Current Date

Search
Close this search box.
Search
Close this search box.

അബൂലഹബിന്റെ പത്രപ്രവര്‍ത്തനം

lahab.jpg

ഖുര്‍ആന്‍ അതിന്റെ അധ്യായങ്ങളില്‍ ഒന്ന് പൂര്‍ണ്ണമായും അബൂലഹബിന്റെയും ഭാര്യയുടെ കാര്യം പ്രതിപാദിക്കാനായി മാറ്റിവെച്ചതില്‍ ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുന്ന ചിലര്‍ ആശ്ചര്യപ്പെടാറുണ്ട്. അതില്‍ തന്നെ ഒരു വ്യക്തിയുടെ പേരെടുത്ത് പറഞ്ഞത് അത്ഭുതത്തെ അധികരിപ്പിക്കുകയാണ്. പ്രവാചകനോട് ശത്രുത കാണിച്ചിരുന്നവര്‍ ധാരാളം പേരുണ്ടായിരുന്നു. അവരെ കുറിച്ചുള്ള സൂചനകള്‍ മാത്രമാണ് വന്നിട്ടുള്ളത്, അവരിലാരുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിലെ അഞ്ച് ആയത്തുകളില്‍ രണ്ടെണ്ണം അയാളുടെ ഭാര്യകുറിച്ചാണെന്നതും ശ്രദ്ധേയമാണ്. അബൂലഹബിന്റെ ഭാര്യയുമായി ബന്ധപ്പെട്ട ‘മസദ്’ എന്ന പേരാണ് സൂറത്തിന് നല്‍കിയിരിക്കുന്നതെന്നും ആശ്ചര്യം വര്‍ധിപ്പിക്കുന്നതാണ്. അബൂലഹബും ഭാര്യയും മുസ്‌ലിംകളെ ചാട്ടവാറുകള്‍ കൊണ്ടോ മറ്റേതെങ്കിലും തരത്തിലുള്ള ശാരീരിക പീഡനങ്ങളോ അല്ല ഏല്‍പ്പിച്ചത് എന്നും ചരിത്രത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം.

വഴിപിഴച്ച ചിന്താഗതിക്കാരായ അപകടകാരികളായ മാധ്യമപ്രവര്‍ത്തകരായിരുന്നു അവര്‍ രണ്ട് പേരും. അവരുടെ ഉപദ്രവം വിശ്വാസി വിശ്വാസിനികളില്‍ ഒതുങ്ങിയിരുന്നില്ല. അവരെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന എല്ലാവരിലേക്കും എത്തുന്നതായിരുന്നു അവരുടെ ദ്രോഹം. അവരുടെ വാക്കുള്‍ എത്രയോ ആളുകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റി നിര്‍ത്തി. അവരുടെ കള്ളപ്രചരണങ്ങളിലും ഇകഴ്ത്തലുകളിലും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വളരെയധികം വേദനകള്‍ അനുഭവിച്ചു. ഇഹത്തിലും പരത്തിലും കടുത്ത ശിക്ഷക്കവരെ അര്‍ഹരാക്കിയത് ഇതാണ്.

അവരുടെ ഉപദ്രവം പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തുടങ്ങിയ ഒന്നാണ്. ‘നീ നിന്റെ അടുത്തബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.'(26:214) എന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചപ്പോള്‍ നബി(സ) സഫാ മലയുടെ മുകളില്‍ കയറി നിന്ന് ഖുറൈശി ഗോത്രങ്ങളെ വിളിച്ച് വരുത്തി. അവിടെ അബൂലഹബും എത്തിയിരുന്നു. എന്നിട്ട് നബി(സ) ചോദിച്ചു: ‘ഈ മലയുടെ അപ്പുറത്ത് നിങ്ങളെ അക്രമിക്കാനുദ്ദേശിച്ച് ഒരു കുതിരപ്പടയുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ?’ അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും, സത്യമല്ലാത്ത ഒന്നും നിങ്ങളില്‍ നിന്ന് ഞങ്ങള്‍ പരിചയിച്ചിട്ടില്ല.’ അദ്ദേഹം പറഞ്ഞു: ‘എന്നാല്‍ കടുത്ത ശിക്ഷയെ കുറിച്ചാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.’ അപ്പോള്‍ അബൂലഹബ് പറഞ്ഞു: ‘നിനക്കെന്നും നാശമുണ്ടാകട്ടെ, ഇതിനാണോ ഞങ്ങളെയെല്ലാം ഒരുമിച്ച് കൂട്ടിയത്?’ അപ്പോഴാണ് ഈ അധ്യായം അവതരിക്കുന്നത്.

