Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് നിര്‍വഹിക്കാന്‍ സകാത്ത് നല്‍കാമോ?

hajj7.jpg

ചോദ്യം: ഹജ്ജ് നിര്‍വഹിക്കാന്‍ സാമ്പത്തിക കഴിവില്ലാത്ത ഒരാള്‍ക്ക് മറ്റൊരാള്‍ തന്റെ സകാത്തിന്റെ വിഹിതം ഹജ്ജിന്റെ യാത്രാ ചെലവിന് നല്‍കുന്നതിന്റെ വിധിയെന്താണ്?

പാവപ്പെട്ട ആളുകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിനായി സകാത്ത് നല്‍കുന്നത് അനുവദനീയമാണ്. കാരണം ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍’ എന്ന വിഭാഗത്തില്‍ പൊതുവായി ഇവരെയും ഉള്‍പെടുത്താവുന്നതാണ്. സകാത്ത് ചെലവഴിക്കാന്‍ അല്ലാഹു കല്‍പിച്ച ഒരു വിഭാഗമാണ് ഇതുമെന്നതിനാല്‍ നിര്‍ബന്ധ ഹജ്ജ് നിര്‍വഹിക്കാന്‍ സകാത്ത് നല്‍കാവുന്നതാണ്.

‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍’ എന്ന വിഭാഗത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദാണ് ഉള്‍പെടുകയെന്നാണ് മിക്കവാറും പണ്ഡിതരുടെ അഭിപ്രായം. എന്നാല്‍ ഹജ്ജ് ജിഹാദില്‍ ഉള്‍പെടുമോ ഇല്ലയോ എന്നതാണ് അഭിപ്രായ വ്യത്യാസമുള്ള കാര്യം. സകാത്ത് ചെലവാക്കാവുന്ന മാര്‍ഗങ്ങള്‍ അല്ലാഹു വിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹുവിന്റെ നിര്‍ണയമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.’

ഭൂരിഭാഗം പണ്ഡിതന്മാരും ‘ദൈവമാര്‍ഗത്തില്‍’ എന്നതില്‍ ജിഹാദ് ഉള്‍പെടുമെന്നും എന്നാല്‍ ഹജ്ജ് ഉള്‍പെടില്ലെന്നുമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇമാം അഹ്മദിന്റെ അഭിപ്രായത്തില്‍ ഹജ്ജും അതിന്റെ ഉദ്ദേശമാണ്. ഇമാം അബൂദാവൂദ് ഉമ്മുമഅ്ഖലില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ് അദ്ദേഹം ഇതിന് തെളിവായി സ്വീകരിച്ചിരിക്കുന്നത്. ഉമ്മുമഅ്ഖല്‍ പ്രവാചകനോട് ചോദിച്ചു: ‘പ്രാവാചകരേ, എനിക്ക് ഹജ്ജ് ചെയ്യാന്‍ ആഗ്രഹമുണ്ട്. അബൂമഅ്ഖലിന്റെ കയ്യില്‍ ഒരു നല്ല ഒട്ടകവുമുണ്ട്.’ അബൂമഅ്ഖല്‍ പറഞ്ഞു: ‘അവള്‍ പറഞ്ഞത് ശരിയാണ്. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി അതിനെ ദാനം ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ്.’ അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘എന്നാല്‍ അത് അവള്‍ക്ക് നല്‍കുക. അവള്‍ അതിന്റെ വിലകൊണ്ട് ഹജ്ജിന് പോകട്ടെ. ആതും അല്ലാഹുവിന്റെ മാര്‍ഗത്തിലാണല്ലോ.’

ഇബ്‌നു ഉമര്‍ പറയുന്നു: ‘ഹജ്ജും ദൈവമാര്‍ഗത്തില്‍ എന്നതിന് കീഴില്‍ വരും.’ അബൂഉബൈദില്‍ നിന്നും വിശ്വസ്തമായ പരമ്പരയിലാണ് ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ഹാഫിള് ഇബ്‌നു ഹജര്‍ പറഞ്ഞിട്ടുണ്ട്.

ഇബ്ന്‍ തൈമീയ്യ പറയുന്നു: ‘നിര്‍ബന്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കാത്ത ഒരാള്‍, അദ്ദേഹം പാവപ്പെട്ടവനാണ് എങ്കില്‍ അദ്ദേഹത്തിന് ഹജ്ജ് ചെയ്യാനാവശ്യമായ പണം സകാത്തില്‍ നിന്ന് നല്‍കാവുന്നതാണ്.’

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles