Current Date

Search
Close this search box.
Search
Close this search box.

ആദ്യമാസങ്ങളിലെ ഗര്‍ഭഛിദ്രം

tht.jpg

നാല് മാസം തികയുമ്പോഴാണ് ഒരു ഭ്രൂണത്തില്‍ അല്ലാഹു ആത്മാവ് ഊതുന്നത് എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ടല്ലോ. അതിന് മുമ്പ് അനിവാര്യകാരണമുണ്ടെങ്കില്‍ ഗര്‍ഭഛിദ്രം നടത്തുന്നതില്‍ കുഴപ്പമില്ല എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അല്ലാഹു നല്‍കിയ ജീവന്‍ ഹനിക്കാന്‍ മനുഷ്യര്‍ക്ക് അധികാരമുണ്ടോ? -അന്‍വര്‍ സാദത്ത് തൃശൂര്‍ – ഗര്‍ഭസ്ഥഭ്രൂണത്തിന് സുപ്രധാനമായ നാല് ഘട്ടങ്ങളാണുള്ളത്. ശുക്ലം, ഒട്ടിപ്പിടിക്കുന്ന രക്തപിണ്ഡം, മാംസപിണ്ഡം, ആത്മാവ് ഊതല്‍ തുടങ്ങിയവയാണിവ. ഭ്രൂണഹത്യയുമായി മുന്‍കാല പണ്ഡിതന്മാര്‍ നല്‍കിയ ഫത്‌വകള്‍ പ്രസ്തുത ഘട്ടങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവയാണ്.

1. ഈ നാല് ഘട്ടത്തിലും ഭ്രൂണത്തെ നശിപ്പിക്കല്‍ അനുവദനീയമല്ല എന്നാണ് മാലികികളില്‍ ഭൂരിപക്ഷത്തിന്റെയും, ചില ശാഫിഈ, ഹനഫീ, ഹമ്പലി പണ്ഡിതരുടെയും അഭിപ്രായം.

2. ശുക്ലത്തിന്റെ ഘട്ടത്തില്‍ നശിപ്പിക്കുന്നത് അനുവദനീയവും മറ്റ് ഘട്ടങ്ങളില്‍ നിഷിദ്ധവുമാണെന്നാണ് ഹമ്പലികളുടെ അഭിപ്രായം. മാലികി മദ്ഹബിലെ ചിലരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

3. ആത്മാവ് ഊതപ്പെടുന്നതിന് മുമ്പുള്ള ഏത് ഘട്ടത്തിലും ഗര്‍ഭഛിദ്രം നടത്താവുന്നതാണ് എന്ന് ശാഫിഈ, ഹനഫി മദ്ഹബുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഹുദൈല്‍ ഗോത്രത്തിലെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി ശണ്ഠകൂടുകയും അവളുടെ ഗര്‍ഭം അലസുകയും ചെയ്തപ്പോള്‍ പ്രായശ്ചിത്തം നല്‍കണമെന്ന് പ്രവാചകന്‍ (സ) വിധിച്ചു എന്ന് അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഒന്നാമത്തെ അഭിപ്രായക്കാര്‍ ഉദ്ധരിക്കുന്ന തെളിവുകളിലൊന്ന്. ബുഖാരി 6909, മുസ്‌ലിം 1681, തുടങ്ങിയ ഹദീസുകളിലും തദ്വിഷകമായ പരാമര്‍ശങ്ങള്‍ കാണാം. ഗര്‍ഭം എത്രമാസമാണെങ്കിലും ഭ്രൂണം ജീവന്‍ തന്നെയാണെന്നും, ആദരിക്കപ്പെട്ടതാണെന്നുമാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചതിലൂടെ പ്രവാചകന്‍ (സ) വ്യക്തമാക്കിയത്.  

അബ്ദുല്ലാഹ് ബിന്‍ മസ്ഊദ് നിവേദനം ചെയ്ത ഹദീസാണ് രണ്ടാമത്തെ വിഭാഗം തെളിവെടുക്കുന്നത്. ‘ശുക്ലം നാല്‍പത് ദിവസത്തോളം മാറ്റം സംഭവിക്കാതെ അവശേഷിക്കുകയും, ശേഷം രക്തപിണ്ഡമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. പിന്നീടുള്ള നാല്‍പത് ദിവസം  മാംസക്കട്ടയായിത്തീരുന്നു.’ (അഹ്മദ് 3553). ശുക്ലം മാറ്റത്തിന് വിധേയമാകാതെ അവശേഷിക്കുന്നുവെന്ന് ഹദീസ് തെളിയിക്കുന്നു. എന്നാല്‍ പ്രസ്തുത ഘട്ടത്തില്‍ ഭ്രൂണത്തെ ഹനിക്കാമെന്നതിന് ഹദീസില്‍ തെളിവില്ല. മാത്രമല്ല ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടത് ദുര്‍ബലമായ പരമ്പരയിലൂടെയാണ്. കൂടാതെ, ഇതിന് വിരുദ്ധമായി അദ്ദേഹം തന്നെ മറ്റൊരു ഹദീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.  ‘നിങ്ങളിലൊരാളുടെ സൃഷ്ടി നാല്‍പത് ദിവസത്തിനുള്ളില്‍ മാതാവിന്റെ വയറ്റില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നു’ (ബുഖാരി 3208, മുസ്‌ലിം 2643).

ആത്മാവ് ഊതപ്പെടാത്ത ഭ്രൂണങ്ങള്‍ അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കപ്പെടുകയോ, അവക്ക് അസ്ഥിത്വമുണ്ടാവുകയോ ഇല്ല എന്നതാണ് മൂന്നാമത്തെ വിഭാഗത്തിന്റെ വാദം. എന്നാല്‍ ഭ്രൂണത്തിന്റെ ഘട്ടമോ, പൂര്‍ണതയോ അല്ല, മനുഷ്യനായി രൂപപ്പെടുന്ന ഒരു ജീവകണത്തെ നശിപ്പിക്കുകയെന്നതാണ് പ്രശ്‌നം. അപ്രകാരം ചെയ്യുന്നത് അക്രമവും അനീതിയുമാണ്.

ചുരുക്കത്തില്‍, ആത്മാവ് ഊതപ്പെട്ടതിന് ശേഷം ഭ്രൂണഹത്യ നടത്തുന്നത് നിഷിദ്ധമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. മാതാവിന്റെ ജീവനെ അപകടപ്പെടുത്തുമെന്ന സാഹചര്യത്തില്‍ മാത്രമെ അത് ചെയ്യാവൂ എന്നാണ് അവരുടെ അഭിപ്രായം.

അതിന് മുമ്പുള്ള ഘട്ടത്തിലെ ഗര്‍ഭഛിദ്രത്തെക്കുറിച്ചാണ് മേല്‍സൂചിപ്പിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ പ്രമാണങ്ങളെ സൂക്ഷ്മമായി വിശകലനം നടത്തുമ്പോള്‍ ബോധ്യപ്പെടുന്നത് ഗര്‍ഭധാരണത്തിന്റെ ഒരു ഘട്ടത്തിലും അത് അനുവദനീയമല്ല എന്നാണ്. ഗര്‍ഭിണിയാവുന്നതോട് കൂടി ഭ്രൂണത്തെ ജീവനായി പരിഗണിക്കുകയും, അതിന്റെ അവകാശങ്ങള്‍ നല്‍കുന്നതുമാണ് അതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങള്‍. ഉദാഹരണമായി ഒരു സ്ത്രീ വ്യഭിചരിച്ചിരിക്കുന്നുവെന്ന് തെളിയുന്നത് ഗര്‍ഭിണിയായിരിക്കെ ആണെങ്കില്‍ പ്രസവിക്കുന്നത് വരെ അവരുടെ മേല്‍ ശിക്ഷ നടപ്പാക്കരുതെന്നത് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഏകോപിച്ച അഭിപ്രായമാണ്. (ഇമാം സര്‍ഖസി അല്‍ മബ്‌സൂത് 9/73, ഇബ്‌നു അബ്ദില്‍ബര്‍റ് അല്‍കാഫി 2/1073, ഇമാം ശീറാസി അല്‍മുഹദ്ദബ് 2/347 നോക്കുക) ഇവിടെ ഗര്‍ഭം എത്രമാസമാണെന്ന് പരിഗണിക്കാതെ ഗര്‍ഭിണികള്‍ എന്ന പൊതുപ്രയോഗം നടത്തിയത് മേല്‍സൂചിപ്പിച്ച തരത്തില്‍ വേര്‍തിരിവില്ല എന്നാണ് വ്യക്തമാക്കുന്നത്. ഇമാം മുസ്‌ലിം ഉദ്ധരിച്ച ഗാമിദിയ്യ സ്ത്രീയെക്കുറിച്ചുള്ള ഹദീസ് പ്രസിദ്ധമാണ്. അവര്‍ പ്രസവിക്കുകയും, ശേഷം കുട്ടിയുടെ മുലകുടി നിര്‍ത്തുകയും ചെയ്തതിന് ശേഷമാണ് പ്രവാചകന്‍ അവര്‍ക്ക് മേല്‍ ശിക്ഷ നടപ്പാക്കിയത്. (ശറഹ് മുസ്‌ലിം ഇമാം നവവി 11/203 നോക്കുക). നാല് മാസം മുമ്പ് വരെയുള്ള ഘട്ടം ഭ്രൂണത്തില്‍ ആത്മാവ് ഇല്ലാത്തത് കൊണ്ട് അതിനെ ഹനിക്കല്‍ അനുവദനീയമാണെങ്കില്‍ ഇവിടെ പ്രവാചകന് (സ) അക്കാര്യം അന്വേഷിക്കാമായിരുന്നു. എന്നാല്‍ പ്രവാചകന്‍ (സ) അക്കാര്യം പരിഗണിക്കാതെ പ്രസവിക്കുന്നത് വരെ കാത്തിരിക്കുകയാണ് ചെയ്തത്. വിശിഷ്യാ ‘ഇളവുകള്‍ കുറ്റവാളികള്‍ക്ക് ബാധകമല്ല’ എന്നത് കര്‍മശാസ്ത്ര അടിസ്ഥാനങ്ങളില്‍ ഒന്നായിരിക്കെ ഇത്തരമൊരു സമീപനത്തിന് യാതൊരു സാധ്യതയുമില്ല.

ഗര്‍ഭധാരണത്തിന്റെ ഏത് ഘട്ടത്തിലും ഭ്രൂണഹത്യ അനുവദനീയമല്ല എന്നതാണ് മുന്‍ഗണന നല്‍കേണ്ട അഭിപ്രായം. മാത്രമല്ല, ആദ്യഘട്ടങ്ങളില്‍ അത് ചെയ്യാം എന്ന് അഭിപ്രായപ്പെട്ട പണ്ഡിതര്‍ പോലും അനിവാര്യമായ സാഹചര്യത്തിലെ ആകാവൂ എന്ന് കൂടി വ്യക്തമാക്കിയിരിക്കുന്നു. മാതാവിന്റെ ജീവന്‍ അപകടത്തിലാവുകയെന്നതാണ് അത്. കുട്ടികളെ വളര്‍ത്താനുള്ള പ്രയാസം, അവരുടെ സാമ്പത്തികബാധ്യത വഹിക്കുന്നതിനെക്കുറിച്ച ആശങ്ക, അവരുടെ ഭാവിയെക്കുറിച്ച ഭയം, ഉള്ള കുട്ടികള്‍ മതിയെന്ന തീരുമാനം തുടങ്ങിയവ ഒരിക്കലും അനിവാര്യതയുടെ ഗണത്തില്‍ പെടുന്ന കാരണങ്ങളല്ല.

Related Articles