Current Date

Search
Close this search box.
Search
Close this search box.

കടക്കാരന്‍ ഹജ്ജ് ചെയ്യുമ്പോള്‍

ചോദ്യം: ഒരാള്‍ ഹജ്ജിന് പോകുവാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അയാള്‍ കടക്കാരനാണ്. ജനങ്ങള്‍ അദ്ദേഹത്തോട് പറയുന്നു; താങ്കള്‍ ഹജ്ജിനു പോവുകയും തുടര്‍ന്ന് മരണമടയുകയും ചെയ്താല്‍ താങ്കള്‍ക്ക് ആ പണം വിട്ട് വീഴ്ച്ച ചെയ്യുന്നതാണ്. എന്നിരുന്നാലും, ഹജ്ജ് ചെയ്യാന്‍ കഴുയുമോയെന്ന കാര്യത്തില്‍ അയാള്‍ സംശയത്തിലാണ്. എന്ത് നടപടിയാണ് അദ്ദേഹത്തിന് സ്വീകരിക്കാന്‍ കഴിയുക?

ഉത്തരം: ഒരാള്‍  വാങ്ങിയ കടം അത് തിരിച്ച് നല്‍കുന്നതുവരെ അയാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അനുവാദമില്ല. കാരണം, ഹജ്ജ് അല്ലാഹുവിനുളള അവകാശവും കടം മനുഷ്യരുമായി ബന്ധപ്പെട്ട അവകാശവുമാണ്. അടിമകളുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ തര്‍ക്കത്തിന്റെ അടിസ്ഥാനത്തിലും അല്ലാഹുവുമായുളള അവകാശങ്ങള്‍ വിട്ടുവീഴ്ച്ചയുടെ അടിസ്ഥാനത്തിലുമാണ് നിലകൊളളുന്നത്. അല്ലാഹു അവന്റെ അവകാശങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യുമെങ്കില്‍ മനുഷ്യര്‍ അവരുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യണമെന്നില്ല. ആയതിനാല്‍, തന്റെ സഹോദരനില്‍നിന്ന് വാങ്ങിയ കടം തിരിച്ച് നല്‍കയാലല്ലാതെ ഒരുവന് ഹജ്ജ് നിര്‍ബന്ധമാവുകയില്ല. കടം വാങ്ങിയവര്‍ക്ക് നല്‍കിയവര്‍ വിട്ടുവീഴ്ച്ച ചെയ്ത് പറയുകയാണ്; നീ ഹജ്ജിന് പോകുന്നതു കൊണ്ട് നിന്റെ കടം ഇല്ലായ്മ ചെയ്തിരിക്കുന്നു എന്നാണെങ്കില്‍ അവര്‍ ആ അവകാശങ്ങളില്‍നിന്ന് ഒഴിവാകുന്നതാണ്. അവര്‍ പറയുകയാണ്, നീ മരണമടയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് നല്‍കേണ്ട പണം തിരിച്ചടക്കേണ്ടതില്ല. ഇത് അവരില്‍നിന്നുളള ഉന്നതമായ അനുഗ്രഹമാണ്. അല്ലാഹു അവര്‍ക്ക് നന്മ പ്രദാനം ചെയ്യട്ടേ. എന്നാല്‍, അവര്‍ അനുവാദം നല്‍കിയിട്ടില്ല എങ്കില്‍ അയാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അനുവാദമില്ല.

കടക്കാരനായ ഒരുവന് ഹജ്ജ് ചെയ്യാന്‍ ഉള്‍ക്കടമായ ആഗ്രഹമുണ്ടങ്കെല്‍, അവന്‍ കടം നല്‍കിയവന്റെ അടുക്കല്‍ പോവുകയും അനുവാദം ചോദിക്കുകയും ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തിന് പണം തിരിച്ചടക്കാനുളള ശേഷിയുണ്ടെന്ന് മനസ്സിലാക്കി അനുവാദം നല്‍കുകയാണെങ്കില്‍ അയാള്‍ക്ക് ഹജ്ജിന് പോകാവുന്നതാണ്. ഹജ്ജിന് പോയി തിരിച്ച് വന്നാല്‍ അയാള്‍ക്ക് തിരിച്ചടക്കാന്‍ കഴിയില്ലെന്ന് അവര്‍ മനസ്സിലാക്കിയാല്‍ അയാള്‍ക്ക് ഹജ്ജിന് പോകുവാന്‍ അനുവാദമില്ല. നിശ്ചിത സമയത്തിനുള്ളില്‍ വീട്ടാനുളള കടമായാലും ആദ്യം അവ കൊടുത്ത് വീട്ടുകയാണ് ചെയ്യേണ്ടത്. ചില രാഷ്ട്രങ്ങള്‍ നീണ്ട കാലത്തേക്ക് കടം നല്‍കുകയോ, വീടും ഭൂമിയും നല്‍കുകയോ ചെയ്യാറുണ്ട്. ഇരുപതോ മുപ്പതോ വര്‍ഷത്തേക്കായിട്ടാണ് കടം അനുവദിക്കുക. ഈ കടം വീട്ടുന്നതിന് അവരുടെ ശമ്പളത്തില്‍നിന്ന് നിശ്ചിത സംഖ്യ പിടിക്കുകയും നിര്‍ണയിക്കപ്പെട്ട കാലയളവിനുളളില്‍ അവ പൂര്‍ത്തീകരിക്കപ്പെടുകയാണ് ചെയ്യുക. ഇത്തരത്തിലുളള കടമാണെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍, ഒന്നോ രണ്ടോ വര്‍ഷത്തിനുളളിലോ അല്ലെങ്കില്‍, ചുരുങ്ങിയ കാലയളവിനുളളിലാണ്  തീര്‍പ്പാക്കേണ്ടതാണെങ്കില്‍ അത് അദ്ദേഹത്തെ ഹജ്ജ് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കടം വാങ്ങിയവര്‍ നല്‍കിയവരോട് അനുവാദം ചോദിക്കുകയും അവര്‍ അനുവാദം നല്‍കുകയും അത് വീട്ടുവാനുളള കഴിവ് കടം നല്‍കിയവര്‍ മനസ്സിലാക്കുകയും ചെയ്താല്‍ ഹജ്ജ് അയാള്‍ക്ക് നിര്‍വഹിക്കാവുന്നതാണ്.

വിവ.അര്‍ശദ് കാരക്കാട്‌

Related Articles