ്മെ ഉല്‍ബോധിപ്പിക്കുന്നത്.

വിവ : ഇസ്മാഈല്‍ അഫാഫ്

Facebook Comments
Related Articles

Check Also

Close
Close
Close