Current Date

Search
Close this search box.
Search
Close this search box.

ദുല്‍ഖര്‍നൈന്‍ കഥയിലെ ജലാശയം ഏതാണ്?

lake.jpg

അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. ‘അങ്ങനെ അസ്തമയസ്ഥാനത്തെത്തിയപ്പോള്‍, സൂര്യന്‍ കലക്കു ജലത്തില്‍  മുങ്ങിമറയുന്നതായി അദ്ദേഹം കണ്ടു. അവിടെ ഒരു ജനത്തെയും കണ്ടുമുട്ടി. നാം പറഞ്ഞു: ഓ ദുല്‍ഖര്‍നൈന്‍, ഇവരെ ശിക്ഷിക്കാന്‍ നിനക്ക് കഴിയും. ഇവരോടു നല്ല നിലയില്‍ വര്‍ത്തിക്കാനും കഴിയും. അദ്ദേഹം പറഞ്ഞു: ഇവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവനെ നാം ശിക്ഷിക്കും. അനന്തരം അവന്‍ തന്റെ റബ്ബിങ്കലേക്ക് മടക്കപ്പെടും. റബ്ബ് അവന്ന് കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കും. (അല്‍കഹ്ഫ് : 86)  ഇവിടെ ദുല്‍ഖര്‍നൈന്‍, സൂര്യനസ്തമിക്കുന്ന കലങ്ങിയ ജലവും ഒരു സമൂഹത്തെയും കണ്ടു എന്ന് പറയുന്നുണ്ട് ഏതാണ് ഈ കലങ്ങിയ ജലാശയം? ഇവിടത്തെ സമൂഹം ഏതാണ് ?

സൂറത് കഹ്ഫില്‍ ദുല്‍ഖര്‍നൈനെ കുറിച്ചുള്ള കഥയുണ്ട്. പക്ഷെ ആരായിരുന്നു ദുല്‍ഖര്‍നൈന്‍ എന്ന് ഖുര്‍ആന്‍ വിശദീകരിച്ചില്ല. ഇങ്ങനെ വിശദീകരണങ്ങള്‍ നല്‍കാതിരിക്കുന്നത് അല്ലാഹുവിന്റെ യുക്തിയുടെ ഭാഗമാണ്. സൂറതുല്‍ കഹ്ഫിലും മറ്റ് സൂറകളിലുമായി ഖുര്‍ആനില്‍ ഒരു പാട് കഥകളുണ്ട്. ഖുര്‍ആന്‍ ഇങ്ങനെ കഥകള്‍ ഉദ്ദരിക്കുന്നതിന്റെ ഉദ്ദേശ്യം ചരിത്രപരമായി കാര്യങ്ങള്‍ വിശദീകരിക്കുക എന്നതല്ല മറിച്ച്  കഥകളിലൂടെ ഗുണപാഠം നല്‍കുക എന്നതാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ..’ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമുണ്ട്.’ (യൂസുഫ് : 111)

ഇവിടെ പരാമര്‍ശിച്ച ദുല്‍ഖര്‍നൈന്‍ കഥയിലും ചില ഗുണപാഠങ്ങളുണ്ട്. അയാള്‍ നല്ല രാജാവാണ്, അല്ലാഹു അയാള്‍ക്ക് ഭൂമിയില്‍ അധികാരവും   സാമഗ്രികളും നല്‍കിയിട്ടുണ്ട് ; ഇതെല്ലാമുണ്ടായിട്ടും ആ രാജാവ് അതിക്രമം കാണിച്ചില്ല. അദ്ദേഹം കിഴക്കും പടിഞ്ഞാറും നിരവധി വിജയങ്ങള്‍ നടത്തി. ജനങ്ങള്‍ അദ്ദേഹത്തിന് കീഴ്‌പെട്ടു. ധാരാളം നാടുകളും അല്ലാഹുവിന്റെ അടിമകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതെല്ലാമുണ്ടായിട്ടും അയാള്‍ അല്ലാഹുവിന്റെ നീതിയെ തകിടം മറിച്ചില്ലെന്ന് മാത്രമല്ല അല്ലാഹുവിന്റെ നീതി സ്ഥാപിക്കുന്നവനായി പരിശ്രമിച്ചു. വിശുദ്ധ ഖുര്‍ആ
ന്‍ അവരെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ് : ‘ ഇവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവനെ നാം ശിക്ഷിക്കും. അനന്തരം അവന്‍ തന്റെ റബ്ബിങ്കലേക്ക് മടക്കപ്പെടും. റബ്ബ് അവന്ന് കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കും. എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവന്ന് ഉത്തമമായ പ്രതിഫലമുണ്ട്.’ ( അല്‍കഹ്ഫ് : 87)