അവിടെയുണ്ടായിരുന്ന ധാരാളം ആളുകള്‍ പ്രവാചകന്റെ സന്ദേശത്തെ നിരസിച്ചവരായിരുന്നു. സമൂഹത്തിലെ നേതാക്കന്മാരായ ആളുകളും അവരിലുണ്ടായിരുന്നു. എന്നിട്ടും ഖുര്‍ആന്‍ അബൂലഹബിനെ മാത്രം എന്തുകൊണ്ട് എടുത്തു പറഞ്ഞു എന്നത് ശ്രദ്ധേയമാണ്. കാരണം അയാളാണ് അവിടെ സംസാരിച്ചത്. ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി ജനങ്ങളെ ദൈവിക സരണിയില്‍ നിന്ന് തടഞ്ഞതും അയാളായിരുന്നു.

മനുഷ്യര്‍ ശുദ്ധപ്രകൃതിയുള്ളവരാണ്. ഖുര്‍ആന്‍ ശ്രവിച്ചാല്‍ സന്മാര്‍ഗത്തിലേക്ക് കടന്നു വരുന്നവരായിരുന്നു അവരിലധികം പേരും. എന്നാല്‍ കുപ്രചാരകരായ ആളുകള്‍ അവിടെ എത്തുകയും യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു. അതിലൂടെ അവരെ ദീനില്‍ നിന്ന് അകറ്റി. ചാട്ടവാറുമായി ആളുകളെ പീഡിപ്പിക്കാന്‍ എത്തുന്നവരേക്കാളും മുസ്‌ലിമായതിന്റെ പേരില്‍ ആളുകളെ പീഡിപ്പിക്കുന്ന ഭരണാധികാരികളേക്കാളും അപകടകാരികള്‍ ഇത്തരം പ്രചാരകര്‍ തന്നെയാണ്. മുസ്‌ലിംകളെ ശാരീരികമായ പീഡിപ്പിച്ചിരുന്ന മറ്റ് ഖുറൈശി പ്രമുഖരെ പരാമര്‍ശിക്കാത്തിടത്ത് അബൂലഹബിനെ ഖുര്‍ആന്‍ പരാമര്‍ശിച്ചതിലെ പ്രസക്തിയും അത് തന്നെയാണ്.

അബൂലഹബിന്റെ ഭാര്യ
പ്രവാചകന്‍(സ)യുടെ സന്ദേശത്തെയും പ്രബോധനത്തെയും കുറിച്ച് അവള്‍ അറിഞ്ഞു. ഇസ്‌ലാമിനെയും അതിന്റെ ആളുകളെയും അവള്‍ വെറുത്തു. പ്രവാചകനോട് അങ്ങേയറ്റത്തെ അസൂയ വെച്ചുപുലര്‍ത്തി. പ്രവാചകന്‍(സ)യുടെ മകള്‍ റുഖിയ്യയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന തന്റെ മകന്റെ വിവാഹം വരെ വേണ്ടെന്ന് വെച്ചു. കുപ്രചരണങ്ങള്‍ നടത്തുന്നതില്‍ അവള്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ‘മുഹമ്മദ്’ എന്നതിന്റെ നേര്‍വിപരീതമായ ‘മുദംദം’ എന്നവള്‍ പരിഹാസത്തോടെ വിളിച്ചിരുന്നു. പ്രവാചകനെ(സ) ആക്ഷേപിച്ചുകൊണ്ട് അവള്‍ കവിത രചിക്കുകയും ചെയ്തു. ഇസ്‌ലാമിനോടുള്ള ശത്രുതയും വഹിച്ച് അവള്‍ നാടെങ്ങും നടന്നു. ഇക്കാര്യത്തിനായി പുരുഷ സദസ്സുകളില്‍ പങ്കെടുക്കുന്നതില്‍ പോലും അവള്‍ ലജ്ജിച്ചില്ല. ആളുകളെ ഇസ്‌ലാമില്‍ നിന്ന് എങ്ങനെ അകറ്റാം എന്നത് മാത്രമായിരുന്നു അവളുടെ പ്രധാന ആലോചന.

വാര്‍ത്തകള്‍ തേടിനടക്കുകയായിരുന്നു അബൂലഹബിന്റെ ഭാര്യയുടെ ജോലി. തന്റെ കുപ്രചരണങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ ശേഖരിക്കുന്നതിനായി അവള്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ചുറ്റി നടന്നു. നബി(സ)ക്ക് വഹ്‌യ് അവതരിക്കുന്നതില്‍ ചെറിയ ഇടവേളയുണ്ടായതറിഞ്ഞ ഉമ്മുജമീല്‍ നബി(സ)യുടെ അടുക്കലെത്തി ചോദിച്ചു: അല്ലയോ മുഹമ്മദ്, നിന്റെ പിശാചുക്കള്‍ നിന്നെ കൈവെടിഞ്ഞിരിക്കുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ‘അദ്ദുഹാ’ എന്ന അധ്യായം അതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ച് കൊണ്ട് അവതരിച്ചതാണ്.

അബൂലബിന്റെ കഥ നല്‍കുന്ന സന്ദേശങ്ങള്‍
പ്രധാനമായ രണ്ട് സന്ദേശങ്ങളാണ് ഈ കഥ നല്‍കുന്നത്. അതില്‍ ഒന്നാമത്തെ സന്ദേശം വ്യാജവാര്‍ത്താ പ്രചാരകരായ മാധ്യമ പ്രവര്‍ത്തകരോടുള്ളതാണ്. അതിലൂടെ ജനങ്ങളെ വഞ്ചിക്കുന്നവരാണവര്‍. അവര്‍ ഇസ്‌ലാമിനെ വെറുക്കുകയും ആളുകളെ അതിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കുകയും ചെയ്യും. അവര്‍ മനസിലാക്കേണ്ട കാര്യം മുസ്‌ലിംകള്‍ ബദ്‌റില്‍ വിജയിച്ചു എന്നറിയുന്നതിന് മുമ്പേ അബൂലഹബ് മരിച്ചിരുന്നു. കടുത്ത ദുഖവും മനപ്രയാസവുമായിരുന്നു അയാളെ ബാധിച്ചിരുന്നത്. തുടര്‍ന്ന് ശരീരത്തില്‍ വ്രണം ബാധിക്കുകയും ചെയ്തു. അതില്‍ നിന്നുണ്ടായ ദുര്‍ഗന്ധം കാരണം ഉറ്റബന്ധുക്കള്‍ പോലും അയാളിലേക്ക് അടുത്തില്ല. മരിച്ചിട്ട് പോലും ആരും അടുക്കാതെ മൃതദേഹം വീട്ടില്‍കിടന്ന് പുഴുവരിച്ചു. അയാളെ ഇത്തരത്തില്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ ആളുകള്‍ മക്കളെ ആക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ദൂരെ നിന്നും മൃതദേഹത്തില്‍ വെള്ളമൊഴിച്ച് വിരിപ്പോട് കൂടി മക്കയുടെ മുകളിലേക്ക് കൊണ്ട് പോയി ഇട്ടു. പിന്നീട് അതിന് മുകളിലേക്ക് കല്ലുകള്‍ എറിഞ്ഞ് അതിനടിയില്‍ മൂടുകയാണ് ചെയ്തത്.

