Current Date

Search
Close this search box.
Search
Close this search box.

സൂറത്ത് യൂസുഫും ഇന്റര്‍നെറ്റും

internet-ysu.jpg

എട്ടു വയസ്സുകാരിയായ എന്റെ മകളെ ഇന്റര്‍നെറ്റ് ഉപയോഗം പഠിപ്പിക്കാനുദ്ദേശിക്കുന്നു. താഴെ പറയുന്ന കാര്യങ്ങളില്‍ താങ്കളുടെ സഹായം ആവശ്യമാണ്:

 

1. അനാശ്യാസ സൈറ്റുകളില്‍ നിന്ന് അവളെ തടയുക
2. അവളുടെ പ്രായത്തിന്നുചിതമായ സൈറ്റുകള്‍ നിര്‍ദ്ദേശിക്കുക
3. അതിന്നു കഴിയുന്നില്ലെങ്കില്‍, ചില പ്രത്യേക സൈറ്റുകള്‍ അറിയിച്ചു തരിക
4. പഠിപ്പിക്കാനുള്ള ശരിയായ രീതി അറിയിച്ചു തരിക

മറുപടി: ഇത്തരം കാര്യങ്ങളന്വേഷിച്ചു കൊണ്ട് ദിവസംതോറും ലഭിച്ചു കൊണ്ടിരിക്കുന്ന നിരവധി കത്തുകളിലൊന്നാണിത്. പല നിലക്കും ആഴത്തില്‍ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമെന്ന നിലക്ക്, ഇതിന്റെ പ്രാധാന്യം നിങ്ങളെ വിശ്വസിപ്പിക്കേണ്ടിയിരിക്കുന്നു.
കീഴ്‌വക്കങ്ങളെല്ലാം വിട്ട്, നേരിട്ട് വിഷയത്തിലേക്ക് വരട്ടെ. മറുപടി പറയുന്നതിന്നു മുമ്പ് ഒരു ചോദ്യം. നിങ്ങള്‍ സൂറത്ത് യൂസുഫ് വായിച്ചിട്ടുണ്ടോ? അതിലെ ആശയങ്ങളും ഗുണപാഠങ്ങളും നിങ്ങള്‍ പര്യാലോചിച്ചിട്ടുണ്ടോ? നമുക്ക് അതിന്റെ ഉള്ളിലേക്ക് കടക്കാം. നിങ്ങളുടെ വിഷയവുമായി വളരെ യോജിപ്പുള്ളതാണത്. ഖുര്‍ അന്‍ പറയുന്നു:
‘തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’
ഏറ്റവും മൂത്തയാള്‍ യൂസുഫിനെ കിണറ്റിലെറിയാന്‍ നിര്‍ദ്ദേശിക്കുന്നു. യൂസുഫിനെ കൈയൊഴിക്കണമെന്നത് സഹോദരങ്ങള്‍ തീരുമാനിച്ച കാര്യമാണ്.  പക്ഷെ, പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് അവര്‍ക്കറിയില്ല. അല്ലെങ്കില്‍, പിതാവിന്റെ മുമ്പില്‍, അതെങ്ങനെ സാധൂകരിക്കുമെന്ന് അവര്‍ക്കറിയില്ല. ഈ ദുഷ്ട പദ്ധതി നടപ്പാക്കാനുള്ള രീതി അവരെ പഠിപ്പിച്ചതാരായിരുന്നു? അവരുടെ പിതാവ് തന്നെ!
‘അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
വളരെ കാലമായി അവര്‍ അന്വേഷിക്കുകയായിരുന്ന ഒരു തന്ത്രം, മനപൂര്‍വമല്ലാതെ, പിതാവ് അവര്‍ക്ക് കൈമാറുകയായിരുന്നു. അതെ, ചെന്നായയുടെ ആക്രമണം, അദ്ദേഹം അവര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു. വൈകിയില്ല, സഹോദരന്റെ കുപ്പായത്തില്‍ രക്തം പുരട്ടി, അവര്‍ അത് പിതാവിന്റെ അടുത്തു കൊണ്ടു വന്നു. യൂസുഫിനെ ചെന്നായ കൊന്നതായി അറിയിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഒരു സാധ്യതയെകുറിച്ചുള്ള തന്റെ ആശങ്ക, പിതാവ് അവരുടെ മുമ്പില്‍ പ്രഖ്യാപിച്ചു. അവരാകട്ടെ, അത് മുതലെടുക്കുകയും ചെയ്തു.

നിരവധി മാതാക്കളെ പോലെ, നിങ്ങളും അറിയാതെ യഅ്ഖൂബിനെ അനുധാവനം ചെയ്യുകയാണെന്നു ഞാന്‍ ഭയപ്പെടുന്നു. നിങ്ങളുടെ ഭയം കുട്ടികളുടെ മുമ്പില്‍ നിങ്ങള്‍ പ്രകടിപ്പിക്കുന്നു. അങ്ങനെ, അവര്‍ ബോധവാന്മാരല്ലാത്ത ഒരു കാര്യം അവരുടെ മുമ്പില്‍ തുറന്നിടുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
സഹോദരീ, നിങ്ങളുടെ ആശങ്ക നീതികരണമര്‍ഹിക്കുന്നത് തന്നെ. പക്ഷെ, അത് തീവ്രമായെടുത്തു കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിനെയാണ് ഞങ്ങള്‍ മുന്നറിയിപ്പ് തരുന്നത്. അശ്ലീല സൈറ്റുകള്‍ സൂക്ഷിക്കണം, നഗ്‌ന സ്ത്രീകളുടെ ചിത്രങ്ങളുള്ള സൈറ്റുകളില്‍ കടന്നു പോകരുത് തുടങ്ങിയ ഉപദേശങ്ങള്‍ പലപ്പോഴും നിങ്ങള്‍ കേള്‍ക്കാറുണ്ടല്ലൊ. യഥാര്‍ത്ഥത്തില്‍, ഇത്തരം സൈറ്റുകളെ കുറിച്ച് കുട്ടികള്‍ ബോധവരല്ല. അവരുടെ പ്രായത്തിനോട് യോജിച്ചതല്ലല്ലോ അവ.

ഇക്കാലത്ത്, ഇത്തരമൊരു നിലപാട് സര്‍വത്ര വ്യാപകമാണ്. അതിനാല്‍ തന്നെ, അതിനെതിരെ മുന്നറിയിപ്പ് നല്‍കുക അത്യന്താപേക്ഷിതവുമാണ്. കുട്ടികളെ പഠിപ്പിക്കുമ്പോള്‍, അവരുടെ പ്രായമോ വളര്‍ച്ചയോ നോക്കാതെ, പലപ്പോഴും മാതാക്കള്‍, അവര്‍ ആവശ്യപ്പെടാതെ തന്നെ സെക്‌സിനെകുറിച്ച് അറിയിപ്പ് നല്‍കാറുണ്ട്. ഒരു ലക്ഷ്യവും നേടാനില്ലാത്ത അറിയിപ്പ്. അവരുടെ ആശങ്കക്ക് അപ്പുറമുള്ള കാര്യങ്ങള്‍.
ആദ്യമായി നമുക്ക് ലക്ഷ്യം നിര്‍ണ്ണയിക്കാം. ഈ ആധുനിക സാങ്കേതിക വിദ്യ കുട്ടികള്‍ക്ക് പരിചയപ്പെടൂത്തുന്നതിന്റെ ലക്ഷ്യമെന്താണ്? ഉത്തരം വളരെ വ്യക്തമാണ്: അതിന്റെ സാക്ഷാത്തായ വശങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും, നിഷേധാത്മക വശങ്ങളെ എങ്ങനെ നേരിടാമെന്നും അറിഞ്ഞുകൊണ്ട്, സാന്മാര്‍ഗികമായി, ഈ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാന്‍ കെല്പുറ്റ ഒരു പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ നാം ഉദ്ദേശിക്കുന്നുവെന്നതത്രെ അത്. തങ്ങള്‍ നിയന്ത്രിക്കേണ്ട ഭാവി സാങ്കേതിക വിദ്യയുടെ ഘടകങ്ങളാണിവയെന്ന് പുതിയ തലമുറ മനസ്സിലാക്കേണ്ടതുണ്ട്.
ചര്‍ച്ച തുടരുന്നതിന്നു മുമ്പ്, സുപ്രധാനമായൊരു സമവാക്യം നാം അംഗീകരിക്കേണ്ടതുണ്ട്.  ഈ സാങ്കേതിക വിദ്യയെ, സാന്മാര്‍ഗികമായി പ്രയോജനപ്പെടൂത്താന്‍ കെല്പുറ്റ ഒരു തലമുറ, അതേ സമയം, ധാര്‍മിക ബോധമുള്ള ഒരു തലമുറ കൂടിയായിരിക്കുമെന്നതാണത്. മതത്തിന്റെ ധര്‍മോപദേശങ്ങളെകുറിച്ച് ബോധവന്മാരും, അതിനെ സ്വാംശീകരിക്കാന്‍ കഴിവുള്ളവരുമായ ഒരു തലമുറ. ഉത്തമ മാതൃകയും മാര്‍ഗദര്‍ശനവും സ്ഥാപിതമാവുകയും, ആവശ്യഘട്ടങ്ങളിലെല്ലാം ഉപദേശം നല്‍കുകയും ചെയ്‌തെങ്കില്‍ മാത്രമെ ഇത് നടക്കുകയുള്ളു.

ധാര്‍മിക ബോധമുള്ള ഒരു തലമുറ
നിങ്ങളുടെ കുട്ടി കമ്പ്യൂട്ടറും ഇന്റര്‍നറ്റും ഉപയോഗിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പും തുടര്‍ന്നും ഉണ്ടായിരിക്കേണ്ട ഒരു കാര്യമാണ്, സമവാക്യത്തിലെ രണ്ടാമത്തെ ഭാഗം. ദൈവാസ്തിത്വത്തെയും ദൈവ ശാസനകളെയുംകുറിച്ചും, അതില്‍ നിന്നുള്ള എന്തു വ്യതിയാനവും ശിക്ഷാര്‍ഹമാണെന്നതിനെകുറിച്ചും ബോധവതിയാവുക എന്നതാണത്. ഇവിടെ പ്രായം പരിഗണിക്കപ്പെടേണ്ടതുണ്ടെന്നത് വ്യക്തമാണ്. മനുഷ്യരെന്ന നിലക്ക് നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങളെകുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍, ഇത്തരം സ്വഭാവങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടുമോ എന്ന് കുട്ടി സ്വയം ചോദിക്കാന്‍ പഠിക്കണം.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടൂത്താന്‍ കെല്പുറ്റ ഒരു തലമുറ
നാവിഗേഷന്‍, സര്‍ച്ചിംഗ്, ബ്രൌസിംഗ്, ഇമൈല്‍ തുടങ്ങിയവയുടെ ഉപയോഗം മനസ്സിലാക്കുക, ഇന്റര്‍നറ്റിന്റെ നിരവധി ഉപയോഗങ്ങളില്‍ പെട്ടതാണ്.
നാം ഊന്നുന്നത് സമവാക്യത്തിന്റെ രണ്ടാം ഭാഗത്താണെങ്കിലും, തങ്ങള്‍ എന്ത് ചെയ്യണം, എന്തില്‍ നിന്നെല്ലാം അകന്നു നില്‍ക്കണം എന്നുള്ളത്, വീട്ടിലാകുമ്പോഴും നഗരത്തിലാകുമ്പോഴും അയല്‍ക്കാരോടൊപ്പമാകുമ്പോഴും, അഭംഗുരം തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയത്രെ. ഏതെങ്കിലും ഒരു പ്രദേശത്ത് ഒതുങ്ങി നില്‍ക്കുന്നില്ലെന്നു ചുരുക്കം. നിങ്ങളുടെ കുട്ടി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങുന്നത് മുതല്‍ ആരംഭിച്ചു മരണം വരെയാണതിന്റെ കാലം.
ആമുഖം ഇത്രയധികം നീട്ടേണ്ടി വന്നതില്‍ ദുഖമുണ്ട്. അനിവാര്യമെന്ന് തോന്നിയത് കൊണ്ട് മാത്രമാണങ്ങനെ ചെയ്തത്.
പ്രയാസകരമായൊരു സമീകരണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്റര്‍നറ്റ്. നാം എല്ലാ കാര്യത്തിലും അല്ലാഹുവിനെ ആശ്രയിക്കുകയും അവന്റെ സഹായം അര്‍ത്ഥിക്കുകയും വേണം. കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടൂക്കുമ്പോള്‍, പ്രത്യേകിച്ചും.
ഇനി, പ്രശ്‌നത്തിലേക്ക് തിരിച്ചു വരാം.

ഇന്റര്‍നെറ്റിന്റെ ദൂഷ്യ വശങ്ങളില്‍ നിന്നു കുട്ടിയെ രക്ഷിക്കാനുള്ള ശരിയായ മാര്‍ഗമിതാണ്:
1. സമപ്രായക്കാരോടൊപ്പം കമ്പ്യൂട്ടര്‍ സെന്ററുകളിലേക്ക് അവളെ അയക്കുക.
2. വിഷയത്തില്‍ പ്രത്യേകമായി വിരചിതമായ പുസ്തകങ്ങള്‍ സമ്പാദിച്ച് കുട്ടിയെ വീട്ടില്‍ വെച്ചു പഠിപ്പിക്കുക.
3. മുതിര്‍ന്ന ഉപയോക്താക്കളോടൊപ്പമിരുത്തി പഠിപ്പിക്കുക.
ഇതില്‍, രണ്ടാമത്തെതും മൂന്നാമത്തേതും ലയിപ്പിക്കാം. പുസ്തകങ്ങളും റഫറന്‍സുകളും ഗൈഡുകളെന്ന നിലക്ക് ഉപയോഗപ്പെടൂത്താം. ഉദാഹരണമായി, ഇന്റര്‍നെറ്റിനെയും അതിന്റെ ഉപയോഗത്തെയും അധികരിച്ച അവശ്യം പരിചയപ്പെടുത്തലോടെയാണ് ഒട്ടു മിക്ക പുസ്തകങ്ങളും തുടങ്ങുന്നത്. മാതാവ് അവ വായിച്ച്, പുനരാവിഷ്‌കാരം നടത്തി ലളിതമായ രീതിയില്‍ കുട്ടിയെ പഠിപ്പിക്കാം. വിശദീകരണത്തിന്നു പുസ്തകത്തിലെ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്താം.

മാതാവ് മകളെ ഒപ്പമിരുത്തി പഠന പ്രക്രിയയുടെ ചുക്കാന്‍ പിടിക്കേണ്ടതാണ്. ഈ പ്രക്രിയ രണ്ടു മാസം നീണ്ടു നില്‍ക്കട്ടെ.
പിന്നെ, മാതാവിന്റെ സാമീപ്യത്തില്‍ കുട്ടി ഉചിതമായ പ്രോഗ്രാമുകള്‍ പരിശീലിക്കുകയാണ് വേണ്ടത്. അങ്ങനെ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന സമയം, കുട്ടിക്കും മാതാവിന്നും ആഹ്ലാദകരമാക്കി തീര്‍ക്കാം.

എക്‌സ് റൈറ്റഡ് സൈറ്റുകളില്‍ നിന്നും അകറ്റുക
കുട്ടികളെ കാക്കുന്നതിനായി രൂപകല്പന ചെയ്യപ്പെട്ട പല സംവിധാനങ്ങളുമുണ്ട്. ഫില്‍റ്റ്രേഷന്‍, ബ്ലോക്കിങ് (Fitlration and Blocking) എന്നാണിവ അറിയപ്പെടുന്നത്. ചിലത് സൗജന്യ സേവനം നല്‍കുന്നു; മറ്റു ചിലത് പരിമിതമായ കാലത്തേക്ക് സൗജന്യം നല്‍കുന്നു; മൂന്നാമത് ചിലത് പണം വാങ്ങി സേവനം നല്‍കുന്നു.
ഈ സൈറ്റുകള്‍, ഓട്ടൊമാറ്റിക്കായി, എല്ലാ സൈറ്റുകളെയും എക്‌സ് റൈറ്റഡ് സൈറ്റുകളായി ബ്ലോക്ക് ചെയ്യുന്നു.

ഇന്റര്‍നെറ്റ് സാക്ഷരത കൈവരുമ്പോള്‍
മകള്‍ക്ക് ഇന്റര്‍നെറ്റ് സാക്ഷരത കൈവരുമ്പോള്‍, പിന്തുടരേണ്ട ചില പ്രായോഗിക ചുവടുകളുണ്ട്:
1. കമ്പ്യൂട്ടറിലെ ഹിസ്റ്ററി സൗകര്യം ഉപയോഗപ്പെടൂത്തുക
കുട്ടികള്‍ സന്ദര്‍ശിക്കുന്ന വിവിധ സൈറ്റുകള്‍ അറിയാന്‍ ഇത് വഴി രക്ഷിതാക്കള്‍ക്ക് കഴിയുന്നു. കുട്ടികളെ അതിവ്യാപകമായ ചെക്കിംഗിന്നു വിധേയമാക്കുന്നത് നാം പ്രോത്സാഹിപ്പിക്കുന്നില്ല. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം വിശ്വാസാധിഷ്ടിതമായിരിക്കണം.
2. കുട്ടിക്ക് ചില സ്വയംരക്ഷാ നിയമങ്ങള്‍ പഠിപ്പിക്കുക
 തന്റെ ഇമൈല്‍ അഡ്രസ്സ് അവള്‍ ആര്‍ക്കും കൈമാറരുത്. അത് ദുരുപയോഗം ചെയ്യപ്പെടുമെന്നവള്‍ മനസ്സിലാക്കണം
 മുന്‍ പരിചയമില്ലാതെ നെറ്റില്‍ നിന്ന് എന്തെങ്കിലും ഉല്പന്നങ്ങള്‍ അവള്‍ വാങ്ങരുത്.
3. രണ്ടു മണിക്കൂറിലധികം നെറ്റിന്റെ മുമ്പില്‍ കഴിയരുത്. തദ്വാരാ, അതിന്റെ അടിമയായി മാറിയേക്കാം.
4. മകളുടെ സുഹൃത്തായി പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് ഒന്നിച്ച് അവളുടെ സുഹൃത്തുക്കള്‍ക്ക് ഇമെയ്ല്‍ ചെയ്യാം.
5. ഇസ്‌ലാമിക വ്യക്തിത്വത്തിന്നു വിരുദ്ധമല്ലാത്ത സൈറ്റുകള്‍ക്ക് മുന്‍ ഗണന നല്‍കുക.

വിവ: കെ എ ഖാദര്‍ ഫൈസി

Related Articles