Q & A

ചെമ്മീനും ഞണ്ടും അനുവദനീയമോ?

ചോദ്യം: മത്സ്യമെന്ന് പറയാന്‍ കഴിയാത്ത തോടുള്ള ജീവികളാണ് ചെമ്മീനും ഞണ്ടും. ഇവ ഭക്ഷിക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമാണോ?

മറുപടി: അല്ലാഹു പറയുന്നു: ”സമുദ്രവേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ എവിടെ തങ്ങുന്നുവോ അവിടെവെച്ചുതന്നെ അതു ഭക്ഷിക്കാവുന്നതാകുന്നു. യാത്രാസംഘത്തിനു പാഥേയമാക്കുകയും ചെയ്യാം.” (അല്‍-മാഇദ: 96). പ്രസ്തുത സൂക്തത്തില്‍ പറഞ്ഞ അനുവദനീയത പൊതുവാണ്. പൊതുവായി എല്ലാ സമുദ്രവിഭവങ്ങളും ആരോഗ്യത്തിന് ഹാനികരമല്ലാത്തിടത്തോളം അനുവദനീയമാണ്. സമുദ്രത്തത്തെ പറ്റി പ്രവാചകന്‍(സ)യോട് ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: ”അതിലെ ജലം ശുദ്ധമാണ്. അതിലെ മത്സ്യങ്ങള്‍ നിങ്ങള്‍ക്ക് അനുവദനീയവുമാണ്” (ബുഖാരി). അല്ലാഹുവോ അവന്റെ റസൂലോ ഒരുവിധത്തിലുള്ള മത്സ്യത്തെയും ഒഴിവാക്കിയിട്ടില്ല. അല്ലാഹു ഒരിക്കലും മറവി ബാധിക്കുന്നവനല്ലല്ലോ. ഭൂരിപക്ഷം പണ്ഡിതന്മാരും സമുദ്രം, നദി, തടാകം, കുളം, കിണര്‍ എന്നിവയെയൊക്കെ ജലാശയങ്ങള്‍ എന്ന ഒറ്റ ഗണത്തില്‍ പെടുത്തി അവയിലെ ജീവികളും വിഭവങ്ങളും അനുവദനീയമാണെന്ന് പറയുന്നു. ഇമാം മാലിക്, ശാഫിഈ, അഹ്മദ് എന്നിവരൊക്കെ ഈ അഭിപ്രായക്കാരാണ്. ഇമാം അബൂഹനീഫയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മുഹമ്മദും അബൂയൂസുഫും കുറച്ച് കൂടി വിശദമായി തോടുള്ള ജലജീവികളും അനുവദനീയമാണെന്ന അഭിപ്രായക്കാരാണ്. ഖുര്‍ആനിലും സുന്നത്തിലും വന്ന കടല്‍ വിഭവങ്ങളുടെ അനുവദനീയതയില്‍ തോടുള്ള ജീവികള്‍ ഉള്‍പെടില്ല എന്ന് വാദിക്കുന്നവര്‍ക്ക് വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല. പ്രബലവാദം അനുസരിച്ച് തോടുള്ള ജലജീവികളായ ചെമ്മീനും ഞണ്ടും അനുവദനീയമാണ്.

വിവ: അനസ് പടന്ന

Facebook Comments
Related Articles

ശൈഖ് അഹ്മദ് കുട്ടി

1946 ല്‍ മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. ഇസ്‌ലാമിക ഗവേഷകന്‍, പണ്ഡിതന്‍, പ്രഭാഷകന്‍, രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയന്‍. ഇസ്‌ലാമിക വിദ്യാഭ്യാസസാസംകാരിക മേഖലകളില്‍ നേതൃപരമായ പങ്കു വഹിക്കുന്നു. ഇസ്‌ലാമിക ഫൗണ്ടേഷന്‍, ടൊറണ്ടോ ഡയറക്ടര്‍, ഇസ്‌ലാമിക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടൊറണ്ടോ ചാന്‍സലര്‍, ടൊറണ്ടോ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ മസ്ജിദ് ഇമാം. 1970 ല്‍ വിദ്യാര്‍ഥിയായി കാനഡയിലെത്തുകയും പിന്നീട് കാനഡയിലെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ഉറുദു, മലയാളം ഭാഷകളില്‍ അവഗാഹമുണ്ട്. സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, കുവൈത്ത്, ഇംഗ്ലണ്ട്, സൗത്ത് അമേരിക്ക, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യസത്തിന് ശേഷം ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ പഠിച്ചു. 1966 ല്‍ എഫ്.ഡി, ബി.എ.എസ്.സി കോഴ്‌സുകള്‍ പാസ്സായ ശേഷം അല്പകാലം പ്രബോധനം വാരികയില്‍ ജോലി ചെയ്തു. 1968 ല്‍ മദീനാ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1972 ല്‍ അവിടെ നിന്നും ബിരുദം നേടി. 1973 ല്‍ ടൊറണ്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ ബിരുധം നേടി. 1975 മുതല്‍ 1981 വരെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയായിരുന്നു.

1973 മുതല്‍ വടക്കേ അമേരിക്കയിലെ കാനഡയാണ് പ്രവര്‍ത്തനരംഗം. ഇസ്‌ലാമിനെ പരിചയപ്പെടുത്തുവാന്‍ വിവിധമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇതിനായി സെമിനാറുകളും സിമ്പോസിയങ്ങളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുന്നു. ഇസ്‌ലാമിക ഹൊറൈസന്‍സ്, ദ മെസ്സേജ്, അല്‍ ബശീര്‍, വാഷിങ്ടണ്‍ റിപ്പോറ്ട്ട് ഓണ്‍ മിഡില്‍ഈസ്റ്റ് അഫേഴ്‌സ് തുടങ്ങിയ പത്രങ്ങളില്‍ ലേഖനങ്ങളെഴുതുന്നു. കനേഡിയന്‍ ടി.വി, റേഡിയോ, പത്രങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ അഭിമുഖങ്ങളും സൃഷ്ടികളും നല്‍കി വരുന്നു. ടൊറണ്ടോ ഇസ്ലാമിക സെന്റര്‍ അസി.ഡയറക്ടര്‍(19731975), ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ (19791981) ഇസ്‌ലാമിക ഫൗണ്ടേഷന്‍ ഡയറക്ടര്‍(1991മുതല്‍). ദ ഇസ്‌ലാമിക് അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് എന്നീ ഇസ്‌ലാമിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

ഇബ്‌നു തൈമിയ്യ തിയോളജി ഇന്‍ ദ ലൈറ്റ് ഓഫ് അല്‍ അഖീദ, അല്‍ വാസ്വിത്വിയ്യ( മാക്ഗില്‍ യൂണിവേഴ്‌സിറ്റി1978) ഇബ്‌നുല്‍ ഖല്‍ദൂന്‍ ആറ്റിട്ട്യൂട് ടുവാര്‍ഡ്‌സ് സൂഫിസം ഇന്‍ ദ ലൈറ്റ് ഓഫ് സിഫാഉസ്സഇല്‍ (1976) ഇബ്‌നു തൈമിയ്യ ആന്റ് സൂഫിസം (1976) എന്നിവയാണ് പ്രധാന ഗവേഷണ പ്രബന്ധങ്ങള്‍. റമദാന്‍ ബ്ലെസ്സിങ് ആന്റ് റൂള്‍സ് ഓഫ് ഫാസ്റ്റിങ്, ഇസ്‌ലാമിക് ഫ്യൂണറല്‍ റൈറ്റ്‌സ് ആന്റ് പ്രാക്ടീസസ്, ദ മീഡിയ അവര്‍ റെസ്‌പോണ്‍സിബിലിറ്റി, ദ ഫോര്‍ ഇമാംസ് ആന്റ് ദ സ്‌കൂള്‍സ് ഓഫ് ജൂറിസ്പ്രുഡന്‍സ്, ദ പവര്‍ ഓഫ് പ്രെയര്‍, ഫിഖ്ഹ് ഇഷ്യൂസ്, ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ദ ഇസ്‌ലാമിക് ശരീഅ, ശാഹ് വലിയുല്ലാഹ് ആന്റ് ശരീഅ എന്നീ കൃതികളുടെയും കര്‍ത്താവാണ്. സയ്യിദ് ഖുതുബിന്റെ അല്‍ അദാലതു ഫില്‍ ഇസ്‌ലാം എന്ന പുസ്തകം ഇസ്‌ലാമിന്റെ സാമൂഹ്യ നീതി എന്നപേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

askthescholar.com എന്ന സ്വന്തം വെബ്‌സൈറ്റ് മുഖേനയും onislam.net പോലുള്ള ഇസ്‌ലാമിക സൈറ്റുകളിലും ഇസ്‌ലാമിക വിഷയങ്ങില്‍ ഫത്‌വ നല്‍കുന്ന വ്യക്തി കൂടിയാണിദ്ദേഹം.

Close
Close