എന്നാല്‍ ഈ സമൂഹം ആരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ നമുക്ക് പറഞ്ഞ് തന്നില്ല.  ദീനിയ്യായോ ഇഹലോകപരമായോ എന്തെങ്കിലും നേട്ടമുണ്ടായിരുന്നുവെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ നമുക്കത് പറഞ്ഞ് തരുമായിരുന്നു.  ഇവിടെ പരാമര്‍ശിച്ച സൂര്യന്‍ അസ്തമിക്കുന്ന ഇടത്തെക്കുറിച്ചും ഖുര്‍ആന്‍ ഒന്നും പറയുന്നില്ല. ദുല്‍ഖര്‍നൈന്‍ പടിഞ്ഞാറ് ഭാഗത്തേക്ക് തിരിച്ച് അതിന്റെ അറ്റം വരെ  ചെന്നെത്തി അവിടെ സൂര്യന്‍ കലക്കുവെളളത്തില്‍ മുങ്ങുന്നത് പോലെ അദ്ദേഹം കാണുന്നു. കലങ്ങിയ ജലാശയം എന്നതിന് ഖുര്‍ആന്‍ ‘ഐനു ഹമഅ് ‘ എന്നാണ്  ഉപയോഗിച്ചത.് ഹമഅ് എന്ന അറബി വാക്കിനര്‍ത്ഥം കുഴഞ്ഞ മണ്ണ് എന്നാണ്. അദ്ദേഹത്തിന് സൂര്യന്‍ ആ കലങ്ങിയ ജലാശയത്തില്‍ വീഴുന്നത് പോലെ തോന്നി. നമ്മളാരെങ്കിലും അസ്തമയ സമയത്ത് കടല്‍ തീരത്ത് പോയാല്‍ നമുക്കും സൂര്യന്‍ കടലില്‍ വീഴുന്നതായോ അസ്തമിക്കുന്നതായോ തോന്നും. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണല്ലോ സൂര്യന്‍ ഒരു നാട്ടില്‍ അസ്തമിക്കുകയും മറ്റൊരു നാട്ടില്‍ ഉദിക്കുകയും ചെയ്യുന്നു. ഇവിടെ ഖുര്‍ആന്‍ സൂക്തത്തില്‍ ‘സൂര്യന്‍ കറുത്ത ജലത്തില്‍ മുങ്ങി മറയുന്നത് കണ്ടു’  എന്നതു കൊണ്ടുള്ള ഉദ്ദേശ്യം ഒരു കാഴ്ചക്കാരന്‍ കാണുന്നത് പോലെ അദ്ദേഹം കണ്ടു എന്നാണ്. അതായത് ദുല്‍ഖര്‍നൈന്‍ നദീജലം ഒഴുകി വന്ന് സമുദ്രവുമായി സന്ധിക്കുന്ന ഇടത്ത് എത്തിച്ചേര്‍ന്നു. (നൈലിന്റെ അടുത്ത് ചെന്നത് പോലെ) അവിടെ അതിന്റെ വെള്ളം മണ്ണ്കലര്‍ന്ന് കലങ്ങിയിരിക്കുന്നു. അങ്ങനെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ സൂര്യന്‍ കലക്ക് വെള്ളത്തില്‍ അസ്തമിക്കുന്നതായി കാഴ്ചക്കാരന് തോന്നുന്നു. അത് ഒരു പക്ഷെ ചെളിയുള്ള  ജലാശയമായിരിക്കാം. അത് ഏതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല. അത് പോലെ അദ്ദേഹം കിഴക്കോട്ടും പോയി. യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും അടുക്കലും പോയിരിക്കുന്നു. പക്ഷെ അതെല്ലാം അദ്ദേഹം നീതിപൂര്‍വ്വവും നാഥന്‍ അദ്ദേഹത്തിന് ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളെ വിലമതിച്ചു കൊണ്ടുമായിരുന്നു. അവിടെ അദ്ദേഹം ഇരുമ്പ് കട്ടികള്‍ കൊണ്ട് വലിയ മതില്‍ പണിതു. എന്നിട്ടദ്ദേഹം പറഞ്ഞ വാക്കുകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട് അത് ശ്രദ്ധേയമാണ്. ‘ ദുല്‍ഖര്‍നൈന്‍ പറഞ്ഞു: ഇത് എന്റെ റബ്ബിന്റെ കാരുണ്യമാകുന്നു. എന്നാല്‍ എന്റെ റബ്ബിന്റെ വാഗ്ദത്തസമയമെത്തുമ്പോള്‍ അവന്‍ അതിനെ തകര്‍ത്തു നിരപ്പാക്കിക്കളയും. എന്റെ റബ്ബിന്റെ വാഗ്ദത്തം എത്രയും സത്യമായതല്ലോ.’ (അല്‍കഹ്ഫ് : 98)

ഇവിടത്തെ ഉദ്ദേശ്യമിതാണ്: അദ്ദേഹം നല്ല രാജാവായിരുന്നു, അല്ലാഹു അദ്ദേഹത്തിന്  അധികാരം നല്‍കി പക്ഷെ അദ്ദേഹം അക്രമം കാണിക്കുകയോ ധിക്കാരിയാകുകയോ സത്യത്തിന്റെ മാര്‍ഗത്തില്‍ വ്യതിചലിക്കുകയോ ഉണ്ടായില്ല.

ഇതിലപ്പുറമുള്ള വിശദീകരണങ്ങള്‍ നല്‍കാന്‍ ഖുര്‍ആന്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനയുള്ള കലഘട്ടത്തെയോ, സ്ഥലങ്ങളേയോ, സമൂഹങ്ങളേയോ കുറിച്ചൊന്നും ഹദീസും യാതൊരു വിവരവും നല്‍കിയിട്ടില്ല. അങ്ങനെ നല്‍കുന്നത് കൊണ്ട് പ്രത്യേക നേട്ടവുമില്ല. അങ്ങനെ നേട്ടമുണ്ടായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കുമായിരുന്നു.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles