Current Date

Search
Close this search box.
Search
Close this search box.

പിതാവിന്റെ സമ്മതമില്ലാത്ത വിവാഹം സാധുവാകുമോ?

marriage.jpg

ഒരു മഹല്ലിലെ പെണ്‍കുട്ടിയും മറ്റൊരു മഹല്ലിലെ യുവാവും തമ്മില്‍ പ്രണയത്തിലായി. അവര്‍ തമ്മിലുള്ള വിവാഹത്തിന് പെണ്‍കുട്ടിയുടെ ഉപ്പക്ക് സമ്മതമില്ല. പക്ഷേ തനിക്ക് ഇരുപത് വയസ്സ് ആയിട്ടുണ്ടെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞ് പെണ്‍കുട്ടി മഹല്ല് നേതൃത്വത്തിന് കത്ത് നല്‍കി. ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നതിന് ഇരു മഹല്ല് നേതൃത്വത്തിനും സമ്മതമാണ്. പെണ്‍കുട്ടിയുടെ മഹല്ലില്‍ നികാഹ് നടക്കട്ടെ എന്നും അവര്‍ തീരുമാനിച്ചു. രെജിസ്റ്റര്‍ ഓഫീസില്‍ പോയി വിവാഹം രെജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ അതിന്റെ രേഖ സ്‌റ്റേഷനില്‍ നല്‍കുകയും ചെയ്തു. ബന്ധപ്പെട്ടവരോട് നികാഹ് ചെയ്തുകൊടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് എസ്.ഐ പറഞ്ഞത്. പക്ഷേ കുട്ടിയുടെ ഉപ്പ സമ്മതിക്കാത്തതു കൊണ്ട് വിവാഹം ചെയ്തു കൊടുക്കാന്‍ ഖാദിക്ക് അധികാരമുണ്ടോ? ഈ വിഷയത്തില്‍ കുട്ടിയുടെ പിതാവിന്റെ ഇഷ്ടം പരിഗണിക്കേണ്ടതില്ലേ?

മറുപടി: ഇസ്‌ലാമില്‍ വിവാഹത്തിന്റെ അടിസ്ഥാന നിബന്ധനകളില്‍ ഒന്നാണ് വലിയ്യ് അഥവാ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവ്. വിവാഹം സാധുവാകുന്നതിന് വലിയ്യ് വേണമെന്ന് തന്നെയാണ് ഭൂരിപക്ഷം കര്‍മശാസ്ത്ര ഇമാമുമാരുടെയും അഭിപ്രായം. അതേസമയം ഹനഫീ മദ്ഹബ് അനുസരിച്ച് പ്രായപൂര്‍ത്തിയും പക്വതയുമുള്ള ഒരു സ്ത്രീക്ക് പിതാവിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്യാവുന്നതാണ്. എന്നാല്‍ തനിക്ക് ഒരു നിലക്കും അനുയോജ്യനല്ലാത്ത ഒരാളെയാണ് അവര്‍ വിവാഹം ചെയ്തതെങ്കില്‍ അത് റദ്ദ് ചെയ്യാനുള്ള അധികാരം പിതാവിനുണ്ടായിരിക്കും. ഇജ്തിഹാദിപരമായ വിഷയം എന്ന നിലയില്‍ ഇമാമുമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യമാണിത്. ഹനഫീ മദ്ഹബ് പിന്‍പറ്റുന്ന ഇന്ത്യ, പാകിസ്താന്‍ പോലുള്ള നാടുകളില്‍ വസിക്കുന്ന ഒരാളെ സംബന്ധിച്ചടത്തോളം വലിയ്യ് ഇല്ലാതെ വിവാഹം സാധുവാകും. അതിന്റെ അടിസ്ഥാനത്തിലുള്ള അവരുടെ വിവാഹം അംഗീകരിക്കപ്പെടും. അത് റദ്ദാക്കണമെന്ന് അവരോട് ആവശ്യപ്പെടുകയുമില്ല. ഇബ്‌നു ഖുദാമ മേല്‍പറഞ്ഞ വിഷയത്തെ കുറിച്ച് പറയുന്നു: ഈ കരാര്‍ (വിവാഹം) സാധുവാണെന്ന് ഭരണാധികാരിയോ അദ്ദേഹം നിശ്ചയിച്ചിട്ടുള്ള വ്യക്തിയോ വിധിച്ചാല്‍ അത് റദ്ദാക്കല്‍ അനുവദനീയമല്ല.

ഇവിടെ ചോദ്യത്തില്‍ ഉന്നയിച്ചത് പോലെ പിതാവ് വിവാഹം ചെയ്തുകൊടുക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ആ എതിര്‍പ്പിന് ന്യായമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ അയാളുടെ മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ ഖാദിക്ക് അധികാരമുള്ളൂ. (ഖാദി എന്നത് കൊണ്ട് മഹല്ല് ഖാദിയല്ല ഉദ്ദേശ്യം, മറിച്ച് ഇസ്‌ലാമിക ഭരണസംവിധാനത്തിലെ ഔദ്യോഗിക ഖാദിയാണ്) വിവാഹം ചെയ്തുകൊടുക്കാന്‍ പിതാവ് തയ്യാറാവാത്തത് ന്യായമായ കാരണത്താലാണോ അല്ലയോ എന്നത് പരിശോധിക്കേണ്ടതുണ്ട്. പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അനുയോജ്യനായ ഒരാളിള്‍ നിന്ന് വിവാഹാലോചന വരികയും യാതൊരു ന്യായവുമില്ലാത്ത ദുര്‍വാശിയുടെ പേരില്‍ തോന്നിവാസിയായ പിതാവ് ആ വിവാഹത്തെ എതിര്‍ക്കുകയാണെങ്കില്‍ ആ വിവാഹം നടത്തിക്കൊടുക്കാന്‍ ഖാദിക്ക് അധികാരമുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത ഒരു ചെറുപ്പക്കാരന് തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാതിരിക്കാനുള്ള അവകാശം പിതാവിന്നുണ്ട്. കാരണം ആ പെണ്‍കുട്ടിയുടെ ജനനത്തിന് പ്രത്യക്ഷത്തിലുള്ള കാരണം ആ പിതാവാണ്. പിതാവ് മരിച്ചാല്‍ മകളെന്ന നിലക്ക് അദ്ദേഹത്തിന്റെ സ്വത്തില്‍ അവള്‍ക്ക് അവകാശവുമുണ്ട്. ഇങ്ങനെയെല്ലാം ശക്തമായ പരസ്പര ബന്ധം ഉള്ളതുകൊണ്ടു തന്നെ മകള്‍ക്ക് മേല്‍ പിതാവിനുള്ള അധികാരം ഇസ്‌ലാം മൗലികമായി വകവെച്ചു കൊടുക്കുന്നു. പിതാവ് ജീവിച്ചിരിക്കെ അദ്ദേഹം വിട്ടുകൊടുക്കാതെ ആ അധികാരം മറ്റൊരാളിലേക്ക് നീങ്ങുകയില്ല.

മേല്‍പറഞ്ഞ വിഷയത്തില്‍ ഹനഫി മദ്ഹബ് അനുസരിച്ച് വിവാഹം സാധുവാണെന്ന് ഒരാള്‍ക്ക് കരുതാം. ഇന്ത്യയിലെ നിയമങ്ങളും അതിന് അനുകൂലമായിരിക്കും. എന്നാല്‍ അനുരഞ്ജനത്തിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. പ്രായപൂര്‍ത്തിയായ രണ്ട് സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുള്ള വിവാഹത്തിന്റെ രെജിസ്‌ട്രേഷന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇന്ത്യയിലെ നിയമമനുസരിച്ച് അത് സാധുവാകും. ഈ സാഹചര്യത്തില്‍ പിതാവിന് വിവാഹം ചെയ്തുകൊടുക്കാന്‍ മാനസികമായ പ്രയാസമുണ്ടെങ്കില്‍ പിതാവിന്റെ ആ അധികാരം മറ്റൊരാള്‍ക്ക് നല്‍കി (വക്കാലത്ത്) വിവാഹം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് സാധുവാക്കാനാണ് ശ്രമിക്കേണ്ടത്.

Related Articles