Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളുടെ ചേലാകര്‍മം ഇസ്‌ലാമികമോ?

fgm-ugand.jpg

ചില രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ സ്ത്രീകളുടെ ചേലാകര്‍മം നടത്തുന്ന സമ്പ്രദായം ഉള്ളതായി കേള്‍ക്കുന്നു. അത് സംബന്ധിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ നിലപാട് എന്താണ്?

മറുപടി: ഇസ്‌ലാമിക ആചാരമാണ് പുരുഷന്‍മാരുടെ ചേലാകര്‍മം. വിശുദ്ധ ഖുര്‍ആന്‍ നമുക്ക് മാതൃകയായി എടുത്തു കാണിച്ച്, നമ്മോട് പിന്‍പറ്റാന്‍ ആവശ്യപ്പെട്ടിട്ടുള്ള പ്രവാചകന്‍ ഇബ്‌റാഹീം നബി(അ)യുടെ ചര്യയില്‍ പെട്ടതാണത്. അതുകൊണ്ട് തന്നെ ഇസ്‌ലാമില്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്ന ആചാരമാണത്. മുസ്‌ലിം പുരുഷന്‍മാരെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തമാക്കുന്ന കാര്യം കൂടിയാണത്. എന്നാല്‍ സ്ത്രീകളുടെ ചേലാകര്‍മം തീര്‍ത്തും വ്യത്യസ്തമായ കാര്യമാണ്. ഇസ്‌ലാമിന്റെ മൗലിക സ്രോതസ്സുകളായ ഖുര്‍ആനോ പ്രവാചകചര്യയോ അക്കാര്യം നിര്‍ദേശിച്ചിട്ടില്ല.

ഇസ്‌ലാമിലേക്ക് കടന്നു വന്ന പുരുഷന്‍മാരോട് ചേലാകര്‍മം നടത്താന്‍ പ്രവാചകന്‍ നിര്‍ദേശിച്ചതായി ഹദീസുകളില്‍ കാണാം. അതേസമയം ഇസ്‌ലാമിലേക്ക് കടന്നു വന്ന ഏതെങ്കിലും സ്ത്രീള്‍ക്ക് അത്തരം നിര്‍ദേശം നല്‍കിയതായി പ്രവാചകചര്യയില്‍ കാണുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതു കൊണ്ട് തന്നെ സ്ത്രീകളുടെ ചേലാകര്‍മം ഇസ്‌ലാമിക ആചാരമല്ല എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്ത്രീകളുടെ ചേലാകര്‍മം ദീനിന്റെ ഭാഗമായിരുന്നെങ്കില്‍ പ്രവാചകന്‍(സ) അത് വ്യക്തമാക്കുമായിരുന്നു. അങ്ങനെ ഒന്ന് ഇല്ലാത്തതിനാല്‍ ഇസ്‌ലാമിന്റെ ആചാരമല്ല അത് എന്ന് ഉറപ്പിച്ചു പറയാനാവും.

ഇന്ന് ചില സമൂഹങ്ങളിലെല്ലാം ഈ ആചാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എന്ത് ആചാരത്തിന്റെ പേരിലായാലും ആളുകള്‍ക്ക് ദ്രോഹം ചെയ്യുന്ന എല്ലാ കാര്യങ്ങളും നിഷിദ്ധമാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നതെന്ന് നാം ഓര്‍ക്കുക. ചേലാകര്‍മം കാരണം സ്ത്രീകള്‍ പ്രയാസം അനുഭവിക്കുകയും മരണപ്പെടുകയും ചെയ്യുന്നുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇത്തരം ക്രൂരതകള്‍ക്ക് നാം അറുതിവരുത്തേണ്ടതുണ്ട്. ‘നിങ്ങളുടെ കൈകളാല്‍ തന്നെ നിങ്ങളെ ആപത്തിലകപ്പെടുത്തരുത്.’ (അല്‍ബഖറ: 195) എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്.

Related Articles