Current Date

Search
Close this search box.
Search
Close this search box.

ബാങ്ക് ജോലി അനുവദനീയമോ?

in-bank.jpg

കൊമേഴ്‌സ് പഠനത്തിന് ശേഷം പല ജോലികളും ഞാന്‍ അന്വേഷിച്ചുവെങ്കിലും എനിക്ക് തരപ്പെട്ടു കിട്ടിയത് ഒരു ബാങ്കിലെ ജോലി മാത്രമാണ്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പലിശയിലധിഷ്ഠിതമാണ്. പലിശയുടെ കണക്കെഴുതുന്നത് പോലും ശപിക്കപ്പെട്ട പ്രവര്‍ത്തനമാണെന്നും എനിക്കറിയാം. ഉപജീവന മാര്‍ഗമായി കാണുന്ന ഈ ജോലി ഞാന്‍ സ്വീകരിക്കുകയാണോ നിരാകരിക്കുകയാണോ വേണ്ടത്?

മറുപടി: പലിശക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക വ്യവസ്ഥയാണ് ഇസ്‌ലാമിന്റേത്. വ്യക്തിയിലെയും സമൂഹത്തിലെയും അനുഗ്രഹങ്ങളെ ഇല്ലാതാക്കുന്ന വന്‍പാപമായിട്ടാണ് ഇസ്‌ലാം പലിശയെ കാണുന്നത്. ഇഹത്തിലും പരത്തിലും ദോഷകരമാണ് അതെന്ന് ഖുര്‍ആനും പ്രവാചകചര്യയും വ്യക്തമാക്കുന്നു. മുസ്‌ലിം സമൂഹത്തിന് എതിരഭിപ്രായമില്ലാത്ത വിഷയമാണത്. അല്ലാഹു പറയുന്നു: ”അല്ലാഹു പലിശയെ നശിപ്പിക്കുകയും ദാനധര്‍മങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.” (2: 276)
”അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍, പലിശയിനത്തില്‍ ജനങ്ങളില്‍നിന്നു കിട്ടാന്‍ ബാക്കിയുള്ളതൊക്കെയും ഉപേക്ഷിക്കുവിന്‍ നിങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍ തന്നെയാണെങ്കില്‍. അപ്രകാരം ചെയ്യുന്നില്ലെങ്കിലോ, എങ്കില്‍, അല്ലാഹുവിങ്കല്‍ നിന്നും അവന്റെ ദൂതനില്‍നിന്നും നിങ്ങള്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനമുണ്ടെന്ന് അറിഞ്ഞുകൊള്‍വിന്‍.” (2: 278-279)

നബി(സ) പറയുന്നു: ”ഒരു ഗ്രാമത്തില്‍ പലിശയും വ്യഭിചാരവും പ്രകടമായാല്‍ അവര്‍ സ്വയം അല്ലാഹുവിന്റെ ശിക്ഷക്കര്‍ഹരാവുകയാണ്.” (ഹാകിം)

സമൂഹത്തിലെ തിന്മകളെ ചെറുക്കാനാണ് വിശ്വാസിയോട് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഏറ്റവും ചുരുങ്ങിയത് വാക്കു കൊണ്ടോ പ്രവര്‍ത്തിയാലോ അതില്‍ പങ്കാളിയാവാതിരിക്കാനെങ്കിലും അവന് സാധിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യങ്ങളിലും തിന്മകളും സഹകരിക്കുന്നത് നിഷിദ്ധമാക്കുന്നത്. ഒരു തിന്മയില്‍ സഹായിയായി വര്‍ത്തിക്കുന്ന ആളും ആ പാപത്തില്‍ പങ്കാളിയാണ്. ആ സഹായം ഏത് രൂപത്തിലാണെങ്കിലും അതു തന്നയാണ് വിധി.

കൊലപാതകത്തെ കുറിച്ച് പ്രവാചകന്‍(സ) പറയുന്നത് കാണുക: ”ഒരു വിശ്വാസിയുടെ രക്തം ചിന്തുന്നതില്‍ ആകാശ ലോകത്തുള്ളവരും ഭൂമിയിലുള്ളവരും പങ്കാളികളായാലും അവരെയെല്ലാം അല്ലാഹു നരകത്തിലെറിയും.” (തിര്‍മിദി)
മദ്യത്തെ കുറിച്ച് പറയുന്നു: ”മദ്യത്തെയും അത് കുടിക്കുന്നവനെയും കുടിപ്പിക്കുന്നവനെയും അത് വാറ്റുന്നവനെയും വാറ്റിപ്പിക്കുന്നവനെയും അത് വഹിക്കുന്നവനെയും വഹിപ്പിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.” (അബൂദാവൂദ്, ഇബ്‌നുമാജ)
”കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിന്റെ ഇടനിലക്കാരനാവുന്നവനെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു.

പലിശയെ കുറിച്ച് ജാബിര്‍ ബിന്‍ അബ്ദുല്ല നബി(സ)യില്‍ നിന്നും റിപോര്‍ട്ട് ചെയ്യുന്നു: ”പലിശ തിന്നുന്നവനും തീറ്റിക്കുന്നവനും അതിന്റെ സാക്ഷികളും ശപിക്കപ്പെട്ടിരിക്കുന്നു.” തുടര്‍ന്ന് പ്രവാചകന്‍(സ) പറഞ്ഞു: ”അവര്‍ തുല്യരാണ്.” (മുസ്‌ലിം) നബി(സ)യില്‍ നിന്നും ഇബ്‌നു മസ്ഊദ് റിപോര്‍ട്ട് ചെയ്യുന്നു: ”പലിശ തിന്നുന്നവനും അത് തീറ്റിക്കുന്നവനും അതിന്റെ സാക്ഷിയും എഴുത്തുകാരനും ശപിക്കപ്പെട്ടിരിക്കുന്നു.” (അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി) നസാഇയുടെ റിപോര്‍ട്ട് പ്രകാരം പലിശ തിന്നുകയും തീറ്റുകയും അതിന് സാക്ഷിയാവുകയും ചെയ്യുന്നവര്‍ അന്ത്യനാള്‍ വരെ മുഹമ്മദ് നബി(സ)യാല്‍ ശപിക്കപ്പെട്ടിരിക്കുന്നു എന്നാണ്.

പലിശയിടപാടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തേണ്ടവയാണ് മേല്‍ ഉദ്ധരിക്കപ്പെട്ട ശരിയായി വന്നിട്ടുള്ള റിപോര്‍ട്ടുകള്‍. ഇന്ന് പലിശ ബാങ്ക് ജീവനക്കാരനെയോ കമ്പനി സെക്രട്ടറിയെയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. പലിശയിലധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥയാണ് നമ്മുക്കിടയില്‍ നിലനില്‍ക്കുന്നത്. അതുണ്ടാക്കുന്ന ദ്രോഹം പൊതുവായിരിക്കുമെന്നും പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കുന്നു: ”ജനങ്ങള്‍ക്ക് ഒരു കാലം വരാനിരിക്കുന്നു. അന്ന് അവരില്‍ പലിശ ഭുജിക്കാത്തവരായി ഒരാളും തന്നെയുണ്ടാവില്ല. അത് ഭുജിക്കാത്തവനെ അതിന്റെ പൊടിയെങ്കിലും ബാധിച്ചിട്ടുണ്ടാവും.” (അബൂദാവൂദ്, ഇബ്‌നുമാജ)

ഒരുദ്യോഗസ്ഥനോ ജീവനക്കാരനോ ആ ജോലിയില്‍ നിന്ന് വിട്ടുനിന്നത് കൊണ്ട് ഇല്ലാതാവുന്നതല്ല ഈ വ്യവസ്ഥ. ജനഹിതം കൊണ്ടു മാത്രമേ മുതലാളിത്തത്തിന്‍രെ ചൂഷണ മനസ്സില്‍ നിന്ന് രൂപപ്പെട്ട ഈ ദുഷിച്ച വ്യവസ്ഥക്ക് മാറ്റം വരുത്താനാവൂ. അവതാനതയോട് കൂടിയ ഘട്ടംഘട്ടമായുള്ള ശ്രമം അതിന് ആവശ്യമാണ്. അപകടകരമായ ഈ പ്രശ്‌നത്തിലും ഘട്ടംഘട്ടമായുള്ള ചികിത്സ ഇസ്‌ലാം നിരാകരിക്കുന്നില്ല. മുമ്പ് അങ്ങനെയായിരുന്നു പലിശയും മദ്യവുമെല്ലാം ഇസ്‌ലാമിക സമൂഹത്തില്‍ നിരോധിച്ചത്.

നിശ്ചയദാര്‍ഢ്യവും ജനങ്ങളെ ബോധവല്‍കരിക്കലും വളരെ പ്രധാനമാണ്. ഈ സാമ്പത്തിക ക്രമത്തെ മാറ്റി ഇസ്‌ലാമികാധ്യപനങ്ങള്‍ക്ക് നിരക്കുന്ന ഒന്നാക്കി അതിനെ മാറ്റാനായിരിക്കണം ആത്മാഭിമാനമുള്ള ഓരോ വിശ്വാസിയും ശ്രമിക്കേണ്ടത്. അനുവദനീയമായ എല്ലാ മാര്‍ഗങ്ങളും അതിന് സ്വീകരിക്കാം. അത്ര വിദൂരമായ ഒരു കാര്യമല്ല അത്.

ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് മേല്‍ നാം വിലക്കേര്‍പ്പെടുത്തിയാല്‍ മുസ്‌ലിംകളല്ലാത്തവര്‍ തല്‍സ്ഥാനങ്ങള്‍ കയ്യടക്കുമെന്നതായിരിക്കും അതിന്റെ ഫലം. അത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായി തീരുകയും ചെയ്യാം. പലിശ ബാധകമല്ലാത്ത പ്രവര്‍ത്തനങ്ങളും ബാങ്കുകള്‍ ചെയ്യുന്നുണ്ട്. തന്റെ മനസ്സിനും ദീനിനും ഇണങ്ങും വിധം ഈ സാമ്പത്തിക ക്രമത്തില്‍ ഒരു മാറ്റം വരുന്നത് വരെ ബാങ്കിലെ അത്തരം ജോലികള്‍ ഒരു മുസ്‌ലിമിന് സ്വീകരിക്കാവുന്നതാണ്.  
അയാള്‍ തന്റെ ജോലി കാര്യക്ഷമമായി ചെയ്യുകയും, തന്നോടും തന്റെ നാഥനോടും തന്റെ സമുദായത്തോടുമുള്ള ബാധ്യതകള്‍ നിറവേറ്റുകയും വേണം. തന്റെ സദുദ്ദേശ്യത്തിന് അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കാവുന്നതുമാണ്. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക.

എന്നാല്‍ ജീവിതത്തിന്റെ നിര്‍ബന്ധിത സാഹചര്യങ്ങള്‍ ഞാന്‍ വിസ്മരിക്കുന്നില്ല. ഈ ജോലി സ്വീകരിക്കുവാന്‍ ചോദ്യകര്‍ത്താവിനെ പ്രേരിപ്പിക്കുന്നത് കര്‍മശാസ്ത്രജ്ഞ പണ്ഡിതന്‍മാര്‍ ‘നിര്‍ബന്ധിതാവസ്ഥ’ എന്ന് വിളിക്കുന്ന അവസ്ഥയാണ്. അല്ലാഹു പറയുന്നു: ”ഒരാള്‍ നിര്‍ബന്ധിതാവസ്ഥയിലകപ്പെട്ട്, നിയമലംഘനമിച്ഛിക്കാതെയും അത്യാവശ്യത്തിന്റെ അതിരുകടക്കാതെയും ഇക്കൂട്ടത്തില്‍ വല്ല വസ്തുക്കളും ആഹരിക്കേണ്ടിവന്നാല്‍ കുറ്റമില്ല. പൊറുക്കുന്നവനും ദയാനിധിയുമല്ലോ അല്ലാഹു.”

Related Articles