Current Date

Search
Close this search box.
Search
Close this search box.

ഷോപ്പിംഗ് ഫെസ്റ്റിവലുകളിലെ സമ്മാനങ്ങള്‍ എത്രത്തോളം ഇസ്‌ലാമികമാണ്?

shop-and-win.jpg

ചോദ്യം: ബംബര്‍ സമ്മാനങ്ങളുടെ കാലമാണല്ലോ ഇത്. പാശ്ചാത്യ നാടുകളാണ് ഇതിന്റെ ഉറവിടം. പണം കൊടുത്ത് വാങ്ങുന്ന കൂപ്പണുകളിലൂടെയോ ഏതെങ്കിലും വസ്തുക്കള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന  കൂപ്പണുകളിലൂടെയോ കാര്‍, സ്വര്‍ണം പോലുള്ള ബംബര്‍ സമ്മാനങ്ങള്‍ ലഭിക്കുന്നു. ബന്ധപ്പെട്ടവര്‍ ഒരു നിശ്ചിത തിയ്യതിയില്‍ നറുക്കെടുത്താണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഇത്തരം കൂപ്പണുകള്‍ വഴി ലഭിക്കുന്ന സമ്മാനങ്ങളുടെ വിധിയെന്താണ്?

മറുപടി: സമ്മാനങ്ങള്‍ മൂന്ന് വിധമുണ്ട്.
പ്രയോജനകരമായ വിജ്ഞാന സമ്പാദനത്തെയോ സല്‍പ്രവര്‍ത്തനങ്ങളെയോ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി നല്‍കുന്ന സമ്മാനങ്ങള്‍ തീര്‍ച്ചയായും ശര്‍ഇന്റെ വീക്ഷണത്തില്‍ അനുവദനീയമാണ്. ഖുര്‍ആന്‍ മനഃപാഠ മല്‍സര വിജയികള്‍ക്കോ പഠന മികവിനോ നല്‍കുന്ന സമ്മാനങ്ങളും ഫൈസല്‍ അവാര്‍ഡ് പോലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തും വൈജ്ഞാനിക സാഹിത്യ മേഖലകളിലും മറ്റും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിക്കുന്നവര്‍ക്ക് നല്‍കുന്ന അവാര്‍ഡുകളുമൊക്കെ ഈ ഗണത്തിലാണ് പെടുക. അത് സല്‍കര്‍മങ്ങളില്‍ പ്രശംസനീയമായ മല്‍സരം അരങ്ങേറാന്‍ സഹായകമാവും.

പ്രവാചകന്‍ കുതിരയോട്ട മല്‍സരം നടത്തുകയും ഒന്നാം സ്ഥാനക്കാരന് സമ്മാനം നല്‍കിയതും ചില സഹാബികള്‍ക്ക് ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് അവര്‍ അര്‍പ്പിച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തി നിശ്ചിത ഭൂപ്രദേശങ്ങള്‍ നല്‍കിയതും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. നിശ്ചിത യോഗ്യതകള്‍ ആര്‍ജിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഇത്തരം സമ്മാനങ്ങള്‍ അനുവദനീയമാണെന്നതില്‍ രണ്ടുപക്ഷമില്ല.

2. നിഷിദ്ധതയുടെ കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളില്ലാത്തത്.
ലോട്ടറി പോലെ ഒരു നിശ്ചിത സംഖ്യ കൊടുത്ത് സമ്മാന കൂപ്പണുകള്‍ വാങ്ങുക. കാര്‍, സ്വര്‍ണം പോലുള്ള സമ്മാനങ്ങള്‍ പ്രതീക്ഷിച്ചാണ് അപ്രകാരം ചെയ്യുന്നത്. ഇത് നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, ഖുര്‍ആനില്‍ മദ്യവുമായി ചേര്‍ത്ത് പറയപ്പെട്ട ചൂതാട്ടത്തിന്റെ ഗണത്തിലാണ് ഇത് പെടുക. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ചുനോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതെല്ലാം വര്‍ജിക്കുവിന്‍. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം(അല്‍മാഇദ: 90), (നബിയോ) താങ്കളോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്(അല്‍ ബഖറ: 219).

ചൂതാട്ടത്തില്‍ രണ്ടിലൊരു കക്ഷിക്ക് നഷ്ടം ഉറപ്പാണ്. ലോട്ടറി പോലുള്ള സമ്മാന കൂപ്പണുകളില്‍ പതിനായിരങ്ങള്‍ക്കാണ് നഷ്ടം സംഭവിക്കുന്നത്. ഇസ്‌ലാം ഇത് നിരോധിച്ചിരിക്കുന്നു. കാരണം അധ്വാനം കൂടാതെ പണം സമ്പാദിക്കാമെന്ന മോഹത്താല്‍ ആളുകള്‍ ഇതിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കപ്പെടുന്നു. ഭാഗ്യത്തിന്റെ അകമ്പടിയോടെ, അല്ലാഹു ഈ പ്രപഞ്ചത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങളൊന്നും പാലിക്കാതെ പെട്ടെന്ന് പണക്കാരനാവാമെന്ന ചിന്തയാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്നത്. അധ്വാനിച്ച് സമ്പാദിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്: (അല്‍ മുല്‍ക് :15), (അല്‍ ജുമുഅ: 10)

ഇത് നിഷിദ്ധമാണെന്ന കാര്യത്തില്‍ ഒരു പണ്ഡിതനും സംശയം പ്രകടിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ ലഭിക്കുന്ന സമ്പത്ത് അനാഥ-അഗതി സംരക്ഷണം പോലുള്ള സല്‍കൃത്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചാലും അത് അനുവദനീയമാവുകയില്ല. ലക്ഷ്യവും മാര്‍ഗവും ശുദ്ധമാവണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന വാദം ഇസ്‌ലാമിന് അന്യമാണ്. നബി(സ) പറഞ്ഞു: അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമാത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ (മുസ്‌ലിം).

പ്രവാചകന്‍ പറഞ്ഞു: അല്ലാഹു തെറ്റിനെ തെറ്റുകൊണ്ട് മായ്ക്കുകയില്ല. മറിച്ച് തെറ്റിനെ അവന്‍ നന്‍മ കൊണ്ടാണ് മായ്ക്കുന്നത്. മ്ലേഛത മ്ലേഛതയെ മായ്ക്കുകയില്ല (അഹ്മദ്).
പണ്ഡിതന്‍മാര്‍ പറയുന്നു: നിഷിദ്ധ മാര്‍ഗേണ ധനം സമ്പാദിക്കുകയും എന്നിട്ടത് ദാനം നല്‍കുകയും ചെയ്യുന്നവന്‍ മൂത്രം കൊണ്ട് മാലിന്യം ശുദ്ധമാക്കുന്നത് പോലെയാണ്. അത് അതിനെ കൂടുതല്‍ മലിനമാക്കുകയേ ഉള്ളൂ.

3. അഭിപ്രായവ്യത്യാസമുള്ളത്. ഏതെങ്കിലും കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴോ, ഫുട്‌ബോള്‍ മത്സരം കാണാന്‍ ടിക്കറ്റ് എടുക്കുമ്പോഴോ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള സമ്മാനങ്ങളുടെ വിധിയെ കുറിച്ച് പണ്ഡിതന്‍മാര്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. നിരവധി പണ്ഡിതന്‍മാര്‍ ഇത് അനുവദനീയമാണെന്ന പക്ഷക്കാരാണ്.
എന്നാല്‍ ശൈഖ് ഇബ്‌നു ബാസ് ഇത് ഹറാമാണെന്ന വീക്ഷണക്കാരനാണെന്നാണ് ഞാന്‍ കേട്ടറിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ഫത്‌വ എനിക്ക് വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല. ഈ വിഷയകമായി ഞാനും ഇബ്‌നു ബാസിന്റെ പക്ഷത്താണ്. കറാഹത്തോടെ അത് അനുവദനീയമാണെന്ന വീക്ഷണമായിരുന്നു എനിക്ക് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ അത് നിഷിദ്ധമാണെന്ന അഭിപ്രായത്തിനാണ് ഇപ്പോള്‍ ഞാന്‍ മുന്‍ഗണന നല്‍കുന്നത്. അതിന് പല കാരണങ്ങളുമുണ്ട്.
1. ഇത് തനി ചൂതാട്ടമോ പന്തയമോ അല്ലെങ്കിലും ഇതില്‍ അവയുടെ ആത്മാവുണ്ട്. അധ്വാന പരിശ്രമങ്ങളൊന്നുമില്ലാതെ കേവല ഭാഗ്യത്തെ അടിസ്ഥാനമാക്കുക എന്നതാണത്. ഇതാകട്ടെ, ഇസ്‌ലാം നിരാകരിക്കുന്നതുമാണ്. ആളുകള്‍ അധ്വാനിച്ച് സമ്പാദിക്കുന്നതാണ് ഇസ്‌ലാമിന് പ്രിയങ്കരം. പേര്‍ഷ്യന്‍ കളിയായ പകിടകളി (നര്‍ദ്) പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. ഭാഗ്യത്തെ ആശ്രയിച്ചുള്ള കളിയായതിനാലാണത്. അത് കായിക ശേഷിയോ ബുദ്ധിപരമായ കഴിവോ അടിസ്ഥാനമാക്കിയുള്ളതല്ല.
2. ഇത് ഞാനെന്ന ഭാവത്തെ ഉത്തേജിപ്പിക്കുകയും സാഹോദര്യത്തിന്റെ ചൈതന്യം ഇല്ലാതാക്കുകയും ചെയ്യുന്നു. മുതലാളിത്ത വ്യവസ്ഥിതിയുടെ ആവിഷ്‌കാരമാണത്. മുതലാളിത്തം കച്ചവടക്കാര്‍ക്കിടയില്‍ വന്യമായ കിടമല്‍സരം സൃഷ്ടിക്കുന്നു. അങ്ങനെ ഓരോരുത്തരും പലവിധ പരസ്യങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും ഉപഭോക്താക്കളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ വീടുകള്‍ തകര്‍ക്കുകയും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടാണെങ്കിലുംഎനിക്ക് ലാഭം കൊയ്യണമെന്ന ചിന്ത മുതലാളിത്തത്തിന്റെ ഫലമായി വളര്‍ന്നുവരുന്നു. മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് ഗുണം നേടരുതെന്ന് ഇസ്‌ലാമികാധ്യാപനത്തിന് വിരുദ്ധമാണിത്. ഖുര്‍ആന്‍ പറയുന്നു: പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ പരസ്പരം സഹകരിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്(അല്‍മാഇദ:2), തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ മുന്‍ഗണന നല്‍കും (അല്‍ഹശ്ര്‍:9).

നബി(സ) പറഞ്ഞു: തനിക്കുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തന്റെ സഹോദരന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുംവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല (ബുഖാരി, മുസ്‌ലിം).

ഒരു ഷോപ്പില്‍ ധാരാളം ഉപഭോക്താക്കള്‍ ഉണ്ടാവുകയും അതേ സാധനങ്ങള്‍ ലഭിക്കുന്ന തൊട്ടടുത്ത ഷോപ്പില്‍ ആരും ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കുറച്ചാളുകളെ അങ്ങോട്ട് പറഞ്ഞയക്കുന്ന കച്ചവടക്കാര്‍ അടുത്ത കാലം വരെ ചില ഇസ്‌ലാമിക നാടുകളില്‍ ഉണ്ടായിരുന്നു. ഒരു ദിവസം തനിക്കും തന്റെ കുടുംബത്തിനും ആവശ്യമായ വരുമാനം കിട്ടിയാല്‍ കടപൂട്ടി അടുത്ത കടക്കാരന് സമ്പാദിക്കാന്‍ അവസരം നല്‍കിയ കച്ചവടക്കാരും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സാഹോദര്യവും മറ്റുള്ളവരെ കൊന്നിട്ടാണെങ്കിലും തനിക്ക് ഒറ്റക്ക് ജീവിക്കണമെന്ന ചിന്താഗതിയും തമ്മില്‍ അജഗജാന്തരമുണ്ട്.

ഇങ്ങനെ അത്യാര്‍ത്തിയുള്ള ഒരു അങ്ങാടിയില്‍ ചെറുകിട കച്ചവടക്കാര്‍ ചവിട്ടിമെതിക്കപ്പെടും. മെഗാസമ്മാനങ്ങള്‍ വാഗ്ദാനം നല്‍കി ഉപഭോക്താക്കളെ വശീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലല്ലോ.

3. എന്തൊക്കെയായാലും അന്തിമ വിശകലനത്തില്‍ ഈ സമ്മാനങ്ങളുടെ വില മൊത്തം ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അഥവാ  90 രൂപക്കോ 80 രൂപക്കോ വില്‍ക്കാന്‍ കഴിയുന്ന ഒരു വസ്തു പത്തോ ഇരുപതോ അധികം ഈടാക്കിക്കൊണ്ട് 100 രൂപക്ക് വില്‍ക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് ആളുകളുടെ കയ്യില്‍ നിന്ന് സമാഹരിക്കപ്പെടുന്ന പണം കൊണ്ട് നിശ്ചയിക്കപ്പെട്ട സമ്മാനം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക്/ ഏതാനും ആളുകള്‍ക്ക് നല്‍കുന്നു.
ഇത് ഉപഭോക്താക്കളോട് കാണിക്കുന്ന അക്രമമാണ്. എന്നാല്‍ പരസ്പര സംതൃപ്തിയോടെയാണ് ഈ ഇടപാട് നടക്കുന്നതെന്ന് ചിലര്‍ വാദിക്കാറുണ്ട്. പന്തയവും പലിശ ഇടപാടുമെല്ലാം ഇരുകക്ഷികളുടെയും തൃപ്തിയോടെയാണ് നടക്കുന്നത്. ഇവിടെ തൃപ്തി അക്രമത്തെ ന്യായീകരിക്കുന്നില്ല.

നല്ല ഗുണമേന്‍മയുള്ള സാധനങ്ങള്‍, പരമാവധി കുറഞ്ഞ വിലക്ക് വില്‍ക്കുക എന്നതാണ് ചരക്കുകള്‍ വിറ്റഴിക്കാനും കച്ചവടം അഭിവൃദ്ധിപ്പെടുത്താനും ഇസ്‌ലാം അംഗീകരിച്ച മാര്‍ഗം. എന്നാല്‍ ഇത്തരം സമ്മാനങ്ങള്‍ ചരക്കുകള്‍ വിറ്റഴിക്കപ്പെടാനുള്ള ബാഹ്യപ്രചോദനങ്ങളാണ്. വസ്തുവിന്റെ ഗുണമേന്‍മയുമായോ വിലക്കുറവുമായോ അതിന് യാതൊരു ബന്ധവുമില്ല.

4. ഇത്തരം സമ്മാനങ്ങള്‍ അമിതമായും അനാവശ്യമായും വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നു. യാര്‍ഥത്തില്‍ ഉപഭോക്തൃ സംസ്‌കാരമെന്ന് വിളിക്കപ്പെടുന്ന, പാശ്ചാത്യ മുതലാളിത്ത സംസ്‌കാരത്തിന്റെ സൃഷ്ടിയാണത്. മിതത്വം എന്ന ഇസ്‌ലാമിക കാഴ്ചപ്പാടിന് വിരുദ്ധവുമാണത്. ധൂര്‍ത്തിനെ നിഷിദ്ധമാക്കിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ലല്(അല്‍അഅ്‌റാഫ് : 31), ചെലവഴിക്കുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു പരമകാരുണികന്റെ ദാസന്‍മാര്‍ (അല്‍ഫുര്‍ഖാന്‍: 67).

കൊതിപ്പിക്കുന്ന സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും ആകര്‍ഷണീയമായ പരസ്യങ്ങളിലൂടെയും തനിക്കാവശ്യമില്ലാത്ത വസ്തുക്കള്‍ പോലും – കടം വാങ്ങിയിട്ടെങ്കിലും – നേടിയെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് മുതലാളിത്തത്തിന്റെ രീതി. ഹറാമിലേക്ക് നയിക്കുന്നത് ഹറാമാണെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്വമാണ്. നിഷിദ്ധതകളിലേക്കുള്ള വഴികള്‍ അടക്കല്‍ നിര്‍ബന്ധവുമാണ്. മുകളില്‍ പറഞ്ഞ രീതിയിലുള്ള സമ്മാനങ്ങള്‍ ധൂര്‍ത്തിലേക്കും ആക്ഷേപാര്‍ഹമായ കടബാധ്യതയിലേക്കും നയിക്കുന്ന മാര്‍ഗമാണ്. അതിനാല്‍ ഈ ദൂഷ്യങ്ങള്‍ക്ക് തടയിടാന്‍ ഇത്തരം സമ്മാന പദ്ധതികള്‍ നിഷിദ്ധമാണെന്ന് വിധിയെഴുതേണ്ടിയിരിക്കുന്നു.

വിവ: അബുദര്‍റ് എടയൂര്‍

Related Articles