Current Date

Search
Close this search box.
Search
Close this search box.

ആഭരണങ്ങള്‍ക്ക് സകാത്തുണ്ടോ

മഹാന്‍മാരായ സ്വഹാബിവര്യന്‍മാരുടെ കാലം മുതല്‍ അഭിപ്രായ വ്യത്യാസം തുടര്‍ന്നുവരുന്ന ഒരു വിഷയമാണിത്. നബി (സ്വ)യില്‍ നിന്ന് ഖണ്ഡിതമായതും കുറ്റമറ്റതുമായ ഒരു റിപ്പോര്‍ട്ടും ഈ വിഷയത്തില്‍ വന്നിട്ടില്ലെന്നതാണ് അതിന് കാരണം. 85 ഗ്രാം സ്വര്‍ണം ഒരാളുടെ കൈവശമുണ്ടായാല്‍ സകാത്ത് നല്‍കാനുള്ള മിനിമം പരിധിയായി. ഇത് ഒരു സ്ത്രീ ഉപയോഗിക്കുന്ന ആഭരണത്തിന് ബാധകമാണോ എന്നതിലാണ് തര്‍ക്കം.

ഒരാള്‍ ഉപയോഗിക്കുന്ന വാഹനം, താമസിക്കുന്ന വീട് തുടങ്ങിയവക്കൊന്നും സകാത്ത് ബാധകമല്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് കോടികള്‍ വിലമതിക്കുന്നതാണെങ്കിലും ശരി. (എന്നു വച്ച് ധൂര്‍ത്തും ദുര്‍വ്യയവും കാണിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ രക്ഷയുണ്ട് എന്ന് ആരും മനസ്സിലാക്കണ്ടാ). അതുപോലെ ഒരു സ്ത്രീ ഉപയോഗിക്കുന്ന ആഭരണത്തിനും സകാത്തില്ല. ഇതാണ് മാലികീ, ശാഫിഈ, ഹമ്പലീ ഉള്‍പെടെ ബഹു ഭൂരിപക്ഷം, പണ്ഡിതന്മാരുടെയും ഫുഖഹാക്കളുടെയും വീക്ഷണം. ആധുനിക പണ്ഡിതന്മാരില്‍ ഈ വീക്ഷണത്തിനാണ് ശൈഖ് ഖറദാവി തന്റെ ഫിഖ്ഹുസ്സകാത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഈ വീക്ഷണം സമര്‍ഥിച്ച ശേഷം അണിയാതെ നിധിപോലെ സൂക്ഷിച്ചുവെക്കുന്ന ആഭരണങ്ങള്‍ക്കും സാധാരണ ഉപയോഗിക്കുന്ന പരിധിവിട്ട് ധൂര്‍ത്തായി ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഈ വീക്ഷണമനുസരിച്ച് ഒരു നാട്ടിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ആഭരണങ്ങളുടെ പരിധി ശരാശരി 20 പവനാണെന്ന് സങ്കല്‍പിക്കുക. അത്തരം പ്രദേശത്തുള്ള ഒരു സഹോദരിക്ക് ആഭരണമായി മൊത്തം 50 പവന്‍ ഉണ്ടെന്നും കരുതുക. എങ്കില്‍ അത്തരം സ്ത്രീകള്‍ 30 പവന്റെ സകാത്ത് നല്‍കേണ്ടതാണ്. അതായത് മൊത്തം 50 പവന് സകാത്ത് കണക്കാക്കാതെ ഉപയോഗിക്കുന്ന 20 പവന്‍ കഴിച്ച് ബാക്കിക്ക് മാത്രം സകാത്ത് നല്‍കിയാല്‍ മതിയാകും.

ഈ വിഷയവുമായി ബന്ധപ്പെട്ട ശൈഖ് ഖറദാവി പറയുന്നു: ” ഉപയോഗിക്കുന്നതിന്റെ പരിധി കഴിഞ്ഞുള്ള ആഭരണത്തിനേ സകാത്തുള്ളൂ എന്ന് വരുമ്പോള്‍ സാധാരണ ഉപയോഗിക്കുന്നവ സകാത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അങ്ങനെ ഒഴിവാക്കാതെ എല്ലാത്തിനും സകാത്ത് കൊടുക്കുന്നതാണ് ഉത്തമവും സൂക്ഷ്മതയും ഹദീസുകളുടെ ബാഹ്യാര്‍ഥത്തിന് യോജിച്ചതും.” (ഫിഖ്ഹുസ്സകാത്ത്).

ആഭരണത്തിന് അത് ഉപയോഗിക്കുന്നതാണോ, അല്ലേ എന്നൊന്നും നോക്കാതെ നിസ്വാബ് (സകാത്ത് ബാധകമാവാനുള്ള മിനിമം പരിധി) എത്തിയിട്ടുണ്ടെങ്കില്‍ സ്വര്‍ണത്തിന്റെ മിനിമം പരിധി (85 ഗ്രാം) അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കേണ്ടതാണ് എന്നാണ് മറ്റൊരഭിപ്രായം. ഇമാം അബൂഹനീഫ ഈ വീക്ഷണക്കാരനാണ്. ആധുനിക സലഫി പണ്ഡിതന്മാര്‍ മിക്കവരും ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നു.

സ്വഹാബിമാര്‍ക്കിടയില്‍ പോലും ഈ രണ്ട് വീക്ഷണക്കാരും ഉണ്ടായിരുന്നു. രണ്ട് കൂട്ടര്‍ക്കും അവരുടെതായ ന്യായങ്ങളും തെളിവുകളും ഉണ്ട്. ഇത്തരം വിഷയങ്ങളില്‍ സാധാരണക്കാരെ സംബന്ധിച്ചേടത്തോളം ഇവിടെ തങ്ങളുടെ ഗരുനാഥന്‍മാരില്‍ ആധികാരികരെന്ന് വിശ്വസിക്കുന്ന ആരെ വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.

രണ്ടാമത് പറഞ്ഞ വീക്ഷണപ്രകാരം ഒരു സ്ത്രീക്ക് ആകെയുള്ളത് ഒരു പവന്റെ രണ്ട് കമ്മലും ഓരോ പവന്റെ 6 വളകളും മൂന്ന് പവന്റെ ഒരു മാലയും ഒരു പവന്റെ രണ്ട് മോതിരവുമാണെന്ന് സങ്കല്‍പിക്കുക. മൊത്തം (11 പവന്‍) ഇതിന്റെ സകാത്ത് കൊടുക്കേണ്ടതാണ്. കൊടുക്കേണ്ടത് 2.5 ശതമാനവുമാണ്.

ഒരാളുടെ വീട്, വാഹനം തുടങ്ങിയവ, കോടികള്‍ വിലമതിക്കുന്ന വീടാണെങ്കിലും, ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനമാണെങ്കിലും അവയ്ക്ക് സകാത് ബാധകമല്ല. (ഇതിലൊക്കെ ധൂര്‍ത്തും, അതിര് കവിഞ്ഞ ആര്‍ഭാടവുമുണ്ടെങ്കില്‍ ഉടമസ്ഥന്‍ കുറ്റക്കാരാവുമെന്നതിലും, ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്നതിലും ആര്‍ക്കും തര്‍ക്കമില്ല). ഇവ താന്‍ ഉപയോഗിക്കുന്നതാണെന്നതും, വരുമാനത്തിനുള്ളതല്ല എന്നതുമാണ് ഇവ സകാതില്‍ നിന്ന് ഒഴിവാകാന്‍ കാരണം.
ഇവയൊന്നും വരുമാനമുള്ളതല്ല, വരുമാനത്തിനുള്ളതുമല്ല. അഭിവൃദ്ധി, വളര്‍ച്ച എന്നൊക്കെ പറയാവുന്ന  (نماء )  ഉള്ളതാവുക എന്നത് ഒരു മുതലിന് സകാത് ബാധകമാന്‍ അനിവാര്യമായ ഒരു ഉപാധിയാണ്. നബി (സ) പറഞ്ഞു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « لَيْسَ عَلَى الْمُسْلِمِ فِي فَرَسِهِ وَغُلَامِهِ صَدَقَةٌ ».- رَوَاهُ الْبُخَارِيُّ: 1463.

ഒരു മുസ്ലിമിന് തന്റെ കുതിരയുടെയും, ദാസന്റെയും സകാത് കൊടുക്കേണ്ട ബാധ്യതയില്ല. (ബുഖാരി: 1463).

എന്ന ഹദീസിന്റെ അടിസ്ഥാനത്തിലാണ് ഈയൊരു നിബന്ധന വെച്ചിട്ടുള്ളത്.
ഈയൊരു നിബന്ധനയുടെ വെളിച്ചത്തിലാണ് ഒരാള്‍ക്ക് ഏക്കര്‍ കണക്കിന് കൃഷി ഭൂമിയുണ്ടെങ്കിലും അതിന് സകാതില്ല എന്നും, അതില്‍ കൃഷി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിളവിനാണ് സകാത് കൊടുക്കേണ്ടതെന്നും പറയുന്നത്.

അതേ സമയം, ഒരാള്‍ വാങ്ങിച്ചിട്ട സ്ഥലം വെറും അഞ്ചു സെന്റ് ആണെങ്കില്‍ പോലും, വില്‍പ്പനാവശ്യാര്‍ഥം വാങ്ങിച്ചിട്ടതാണെങ്കില്‍ സകാത് കൊടുക്കണമെന്നും ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. കൃഷി മുടങ്ങിക്കിടക്കുന്ന ഭൂമി ഒരു വരുമാനവും നല്‍കാതെ, വളര്‍ച്ചയോ അഭിവൃദ്ധിയോ ഇല്ലാതെ കിടക്കുന്നു എന്നതാണ് കാരണം.
ഇതു പോലെയാണ് ഒരു സ്ത്രീ അണിയുന്ന ആഭരണവും. അതവള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്, അത് വില്‍ക്കലോ, അതിലൂടെ വരുമാനമുണ്ടാക്കലോ അവളുടെ ലക്ഷ്യമേയല്ല, പട്ടിണികിടക്കേണ്ടി വന്നാല്‍ പോലും തങ്ങളുടെ ആഭരണം വില്‍ക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ വരെയുണ്ട്.

30 ലക്ഷം വിലമതിക്കുന്ന വീടും, 15 ലക്ഷം വിലമതിക്കുന്ന കാറും ഉള്ള ഒരു മുതലാളി തന്റെ വീടിനോ വാഹനത്തിനോ സകാത് കൊടുക്കേണ്ടതില്ല, അതേ മുതലാളിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ, അവളുടെ കാതിലും കഴുത്തിലും, കൈകളിലും, വിരലിലുമായി സ്ഥിരമായി അണിയുന്ന പതിനൊന്ന് പവന്‍ ആഭരണമുണ്ട്, (രണ്ട് കമ്മല്‍, ഓരോ കൈകളിലും മൂന്ന് വീതം വളകള്‍, ഒരു മാലയും ലോക്കറ്റും). ഇവള്‍ ആഭരണത്തിന് സകാത് കൊടുക്കണമെന്ന് പറയുന്നതിലെ യുക്തി തീരെ പിടി കിട്ടുന്നില്ല.
ആഭരണത്തിന് സകാത് കൊടുക്കണമെന്ന് വാദിക്കുന്നവര്‍ കൊണ്ടുവരുന്ന തെളിവുകള്‍ ഒരെണ്ണം പോലും സ്വീകാര്യ യോഗ്യമല്ല. ( എല്ലാം ദര്‍ബലമാണെന്നര്‍ഥം ). സ്വീകാര്യ യോഗ്യയായ തെളിവുകളാകട്ടെ ആഭരണത്തിന് സകാത്തുണ്ടെന്ന് സ്ഥാപിക്കാന്‍ ഉതകുന്നതുമല്ല. ( എല്ലാം വ്യാഖ്യാനിച്ച് ഒപ്പിക്കേണ്ടതുണ്ട് എന്നര്‍ഥം).

