Current Date

Search
Close this search box.
Search
Close this search box.

ബറാഅത്ത് രാവ് ശ്രേഷ്ഠ രാവ് തന്നെ

ചോദ്യം:  ശഅ്ബാന്‍ പതിനഞ്ചാം രാവിനെപ്പറ്റി  ബറാഅത്ത് രാവ് എന്ന് പറയാറുണ്ട്. എന്താണതിന്റെ ന്യായം? ആ രാവിന് പ്രത്യേകം വല്ല ശ്രേഷ്ഠതയും ഉണ്ടോ? ഉണ്ടെങ്കില്‍ ആ രാവില്‍  വല്ല പ്രത്യേക ചടങ്ങുകളോ കര്‍മങ്ങളോ ഉണ്ടോ?

ഉത്തരം:  ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ടോ എന്ന വിഷയത്തില് രണ്ട് ഭിന്ന വീക്ഷണങ്ങളാണ് പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. അത് സംബന്ധമായി വന്ന ഹദീസുകളുടെ സ്വീകാര്യതയിലുള്ള ഭിന്നതയാണ് ഇതിന് കാരണം. ഈ വിഷയകമായി വന്നിട്ടുള്ള ഒറ്റ ഹദീസുപോലും സ്വഹീഹായിട്ടില്ല എന്നാണ് ഇമാം ഇബ്‌നുല്‍ ജൗസിയെപ്പോലുള്ള ഇമാമുമാരുടെ അഭിപ്രായം. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ നിന്ന് മനസ്സിലാവുന്നതും, പ്രഗല്‍ഭരായ പൗരാണികരും ആധുനികരുമായ നല്ലൊരു വിഭാഗം പണ്ഡിതന്മാരും പ്രമാണ ബദ്ധമായി പറഞ്ഞതുമെല്ലാം വെച്ച് നോക്കുമ്പോള്‍ ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ട് എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ധാരാളം ഹദീസുകള്‍ ഈ വിഷയകമായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും അവയില്‍ ബഹുഭൂരിഭാഗവും ദുര്‍ബലങ്ങളോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകളാണ്.

കൂട്ടത്തില്‍ സ്വീകാര്യയോഗ്യമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇപ്രകാരമാണ്:

عَنْ مُعَاذِ بن جَبَلٍ، عَن ِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: « يَطَّلِعُ اللَّهُ عَزَّ وَجَلَّ عَلَى خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلا لِمُشْرِكٍ أَوْ مُشَاحِنٍ ».

– رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ: 16639. وَرَوَاهُ اِبْن حِبَّانٍ فِي صَحِيحِهِ: 5665، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: حَدِيثٌ صَحِيحٌ بِشَوَاهِدِهِ. وَرَوَاهُ ابْنُ مَاجَةَ عَنْ أَبِي مُوسَى الأَشْعَرِيِّ: 1390.

മുആദ് ബ്‌നു ജബല്‍ (റ), നബി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി പറഞ്ഞു: ” ശഅ്ബാന്‍ 15-ാം രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളെയെല്ലാവരെയും വീക്ഷിക്കും. എന്നിട്ട് മുശ്‌രിക്കിനും, പകയും വിദ്വേഷവുമായി പിണങ്ങി നില്‍ ക്കുന്നവനുമൊഴിച്ച് എല്ലാവര്‍ക്കും അവന്‍ പൊറുത്തു കൊടുക്കും ” (ത്വബറാനി: 16639, ഇബ്നു ഹിബ്ബാൻ: 5665)

Also read: മധ്യായുസ്സ് പ്രതിസന്ധി എല്ലാവരിലുമുണ്ടാകുമോ?

ഈ ഹദീസ് ഉദ്ധരിച്ച ശേഷം ശൈഖ് അല്‍ബാനി പറയുന്നു:

حَديثٌ صَحِيحٌ، رُوِيَ عَنْ جَمَاعَةٍ مِنَ الصَّحَابَةِ مِنْ طُرُقٍ مُخْتَلِفَةٍ يَشُدُّ بَعْضُهَا بَعْضًا، وَهُمْ مَعَاذُ ابْنُ جَبَلٍ وَأَبُو ثَعْلَبَةَ الْخِشْنِي وَعَبْدُ اللهِ بْنُ عَمْروٍ وَأَبِي مُوسَى الْأَشْعِرِيِّ وَأَبِي هُرَيْرَةَ وَأَبِي بَكْرٍ الصَّدِيقِ وَعَوْفُ ابْنِ مَالِكٍ وَعَائِشَةَ.

ഇത് സ്വഹീഹായ ഹദീസാണ്. വ്യത്യസ്ത വഴികളിലൂടെ ഒരു പറ്റം സ്വഹാബിമാരില്‍ നിന്ന് തന്നെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓരോന്നും മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു. മുആദു ബ്‌നു ജബല്‍, അബൂ സഅ്‌ലബ, ഇബ്‌നു ഉമര്‍, അബൂമൂസല്‍ അശ്അരി, അബൂഹുറയ്‌റ, അബൂബക്കര്‍, ഔഫു ബിന് മാലിക്, ആഇശ (റ) തുടങ്ങിയവരാണവര്‍.

അദ്ദേഹം തുടരുന്നു:

وَجُمْلَةُ الْقَوْلِ أَنَّ الْحَديثَ بِمَجْمُوعِ هَذِهِ الطَّرْقِ صَحِيحٌ بِلَا رَيْبٍ، وَالصِّحَّةُ تَثْبُتُ بِأَقَلَّ مِنْهَا عَدَدًا مَا دَامَتْ سَالِمَةً مِنَ الضِّعْفِ الشَّدِيدِ كَمَا هُوَ الشَّأْنُ فِي هَذَا الْحَديثِ، فَمَا نَقَلَهُ الشَّيْخُ الْقَاسِمِيُّ رَحِمَهُ اللهُ تَعَالَى فِي ” إِصْلَاحَ الْمَسَاجِدِ ” ص 107، عَنْ أَهْلِ التَّعْدِيلِ وَالتَّجْرِيحِ أَنَّهُ لَيْسَ فِي فَضْلِ لَيْلَةِ النِّصْفِ مِنْ شَعْبَانِ حَديثٌ صَحِيحٌ، فَلَيْسَ مِمَّا يَنْبَغِي الْاِعْتِمَادُ عَلَيْهِ، وَلَئِنْ كَانَ أَحَدٌ مِنْهُمْ أَطْلَقَ مِثْلَ هَذَا الْقَوْلِ فَإِنَّمَا أُوتِيَ مِنْ قِبَلِ التَّسَرُّعِ وَعَدَمِ وُسْعِ الْجَهْدِ لِتَتَبُّعِ الطُّرُقِ عَلَى هَذَا النَّحْوِ الَّذِي بَيْنَ يَدَيْكَ. وَاللهُ تَعَالَى هُوَ الْمُوَفِّقُ.- السِّلْسِلَةُ الصَّحِيحَةُ: 1114.

”ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും വ്യത്യസ്തങ്ങളായ നിവേദക പരമ്പരകളെല്ലാം തന്നെ ചേരുമ്പോള്‍ ഈ ഹദീസ് സ്വഹീഹായിത്തീരുന്നതാണ്. ഈ ഹദീസ് പോലെയുള്ള ഒരു ഹദീസ് സ്വഹീഹാകാന് കാര്യമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്തിടത്തോളം ഇതിലും കുറഞ്ഞ എണ്ണം ഉണ്ടായാല്‍ തന്നെ മതിയാകുന്നതാണ്. ഇസ്വ്‌ലാഹുല്‍ മസാജിദ്’എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഖാസിമി, ശഅ്ബാന്‍ 15-ാം രാവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഒറ്റ ഹദീസും ഇല്ല എന്ന് ഹദീസ് വിശാരദന്മാരെ അവലംബിച്ച് അഭിപ്രായപ്പെട്ടത് അവലംബിക്കാവുന്ന ഒന്നല്ല. അവരിലാരെങ്കിലും ഇങ്ങനെ സാമാന്യവല്‍ക്കരിച്ച് അഭിപ്രായം പറയുന്നത് അവധാനതയില്ലായ്മ കൊണ്ടും, വ്യത്യസ്ത നിവേദക ശ്രേണികളെ സൂക്ഷമ നിരീക്ഷണം നടത്താന് പരിശ്രമിക്കാത്തതുകൊണ്ടുമാണ് ”. (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹഃ: 1143, 3/135).

Also read: വേഷങ്ങളുടെ ഭാഷകൾ

സലഫി ആശയക്കാരനായ ശൈഖ് അല്‍ബാനി ശഅ്ബാന്‍ 15-ാം രാവിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ഹദീസ് സ്വീകാര്യമാണെന്ന് വിധിയെഴുതിയിരിക്കുന്നു എന്നര്‍ഥം.

രാവ് ശ്രേഷ്ഠകരമാണെന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാണെങ്കിലും, ആ രാവിൽ പ്രത്യേകം ആരാധന കളോ ചടങ്ങുകളോ, ദിക്റുകളോ, ദുആകളോ സ്വീകാര്യയോഗ്യമായ ഹദീസുകളൊന്നും തന്നെ നബി (സ) യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല. എങ്കിലും ഒരു വിശ്വാസിക്ക് ഏത് സൽക്കർമ്മവും സ്വന്തം നിലക്ക് ചെയ്യാവുന്നതാണ്. ആ രാവിൽ നബി (സ) ദീർഘനേരം നിന്ന് നമസ്ക്കരിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു ഹദീസ് ഇമാം ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്, പക്ഷെ ആ ഹദീസും സ്വഹീഹല്ല, അത് മുർസലാണ്. നബി (സ) യിലേക്ക് എത്തുന്നില്ല.

അല്ലാഹുവിന്റെ ഔദാര്യമായി പാപമോചനം നൽകുന്ന ആ രാവിന്റെ പുണ്യം കരസ്ഥമാക്കാൻ അർഹരാവുംവണ്ണം, എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് ബന്ധങ്ങൾ ഊഷ്മളമാക്കി തൗഹീദിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുക. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

Related Articles