Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കാമോ?

women-in-protes.jpg

ചോദ്യം: കൂടംകുളം ആണവ നിലയത്തിനെതിരായുള്ള ഒരു പ്രതിഷേധ പരിപാടിയില്‍ കടല്‍തീരത്ത് സ്വന്തം ശരീരം മണലില്‍ മൂടിക്കൊണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി. കേരളത്തിലെ സാഹചര്യത്തില്‍ ഇതുപോലുള്ള സമര രീതികള്‍ യോജിച്ചതല്ലെന്ന് ചിലര്‍ വാദിക്കുന്നു. ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ഒരു വിശദീകരണം ഞങ്ങള്‍ക്ക് ആവശ്യമാണ്. സ്ത്രീകള്‍ പെതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് വല്ല തടസ്സവും ഉണ്ടോ?

ഉത്തരം: ഖുര്‍ആനും സുന്നത്തുമനുസരിച്ച് ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ പുരുഷന്റെ കൂടെ ഒരു സജീവ പങ്കാളിയാണ്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.’

പ്രവാചകന്റ കാലത്ത് സ്ത്രീകള്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. അവര്‍ പള്ളിയില്‍ വന്നതിനും പ്രവാചകനില്‍ നിന്ന് പഠിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തതിനും വ്യക്തമായ തെളിവുകളുണ്ട്. അവര്‍ പോരാളികളായും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നവരായും യുദ്ധക്കളങ്ങളില്‍ പോലും സാന്നിദ്ധ്യമറിയിച്ചിരുന്നു.

സ്ത്രീശാക്തീകരണത്തില്‍ പൂര്‍ണവിജയം കൈവരിക്കാനായിട്ടില്ല എന്നതാണ് ഇന്നത്തെ മുസ്‌ലിം പിന്നാക്കാവസ്ഥക്ക് ഒരു കാരണമെന്ന് മുസ്‌ലിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പൊതുപ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീ-പുരുഷന്മാര്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. സമൂഹത്തില്‍ സദാചാരം നിലനിര്‍ത്താനുള്ള ബാധ്യത എന്തിന് പെണ്ണിന്റെ മേല്‍ മാത്രം നാം അടിച്ചേല്‍പിക്കണം? പുരുഷനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്ന് നാം വിസ്മരിക്കുന്നതെന്ത്? പുരുഷന്മാര്‍ക്കാണ് ഇതിന്റെ പ്രധാന ഉത്തരവാദിത്തമെന്നാണ് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു അബ്ബാസിന്റെ അഭിപ്രായം.

സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്ത്രീയെ എന്തെങ്കിലും പരിമിതികള്‍ പറഞ്ഞ് തടയാവതല്ല. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്ത്രീ-പുരുഷന്മാരുടെ സംയുക്ത ഉത്തരവാദിത്തമായി ഖുര്‍ആന്‍ പറഞ്ഞിരിക്കെ പ്രത്യേകിച്ചും.

സ്ത്രീകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സജീവ പങ്കാളിത്തം വഹിക്കുന്നവരാണ്. സമൂഹങ്ങളുടെ സ്ഥിതിഗതികള്‍ മാറ്റുന്നതിലും അവര്‍ ക്രീയാത്മകമായ പങ്ക് വഹിക്കുന്നുണ്ട്. പ്രവാചക പത്‌നി ആഇശയെ കുറിച്ച് ആലോചിച്ച് നോക്കുക. അവര്‍ നേതാവും കര്‍മശാസ്ത്ര വിദഗ്ദയും മികച്ച രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു. അവര്‍ സൈന്യത്തെ നയിക്കുകവരെ ചെയ്തിട്ടുണ്ട്.

മുസ്‌ലിം പെണ്‍കുട്ടികള്‍ ഇസ്‌ലാമിക മര്യാദകളും ചട്ടങ്ങളും പാലിക്കുന്നുണ്ട് എങ്കില്‍ അവരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയാന്‍ ന്യായീകരണങ്ങളില്ലെന്നാണ് മേല്‍വ്യക്തമാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്റെ അഭിപ്രായം. പുരുഷന്മാരും പെതുപ്രവര്‍ത്തനത്തില്‍ ഇത്തരം മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. എല്ലാറ്റിലുമുപരിയായി സമൂഹത്തിന്റെ ഭാവിയെ നിര്‍മിക്കാനുള്ള അവരുടെ ആഗ്രഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ‘അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ.’

(http://askthescholar.com)

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles