Current Date

Search
Close this search box.
Search
Close this search box.

മൂക്ക് കുത്തുന്നതിന്റെ ഇസ്‌ലാമിക വിധി?

ചോദ്യം: കാത് കുത്തുന്നതുപോലെ മൂക്ക് കുത്തുന്നതും അനുവദനീയമാണോ?

ഉത്തരം: കാത് കുത്തുന്നത് അനുവദനീയമാണോ അല്ലയോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കാത് കുത്തുന്നതിനെ അനുവദീനയമായിട്ടാണ് ഹനഫീ മദ്ഹബും ഹമ്പലീ മദ്ഹബും കാണുന്നത്. ഇമാം ശാഫിഈയും(റ) ഹമ്പലീ മദ്ഹബുകാരായ ഇബ്‌നുല്‍ ജൗസിയും ഇബ്‌നു അഖീലും അത് നിഷിദ്ധമാണെന്നാണ് അഭിപ്രായപ്പെടുന്നത്. പ്രമാണങ്ങള്‍ക്ക് നിരത്തികൊണ്ടല്ല അവര്‍ ആ അഭിപ്രായത്തിലെത്തുന്നത്. മറിച്ച്, പ്രത്യേകിച്ച് പ്രാധാന്യമോ അല്ലെങ്കില്‍ അനിവാര്യതയോ ഇല്ലാത്ത പ്രവര്‍ത്തി മുഖേന ശരീരത്തിന് പ്രയാസം (ശരീരത്തിന് വേദന) സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന അടിസ്ഥാനത്തിലാണത്. പ്രബലമായ അഭിപ്രായം അനുവദനീയമാണെന്ന ഒന്നാമത്തെ അഭിപ്രായമാണ്. ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ‘ഈദ് ദിനം പ്രവാചകന്‍(സ) പുറപ്പെടുകയും തുടര്‍ന്ന് നമസ്‌കരിച്ച് ഖുത്വുബ നിര്‍വഹിക്കുകയും ചെയ്തു(ബാങ്കും ഇഖാമത്തും കൊടുത്തില്ല- ഈദ് നമസ്‌കാരം). പിന്നീട് സ്ത്രീകള്‍ വന്നു. പ്രവാചകന്‍(സ) അവരെ ഉപദേശിക്കുകയും, ഓര്‍മപ്പെടുത്തുകയും, ദാനധര്‍മങ്ങല്‍ നല്‍കുവാന്‍ കല്‍പിക്കുകയും ചെയ്തു. അവരുടെ കഴുത്തിലും ചെവിയിലും തൂങ്ങികിടക്കുന്നതായി (അലങ്കാരത്തിനായി ഉപയോഗിക്കുന്നവ) ഞാന്‍ കണ്ടു. അവര്‍ അത് ബിലാലി(റ)ന് നല്‍കുകയും പിന്നീട് ബിലാല്‍(റ) വീട്ടിലേക്ക് മടങ്ങുകയും ചെയ്തു’. മറ്റു റിപ്പോര്‍ട്ട് പ്രകാരം സ്വഹാബി വനിതകള്‍ കഴുത്തിലും(ഖുറസ്) കാതിലും (സിഹാബ്) അണിഞ്ഞിരുന്നതിന് പ്രമാണങ്ങളുണ്ട്.

എന്നാല്‍, മൂക്ക് കുത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ പ്രമാണങ്ങള്‍ കാണാന്‍ കഴിയുകയില്ല. മുസ്‌ലിം സ്ത്രീകള്‍ക്കിടിയിലെ അലങ്കാര രീതിയായി മൂക്ക് കുത്തുന്നതിനെ കാണുന്നുവെങ്കില്‍ അത് അനുവദനീയമാണ്. കാത് കുത്തുന്നത് അനുവദനീയമാണെന്നരിക്കെ, അതിലേക്ക് ചേര്‍ത്തുകൊണ്ടാണ്(ഖിയാസ്) മൂക്ക് കുത്തുന്നതും അനുവദനീയമാണെന്ന അഭിപ്രായത്തിലെത്തുന്നത്. പക്ഷേ, അത് ശരീരത്തിന് ഉപദ്രവമോ, പ്രശ്‌നമോ സൃഷ്ടിക്കാവതല്ല. പ്രവാചകന്‍(സ) പറയുന്നു: ‘സ്വന്തത്തിനും മറ്റുളളവര്‍ക്കും ഉപദ്രവമേല്‍പ്പിക്കരുത്’. മുഹമ്മദ് ബിന്‍ സാലിഹ് ഉസൈമീന്‍ തന്റെ ‘മജ്മൂഅ് ഫതാവയില്‍’ പറയുന്നു: ‘ഈ വിഷയവുമായി (മൂക്ക് കുത്തല്‍) ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ഞാന്‍ ഉദ്ധരിക്കുന്നില്ല. കാരണം, അത് മനുഷ്യനെ വികൃതമാക്കുന്ന മാതൃകയായിട്ടാണ് നാമെല്ലാവരും കാണുന്നത്. ഒരുപക്ഷേ, നമ്മളല്ലാത്ത ആളുകള്‍ അങ്ങനെ കാണുന്നുമില്ല. ഇനി, ഒരു നാട്ടില്‍ മൂക്ക് കുത്തുന്നതിനെ സത്രീയുടെ അലങ്കാരമായി കാണുന്നുവെങ്കില്‍ അതില്‍ പ്രശ്‌നവുമില്ല’. അതോടൊപ്പം, വിശ്വാസികളല്ലാത്തവരുടെ ആചാര-അനുഷ്ഠാനങ്ങള്‍ അനുകരിച്ചാണ് മൂക്ക് കുത്തുന്നതെങ്കില്‍ അത് അനുവദനീയമല്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതുമാണ്.

Related Articles