Current Date

Search
Close this search box.
Search
Close this search box.

താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവദനീയമാണോ?

birth-control3.jpg

പഠനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ദമ്പതികളാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ കുട്ടികളെ വളര്‍ത്തല്‍ ഞങ്ങളെ സംബന്ധിച്ചടത്തോളം പ്രയാസകരമായ കാര്യമാണ്. ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് ബര്‍ത്ത് കണ്‍ട്രോള്‍ പില്‍സ്, കോണ്ടം പോലുള്ള താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

മറുപടി: വിവാഹത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് പ്രജനനമാണ്. ഭൂമിയില്‍ മനുഷ്യവംശത്തെ നിലനിര്‍ത്തുന്നതിന് ദൈവം ഒരുക്കിയ സംവിധാനമാണത്. അതിലുപരിയായി അനുഗ്രഹത്തിന്റെ ഉറവിടമായിട്ടാണ് ഇസ്‌ലാം സന്താനങ്ങളെ കാണുന്നത്. അതുകൊണ്ടാണ് പ്രവാചകന്‍(സ) വിവാഹം കഴിക്കാനും പ്രജനനം നടത്താനും തന്റെ അനുചരന്‍മാരെ പ്രേരിപ്പിച്ചത്. അക്കാരണത്താല്‍ തന്നെ ദമ്പതികള്‍ വിവാഹത്തെ ലൈംഗിക ആവശ്യങ്ങള്‍ക്കും വികാരപൂര്‍ത്തീകരണത്തിനും മാത്രമുള്ള ഉപാധിയായി കാണരുത്.

വിവാഹത്തിലൂടെ സന്താനങ്ങളെയുണ്ടാക്കുകയെന്നത് വളരെ പ്രധാനമാണ്. നാളെയുടെ നേതാക്കന്‍മാരും സമൂഹത്തിന് മുതല്‍ക്കൂട്ടുമായി മാറേണ്ട കുട്ടികളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും തുല്യ പ്രാധാന്യമാണ് ഇസ്‌ലാം കല്‍പിക്കുന്നത്. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും വേണ്ടത്ര പരിചരണവും ശ്രദ്ധയും മക്കള്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിന്റെ അഭാവത്തില്‍ മക്കള്‍ ഒരു ഭാരമായി മാറുന്നു.

എന്നാല്‍ നിങ്ങളിരുവരും വിദ്യാര്‍ഥികളായിരിക്കുകയും, നിങ്ങളുടെ പ്രത്യേകമായ സാഹചര്യത്തില്‍ സന്താനപരിപാലനത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരുങ്ങിയിട്ടില്ല എന്ന ശക്തമായ തോന്നലുണ്ടാവുകയുമാണെങ്കില്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്നതിന് താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ അനുവാദം താല്‍ക്കാലിക കാലത്തേക്ക് മാത്രമാണെന്ന് ഞാന്‍ ഓര്‍മപ്പെടുത്തുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഠനം പൂര്‍ത്തിയാക്കി നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാകുന്നത് വരെ ഗര്‍ഭധാരണം നീട്ടിവെക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ട്.

പ്രവാചകന്റെയും സഹാബിമാരുടെയും കാലത്തെ പ്രത്യേകമായ ചില വിധികളുടെ അടിസ്ഥാനത്തിലാണ് പണ്ഡിതന്‍മാര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഗര്‍ഭധാരണം തടയുന്നതിന് ചില സഹാബിമാര്‍ സംഭോഗവേളയില്‍ ശുക്ലം യോനില്‍ പതിക്കാതെ പുറത്ത് ഒഴിവാക്കുന്ന ‘അസ്ല്‍’ എന്ന രീതി സ്വീകരിച്ചിരുന്നതായി പ്രബലമായ റിപോര്‍ട്ടുകളുണ്ട്. പ്രമുഖ സഹാബിയായിരുന്ന ജാബിര്‍(റ) പറയുന്നു: ‘ഖുര്‍ആന്‍ അവതരിച്ച് കൊണ്ടിരിക്കുന്ന കാലത്ത് ഞങ്ങള്‍ ‘അസ്ല്‍’ ചെയ്യാറുണ്ടായിരുന്നു.’ അത് തെറ്റായിരുന്നെങ്കില്‍ ഖുര്‍ആന്‍ അത് വിലക്കുമായിരുന്നു. ഖുര്‍ആന്‍ അതിനെ കുറിച്ച് മൗനം പാലിച്ചിരിക്കുന്നതിനാല്‍ അത് അനുവദനീയമാണെന്നതിന്റെ സൂചനയാണത്. ആധുനിക കാലത്തെ താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ‘അസ്ല്‍’ ല്‍ നിന്ന് വ്യത്യസ്തമല്ല. ജീവിതപങ്കാളികളുടെ പരസ്പര സമ്മതത്തോടെ താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗമെന്ന നിലക്ക് അവ സ്വീകരിക്കാവുന്നതാണെന്നാണ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

Related Articles