കേവലം ശാഖാപരമായ വിഷയത്തിലാണെങ്കില്‍ ഇങ്ങനെ ഞെക്കിപ്പഴുപ്പിച്ച തെളിവുകളൊക്കെ മതിയാവുമായിരുന്നു. എന്നാല്‍ ദീനിന്റെ അടിസ്ഥാന സതംഭങ്ങളില്‍പ്പെട്ട, ഒരാളുടെ ഇസ്‌ലാമും കുഫ്‌റും തീരുമാനിക്കുന്ന മൗലിക പ്രധാമായ ഒരു വിഷയത്തില്‍ ഇത്തരം ദുര്‍ബല തെളിവുകളൊന്നും പോരാ.

ആഢംബര വാഹനവും വീടും ഉള്ളവര്‍ക്ക് ലഭിക്കുന്ന ‘ സ്വന്താവശ്യത്തിന് ഉപയോഗിക്കുന്നത് ‘ എന്ന പരിഗണന ആഭരണം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് മാത്രം എന്തുകൊണ്ട് ബാധകമല്ല എന്ന് സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തില്ല എന്ന വീക്ഷണമുള്ളവര്‍ ഉന്നയിക്കാറുണ്ട്.

ഇതുകൊണ്ടാണ് ഭൂരിഭാഗം മദ്ഹബിന്റെ ഇമാമുമാരും ശൈഖ് ഖറദാവിയെ പോലുള്ള ആധുനിക പണ്ഡിതന്മാരും മിതമായ തോതില്‍ ഒരു മുസ്‌ലിം സ്ത്രീ ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇമാം ശാഫിഈ ഈ വിഷയത്തില്‍ ആശയക്കുഴപ്പത്തിലാവുകയും വ്യക്തമായ ഒരു നിഗമനത്തിലെത്താനായി ഇസ്തിഖാറഃ നടത്തുകയും ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്ന നിലപാടില്‍ എത്തിച്ചേരുകയും ചെയ്തു. തന്റെ ആധികാരിക ഗ്രന്ഥമായ ‘കിതാബുല്‍ ഉമ്മി’ല്‍ അദ്ദേഹം ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇമാം അബൂഹനീഫയെപ്പോലെ അതി പ്രഗല്‍ഭരായ മറുഭാഗത്തിനും ന്യായങ്ങളും തെളിവുകളുമുള്ളതിനാല്‍ ഒരു മുസ്‌ലിമിന് ഇതിലേത് അഭിപ്രായവും സ്വീകരിക്കാവുന്നതാണ്.

ചുരുക്കത്തില്‍ നബി (സ്വ)യില്‍ നിന്ന് സ്വഹീഹായ റിപ്പോര്‍ട്ടില്ലാതിരിക്കുകയും സ്വഹാബികള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ടെന്ന് വരികയും ചെയ്ത പശ്ചാത്തലത്തിലാണ് പില്‍ക്കാല പണ്ഡിതന്‍മാര്‍ക്കിടയിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കാന്‍ കാരണമായത്. സകാത്ത് നിര്‍ബന്ധമാക്കിയ ധനങ്ങള്‍ പരിശോധിച്ചാല്‍, അവ വികസിതമോ, വികസനക്ഷമമോ ആണെന്ന് കാണാം. ഇത് രണ്ടുമല്ലാത്ത ധനത്തില്‍ സകാത്ത് ചുമത്തിയത് കാണില്ല. ഉദാഹരണത്തിന് ഒരാളുടെ വീട്, വസ്ത്രം, സ്വയം ഉപയോഗിക്കുന്ന വാഹനം മുതലായവക്ക് സകാത്തില്ല. സ്ത്രീകളുടെ ആഭരണവും ഈ ഗണത്തിലാണ് വരികയെന്ന് സകാത്ത് നിര്‍ബന്ധമില്ലെന്ന അഭിപ്രായക്കാര്‍ വാദിക്കുന്നു.
ഉപയോഗത്തിലുള്ള ആഭരണങ്ങളുടെ കാര്യത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിക്കുന്ന ആഭരണങ്ങള്‍ക്ക്, സകാത്ത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles