Current Date

Search
Close this search box.
Search
Close this search box.

ആര്‍ത്തവകാലത്തിനിടയിലെ ‘ശുദ്ധിദിന’ങ്ങളുടെ വിധി

menstr.jpg

എനിക്ക് ആര്‍ത്തവകാലത്തിന്റെ ആദ്യദിനങ്ങളില്‍ ചിലപ്പോള്‍ രക്തസ്രാവമുണ്ടാവുകയും ശേഷം നിലക്കുകയും ചെയ്യാറുണ്ട്. ശേഷം ഒരു പകലോ, അതല്ല ഒരു ദിവസമോ കഴിഞ്ഞതിന് ശേഷം വീണ്ടും രക്തസ്രാവം തുടങ്ങാറുമുണ്ട്. രക്തസ്രാവം നിലക്കുന്ന ഈ ‘ഇടക്കാലത്ത്’ കുളിച്ച് ശുദ്ധിയായി നമസ്‌കാരം, നോമ്പ്, ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധം എന്നിവ നിര്‍വഹിക്കുന്നതിന് ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? -സുലൈഖ പി-
ആര്‍ത്തവകാലത്തിന്റെ ആദ്യദിനങ്ങളില്‍ രക്തസ്രാവമുണ്ടാവുകയും ശേഷം നിലക്കുകയും അല്‍പ ദിവസമോ, മറ്റോ കഴിഞ്ഞ് വീണ്ടും പുനരാരംഭിക്കുകയും ചെയ്യുന്നത് ചില സ്ത്രീകളില്‍ കാണപ്പെടാറുള്ള കാര്യമാണ്. ഈ രണ്ട് രക്തസ്രാവങ്ങള്‍ക്കിടയിലുള്ള കാലത്തെ ‘തുഹ്ര്‍ മുതഖല്ലല്‍’ അഥവാ ‘ഇടക്ക് വരുന്ന ശുദ്ധികാലം’ എന്നാണ് ഫിഖ്ഹി ഗ്രന്ഥങ്ങളില്‍ പരിചയപ്പെടുന്നത്.
ഈ കാലത്തെ ഭാര്യാസംസര്‍ഗത്തെക്കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണുള്ളത്. രക്തസ്രാവമുള്ള കാലം മാത്രമാണ് ആര്‍ത്തവമായി പരിഗണിക്കപ്പെടുകയെന്നും, അവ നിലച്ച ദിവസങ്ങള്‍ ശുദ്ധികാലമായി എണ്ണപ്പെടുമെന്നതാണ് ഒന്നാമത്തെ അഭിപ്രായം. ഈ അഭിപ്രായത്തിന് തല്‍ഫീഖ് അല്ലെങ്കില്‍ ലഖ്ത് എന്നാണ് പേര് പറയാറുള്ളത്. മാലികി, ഹന്‍ബലി മദ്ഹബിന്റെ അഭിപ്രായവും, ശാഫി മദ്ഹബില്‍ നിന്നുള്ള ഒരു ഖൗലും ഇപ്രകാരമാണ്. നമസ്‌കരിക്കുക, നോമ്പനുഷ്ടിക്കുക, സംയോഗത്തിലേര്‍പെടുക തുടങ്ങിയ ശുദ്ധികാലത്ത് അനുവദനീയമായ എല്ലാം ഇടക്കാലത്ത് കുളിച്ചതിന് ശേഷം അനുവദനീയമാണെന്ന് അര്‍ത്ഥം.
ഇബ്‌നു റുഷ്ദ് പറയുന്നു ‘ആര്‍ത്തവം ഇടമുറിഞ്ഞ് വരുന്നവരുടെ കാര്യത്തില്‍ ഇമാം മാലികിന്റെയും അനുയായികളുടെയും അഭിപ്രായം രക്തസ്രാവമുള്ള കാലം ആര്‍ത്തവമായും, നിലച്ച കാലം ശുദ്ധിയായും പരിഗണിക്കുമെന്നതാണ്.’ (ബിദായതുല്‍ മുജ്തഹിദ് 1/57)
ഇബ്‌നു ഖുദാമ പറയുന്നത് പറയുന്നത് ഇപ്രകാരമാണ് ‘ഒരു ദിവസം ശുദ്ധിയാവുകയും, അടുത്ത ദിവസം രക്തം കാണുകയും ചെയ്താല്‍ രക്തമൊലിച്ച കാലം ആര്‍ത്തവമായും അവക്കിടയിലുള്ള ദിവസത്തെ ശുദ്ധികാലമായുമാണ് കണക്കാക്കപ്പെടുക. രക്തസ്രാവത്തിന്റെ കാലം ശുദ്ധികാലത്തിനേക്കാള്‍ കൂടുതലോ, കുറവോ, തുല്യമോ ആവുന്നത് ഈ വിധിയെ മാറുന്നതല്ല.’ (മുഗ്നി 1/441)

ആര്‍ത്തവകാലത്തിനിടയില്‍ രക്തസ്രാവം നിലച്ച ദിവസങ്ങളും ആര്‍ത്തവമായി തന്നെ പരിഗണക്കണമെന്നാണ് രണ്ടാമത്തെ അഭിപ്രായം. ഹനഫി മദ്ഹബിന്റെ അഭിപ്രായവും, ഇമാം ശാഫിയുടെ പ്രബലമായ അഭിപ്രായവും ഇതാണ്. ‘സഹ്ബ്’ എന്നറിയപ്പെടുന്ന ഈ അഭിപ്രായമാണ് ഇമാം ഇബ്‌നു തൈമിയയും സ്വീകരിച്ചിരിക്കുന്നത്. ‘ഇടക്ക് വരുന്ന ശുദ്ധി കാലം ആര്‍ത്തവമാണെ’ന്നാണ് ഹനഫി മദ്ഹബിന്റെ പക്ഷം. (ഇഖ്തിയാര്‍ 1/27)

മേല്‍പറഞ്ഞ രണ്ട് അഭിപ്രായങ്ങള്‍ക്കും ഉദ്ധരിക്കുന്ന തെളിവുകള്‍ ഇപ്രകാരമാണ്. ആര്‍ത്തകാലത്തിനിടയില്‍ രക്തസ്രാവം നിലച്ച ദിനങ്ങള്‍ ശുദ്ധികാലമായി പരിഗണിക്കപ്പെടുമെന്നതിന് ഉന്നയിക്കുന്ന തെളിവുകള്‍ താഴെ പറയുന്നവയാണ്.
1. അല്ലാഹു പറയുന്നു ‘അവര്‍ ആര്‍ത്തവത്തെക്കുറിച്ച് താങ്കളോട് ചോദിക്കുന്നു, താങ്കള്‍ പറയുക അത് മാലിന്യമാണ്, അതിനാല്‍ ആര്‍ത്തവവേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കുക’ (അല്‍ബഖറ 222)
ഇവിടെ ആര്‍ത്തവത്തെയാണ് അല്ലാഹു മാലിന്യമെന്ന് വിശേഷിപ്പിച്ചത്. ആ മാലിന്യം നിലച്ചാല്‍, നീങ്ങിയാല്‍ ആര്‍ത്തവത്തിന്റെ വിധിയില്‍ നിന്ന് മുക്തമായെന്ന് വ്യക്തം.
2. ഇബ്‌നു അബ്ബാസ് (റ) പറയുന്നു ‘കടുംചുവപ്പ് നിറത്തിലുള്ള രക്തമവള്‍ കണ്ടാല്‍ നമസ്‌കരിക്കേണ്ടതില്ല. അവള്‍ എപ്പോഴാണ് ശുദ്ധി കാണുന്നത് അപ്പോഴവള്‍ കുളിക്കട്ടെ.’ (ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ആര്‍ത്തവം എന്ന തലക്കെട്ടിന് കീഴില്‍ ഉദ്ധരിച്ചതാണ്.)
ആര്‍ത്തവകാലത്തിനിടയിലെ ശുദ്ധി, യഥാര്‍ത്ഥ ശുദ്ധിയാണെന്ന് ഇവിടെ വ്യക്തമാവുന്നു. അത് എത്ര ചെറുതോ വലുതോ ആയ ദിനങ്ങളാണെങ്കിലും.

ആര്‍ത്തവകാലത്തിനിടയിലെ എല്ലാ ദിനങ്ങളും -രക്തസ്രാവം നിലച്ചാലും ഇല്ലെങ്കിലും- ആര്‍ത്തവമായിത്തന്നെ കണക്കാക്കുമെന്ന് അഭിപ്രായപ്പെടുന്നവരുടെ സുപ്രധാന തെളിവുകള്‍ താഴെ പറയുന്നവയാണ്.
1. ആര്‍ത്തവകാലം മുഴുവന്‍ രക്തസ്രാവമുണ്ടാവണമെന്നത് ഏകോപിച്ച നിബന്ധനയല്ല. അതിന്റെ പ്രാരംഭത്തിലും അവസാനത്തിലും ഉണ്ടായാല്‍ മതി.
2. ഒരു വസ്തുവിന്റെ രണ്ട് അറ്റങ്ങള്‍ക്കിടയിലുള്ള സ്ഥലം അതിന്റെ തന്നെ ഭാഗമായി കണക്കാക്കപ്പെടുന്നത് പോലെ രക്തസ്രാവങ്ങള്‍ക്കിടയിലെ ശുദ്ധികാലം ആര്‍ത്തവമായി തന്നെയാണ് പരിഗണിക്കപ്പെടുക.

മേലുദ്ധരിക്കപ്പെട്ട തെളിവുകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മുന്‍തൂക്കം നല്‍കപ്പെടുന്നത് ഒന്നാമത്തെ അഭിപ്രായത്തിനാണ്. കാരണം രണ്ടാമത്തെ അഭിപ്രായത്തെ അപേക്ഷിച്ച് കൂടുതല്‍ പ്രാമാണികവും, പ്രബലവുമായത് ഒന്നാമത്തേത് തന്നെയാണ്. രക്തസ്രാവം നിലച്ചോ എന്ന് ആശങ്കിക്കുമ്പോഴല്ല മറിച്ച് നിലച്ചുവെന്ന് ബോധ്യമുള്ളപ്പോഴാണ് ആ സമയത്തിന്് ശുദ്ധികാലത്തെ വിധി വരുന്നത്. ഇബ്‌നു ഖുദാമ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘ചെറുതായി നിലച്ചതിലല്ല, മറിച്ച് നമസ്‌കരിക്കാനും, നോമ്പനുഷ്ടിക്കാനും, മറ്റ് ആരാധനകള്‍ നിര്‍വഹിക്കാനും സാധിക്കുന്ന പൂര്‍ണമായി നിലച്ച അവസ്ഥയിലാണ് ഇത്.’ (മുഗ്നി 1/438)
രക്തസ്രാവം നിലച്ചോ, ഇല്ലയോ എന്ന് ആശങ്കയുള്ളവര്‍ കുളിക്കണമെന്നോ, ആരാധനകള്‍ നിര്‍വഹിക്കണമോ എന്നല്ല ഇതിന്റെ അര്‍ത്ഥം. സാധാരണയായി ആറോ ഏഴോ ദിവസങ്ങള്‍ തുടര്‍ച്ചയായി രക്തസ്രാവമുള്ളവര്‍ അത് പരിശോധിക്കേണ്ടതുമില്ല. അല്ലാഹു അവന്റെ ദീനില്‍ നിങ്ങള്‍ക്ക് ഒരു വിഷമവും സൃഷ്്ടിച്ചിട്ടില്ല എന്നതാണ് ഖുര്‍ആന്റെ പ്രസ്താവന.

Related Articles