Current Date

Search
Close this search box.
Search
Close this search box.

മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ഒന്നിലധികം ബന്ധുക്കള്‍ക്ക് നോമ്പെടുക്കാമോ?

ഇബ്‌നു അബ്ബാസ്(റ) റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍(സ) പറഞ്ഞതായി പറയുന്നു: ”എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാനുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ടിക്കട്ടെയോ?” നബി(സ) പറഞ്ഞു: ”നിങ്ങളുടെ ഉമ്മാക്ക് കടബാധ്യതയുണ്ടായിരുന്നെങ്കില്‍ നിങ്ങളത് വീട്ടില്ലേ?” അതെയെന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍ നബി(സ) പറഞ്ഞു: ”അല്ലാഹുവിന്റെ കടമാണ് വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹമായത്.” (ബുഖാരി, മുസ്‌ലിം) മരണപ്പെട്ടയാള്‍ക്ക് വേണ്ടി നോമ്പനുഷ്ടിക്കാമെന്നത് മേല്‍പറയപ്പെട്ട ഹദീസില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശികളായ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് നോമ്പെടുത്ത് അവരുടെ മേലുള്ള നോമ്പുകല്‍ വീട്ടുന്നതിന്റെ വിധിയെന്താണ്?

മറുപടി: മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ഒരേ ദിവസം തന്നെ കൂടുതല്‍ ആളുകള്‍ നോമ്പെടുക്കുന്നതില്‍ തെറ്റില്ല. ഇത്തരത്തില്‍ നോമ്പെടുക്കുമ്പോള്‍ തുടര്‍ച്ചയായി നോമ്പെടുക്കണമെന്ന നിബന്ധനയും ഇല്ലെന്നാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ഹസന്‍ പറയുന്നു: മരണപ്പെട്ട വ്യക്തിക്ക് വേണ്ടി മുപ്പതാളുകള്‍ ഒരു ദിവസം നോമ്പെടുക്കുന്നത് അനുവദനീയമാണ്…”
ഇബ്‌നു ഹജര്‍ പറയുന്നു: മരണപ്പെട്ട വ്യക്തിക്ക് വേണ്ടി അയാളുടെ നഷ്ടപ്പെട്ട നോമ്പുകള്‍ പല വ്യക്തികള്‍ ചേര്‍ന്ന് നോറ്റു വീട്ടുമ്പോള്‍ അതിന് തുടര്‍ച്ചയുണ്ടാവണമെന്ന നിബന്ധനയില്ല. (ഫത്ഹുല്‍ബാരി)

ഇബ്‌നു ഉഥൈമീന്‍ വിവരിക്കുന്നു: എല്ലാവരും ചേര്‍ന്ന് ഒരു ദിവസം നോമ്പെടുത്തോ ഓരോരുത്തര്‍ വെവ്വേറെ ദിവസങ്ങളില്‍ നോമ്പെടുത്തോ മുപ്പത് നോമ്പുകള്‍ പൂര്‍ത്തീകരിക്കുന്നതും തമ്മില്‍ വ്യത്യാസമില്ല. എന്നാല്‍ ളിഹാര്‍ പോലുള്ളവയുടെ പ്രായശ്ചിത്തമായുള്ള നോമ്പ് അനന്തരാവകാശികള്‍ക്കിടയില്‍ വിഭജിക്കാവതല്ല. അത്തരം നോമ്പുകള്‍ക്ക് തുടര്‍ച്ച ആവശ്യമാണെന്നതാണ് കാരണം. അത്തരം സന്ദര്‍ഭങ്ങളില്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ അനന്തരാവകാശികളില്‍ ഒരാള്‍ സന്നദ്ധനാവുകയോ അല്ലെങ്കില്‍ ഓരോ ദിവസത്തിനും പകരം ഓരോ അഗതിക്ക് ആഹാരം നല്‍കുകയോ ആണ് വേണ്ടത്.

Related Articles