Current Date

Search
Close this search box.
Search
Close this search box.

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍

home5874.jpg

പുതിയ ഒരു വീട്ടിലേക്ക് താമസം മാറുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ഒരാള്‍ ചെയ്യേണ്ടത്? ആളുകളെ വിളിച്ച് സദ്യ നല്‍കേണ്ടതുണ്ടോ? വീടിന്റെ നാല് മൂലകളിലും ബാങ്ക് വിളിക്കേണ്ടതുണ്ടോ? ഏതെങ്കിലും പ്രത്യേക സൂറത്തുല്‍ ഓതേണ്ടതുണ്ടോ?

മറുപടി: പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ വീടിന്റെ നാല് മൂലകളിലോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു മൂലയിലോ വെച്ച് ബാങ്ക് വിളിക്കുകയോ ഏതെങ്കിലും പ്രത്യേക സൂറത്തുകളുടെ പാരായണമോ പ്രത്യേക പ്രാര്‍ഥനകളോ നടത്തുന്നതിന് ഇസ്‌ലാമില്‍ പ്രമാണങ്ങളുടെ പിന്‍ബലമില്ല. ശൈഖ് ബക്ര്‍ അബൂസൈദ് വിവരിക്കുന്നത് കാണുക:
‘ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തിലോ സ്ഥാനത്തോ ആവശ്യങ്ങള്‍ക്കോ തെളിവില്ലാതെ ഏതെങ്കിലും ആയത്തിനോ സൂറത്തിനോ സവിശേഷ പ്രാധാന്യം കല്‍പിക്കുന്നത് ബിദ്അത്താണ്. തെളിവില്ലാതെ സവിശേഷത കല്‍പിക്കുന്നതും അപ്രകാരമാണ്.’ (ബിദഉല്‍ ഖിറാഅഃ)

എന്നാല്‍ ഒരു മുസ്‌ലിം തന്റെ വീട്ടില്‍ ബാങ്ക് വിളിക്കുകയോ പിശാചിനെ അകറ്റുന്നതിനായി ഖുര്‍ആന്‍ പാരായണം നടത്തുകയോ ചെയ്യുന്നത് തെറ്റല്ല. പ്രത്യേകിച്ചും സൂറത്തുല്‍ ബഖറ പോലുള്ള സൂറത്തുകള്‍ ഓതാവുന്നതാണ്. കാരണം സൂറത്തുല്‍ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്ന് പിശാച് ഓടിയൊളിക്കുമെന്നാണ്. എന്നാല്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്ദര്‍ഭത്തില്‍ അത് ചെയ്യുന്നതിന് സവിശേഷ പ്രാധാന്യമൊന്നുമില്ല.

നബി(സ) പറഞ്ഞതായി അബൂഹുറൈറ റിപോര്‍ട്ട് ചെയ്യുന്നു: ”നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖബറിടങ്ങളാക്കരുത്. സൂറത്തുല്‍ ബഖറ ഓതപ്പെടുന്ന വീട്ടില്‍ നിന്ന് പിശാച് ഇറങ്ങി ഓടുന്നതാണ്.” (മുസ്‌ലിം)

അല്ലാഹുവിന്റെ അനുഗ്രഹത്തിനുള്ള നന്ദി പ്രകടിപ്പിക്കുന്നതിനും കൂട്ടുകാരുടെയും ബന്ധുക്കളുടെയും അയല്‍ക്കാരുടെയും സന്തോഷത്തിനും ഒരാള്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനോടനുബന്ധിച്ച് സദ്യ നല്‍കുന്നതില്‍ തെറ്റില്ല. ‘അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയിയ്യ’യില്‍ അതിനെ കുറിച്ച് വിവരിക്കുന്നു: ”സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുകയോ ബുദ്ധിമുട്ടുകള്‍ നീങ്ങുകയോ ചെയ്യുമ്പോള്‍ സദ്യ നല്‍കുന്നത് പോലെ (വീട്) നിര്‍മാണത്തില്‍ (സന്തോഷം പ്രകടിപ്പിച്ച്) സദ്യ നല്‍കല്‍ അഭിലഷണീയമാണ്.” (8/207)

എന്നാല്‍ ആ വീട്ടില്‍ താമസിക്കുന്നവരുടെ സുരക്ഷക്കോ അതില്‍ കഴിയുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുന്നതിനോ ഈ സദ്യനല്‍കലുമായി ബന്ധമില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. നല്ല ഒരു ഭവനം ഒരുക്കാന്‍ തുണച്ച അല്ലാഹുവിനോടുള്ള നന്ദി പ്രകടനം കൂടിയായിരിക്കണം അത്.

മൃഗബലി നടത്താത്ത വീട്ടില്‍ ജിന്ന് കയറുമോ?

Related Articles