ഈ മാര്‍ഗത്തില്‍ ചരിച്ചയാളുടെ നിന്ദ്യവും ദുരന്തപൂര്‍ണ്ണവുമായ അന്ത്യം എങ്ങനെയായിരുന്നു എന്നിത് വ്യക്തമാക്കുന്നു. ആകാശവും ഭൂമിയും അതില്‍ കരഞ്ഞില്ലെന്ന് മാത്രമല്ല തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. ഇത് അപ്രതീക്ഷിതമായ ഒരു അവസാനമല്ല. അല്ലാഹു പറയുന്നു: ‘ അല്ലാഹു ആരെയെങ്കിലും അപമാനിതനാക്കുകയാണെങ്കില്‍ അയാളെ ആദരണീയനാക്കാന്‍ ആര്‍ക്കുമാവില്ല.’ (അല്‍-ഹജ്ജ്: 18) കുപ്രചാരകരായ മാധ്യമ പ്രവര്‍ത്തകരേ നിങ്ങള്‍ ശ്രദ്ധിക്കണം, രക്ഷക്കുള്ള മാര്‍ഗം നിങ്ങളുടെ മുന്നിലുണ്ട്. മടക്കം സാധ്യമല്ലാത്ത ഒരു ദിവസം വരുന്നതിന് മുമ്പ് അതിനെ ഉപയോഗപ്പെടുത്തുക. ഇന്ന് നിങ്ങളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരൊന്നും നിനക്ക് വേണ്ടി അന്ന് കരയില്ല. അവരെല്ലാം നിന്നെ കൈവെടിയും. നിങ്ങള്‍ അവര്‍ക്കോ നാടിനോ ഒരു ഗുണവും ചെയ്തില്ലെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യും. സമ്പത്തും പ്രശസ്തിയും നേടുന്നതിനുള്ള നിന്റെ മാര്‍ഗ്ഗങ്ങളായിരുന്നു അവയെല്ലാം എന്ന് അവര്‍ മനസിലാക്കുന്നു. പിന്നെ എന്താണ് നിങ്ങള്‍ നേടിയത്? അബൂലഹബിന്റെ കാര്യത്തില്‍ സംഭവിച്ചത് തന്നെയാണ് നിങ്ങള്‍ക്കും സംഭവിക്കുക. ഖുര്‍ആന്‍ പറയുന്നു: ‘അവന് അവന്റെ ധനമോ സമ്പാദിച്ചതോ പ്രയോജനപ്പെട്ടില്ല.’ എന്ത് പ്രശസ്തിയാണവന് കിട്ടിയത്. കുപ്രസിദ്ധി മാത്രമാണ് നേടിയിട്ടുള്ളത്, ഇനി ലോകാവസാനം വരെ അത് തുടരുകയും ചെയ്യും.
ഇതിന്റെ രണ്ടാമത്തെ സന്ദേശം വിശ്വാസികള്‍ക്കുള്ളതാണ്. അബൂലഹബിനെയും ഭാര്യയെയും പോലുള്ള ആളുകളുടെ പ്രചാരണങ്ങളെ നിങ്ങള്‍ വിലക്കെടുക്കരുത്. ഇന്ന് അവരെവിടെയാണ്? അവര്‍ ശത്രുത വെച്ച് പുലര്‍ത്തിയ പ്രവാചകന്‍(സ) എവിടെയാണ്? അല്ലാഹു അവരെ നിന്ദിക്കുകയും നരകാവകാശികളാക്കുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍(സ) കീര്‍ത്തി ലോകമെങ്ങും വ്യാപിച്ചു. അവര്‍ രണ്ടു പേരുടെയും പ്രചാരണങ്ങള്‍ ഒരിക്കലും പ്രവാചകന്റെ(സ) പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles